ഇശ്ഖിൻ ഹിമാലയം താഴ്വരകളിൽ എന്നെ തിരഞ്ഞുള്ള യാത്രകൾ..! വരികൾ : ജുനൈദ് പുല്ലുത്തൊടി.
3600 രൂപക്ക് സ്വപനഭൂമി ഹിമാലയൻ മടിത്തട്ടിലേക്ക്..
ഏതൊരു യാത്രികന്റെയും പോലെ എന്റെയും ഏറെക്കാലത്തെ സ്വപ്നമാണ് ഹിമാലയം മലനിരകൾ കീഴടക്കുകയെന്നത്.. പണവും ഭാഷയുമാണ് പലരുടെയും പ്രധാന പ്രശ്നം.. ആദ്യമേ പറയട്ടെ എനിക്ക് ഹിന്ദി സംസാരിക്കാനോ വായിക്കാനോ അറിയില്ല.. ഭക്ഷണം,താമസം,റൂട്ട് ഇവയൊക്കൊക്കെ വേണ്ടിയാണ് പ്രധാനമായും സംസാരിക്കേണ്ടി വരുന്നത്.. അതിന്റെയൊക്കെ ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവരായി ആരും ഉണ്ടാവില്ല..
യാത്രകൾക്ക് ഭാഷ തടസ്സമില്ലെന്നർത്ഥം.. പിന്നെയുള്ളത് പണം.. ചുരുങ്ങിയ ചിലവിൽ മണാലി കണ്ടത് നിങ്ങളുമായി പങ്കുവെക്കാം..
കോഴിക്കോട് നിന്നും ട്രെയിൻ മാർഗമാണ് യാത്ര തുടങ്ങുന്നത്.. കോഴിക്കോട് – ഡൽഹി ജനറലിൽ (second class) ആണ് യാത്ര.. 505 രൂപയേയുള്ളൂ. sleeper ആണെങ്കിൽ 850,900 ഒക്കെ ആവും..അത് തന്നെ ഒന്നോ രണ്ടോ ആഴ്ച മുൻകൂട്ടി ബുക്ക് ചെയ്യണം.. ഇല്ലെങ്കിൽ തത്കാറെന്ന പേരിൽ 200 രൂപ പിന്നെയും കൂടും.. എന്തായാലും കടം വാങ്ങിയുള്ള യാത്ര ആയതിനാൽ രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല.. തിരക്കുണ്ടാവുമെന്നതിൽ സംശയം വേണ്ട.. സീറ്റ് കിട്ടിയാൽ കിട്ടി.. സ്പെഷ്യൽ ട്രെയിൻ തിരഞ്ഞെടുത്താൽ കുറച്ചൂടെ തിരക്ക് കുറഞ്ഞു കിട്ടും (കുറച്ചു സ്റ്റേഷൻ കഴിയുമ്പോൾ എന്തായാലും ഇരിക്കാൻ പറ്റും). പലതരം മനുഷ്യരുണ്ടാവും. സാധനങൾ സ്വന്തം റിസ്ക്കിൽ സൂക്ഷിക്കുക..
എന്തൊക്കെ ആണേലും സെക്കന്റ് ക്ലാസ്സ് യാത്ര അത് വല്ലാത്തൊരു ഫീലിങ്ങാണ്.. നാടറിഞ്ഞു നാട്ടുകാരെയറിഞ്ഞു കുന്നും മലകളും ട്രെയിനിനെ പിന്നിലാക്കി ഓടുന്നത് കാണാൻ സെക്കന്റ് ക്ലാസ്സിനേ കഴിയൂ.. നിറഞ്ഞു നിൽക്കുന്ന പുഴകളും തോടുകളും,ഉണങ്ങിക്കിടക്കുന്ന കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളും,യാത്രയുടെ ഭംഗി കൂട്ടാനെന്നോണം രണ്ടു ഭാഗങ്ങളിലുമായി നിറഞ്ഞു നിൽക്കുന്നു.. കേരളത്തിന്റെ പച്ചപ്പും ഹരിതാപവും വിട്ട് നെൽപ്പാടങ്ങളും പേടിപ്പെടുത്തുന്നതും അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്നതുമായ തുരങ്കങ്ങളും തീരാകാഴ്ചകളായ് മാറി..
