വിവരണം – ശ്രീഹരി (https://www.facebook.com/sreehari.sreevallabhan).
നിരവധി വലുതും ചെറുതുമായ ദ്വീപുസമൂഹങ്ങൾ കൂടിച്ചേർന്ന ഇന്തോനേഷ്യയിലെ ഏറ്റവും ജനബഹുലമായ ദ്വീപാണ് ജാവ. തലസ്ഥാനനഗരിയായ ജക്കാർത്ത ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അവിടേക്കാണ് ഇത്തവണത്തെ ഏകാന്തയാത്ര.
ഇന്തോനേഷ്യ ഇങ്ങനെ നീണ്ട് കിടക്കുവാണ്, ഒരു കാര്യോമില്ലാണ്ട്. അതുകൊണ്ടുതന്നെ ഒരു മാസം തുടർച്ചയായി നിന്നാൽപോലും കണ്ടുതീർക്കാൻ പറ്റാത്തത്രയും സംഭവവികാസങ്ങളുണ്ട് അവിടെ. ഭൂകമ്പങ്ങളുടെ നാട് എന്നാണല്ലോ പൊതുവെ എല്ലാവരുടെയും ധാരണ, അങ്ങനെയൊക്കെ നോക്കിയാൽ എവിടെയെങ്കിലും പോകാൻ പറ്റുമോ.. വരാനുള്ളത് ഓട്ടോ പിടിച്ചായാലും നമ്മുടെയടുത്ത് എത്തും എന്ന പക്ഷക്കാരനാണ് ഞാൻ, അതുകൊണ്ട് യാതൊരു ഉപേക്ഷയും കരുതാതെ വാസസ്ഥലമായ തായ്ലന്റിൽ നിന്നും എയർ ഏഷ്യ വിമാനം പിടിച്ച് നേരെ ജക്കാർത്തയിൽ ചെന്നിറങ്ങി. ചെലവ് കുറയ്ക്കേണ്ടത് എന്റെ മാത്രം ആവശ്യമായതുകൊണ്ട് മൊത്തം പ്ലാൻ ചെയ്തുതന്നെയാണ് പോയത്.
ഭാര്യവീട്ടിൽ കയറിച്ചെല്ലുന്നതുപോലെ നിസാരമായി പോകാവുന്ന രാജ്യമാണ് ഇന്തോനേഷ്യ. നമുക്ക് വിസ ഫ്രീയായിട്ടുള്ള രാജ്യത്ത്, എന്തിനു വന്നെന്നോ എപ്പോ പോകുമെന്നോ തുടങ്ങി ഒരക്ഷരംപോലും ചോദിക്കാതെയാണ് വിശാലമനസ്കനായ ഇമിഗ്രേഷൻ ചേട്ടൻ അങ്ങോട്ടേക്ക് കയറ്റിവിട്ടത്. ഒരു താല്പര്യവുമില്ലാത്ത പുള്ളിയെ ആരോ നിർബന്ധിച്ച് ജോലിക്ക് കൊണ്ടിരുത്തിയപോലെയുണ്ടായിരുന്നു.
രാജ്യത്തിന്റെ പേരിൽ മാത്രമല്ല കറൻസിയുടെ പേരിലും നമ്മുടെ ഇന്ത്യയുമായി സാമ്യമുണ്ട്. ഇന്തോനേഷ്യൻ റുപ്പിയ ആണ് അവിടുത്തെ കറൻസി. അതൊരു മൊതല് തന്നെയാണ്, വളരെ മൂല്യം കുറവായതിനാൽ കിട്ടുമ്പോൾ ആരായാലും ഒന്ന് ഉൾപുളകം കൊള്ളും. 30000 ൽ താഴെ INR മാറിയപ്പോൾ അരക്കോടി റുപ്പിയ ആണെനിക്ക് കിട്ടിയത്. ഹോ…..!! ഞാനാലോചിച്ചു, നമ്മുടെ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിക്കൊക്കെ ഇവിടെ എന്ത് പേരിടുമോ ആവോ.. എന്തായാലും കോടി പൈസ പക്കലുണ്ടായിട്ടും അത് എണ്ണിത്തിട്ടപ്പെടുത്താനാവാതെ വേദനിക്കുന്ന കോടീശ്വരനായി മാറി ഞാൻ.
രാത്രി വൈകിയുള്ള എത്തിച്ചേരൽ ആയത്കൊണ്ട് ഹോട്ടൽ പിക്ക് അപ്പ് നേരത്തെ പറഞ്ഞിരുന്നു. അങ്ങനെ ബുക്ക് ചെയ്തിരുന്ന ബാക്ക്പാക്കേഴ്സ് ഹോസ്റ്റലിലെത്തി. നാല് ദിവസത്തെ ഹോസ്റ്റൽ വാടകയും, ഡെപ്പോസിറ്റും, വന്ന വണ്ടിയുടെ കൂലിയുമൊക്കെയായി പത്ത് ലക്ഷത്തിനടുത്ത് എണ്ണിക്കൊടുത്തപ്പോൾത്തന്നെ, നേരത്തെ 50 ലക്ഷം കിട്ടിയപ്പോഴുണ്ടായ ഉൾപുളകം കുറച്ചൊന്നു മാറിക്കിട്ടി. അപ്പൊ ഇത്രേയൊക്കെയുള്ളൂ ലക്ഷങ്ങളുടെ കാര്യം.
