വിവരണം – എബി ജോൺ, Photos: Harikrishnan Av. News – http://newsmoments.in/news/kerala/is-any-restrictions-to-take-trekking-to-meeshappulimala/63519.html.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മീശപ്പുലി മലയിലേക്ക് ട്രക്കിംഗ് നടത്തുന്നതിന് എന്തെങ്കിലും നിബന്ധനകളുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. 2640 മീറ്റര്‍ ഉയരമുള്ള മീശപുലിമല, ഗുജറാത്ത് അതിര്‍ത്തിലെ തപ്തി നദീതീരം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വത നിരകളിലെ ട്രെക്ക് ചെയ്യാന്‍ അനുവദനീയമായ ഏറ്റവും ഉയരമുള്ള പര്‍വതമാണ് മീശപ്പുലിമല. സഞ്ചാരി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ അബി ജോണ്‍ എന്നയാള്‍ ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം..
മീശപുലിമല ട്രെക്കിങ്ങ് കുറ്റകരമോ ???? 2640 മീറ്റര്‍ ഉയരമുള്ള മീശപ്പുലിമല, ഗുജറാത്ത് അതിര്‍ത്തിലെ തപ്തി നദീതീരം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വത നിരകളിലെ ട്രെക്ക് ചെയ്യാന്‍ അനുവദനീയമായ ഏറ്റവും ഉയരമുള്ള പര്‍വതമാണ് (ഏറ്റവും ഉയരമുള്ള പര്‍വതം 2690 മീറ്റര്‍ ഉയരമുള്ള ആനമുടി ആണ്, എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുല്‍മേടുകള്‍ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകള്‍ അതിമനോഹരമാണ്.
മേഘങ്ങള്‍ നമുക്കു താഴെ, ഇടക്ക് മഞ്ഞില്‍ പൊതിയുന്ന മലകള്‍, മഞ്ഞു മാറുമ്പോള്‍ കാണുന്ന വിസ്മയങ്ങള്‍. നേപ്പാളിന്റെ ദേശിയ പുഷ്പവും അരുണാചല്‍ പ്രദേശിന്റെ ഔദ്യോഗിക പുഷ്പവുമായ റോഡോഡെന്‍ഡ്രോണ്‍ മീശപ്പുലിമലയില്‍ സാധാരണമാണ്. കുറിഞ്ഞി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും കരിംകുളവും കണ്ടുള്ള KDFC മീശപുലിമല ട്രെക്കിങ്ങ് അത്യന്തം ഹൃദ്യവും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നതുമാണ്. റോഡോ വാലിയില്‍ നിന്നുമുള്ള ട്രെക്ക് താരതമ്യേനെ ആയാസരഹിതവുമായതിനാല്‍ ട്രെക്കിങ്ങില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും പരിഗണിക്കാവുന്നതാണ്.
സഞ്ചാരിയുടെ പരിസ്ഥിതി ഉപദേഷ്ടാവും അഡ്മിനും ആയ Siby Munnar അഡ്മിന്മാരായ Saleem Velikkad Gijesh Chandran മറ്റൊരു സുഹൃത്ത് Denning K. Babu എന്നിവരോടൊപ്പം ഓഗസ്റ്റ് 25 – 26 തീയതികളില്‍ മീശപുലിമല പോയിരുന്നു. റോഡോ മാന്ഷന് ആയിരുന്നു ബുക്ക് ചെയ്തത്. ഉച്ചഭക്ഷണത്തിനു ശേഷം ഏകദേശം രണ്ടരയോടെ മുന്നാറിനു സമീപമുള്ള ഓഫീസില്‍ എത്തി. വളരെ ഫ്രണ്ട്ലി ആയ സ്റ്റാഫ്. ഞങ്ങള്‍ക്കുള്ള ജീപ്പ് റെഡി ആയിരുന്നു. ബേസ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം നാലു മണിയോടെ റോഡോ മാന്ഷനില് എത്തി.