മഹാരാഷ്ട്രയും ഗുജറാത്തുംകടന്നു രാജസ്ഥനും കീഴടക്കി ട്രെയിൻ വായു മുറിച്ചു പായുകയാണ്.. ഏകദേശം 48 മണിക്കൂർ കൊണ്ട് ഉച്ച സമയത്ത് ഡൽഹിയിലേക്കെത്തി.. ഡൽഹി മാർക്കെറ്റിനടുത്ത് കേരള ഹോട്ടലിൽ നിന്നും നാടൻ ഉച്ച ഭക്ഷണം.. പിന്നീട് മണാലി bus കിട്ടാൻ കാശ്മീരി ഗേറ്റിലേക്ക് പോവണം പ്ലാറ്റഫോമിലൂടെ നടന്നു (10 രൂപ ടിക്കറ്റെടുക്കണം ഇല്ലെങ്കിൽ ചിലപ്പോൾ പിടി വീഴും, ആ ടിക്കറ്റ് ഉണ്ടെങ്കിൽ എന്ന് വേണേലും അതാത് സ്റ്റേഷൻ പ്ലാറ്റഫോമിലൂടെ നടക്കാം..). മെട്രോയിൽ കയറി 20 രൂപ ടിക്കറ്റെടുത്താൽ കശ്മീരി ഗേറ്റിലെത്താം.. അവിടെന്നു ISBT bus സ്റ്റാൻഡിലേക്ക് രണ്ടു മിനിറ്റ് നടക്കണം..
അവിടെ നിന്നും മണാലിയിലേക്ക് 695 രൂപക്ക് ബസ്സിലാണ് പോവുന്നത് (അതും local ആയിട്ട് തന്നെ.. semi sleeper 1000,volvo a/c 1500,2000 എന്നിങ്ങനെ പല റേറ്റിലും ലഭ്യമാണ്). 17 മണിക്കൂറോളം യാത്രയുണ്ട് മണാലിയിലേക്ക്..
ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി 3,4 പ്രാവശ്യം bus നിർത്താറുണ്ട്.. വൈകുന്നേരത്തോടെ ഡൽഹിയിലെ തിരക്കിൽ നിന്നും ചൂടിൽ നിന്നും പതിയെ അകലാൻ തുടങ്ങി.. യുപി , ഡൽഹി,പഞ്ചാബ് തുടങ്ങി പല നാടുകളിൽ നിന്നായി ഒറ്റക്കും അല്ലാതെയും ഹിമാലയം പർവ്വത നിരകൾ കാണാനായി വന്നവരാണ് ബസ്സിൽ കൂടുതലും..
അതിനിടക്ക് ഒരു വർഷമായി യാത്രയിലായിരുന്ന കോഴിക്കോട്ടുകാരൻ ശങ്കേരേട്ടനെ പരിചയപ്പെട്ടു.., വല്ലാത്തൊരു മനുഷ്യൻ.. അസൂയ തോന്നുന്ന യാത്രികൻ.. (മൂപ്പരെ കുറിച്ച് മുൻപ് എഴുതിയതിനാൽ ഇതിൽ കൂടുതൽ പറയുന്നില്ല)..
സംസാരിച്ചിരുന്ന് രാത്രി ആയതറിഞ്ഞില്ല..രാത്രി ആയതിനാൽ പിന്നെ ഇരുട്ടിന്റെ മനോഹാരിതയിൽ പാതി ചന്ദ്രൻ പത്തി വിടർത്തി വഴി കാട്ടുന്നുണ്ട്.. കാഴ്ചകൾ മങ്ങി തുടങ്ങിയതിൽ പിന്നെ ചെറുമയക്കങ്ങൾ പാസ്സാക്കി കൊണ്ടിരുന്നു.. തലേ ദിവസം 2:30 ന് ബസ് യാത്ര തുടങ്ങിയതിനാൽ രാവിലെ 8 മണിയോട് കൂടെ തണുപ്പിന്റെ അകമ്പടിയാൽ കുളുവും കഴിഞ്ഞു മണാലിയിൽ കാൽ പതിക്കുവാനായ്.. ബസ്സിറങ്ങി മോർണിംഗ് ടീയും ഒമ്ബ്ലെറ്റും അകത്താക്കി റൂം അന്വേഷിക്കാൻ തുനിഞ്ഞു..