പിന്നെ, ഒരു ലക്ഷത്തിനു ‘one hundred thousand’ എന്നും, പത്ത് ലക്ഷത്തിനു ‘one million’ എന്നുമാണ് ഇന്ത്യ വിട്ടാൽ ഒരുമാതിരി എല്ലായിടത്തും സംബോധന ചെയ്യുന്നത്. നാട്ടിലെ ലച്ചത്തിന്റെ കണക്കുംകൊണ്ട് അങ്ങോട്ട് ചെന്ന ഞാൻ ലേശം വെള്ളം കുടിച്ചൂന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ലാ.. ‘കൈകാൽ വിരലുകളും, കാൽക്കുലേറ്ററും’ ഇന്തോനേഷ്യൻ യാത്രയിലുടനീളം ഒരു ദാക്ഷിണ്യവുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു…
അങ്ങനെ ലക്ഷങ്ങൾ അമ്മാനമാടിക്കൊണ്ടുള്ള ഇന്തോനേഷ്യൻ പര്യടനം പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽനിന്നും ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷ അങ്ങനെയിങ്ങനെയൊന്നും അവിടെ വിലപ്പോവില്ല. മറ്റു ചില രാജ്യങ്ങളിൽ ചെന്നാൽ നമ്മൾ ഇംഗ്ലീഷ് പറയുന്നത് വലിയ മഹാപാപം ആയിക്കണ്ട് മുഖം തിരിച്ച് പോകുന്ന ആൾക്കാരെ കാണാം, അതിനു വിപരീതമായി ഇംഗ്ലീഷ് അറിയാത്തത് ഇവരുടെ തെറ്റാണെന്ന് കരുതി ഭവ്യതയോടെ അറിയാവുന്ന ഒന്നോ രണ്ടോ വാക്ക് വെച്ച് സംഭവം പറഞ്ഞൊപ്പിക്കും ഇവിടുത്തെ ആൾക്കാർ, അങ്ങനെയാണെനിക്ക് തോന്നിയത്.
മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയിൽ വളരെ മാന്യമായി വേഷം ധരിച്ച സ്ത്രീകളെ മാത്രമേ എവിടെയും കാണാൻ കഴിയൂ. അത് മാത്രമല്ല പുരുഷന്മാരേക്കാൾ അനായാസത്തോടെ രണ്ടുനിലബസ്സുകൾ ഉൾപ്പെടെയുള്ളവ മെരുക്കി കൊണ്ടുപോകുന്ന തട്ടമിട്ട മൊഞ്ചത്തികളെ നിരവധി കാണാൻ സാധിച്ചു. എന്താല്ലേ.. സ്വന്തം വാഹനം പോലും ഓടിക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാത്ത ചില ഗൾഫ് രാഷ്ട്രങ്ങളെക്കുറിച്ചോർത്ത് പുച്ഛം തോന്നി.
വളരെ ചിലവുകുറഞ്ഞ ഗതാഗത സൗകര്യങ്ങൾ നിരവധിയുണ്ടെങ്കിലും ഭാഷയുടെ കടിഞ്ഞാൺ ഭേദിച്ച് അവയൊക്കെ എത്രത്തോളം ഉപയോഗപ്പെടുത്താനാവും എന്നത് മിടുക്ക് പോലെയിരിക്കും. യുബർ, ഗ്രാബ്, തുടങ്ങിയ ഓൺലൈൻ ടാക്സികൾ വളരെ സൗകര്യപ്രദമാണ്. കുറഞ്ഞ നിരക്കിൽ ഓൺലൈൻ ബൈക്ക് ടാക്സികൾ ഉൾപ്പെടെയുള്ളതിനാൽ തുച്ഛമായ പൈസയ്ക്ക് ഷോപ്പുകളിലെല്ലാം ലഭ്യമായ സിംകാർഡ് ഒരെണ്ണം സംഘടിപ്പിച്ചാൽ യാത്രകൾ അല്ലലില്ലാതെ കഴിഞ്ഞുപോകും.
ട്രാഫിക് ബ്ലോക്കുകളാൽ കുപ്രസിദ്ധിയാർജിച്ച ജക്കാർത്തയിൽ, പ്രത്യേകം ബസ് വേയിലൂടെ പോകുന്ന ‘ട്രാൻസ് ജക്കാർത്ത’ എന്ന ബസ് സർവീസ് വലിയൊരു അനുഗ്രഹമാണ്. Bus Rapid Transist (BRT) എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം ബസ്സുകൾ തായ്ലന്റ് ഉൾപ്പെടെ മറ്റു പല രാജ്യങ്ങളിലുമുണ്ട്. പല റൂട്ടുകളിലായി 200 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ജക്കാർത്തയിലേത് ലോകത്തിലെ ഏറ്റവും നീളമേറിയ BRT ആണ്. ബാക്കി വണ്ടികളൊക്കെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ അവയെ എല്ലാം ഭേദിച്ച് രാജാവിനെപ്പോലെ കടന്നുപോകുന്ന അനുഭവമുളവാക്കും ഇതിലെ യാത്ര. നിശ്ചിത തുകയായ 3500 റുപ്പിയയെ ഉള്ളു ഒരു ട്രിപ്പിന് ചിലവ്, അത് എവിടെവരെയാണെങ്കിലും ശെരി. അതായത് നാട്ടിലെ 20 രൂപയിൽ താഴെ മാത്രം. ഇതിനുവേണ്ടിയുള്ള പ്രത്യേകം കാർഡ് എല്ലാ സ്റ്റേഷനിൽനിന്നും വാങ്ങാം, അതിൽ പൈസ നിറച്ച് വേണം ഉപയോഗിക്കാൻ.