കോട മഞ്ഞില്‍ പൊതിഞ്ഞ റോഡോ മാന്ഷന്. ഒരു കട്ടനും അടിച്ചു റോഡോ വാലിയിലേക്ക് നടന്നു. ഉയരം കൂടിയതുകൊണ്ടായിരിക്കാം, കട്ടന്‍ നല്ല രുചി തോന്നി. റോഡോ വാലിയിലെ ചെക്ക് ഡാമും പരിസരവും കോടയില്‍ മൂടി കിടക്കുന്ന കാഴ്ച മനോഹരമായിരുന്നു. തിരിച്ചു വന്നു മീശപുലിമലയിലെ സൂര്യാസ്തമയവും കണ്ടു ചൂടുവെള്ളത്തില്‍ ഒരു കുളി കഴിഞ്ഞപ്പോഴേക്കും ഡിന്നര്‍ റെഡി. അടിപൊളി ഫുഡ്, ചപ്പാത്തി കോഴിക്കറി, നെയ്ച്ചോറ് പിന്നെ ഒരു പച്ചക്കറിയും. നമ്മള് ശുദ്ധ നോണ്‍ വെജിറ്റേറിയന്‍ ആയതിനാല്‍ പച്ചക്കറി എന്താണെന്നു പോലും നോക്കിയില്ല.
ഡിന്നറിനു ശേഷം ഒരു ക്യാമ്പ് ഫയര്‍. തീ ഇല്ലാതെ ആ തണുപ്പത്തു പുറത്തിരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. മുന്നാറിനെപ്പറ്റിയും ടൂറിസം മൂലമുണ്ടാകുന്ന പ്രശ്ങ്ങളെപ്പറ്റിയും ഒരു ചര്‍ച്ച, സിബിയുടെ നേതൃത്വത്തില്‍. പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് എണിറ്റു അഞ്ചരയോടെ ട്രെക്കിങ്ങ് തുടങ്ങണം എന്ന് സിബിയുടെ കല്പന വന്നു. പുള്ളിക്ക് ശീലമുള്ളതും എനിക്ക് തീരെ ശീലമില്ലാത്തതും ആണ് ഈ രാവിലെ നേരത്തെ എണീക്കല്.
മീശപുലിമല ട്രെക്കിങ്ങിന്റെ ത്രില്‍ കൊണ്ടായിരിക്കാം, സിബിക്കും മുന്‍പേ ഞാന്‍ എണിറ്റു. രാവിലെ സണ്‍ റൈസിന് മുന്‍പേ തന്നെ ഞങ്ങള്‍ ട്രെക്കിങ്ങ് തുടങ്ങി. റോഡോവാലിക്കു സമീപമുള്ള മല കേറിയപ്പോള്‍ ആണ് സൂര്യോദയം കണ്ടത്. ഇവിടെ നിന്നുള്ള 360 ഡിഗ്രി വ്യൂ, അത് വിവരിക്കാന്‍ വാക്കുകളില്ല. വ്യൂ പോയിന്റ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഇവിടെ നിന്നാല്‍ ആനമുടി, ചൊക്രാന് മുടി, പഴനി ഹില്‍സ് ഒക്കെ കാണാം.
മീശപുലിമല പീക്കിനെക്കാളും മനോഹരമായ വ്യൂ ഇവിടെയാണോ എന്നൊരു സംശയം. സഹ്യപര്‍വത നിരയിലെ വ്യൂ പോയിന്റിക്കുകളില് നിന്നുള്ള കാഴ്ചകളില്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഇതും പിന്നെ മഹാബലേശ്വറിലെ നീഡില്‍ പോയിന്റുമാണ്. അങ്ങനെ നടന്നു വഴിയിലുള്ള അരുവിയില്‍ നിന്ന് വെള്ളം കുടിച്ചു പീക് ലക്ഷമാക്കി നീങ്ങി. റോഡോ വാലിയില്‍ നിന്നും ഒന്നര രണ്ടു മണിക്കൂറ് കൊണ്ട് മുകളിലെത്താം. മഞ്ഞു മൂടിയും തെളിഞ്ഞും ഉള്ള മനോഹരമായ കാഴ്ചകള്‍ പ്രകൃതി ഒരുക്കിയിരുന്നു.