12 മണി മുതൽ പിറ്റേ ദിവസം 12 വരെയാണ് റൂം റെന്റ് ഈടാക്കുന്നത് ആയതിനാൽ 11 മണി വരെ മണാലി ടൗൺ മൊത്തം ഒന്ന് ചുറ്റി കണ്ടു.. അന്നേരമാണ് മണാലിയിലെ ജിന്ന് ബാബുക്കയെ വിളിക്കുന്നത്. മണാലിയിൽ റൂംവാടക അധികമായതിനാൽ അവിടെ നിന്നും 4km മാറി vashisht ലേക്ക് വരാൻ പറഞ്ഞു.. കീറി പൊളിഞ്ഞ പേഴ്സ് എടുത്തു നോക്കി.., മനസ്സിൽ സ്വയം പുകയ്ത്തി ചെറു പുഞ്ചിരിയും പാസ്സാക്കി നടക്കാൻ തന്നെ തീരുമാനിച്ചു..
അവിടെയെത്തി ‘കേറി വാടാ മക്കളെ’ എന്നൊരു ബോർഡ് കണ്ടപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു കുളിർ മഴ പെയ്തു..
ആപ്പിൾ തോട്ടത്തിന്റെ ഒത്തനടുക്ക് മരവും മണ്ണും കല്ലും ഉപയോഗിച്ചുള്ളരു വീട്.. മൂപ്പരെ വക ഒന്നല്ല രണ്ടു തവണ സുലൈമാനിയും.. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു പരിചയപ്പെട്ടു.. അവിടെ രണ്ടു couples ഉള്ളതിനാൽ അദ്ദേഹം തന്നെ മറ്റൊരു റൂം വിളിച്ചു സെറ്റ് ചെയ്തു തന്നു.. കുറച്ചു നേരം സംസാരിച്ചു റൂമിലേക്കിറങ്ങാൻ നേരം സ്പെഷ്യൽ ചിക്കൻമാഗിയും കൂടെ ആയപ്പൊ വല്ലാത്തൊരു മൊഹബത്തായി മൂപ്പരോട്.. ഒരാൾക്ക് 300 രൂപക്ക് നല്ല റൂം തന്നെ കിട്ടി.. ഫ്രണ്ടിൽ glass wall ആയതിനാൽ റൂമിൽ കിടന്ന് കൊണ്ട് തന്നെ ഹിമാലയം മലനിരകളുടെ landscape വ്യൂവും കുറച്ചു ദൂരെയായി മഞ്ഞുമലകളും നന്നായി കാണാൻ പറ്റി..
അവിടെ vashisht templeഉം ഘോരതണുപ്പിലും ചൂട് വെള്ളം വരുന്ന കുളവും, മാർക്കെറ്റുമാണ് vashisht ൽ പ്രധാനമായും.
കാണാനുള്ളത്.. ചൂട് വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കി ഫ്രഷ് ആയി വൈകുന്നേരം templeഉം മാർക്കറ്റും കാണാനിറങ്ങി.. സീസൺ അല്ലാത്തതിനാൽ അധിക തണുപ്പില്ല.. രാത്രി വരെ മുഴുവനായും ചുറ്റി കണ്ടു.. പല നാട്ടിൽ നിന്നുള്ള വ്യത്യസ്ത സംസ്കാരമുള്ള പല തരം മനുഷ്യർ.. പല വിധത്തിലുള്ള ഭക്ഷണം.. ഞങ്ങളെന്തായാലും നല്ല തന്തൂരിയും റൊട്ടിയും തന്നെ കഴിച്ചു.. നാട്ടിലെ അതെ രുചിയിലുള്ള ഭക്ഷണം.. തിരിച്ചു റൂമിലേക്ക് തന്നെ..
പിറ്റേ ദിവസം രാവിലെ jogini waterfalls കാണാനിറങ്ങി. റൂമിൽ നിന്നും 3 km ട്രെക്കിങ്ങ്.. രണ്ടു ഭാഗങ്ങളിലും ആപ്പിൾ തോട്ടമാണ്.. കല്ലുകൾ ഒതുക്കിവെച്ചുണ്ടാക്കിയ പൊട്ടി പൊളിഞ്ഞ ചെറു മതിലുകൾക്കിടയിലൂടെ തണുത്ത കാറ്റിന്റെ തലോടലോടെ നല്ലൊരു ട്രെക്കിങ്ങ്.. (റൂമിൽ നിന്നും ഷോർട്ട് വഴിയിലൂടെയാണ് പോയത്) നീളവും അതിലേറെ ഉയരവുമുള്ള മനോഹരമായ വെള്ളച്ചാട്ടം.. മതിരുവോളം ആസ്വദിച്ചു തിരിച്ചിറങ്ങുമ്പോൾ സഞ്ചാരികൾ വന്നു തുടങ്ങുന്നേയുള്ളൂ . ശേഷം റൂമിലേക്ക് തിരിച്ചു നടന്നു..
old മണാലിയും മനോഹരമായൊരു വില്ലേജും ഹഡിംബ templeഉം മണാലിയിലെ വ്യത്യസ്തമായ കാഴ്ചകളാണ്..