ഒരു ടിപ്പ് പറയാം :- മൊത്തം 200 കിലോമീറ്ററോളമുള്ള ട്രാൻസ് ജക്കാർത്തയുടെ എല്ലാ റൂട്ടുകളും ഏതെങ്കിലുമൊക്കെ സ്റ്റേഷനുകളിൽ ഇന്റർകണക്റ്റഡ് ആണ്. ആദ്യം ഇതിന്റെയൊരു മാപ് പ്രിന്റെടുത്ത് കൊണ്ടുപോവുക. ഏതെങ്കിലുമൊരു സ്റ്റേഷന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമാണ് 3500 റുപ്പിയ (18 Rs) കട്ടാവുന്നത്. ഒരു ട്രിപ്പിനാണ് 18 Rs, ഒരു ട്രിപ്പ് എന്നാൽ ഒരു സ്റ്റേഷനിൽ കയറുന്നതുമുതൽ മറ്റേതെങ്കിലുമൊരു സ്റ്റേഷനിൽ ഇറങ്ങുന്നവരെ. പുറത്തിറങ്ങാതെതന്നെ മറ്റു റൂട്ടുകളിലെ ബസ്സുകളിൽ മാറിക്കയറാം. ആയതിനാൽ, വേറൊരു സ്റ്റേഷന്റെയും പുറത്തേക്ക് ഇറങ്ങുന്നില്ല എങ്കിൽ നമുക്ക് ഈ BRT യിലൂടെ മതിയാവോളം സഞ്ചരിച്ചു കൊണ്ടേയിരിക്കാം. റൂട്ടുകൾ മാറിക്കയറിയും, എല്ലാം കഴിഞ്ഞ് തുടങ്ങിയ സ്റ്റേഷനിൽ തിരിച്ച് വന്നിറങ്ങിയാലും മതി. പറഞ്ഞുവന്നത് ഒരുദിവസം ഇതിനായി മാറ്റിവെക്കുകയാണെങ്കിൽ നമ്മുടെ വെറും 20 രൂപയ്ക്ക് ജക്കാർത്ത നഗരം മുഴുവനും ചുളുവിൽ കാണാം, അതും ഒരു ട്രാഫിക് ബ്ളോക്കിലും പെടാതെ. സംഭവം നമ്മളൊക്കെ മാത്രമേ ഇമ്മാതിരി കുരുട്ടുബുദ്ധി ഉപയോഗിച്ച് ഇങ്ങനൊക്കെ ചെയ്യൂ അത് വേറെ കാര്യം.
ഞാൻ പറഞ്ഞ് കാടുകയറിപ്പോയി.. അങ്ങനെ രാവിലെ ഈപ്പറഞ്ഞ BRT യിൽ കയറി ഇന്തോനേഷ്യയുടെ അഭിമാനസ്തംഭമായ, ‘മോണസ്’ എന്ന് വാത്സല്യത്തോടെ ഇവർ വിളിക്കുന്ന ‘നാഷണൽ മോണുമെന്റിൽ’ എത്തി.
ടിക്കറ്റെടുത്ത് ഉള്ളിലേക്ക് കയറി. ഏറ്റവും താഴത്തെ നിലയിൽ അനവധി ചില്ലുകൂടുകളിലായി ഇന്തോനേഷ്യയുടെ മുഴുവൻ ചരിത്രവും ത്രിമാന രീതിയിൽ വളരെ മനോഹരമായി തീർത്ത് വെച്ചിരിക്കുന്നു. ഒരു സിനിമ കണ്ടിറങ്ങുന്നതുപോലെ ഇന്തോനേഷ്യൻ ചരിത്രം വിശദമായിത്തന്നെ ഇവിടെനിന്നും മനസിലാക്കാൻ സാധിക്കും.
അതിനുശേഷം 132 മീറ്റർ ഉയരമുള്ള മോണുമെന്റിന്റെ ഏറ്റവും മുകളിൽ കയറാൻ ലിഫ്റ്റിനുവേണ്ടിയുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു. അവധി ദിവസമായതിനാൽ സ്വദേശികളുടെ ഒഴുക്കായിരുന്നു അന്നേദിവസം. ഈ തിരക്കിനിടയിലും ഒരു വിദേശിയെപ്പോലും മഷിയിട്ടു നോക്കിയിട്ടും കാണാഞ്ഞത് എന്നെ ആശ്ചര്യപ്പെടുത്തി.
എന്നെ കണ്ടിട്ട്, “നോക്കെടീ മലേഷ്യയിൽ നിന്നും വന്ന സുന്ദരൻ” എന്ന് അടക്കം പറയുന്ന പെൺകൊടികളെ ക്യൂവിൽ കണ്ടു. പാവങ്ങൾ ഞാൻ മലേഷ്യക്കാരനാണെന്ന് തെറ്റിദ്ധരിച്ചു; തിരുത്താനൊന്നും പോയില്ല.