മീശപുലിമലയുടെ മുകളില്‍ കുറച്ചു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടു, കൊളുക്കുമല വഴി കയറി വരുന്നവരുടെ സംഭാവന ആണ്. കൂടാതെ വഴിക്കുള്ള അരുവിയുടെ സമീപം കുറച്ചു ഭക്ഷണ അവശിടങ്ങളും അതിന്റെ പൊതികളും കണ്ടു. ഇതൊഴിച്ചാല്‍ KFDC യുടെ ട്രെക്ക് പാത്തില്‍ മാലിന്യങ്ങള്‍ ഒന്നും പറയത്തക്കതായി കണ്ടില്ല. കഴിഞ്ഞ വര്‍ഷം മീശപുലിമല കയറിയപ്പോള്‍ വൃത്തിയുള്ള സാഹചര്യമായിരുന്നതിനാല്‍ ഇതൊന്നും ശേഖരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലായിരുന്നു. ഒരു ചാക്കോ വലിയ സഞ്ചിയോ എടുക്കാത്തതില്‍ പശ്ചാത്താപം തോന്നി.
മീശപുലിമല പീക്കില്‍ കുറച്ചു സമയം ചിലവഴിച്ചപ്പോള്‍ കൊളുക്കുമല വഴി കയറി വന്ന ഒരു സഞ്ചാരിയെ കണ്ടു. മീശപുലിമല എവിടെയാണ് എന്നതായിരുന്നു പുള്ളിയുടെ സംശയം. ഏകദേശം 11 മണിയോടെ ഞങ്ങള്‍ തിരിച്ചെത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം മീശപുലിമലയോട് വിട പറഞ്ഞു.
മീശപുലിമല ട്രെക്കിങ്ങ് നടത്തുന്ന മൂന്നാര്‍ KDFC ഉദ്യോഗസ്ഥരില്‍ നിന്നും അറിഞ്ഞ ചില വിവരങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശമായ മീശപുലിമലയിലേക്കു നിയന്ത്രണ വിധേയമായാണ് KDFC ടൂറിസ്റ്റുകളെ കയറ്റി വിടുന്നത്. എന്നാല്‍ സമീപത്തുള്ള കൊളുക്കുമല വഴി ധാരാളം സഞ്ചാരികള്‍ നിയമ വിരുദ്ധമായി മീശപുലിമലയില്‍ എത്തുന്നു.
അതിരാവിലെ എത്തുന്ന ചിലര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് വരയാടുകളുടെ ആവാസ വ്യവസ്ഥിതിയില്‍ ആണ്. പലരും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും അലക്ഷ്യമായി വലിച്ചെറിയുന്നു. പ്ലാസ്റ്റിക് പെറുക്കി മാറ്റമെങ്കിലും മറ്റുള്ളവ അങ്ങനെ അല്ലലോ. ഇത് വരയാടുകളുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ആണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ തമിഴ് നാടിന്റെ ഔദ്യോഗിക മൃഗം കൂടി ആയ വരയാട് മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും മറ്റും സാംക്രമിക രോഗങ്ങള്‍ ബാധിച്ചു കൂട്ടത്തോടെ ചത്തൊടുങ്ങിയേക്കാം.
നമ്മള് വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ട്ടം കഴിക്കുന്നതും ഇവക്കു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം (ശബരിമലയില്‍ ചത്ത മ്ലാവിന്റെ വയറ്റില്‍ നിന്നും നാലര കിലോ പ്ലാസ്റ്റിക് ആണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്). തെക്കേ ഇന്ത്യയിലെ സഹ്യപര്‍വതത്തിന്റെ മനുഷ്യ സ്പര്‍ശമില്ലാത്തതും ഉയരമുള്ളതും ആയ മലനിരകള്‍ ആണ് വരയാടുകളുടെ ആവാസ വ്യവസ്ഥ. തമിഴ് നാട്ടിലും കേരളത്തിലുമായി 3122 വരയാടുകളാണ് അവശേഷിക്കുന്നത് എന്നാണ് WWF-India യുടെ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത് (സഹ്യപര്‍വതത്തില്‍ 2000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മലകള്‍ കേരളത്തിലും തമിഴ് നാട്ടിലും മാത്രമേ ഉള്ളു). ഇവിടങ്ങളിലെ യൂക്കാലി കൃഷിയും ഇവയുടെ നിലനില്‍പ്പിനു അനുയോജ്യമല്ല.
