ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമാണ്. ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.
ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള ഒരേയൊരു സംസ്ഥാനമാണിത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണിത്.
കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് ഔദ്യോഗികമായി ഇന്ത്യയിലുൾപ്പെട്ടതും ഇപ്പോൾ പാകിസ്താന്റെ നിയന്ത്രണത്തിൻ കീഴിൽ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും സ്വതന്ത്രമായ ഭരണ സംവിധാനങ്ങളുണ്ട് എന്ന് വിചാരിക്കപ്പെടുന്നതുമായ ഒരു ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ. മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി. ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ എന്നാണ് വിശേഷിപ്പിക്കുന്നത്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത്. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം.
കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ താഴ്വരയാണ്. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിർ പഞ്ചാൽ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.
ശ്രീനഗറാണ് കശ്മീർ താഴ്വരയിലെ പ്രധാന പട്ടണം. മരത്തിൽ നിർമ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ശ്രീനഗറിൽ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്. വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിർ പഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനിൽ നിന്നും, കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരയിൽ പ്രവേശിക്കാം. ബനിഹാൽ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി. ജവഹർ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.
കശ്മീർ താഴ്വരയിൽ ധാരാളം തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത് ദൽ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്. തണുപ്പുകാലത്ത് കശ്മീർ താഴ്വരയിലെ താപനില -1 °C വരെയെത്തുന്നു. വേനൽക്കാലത്ത് ഇത് 24 °C വരെ ഉയരാറുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്. കശ്മീർ താഴ്വര വൃക്ഷങ്ങൾ ധാരാളം വളരുന്നയിടമാണ് ഝലത്തിന്റെ വൃഷ്ടിപ്രദേശത്തെ ചതുപ്പുനിലത്ത് വില്ലോ മരങ്ങൾ വളരുന്നു. വില്ലോ, ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരമാണ്. ഉയർന്ന പ്രദേശങ്ങളിൽ വോൾനട്ട് (അക്രൂഡ്) മരങ്ങൾ വളരുന്നു. കൂടുതൽ ഉയർന്ന പ്രദേശങ്ങൾ ബിർച്ച് മരങ്ങൾ നിറഞ്ഞ കാടുകളാണ്. തടി ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ഉൽപ്പന്നമാണ്.
കശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. ഒർ ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയാറാക്കുന്നത്. ഇതിനു മുകളിൽ തക്കാളി, മത്തൻ, വെള്ളരി, പുകയില തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ തോട്ടങ്ങൾ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളിൽ കെട്ടിയിടുന്നു.
കാശ്മീർ ഇന്ന് – ഇന്ത്യയുമായുള്ള ബന്ധങ്ങൾ:- 370 കാശ്മീരിനു കൂടുതൽ സ്വയംഭരണം വിഭാവനം ചെയ്യുന്നു. പ്രധാന പ്രത്യേകതകൾ താഴെ കൊടുക്കുന്നു.
1) കാശ്മീർ ഇന്ത്യയിലെ ഒരു കൻസ്റ്റിറ്റ്യുവന്റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.
2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കാശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട്പോകാനാവില്ല. ഈ അർത്ഥത്തിലാണ് ഭരണഘടനയിൽ “ഫെഡറെഷന്”എന്ന് ചേർക്കാതെ “യൂണിയൻ” എന്ന് ചേർത്തത് .
3) പർലമെന്റിനു യൂണിയൻ ലിസ്റ്റിലും കണ്കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.
താഴെപ്പറയുന്ന വിഷയങ്ങളിൽ യൂണിയൻ നിയമം ആണ് നിലനില്ക്കുക.
A ) തീവ്രവാദം സംബന്ധിച്ച നിയമങ്ങൾ, B ) പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, C ) ഇന്ത്യൻ പതാകയോടും, ഭരണ ഘടനയോടും, ദേശീയഗാനത്തോടും ഉള്ള ബഹുമാനം (അതായത് കാശ്മീരിൽ ഇന്ത്യന് ദേശീയ പതാകയെ ബഹുമാനിക്കണ്ട എന്നാ പ്രചാരണംവ്യാജമാണ്).
4) ഇന്ത്യൻ FUNDAMENTAL RIGHTS കാശ്മീരിനു ബാധകമാണ്.ഇതിൽ RIGHT TO PROPERTY- യും കാശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്. (സമാന നിയമം നാഗാലാന്റിലും മിസ്സൊറാമിലും ഉണ്ട്)
5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, CAG യുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6) ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില് നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .
7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കാശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .
9) കാശ്മീരിൽ ശരിയാ നിയമം ആണെന്നുള്ള പ്രചാരണം വ്യാജമാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ മതേതരത്വം കാശ്മീരിനും ബാധകമാണ്.
പ്രസിഡന്റിനു 370 നിർത്തലാക്കാം. പക്ഷെ ഇതിനു കാശ്മീർ സ്റ്റേറ്റ് അസ്സംബ്ലി നിർദ്ദേശം നല്കണം.