ഏത് ഭാഷയിലായാലും നമ്മളെക്കുറിച്ച് ഗോസിപ്പടിക്കുന്നത് മനസിലാക്കാനുള്ള പ്രത്യേക കഴിവ് നമ്മള് മലയാളികൾക്കുണ്ട്. രണ്ട് മണിക്കൂറിനുമേലെ ക്യൂ നിന്ന് അവസാനം ആ അഭിമാനസ്തംഭത്തിന്റെ തലപ്പത്ത് എത്തിപ്പറ്റി. ആകെയൊരു ഇഠാവട്ട സ്ഥലമേയുള്ളെങ്കിലും ജക്കാർത്ത നഗരം മുഴുവനായും ആവോളം അതിന്റെ മുകളിൽനിന്നും ആസ്വദിക്കാം. അത്യാവശ്യം ഫോട്ടോയെടുപ്പും കാഴ്ചകളുമൊക്കെക്കണ്ട് സായൂജ്യമടഞ്ഞ് തിരിച്ചിറങ്ങി.
അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.. ഓഹ് മൈ ഗോഡ്, 3:30 നുള്ള ട്രെയിനിന് കുറച്ചകലെയുള്ള ‘ബാന്ദുങ്ങ്’ എന്ന സ്ഥലത്തേക്ക് പോകണം. അഗ്നിപർവതങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇന്തോനേഷ്യയിൽ, അധികം ദൂരെയല്ലാതെ ഒത്തുകിട്ടിയ ഒരെണ്ണം കാണാൻ പോവുകയാണ് കുറ്റീംപറിച്ച്. വേഗം ഹോസ്റ്റലിലേക്ക് തിരിച്ചു, അവിടെനിന്നും ബാഗുമെടുത്ത് ഓൺലൈൻ ഗ്രാബ് ബൈക്ക് വിളിച്ച് കുറച്ച് അടുത്തുതന്നെയുള്ള ‘ഗംബീർ’ എന്ന റെയിൽവേ സ്റ്റേഷനിലേക്ക്.. ടെറിഫിക് ആയ ട്രാഫിക് ബ്ലോക്കിൽ നിശ്ചലമായിക്കിടക്കുന്ന വണ്ടികൾക്കിടയിലൂടെ കടുകുമണി വ്യത്യാസത്തിൽ കുത്തിക്കയറ്റി യഥാസമയത്ത് സ്റ്റേഷനിലെത്തിച്ച അഗ്രഗണ്യനായ ചേട്ടന് ‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’.. ശെരിക്കും ക്രിട്ടിക്കൽ ടൈമിംഗ് ആയിരുന്നു, ഞാൻ ട്രെയിനിലേക്ക് വലതുകാൽ എടുത്തുവെച്ചയുടനെ തന്നെ ഡബിൾ ബെല്ലടിച്ച് വണ്ടി വിട്ടു. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ബൈക്ക് ടാക്സികൾ രക്ഷകനാവുന്നത്, ഇളയദളപതി വിജയ് യുടെ സ്ഥാനമായിരുന്നു ആ ചേട്ടന് ഞാൻ കൊടുത്തത്..
നല്ലരീതിയിൽ പരിപാലിച്ചുപോകുന്ന റെയിൽ സംവിധാനമുള്ള ഇന്തോനേഷ്യയിലുടനീളം ട്രെയിൻ യാത്രകൾ www.tiket.com ലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. സാധാരണക്കാരിൽ സാധാരണക്കാരനായ ഞാൻ അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ ബിസിനസ് ക്ലാസ് ടിക്കെറ്റെടുത്ത് ഞെളിഞ്ഞിരുന്നാണ് പോയത്. പണം പോട്ടെ, പ്രതാപം വരട്ടെ എന്നാണല്ലോ ചൊല്ല്… പക്ഷേങ്കിൽ വല്യ പൈസയൊന്നും ആയില്ല കേട്ടോ.. ദോഷം പറയരുതല്ലോ, നല്ല ബലേഭേഷ് ട്രെയിനും അതിലെ യാത്രയും. നമ്മുടെ നാട്ടിലെപോലെ “കാപ്പി കാപ്പ്യേയ്” സമ്പ്രദായം ഒന്നുമല്ല, ഫ്ലൈറ്റിലെ മാതിരി തരുണീമണികൾ വന്നിട്ടാണ് ഭക്ഷണം ഓർഡറെടുത്തൊക്കെ പോകുന്നതും തരുന്നതും.
മലഞ്ചെരുവുകളിലൂടെയും, പേരറിയാത്ത മനോഹരസ്ഥലങ്ങളിലൂടെയുമെല്ലാം പ്രകൃതി കനിഞ്ഞ് നൽകിയ സുന്ദര ദൃശ്യങ്ങൾ സമ്മാനിച്ചുകൊണ്ടുള്ള മൂന്നു മണിക്കൂർ യാത്രയ്ക്ക് സന്ധ്യയോടുകൂടി ‘ബാന്ദുങ്ങ്’ സ്റ്റേഷനിൽ വിരാമമിട്ടു. സ്റ്റേഷനടുത്ത് തന്നെ ഇന്നൊരുദിവസത്തേക്ക് ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിലേക്ക് നടന്നെത്തി.
ആൺപെൺ വ്യത്യാസമില്ലാതെ ലോകത്തിന്റെ പല ദേശത്തുനിന്നും വന്ന കുറച്ച് കൂട്ടുകാരോടൊപ്പം കൊച്ചുവർത്തമാനം പറഞ്ഞിരുന്ന് ഉറങ്ങാൻ സമയമായതുപോലും അറിഞ്ഞില്ല. അങ്ങനെ പിറ്റേന്നത്തെ വോൾകാനോ കാഴ്ചകളും, അതുകഴിഞ്ഞുള്ള ഒരു മനോഹരിയായ ഐലന്റിന്റെ കാഴ്ചകളെയും നിർബന്ധിച്ച് സ്വപ്നത്തിൽ കൊണ്ടുവരുത്തി രാത്രിയുടെ ഏഴാംയാമങ്ങളിലേക്ക് ഊളിയിട്ടു.