മീശപുലിമല ട്രെക്കിങ്ങിനു നിയമപരമായ ഒരേ ഒരു മാര്‍ഗം KDFC ആണ്. ബേസ് ക്യാമ്പില്‍ ടെന്റില്‍ ഉള്ള താമസത്തിനു 2 പേര്‍ക്ക് 3500 രൂപ ആണ് ഈടാക്കുന്നത്. ഇതിനു സമീപമുള്ള സ്കൈ കോട്ടജില്‍ 2 പേര്‍ക്ക് 7000 രൂപയും. ബേസ് ക്യാമ്പില്‍ നിന്നും 6-7 കിലോമീറ്റര്‍ അകലെ റോഡോ വാലിയില്‍ സ്ഥിതി ചെയ്യുന്ന റോഡോ മാന്‍ഷനിലും 2 പേര്‍ക്ക് 7000 രൂപ ആണ്. സ്കൈ കോട്ടജിലും റോഡോ മാന്‍ഷനിലും 1000 രൂപ അധികം നല്കി മൂന്നമതൊരാള്‍ക്കു കൂടി താമസിക്കാം. നല്ല കിടിലന്‍ ശാപ്പാടും താമസവും ട്രെക്കിങ്ങും ഗൈഡും ഒക്കെ അടക്കമാണിത്. സ്കൈ കോട്ടേജിലെയും റോഡോ മാന്ഷനിലെയും ബുക്കിങ്ങിനു മൂന്നാര്‍ KFDC ഓഫീസില്‍ നിന്നും ജീപ്പില്‍ pickup & drop സൗകര്യം ഉണ്ട്. ബേസ് ക്യാമ്പിലെ ടെന്റ് ആണ് ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.kfdcecotourism.com/ സന്ദര്‍ശിക്കുക. ഫോണ്‍: 04865 230332.
KDFC പാക്കേജ് അല്ലാതെയുള്ള മറ്റെല്ലാ വഴികളും നിയമ വിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഉണ്ടാകാം. കൊളുക്കുമലയില്‍ നിന്നും നല്കുന്ന 100 രൂപയുടെ പാസ് മീശപുലിമല കയറുവാനുള്ളതല്ല, തമിഴ്നാട്ടിലെ പ്രൈവറ്റ് എസ്റ്റേറ്റിന് മീശപുലിമല കയറുവാനുള്ള പാസ് ഇഷ്യൂ ചെയ്യാനുള്ള അധികാരവും ഇല്ല. ഈ പാസ്സ് വെച്ച് മീശപുലിമല കീഴടക്കിയതിന്റെ വീര സാഹസിക കഥകള്‍ അല്ലാതെ പിടിക്കപ്പെട്ടവരുടെ കഥകള്‍ ഒന്നും കണ്ടിട്ടില്ല.
കേരള ഫോറസ്റ് ആക്ട് 1961 സെക്ഷന്‍ 27 ല (ശ്) പ്രകാരം റിസേര്‍വ് ഫോറെസ്റ്റില്‍ അതിക്രമിച്ചു കടക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ നാശനഷ്ടങ്ങള്‍ വരുത്തിയതായി തെളിഞ്ഞാല്‍ അതിനും പിഴയൊടുക്കേണ്ടി വരും. അതിനാല്‍ കൊളുക്കുമല വഴിയുള്ള അനധികൃത യാത്രകള്‍ നമുക് ഒഴിവാക്കാം, അങ്ങനെ വരയാടുകളുടെയും പ്രകൃതിയുടെയും നാശത്തിനു കാരണമാകാതിരിക്കാം.