കുളിയും സെൽഫിയും പാസ്സാക്കി റൂം വെക്കേറ്റ് ചെയ്തു ഉച്ച ആയപ്പോയേക്കും മണാലി ബസ് സ്റ്റാന്റിലെത്തി..
ടിക്കറ്റെടുത്ത് ഡൽഹിയിലെയിലേക്ക് തിരിച്ചു ബസ് കയറി.. അങ്ങോട്ട് കേറിയപ്പോൾ ഇരുട്ടിന്റെ മറവിൽ നഷ്ട്ടപ്പെട്ടിരുന്ന മണാലിയിലെ തണുപ്പിനേക്കാൾ കണ്ണിൻ കുളിർമയേകിയ കാഴ്ചകൾ.. ഫോട്ടോകളിൽ മാത്രമായ് കണ്ടിരുന്ന, കാലങ്ങളായി കാണാൻ കൊതിച്ച,മനസ്സിനെ വല്ലാണ്ട് ഉറക്കമില്ലാതാക്കിയ പൊട്ടി പൊളിഞ്ഞ റോഡുകളും മലഞ്ചരുവുകളും കടന്നു ബസ്സ് നീങ്ങിക്കൊണ്ടിരുന്നു..
പേടിപെടുത്തുന്ന പാറക്കെട്ടുകളും ഒന്ന് ശ്രദ്ധ തെറ്റിയാൽ അടി തെറ്റാവുന്ന ഭീമമായ താഴ്ചകളും വക വെക്കാതെ ഡ്രൈവർ ബ്രൈക്കില്ലാത്ത പോക്കാണ്.. മരണമാസ്സ് ഡ്രൈവിങ്ങെന്നതിലൊട്ടും സംശയമില്ല.. നേരം പുലർന്നപ്പോയെക്കും ഡൽഹിയിലെത്തി.. ഏകദേശം ഉച്ചസമയപ്പോയേക്കും ട്രെയിൻ കയറി.. തിരിച്ചു പോരുന്ന വഴിക്ക് ഡെൽഹിലെയും രാജസ്ഥാനിലേയും കഠിന ചൂടിൽ നിന്നും വിട്ട് ട്രെയിൻ മഹാരാഷ്ട്ര എത്താറായപ്പോയേക്കും ശക്തമായ മഴയും തുടങ്ങി.. മഴ പെയ്യുമ്പോ ട്രെയിനിലെ ഡോറിന്റെ അടുത്ത് ചെന്ന് പുറത്തേക്കു നോക്കി കണ്ണും ചിമ്മി നിന്നാൽ മഴത്തുള്ളികളും കൊണ്ട് മുഖത്തേക്ക് വരുന്നൊരു കാറ്റുണ്ട്, നൊമ്പരങ്ങൾ അതിലലിഞ്ഞു പോവുന്നത് കാണാം.. സങ്കടങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത ഹൃദയവും ശരീരവും ഒരു പോലെ ശാന്തമാവുന്നത് മനസ്സ് തൊട്ടറിയാം..
യാത്രയിലെ അവസാന ഭക്ഷണം ട്രെയിനിൽ നിന്നുള്ള മുട്ടബിരിയാണി തന്നെ ആയിരുന്നു.. സാമ്പത്തിക മാന്ദ്യമുള്ളതിനാൽ ഭക്ഷണം ദിവസത്തിൽ 100 രൂപ നിരക്കിൽ ഒരു നേരമാക്കി ചെലവ് ചുരുക്കി.. ഫുഡിന് 9 ദിവസത്തിൽ 700 രൂപ മാത്രമേ ആയിട്ടുള്ളൂ.. ഇറങ്ങിയ ദിവസവും തിരിച്ചെത്തുന്ന ദിവസവും വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു അന്നത്തെ ചെലവുകളും കുറച്ചു.. വെള്ളവും ചായയുമായി 200 രൂപ മറ്റു ചെലവുകളും വന്നു.. തിരിച്ചുള്ള യാത്രയിൽ പുതുതായുള്ള നല്ല നല്ല അനുഭവങ്ങളും മനസ്സിൽ കുറിച്ചിട്ടു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള മണ്ണിന്റെ മണവും ആസ്വദിച്ചു വണ്ടിയിറങ്ങി..