ജീവിതത്തിൽ ആദ്യമായി ഒരു അഗ്നിപർവതം കാണാൻ പോവുകയാണ്. ‘ബാന്ദുങ്’ നഗരത്തിൽനിന്നും 30 കിലോമീറ്റർ മാറിയാണ് ‘Tangkuban parahu’ എന്ന വോൾക്കാനോ സ്ഥിതി ചെയ്യുന്നത്. പറയാനെളുപ്പത്തിന് ‘തങ്കു’ എന്ന് ആദ്യം തന്നെ ഞാൻ പേരിട്ടു. ഹോസ്റ്റലിൽനിന്നും ഏർപ്പാടാക്കിയ ഒരു ബൈക്ക് ടാക്സിയിലാണ് അവിടേക്ക് പോയത്. ഇതല്ലാതെ ബൈക്ക് റെന്റിനെടുത്ത് വേണമെങ്കിലും പോകാം, ബൈക്ക് ആക്കിയത് എന്തായാലും നന്നായി എന്ന് അവിടെയെത്തുംവരെയുള്ള വാഹനങ്ങളുടെ നീണ്ട നിര കണ്ടപ്പോൾ മനസിലായി. അവധി ദിവസങ്ങളിൽ അസാമാന്യ തിരക്കാണ് ഇവിടേക്ക്.
വിദേശീയർ മൂന്ന് ലക്ഷത്തിന്റെ (1500 Rs) ടിക്കറ്റെടുത്ത് വേണം വോൾക്കാനോ കാണാൻ കയറാൻ. അന്നാട്ടുകാർക്കുള്ള നിരക്കിന്റെ പത്തിരട്ടി വരുമിത്..(മലയാളത്തിൽ തീവെട്ടിക്കൊള്ള എന്ന് പറയാം).
അത്യാവശ്യം തരക്കേടില്ലാത്ത കയറ്റങ്ങളൊക്കെ കയറിചെന്നപ്പോഴല്ലേ കഥ, താടി കൂട്ടിയിടിച്ച് തബല വായിക്കുന്ന അവസ്ഥയിലുള്ള തണുപ്പും കാറ്റുമാണ് മുകളിൽ.. തണുപ്പകറ്റാൻ പേരിനുപോലും കൈയിലൊന്നുമില്ല.
എന്റെ ഭാഗത്തും തെറ്റുണ്ട്, ഹൈറേഞ്ച് ആക്ട് പ്രകാരം ഒരിക്കലും ജാക്കറ്റ് എടുക്കാതെ ഞാൻ പോകാൻ പാടില്ലായിരുന്നു..
2013 ലാണത്രെ ഇതിൽ ഏറ്റവും അവസാനമായി വിസ്ഫോടനം ഉണ്ടായത്. ഇപ്പോഴും വളരെ ചെറിയ രീതിയിൽ പൊട്ടലും ചീറ്റലുമൊക്കെ ഇടയ്ക് നടത്താറുണ്ട് കക്ഷി, ഞാൻ ചെന്ന ദിവസം പക്ഷെ ശാന്തനായിരുന്നു. ഇതിന്റെയീ കുരുത്തംകെട്ട സ്വഭാവം കാരണം എല്ലായ്പ്പോഴും സന്ദർശകർക്ക് തുറന്ന് കൊടുക്കാറില്ല.. അവിടെ ചുറ്റിപ്പറ്റി നടക്കുന്ന ഗൈഡുകളിൽ ഒരാളെ കൂടെക്കൂട്ടി അഗ്നിപർവ്വതത്തിന്റെ ഏറ്റവും താഴെവരെ നടന്നുചെന്ന് വിശദമായി കാണാനും, അവിടെ സദാ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ മുട്ട പുഴുങ്ങി കഴിക്കാനുമെല്ലാം അവസരമുണ്ട്. പുഴുങ്ങിയ മുട്ടേടെ തോട് കളയാനുള്ള ബുദ്ധിമുട്ടോർത്ത് ഞാൻ പോയില്ല, അല്ലാതെ മടിയുണ്ടായിട്ടൊന്നുമല്ല.. 😉
വളരെ ചീപ്പായി വേണ്ടുവോളം ഷോപ്പിംഗ് നടത്താം ഇവിടെ. തങ്കുവിന്റെ പേരെഴുതിയ ടീഷർട്ട് ഒരെണ്ണം ഞാനും വാങ്ങി.
അവിടുന്ന് അടുത്തതായി ‘Tea plantation’ കാണിക്കാനെന്നുംപറഞ്ഞ് കൊണ്ടുപോയി. ഞാനാ പുള്ളിയോട് ചോദിച്ചു,
“ചേട്ടനീ മൂന്നാർ മൂന്നാർ എന്ന് കേട്ടിട്ടുണ്ടോ..?” “ഇല്ല, ന്തേ..” “കേൾക്കണമായിരുന്നു, എങ്കിലീ ഡൂക്കിലി തേയിലത്തോട്ടം കാണിക്കാൻ എന്നെ കൊണ്ടുവരില്ലാരുന്നു..” അതിന്റെ പടിക്കൽവെച്ചുതന്നെ സലാം പറഞ്ഞ് അടുത്ത ഹോട്ട് സ്പ്രിങ് പാർക്കിലേക്ക് പോയി. എവിടെനിന്നോ ഉത്ഭവിക്കുന്ന ചൂടുവെള്ളം തട്ടുതട്ടുകളിലായി ഒഴുകി ഒരു ഏരിയ മൊത്തം വ്യാപിച്ചുകിടക്കുന്നു. അത് അവസാനിക്കുന്ന വെള്ളക്കെട്ടിൽ പിള്ളേർക്ക് വള്ളം തുഴയാനുൾപ്പെടെ മൊത്തത്തിൽ എന്റർടൈൻ ചെയ്യാൻ പറ്റിയ മനോഹരമായ സ്ഥലം. അവിടെയും സാമാന്യം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
ബാന്ദുങ്ങിലേക്ക് വന്നതിന്റെ ഉദ്ദേശം സഫലീകരിച്ച് വൈകിട്ട് തിരിച്ച് ജക്കാർത്തയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഞായർ വൈകിട്ട് തിരക്കുള്ള ദിവസമായതിനാൽ ബസ്സിലും ട്രെയിനിലുമൊന്നും മുൻകൂട്ടി ടിക്കറ്റ് ലഭ്യമല്ലായിരുന്നു. പിന്നെ നമ്മുടെ കേസ്സാർട്ടീസി പോലൊരു സാദാ ബസ്സിൽകയറി ടിക്കറ്റൊക്കെ എടുത്താണ് പോയത്. ഓർമവെച്ച കാലംതൊട്ടുള്ള ഇഷ്ടമാണ് ഡ്രൈവറുടെ അടുത്ത സീറ്റിലിരുന്നുള്ള യാത്രകൾ. പതിവ് തെറ്റിക്കാതെ തൊട്ടടുത്തിരുന്ന ആളെയൊക്കെ വകഞ്ഞുമാറ്റി ഡ്രൈവറുടെ പുറകിലെ സൈഡ് സീറ്റ് കരസ്ഥമാക്കി ഡ്രൈവിങ്ങും, യാത്രയും ആസ്വദിച്ചിരുന്നു. ടോൾവേയിലൂടെയെല്ലാം പോയിട്ടും ഹൊറിബിൾ ട്രാഫിക്ക് കാരണം 3 മണിക്കൂർ വേണ്ടിയിരുന്ന യാത്ര 6 മണിക്കൂറെടുത്ത് രാത്രി വൈകി അതിവിദഗ്ധമായി ജക്കാർത്തയിലെത്തി..
പിറ്റേന്ന് ‘തൗസന്റ് ഐലൻഡ്സ്’ എന്നപേരിലുള്ള നിരവധി ചെറുദ്വീപുകളിൽ ഒന്നിലേക്കുള്ള യാത്ര ആയിരുന്നു. ജക്കാർത്തയിൽ പോകുന്നവർ തീർച്ചയായും ഇതിലൊന്നിൽ പോയിരിക്കണം, അത്രയ്ക്ക് വശ്യമനോഹരങ്ങളായ ദ്വീപുകളാണ് ഓരോന്നും. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.pulau-seribu.com
ജക്കാർത്തയിലെ ‘Ancol’ എന്ന ബോട്ട് ജെട്ടിയിൽനിന്നുമാണ് ഞാൻ തിരഞ്ഞെടുത്ത ‘Pulau Macan’ എന്ന ദ്വീപിലേക്കുള്ള യാത്ര തുടങ്ങുന്നത്. നിങ്ങളിപ്പോ വായിച്ചില്ലേ, എന്നാൽ അതങ്ങനെയല്ല; ‘അഞ്ചോൾ’ എന്നും ‘പൂളോ മച്ചാൻ’ എന്നുമാണ് ഇവർ പറയുന്നത്. അച്ചരഫുടതയില്ലാത്ത പുവർ പീപ്പിൾസ്. Pulau എന്നാൽ ഐലൻഡ് എന്നും Macan (Tiger) എന്നത് ദ്വീപിന്റെ പേരുമാണ്. അതുകൊണ്ട് ഇംഗ്ളീഷുകാരുടെ സൗകര്യത്തിനു ‘മച്ചാന്റെ’ സ്കൂളിൽ വിളിക്കുന്ന പേര് ‘Tiger island’ എന്നാണ്. ‘സരോജ്കുമാർ’ എന്ന് സ്കൂളിൽ പേരുള്ളവന്റെ വീട്ടിൽ വിളിക്കുന്ന പേര് ‘കുട്ടാപ്പി’, എന്ന് പറഞ്ഞപോലെയുണ്ട്. ഹോസ്റ്റലിൽനിന്നും കുറച്ചടുത്തുതന്നെയുള്ള അഞ്ചോളിലേക്ക് ബൈക്ക് ടാക്സിയിൽ പോവാനിരുന്നത് മഴ മൂലം തടസപ്പെട്ടതിൽ ഖേദിച്ച് ടാക്സി പിടിച്ചാണ് പോയത്. അവര് പറഞ്ഞിരുന്ന സമയത്തിലും വൈകിയാണെത്തിയതെങ്കിലും ബോട്ട് പുറപ്പെടാനും വൈകിയത് തുണയായി.
കടൽ അന്നേദിവസം കുറച്ച് വശപ്പിശകായിരുന്നതിനാലാണ് ബോട്ട് വൈകിയത്. ട്രിപ്പ് ക്യാൻസൽ ആക്കുമോയെന്നുപോലും പേടിച്ചു. അല്ലെങ്കിലും മഴ സമയത്ത് കടലിനിത്തിരി ഇളക്കം കൂടുതലാണ്. കടലിലെ വെള്ളം നീരാവിയായിപ്പോയത് വീണ്ടും തിരിച്ചുവരുന്നതിലുള്ള അമർഷം ആവാം ഒരുപക്ഷേ. തിരമാലകളെ കീറിമുറിക്കാനാവാതെ തിരയിൽപൊങ്ങി മുൻഭാഗം കുത്തിയുള്ള സ്പീഡ്ബോട്ട് യാത്ര ശെരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. പിടിച്ചിരുന്നില്ലയെങ്കിൽ തെറിച്ച് പോയതുതന്നെ. പണ്ട് കടപ്പുറത്തൊക്കെ പോയപ്പോൾ ‘കടലമ്മ കള്ളി’ എന്നെഴുതിയതിനൊക്കെ പുള്ളിക്കാരത്തി പകരം വീട്ടുന്നതാണോയെന്നുവരെ ചിന്തിച്ചുപോയി.
ഏറ്റവും കോമഡി, ബോട്ട് ഓടിക്കുന്ന ചേട്ടൻ വരെ ലൈഫ് ജാക്കറ്റ് ഇട്ടേക്കുന്നു. ഈശ്വരാ അപ്പൊ ഇയാൾക്ക്പോലും ഉറപ്പില്ല ഇത് അങ്ങെത്തുമെന്ന്.
ഒന്നര മണിക്കൂർ ഭീതിജനകമായ യാത്രയ്ക്കൊടുവിൽ ഐലന്റിലെത്തി. മറ്റു ഐലന്റുകളിലെല്ലാം ആളെയിറക്കി അവസാനമാണ് ഞാൻ പോയിടത്ത് എത്തിയത്, അതുകൊണ്ട് എല്ലാം ഒരുനോക്ക് കാണാൻ സാധിച്ചു. ഇതിന്റെയെല്ലാം മനോഹാരിത കണ്ടിട്ട് ഓരോ ദിവസവും ഓരോന്നിൽവെച്ച് പാക്കേജ് എടുത്ത് അവിടെത്തന്നെയങ്ങ് കൂടിയാലോയെന്നുവരെ ചിന്തിച്ചു. ഐലന്റുകളുടെ പേരുകളൊക്കെയും രസമാണ്; മച്ചാൻ, പുത്രി, പ്യാരി ,പേളങ്കി, അയ്യർ, പ്രമുഖ.. ഇങ്ങനെയൊക്കെയാണ്.
നമ്മുടെ മച്ചാന്റെയടുത്തേക്ക് തിരിച്ചെത്താം. ആകെയൊരു കുഞ്ഞി ഐലന്റാണ് ‘പൂളോ മച്ചാൻ’ (Tiger island), പത്ത് മിനിറ്റ് തികച്ച് വേണ്ട മൊത്തം നടന്നുതീർക്കാൻ. ഇക്കോ ഫ്രണ്ട്ലി ആയ സ്ഥലത്ത് മനോഹരമായി നിർമിച്ചിട്ടുള്ള പരമ്പരാഗത ഹട്ടുകളിലെ താമസമാണ് ഇവിടുത്തെ മെയിൻ ഹൈലൈറ്റ്. ശാന്തസുന്ദരമായ കടലിനഭിമുഖമായി ശെരിക്കും മനസറിഞ്ഞ് റിലാക്സ് ചെയ്യാൻ പറ്റിയ ഇടം. കടലെന്നു പറഞ്ഞാൽ കണ്ണാടിപോലെ തെളിഞ്ഞ വെള്ളം. കടലിൽ നീന്താനും തുഴയാനും എടുക്കാനും പിടിക്കാനുമെല്ലാമായി നിരവധി ഉപകരണങ്ങളും നമുക്കിവിടെ ലഭ്യമാണ്. എനിക്കാണെങ്കിൽ ആകെ അറിയാവുന്നത് കഴുത്തോളം വെള്ളത്തിൽ മുങ്ങിക്കിടക്കാനാണ്.
ആഴം കുറവായതിനാൽ കുറച്ച് സ്നോർക്കെലിങ്ങും പിന്നെ എന്തും വരട്ടെയെന്ന് വെച്ച് ഫൈബർ വള്ളം പൊക്കിയെടുത്ത് കടലിലിറങ്ങി. ആഴംകുറഞ്ഞ ഭാഗത്തുകൂടി അടുത്തുള്ള ആളനക്കമില്ലാത്ത തുരുത്ത് വരെ പോയിവന്നു. സായിപ്പും മദാമ്മയുമൊക്കെ നീന്തിയാണ് ഇവിടേക്ക് പോകുന്നത്, അത് വേറൊരു സത്യകഥ.
അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ച് ഇരുന്നുകൊണ്ട് കുച്ചിപ്പുടി കളിക്കുന്നതിനു തുല്യമാണ് കടലിലൂടെയുള്ള കയാക്കിങ്. കുറച്ച് കഷ്ടപ്പെട്ടാലേ ഇതൊന്നു നീങ്ങത്തുമുള്ളൂ. എന്തായാലും ത്രില്ലിംഗ് ആയിരുന്നു.
വിദേശികളാണ് ഇവിടെ കൂടുതലും റിലാക്സ് ചെയ്യാനെത്തുന്നത്. ദിവസങ്ങളുടെ അഭാവം കാരണം ഡേ പാക്കേജാണ് ഞാനെടുത്തത്. ഉച്ചയ്ക്കലത്തെ സ്വാദിഷ്ടമായ ബൊഫെ ഭക്ഷണവുമെല്ലാം കഴിച്ച് ഒരിക്കൽക്കൂടി എന്തായാലും വരണമെന്ന് മനസിലുറപ്പിച്ച് വൈകിട്ടോടെ ജക്കാർത്തയിലെ അഞ്ചോളിൽ തിരിച്ചെത്തി.
ഇവിടെത്തന്നെ ‘അഞ്ചോൾ ഡ്രീംലാൻഡ്’ എന്ന കടലിനു സമാന്തരമായി നീണ്ടുകിടക്കുന്ന സ്ഥലം സായാഹ്നം ചിലവഴിക്കാൻ പറ്റിയ ഇടമാണ്. റിസോർട്ടുകൾ, തീം പാർക്ക്, കേബിൾ കാർ, പൂൾ, നിരവധി ഷോകൾ ഒക്കെയായി ഒരു വലിയ ഏരിയ തന്നെയുണ്ട്. സന്ധ്യ വരെ അവിടെ മൊത്തം ചുറ്റിയടിച്ച് തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങി.
പിറ്റേന്ന് വൈകുന്നേരമാണ് മടക്കയാത്ര. അതിനുമുൻപായി ജക്കാർത്തയിൽ മുഖ്യ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായ ‘Taman Mini Indonesia Indah’ (TMMI) കാണാൻ പോയി. ട്രാൻസ് ജക്കാർത്ത ബസിൽ ഒരു മണിക്കൂറോളം സഞ്ചരിച്ച് അവിടെയെത്തി. 250 ഏക്കറോളം പരന്നുകിടക്കുന്ന ഇവിടം ഇന്തോനേഷ്യയുടെ ഒരു ചെറുരൂപം നമുക്ക് മുന്നിൽ കാട്ടിത്തരുന്നു. കൃത്രിമമായി നിർമിച്ച ഒരു തടാകവും, സാംസ്കാരികവും ചരിത്രപരവുമായ പല തരത്തിലുള്ള മ്യൂസിയങ്ങൾ, കേബിൾ കാർ, ചെറു ട്രെയിൻ സവാരി.. അങ്ങനെ ഒരുപാടൊരുപാട് സംഭവങ്ങളുമായി ഒരു മുഴുവൻ ദിവസം ചെലവഴിക്കാനുള്ള വകുപ്പുണ്ടിവിടെ.
പക്ഷെ വൈകിട്ടുള്ള ബീമാനത്തിൽ തിരിച്ച് പോയില്ലെങ്കിൽ ശെരിക്കും ഇവിടെത്തന്നെ കൂടേണ്ടിവരും. അതുകൊണ്ട് എല്ലായിടവും ഒരു ഓട്ടപ്രദക്ഷിണം നടത്തി ഉച്ച – ഉച്ചരയോടുകൂടി അവിടുന്നിറങ്ങി.
എയർപോർട്ടിലേക്ക് 50 കിലോമീറ്ററോളം ഉണ്ട്. 50000 റുപ്പിയയ്ക്ക് (250 Rs) ഷട്ടിൽ ബസ് ഉണ്ടെങ്കിലും അത് ട്രാഫിക്കിൽ കുടുങ്ങും എന്ന കാര്യം അച്ചട്ടായതിനാൽ അതുപേക്ഷിച്ച് അതിന്റെ പത്തിലൊന്നു പോലും ചിലവില്ലാത്ത നമ്മുടെ മുത്തായ ട്രാൻസ് ജക്കാർത്ത ബസ്സിലാണ് പോയത്. എയർപോർട്ടിന് 10 കിലോമീറ്റർ ഇപ്പുറം വരേയുള്ളുവെങ്കിലും അവിടുന്ന് ബൈക്ക് ടാക്സി പിടിച്ച് എയർപോർട്ടിലെത്തി.
ടൈമിംഗ് കുറച്ച് പാളിയതുകാരണം 4:45 നുള്ള ഫ്ലൈറ്റിൽ പോകാൻ ഒരുപാട് നേരത്തെ, അതായത് 10 മിനിറ്റ് മുൻപാണ് ഞാനെത്തിയത്. ഭാഗ്യത്തിന് ഓൺലൈൻ ചെക്കിൻ ചെയ്തിരുന്നു. എയർപോർട്ടിന് വെളിയിൽനിന്നും ഫ്ലൈറ്റ് വരെ ഒരോട്ടമായിരുന്നു. കയറ്റില്ലാരിക്കും എന്നാണ് കരുതിയതെങ്കിലും, ട്രാഫിക്കിൽ കുടുങ്ങി ആൾക്കാർ താമസിച്ച് വരുന്നത് ശീലമായിട്ടാവും, അവർക്കിതൊന്നുമൊരു പുത്തരിയേ അല്ലായിരുന്നു.
ഇന്തോനേഷ്യൻ യാത്രയിലിത് മൂന്നാം തവണയാണ് ക്രിട്ടിക്കൽ ടൈമിൽ എത്തുന്നത്. ക്ലൈമാക്സിലും അതിന് യാതൊരു പേരുദോഷവും വരുത്താതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
അങ്ങനെ ഒരുപിടി നല്ല ഓർമകളും നെഞ്ചിലേറ്റി പറന്നുയർന്നു… എല്ലാവർക്കും “തെറിമാ കാസി.” (തെറിയല്ല കേട്ടോ, ഇന്തോനേഷ്യൻ ഭാഷയിലെ ‘നന്ദി’ ആണ്).