വിവരണം – വിജീഷ് എ.വി.
വളരയധികം അലസത നിറഞ്ഞ ഒരു ദിവസം രാത്രി പെട്ടെന്നൊരു ഉൾവിളി ഉണ്ടാകുന്നു. ദക്ഷിണകാശിയെന്നു പുകൾപെറ്റ കൊട്ടിയൂർ വരെ പോകാൻ.. ഉൽസവം തുടങ്ങിയിരുന്നു.. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന സന്ദേശം നിറഞ്ഞു നിൽക്കുന്ന ആ മഹോത്സവത്തിന് പരമശിവന്റെ യാഗഭൂമിയിലേക്ക് പോകണം എന്ന് മനസ്സിൽ തോന്നിയപ്പോൾ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല. നേരെ സുഹൃത്ത് ശരത്തിനെ വിളിച്ചു നാളെ പുലർച്ചെ നമുക്ക് ഒരിടം വരെ പോകണം എന്ന് പറഞ്ഞു…സ്ഥലം പറഞ്ഞപ്പോൾ അവനും ആവേശം.. ഒരു യാത്ര പോകുമ്പോൾ അത് എന്നും ഓർമ്മയിൽ നിൽക്കേണ്ടതാകണം എന്ന് തോന്നിയതിനാൽ നമ്മടെ പുലിക്കുട്ടി ‘യൂണിക്കോൺ’ തന്നെയാകാം ശകടം എന്ന് തീരുമാനിച്ചു. പെട്ടെന്ന് തന്നെ കയ്യിൽ കിട്ടിയതെല്ലാം പായ്ക്ക് ചെയ്തതിനു ശേഷം വീട്ടിൽ അവതരിപ്പിച്ചു..”നാളെ പുലർച്ചെ കൊട്ടിയൂർ വരെ ഒന്ന് പോവ്വാണ്”, ഇവനെന്താ വല്ല വെളിപാടും ഉണ്ടായോ എന്നമട്ടിൽ എല്ലാവരും ഒന്ന് നോക്കിയതല്ലാതെ കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ല. എപ്പോഴാ തിരിച്ചുവരിക എന്ന ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല..ശരത്തിനോടും വീട്ടിൽ തിരികെയെത്തുന്ന സമയം പറയേണ്ടെന്നു പറഞ്ഞു..ഊണുകഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ മുതൽ പുലർച്ചെ തുടങ്ങുന്ന യാത്രയുടെ ദൃശ്യങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.. നിദ്രയുടെ മടിത്തട്ടിലേക്ക് വീഴുമ്പോഴേക്കും മനസുകൊണ്ട് കൊട്ടിയൂരപ്പന്റെ സന്നിധിയിൽ എത്തിക്കഴിഞ്ഞിരുന്നു.
പുലർച്ചെ എണീറ്റ് പ്രാഥമിക കർമ്മങ്ങളെല്ലാം കഴിഞ്ഞു ബാഗും എടുത്ത് ബൈക്കിൽ കയറുമ്പോൾ അമ്മയുടെയും വല്യമ്മയുടെയും മുഖത്ത് ചെറിയ പേടിയുണ്ടായിരുന്നു..അച്ഛൻ എണീറ്റിരുന്നില്ല. അച്ഛനോട് ബൈക്കിൽ പോകുന്ന കാര്യം പറഞ്ഞിരുന്നില്ല.. അച്ഛൻ ഉണർന്ന് ചോദിച്ചാൽ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ണൂർ വരെ ട്രെയിനിൽ ആണ് പോകുന്നത് എന്ന് പറഞ്ഞോളാൻ പ്രിയതമയെ ചട്ടം കെട്ടി..പ്രിയതമയുടെ ഫുൾ സപ്പോർട്ടിൽ കൃത്യം 5 am ന് യാത്രക്ക് തുടക്കമായി…നേരെ ശരത്തിന്റെ വീട്ടിൽ പോയി അവനെയും കയറ്റി ഒറ്റപ്പോക്കാണ്. പിന്നെ…അത്തോളി എത്തിയിട്ടാണ് വണ്ടി ഒന്ന് നിർത്തിയത് അവിടുന്ന് ഓരോ ചായ കുടിച്ചു വീണ്ടും തുടങ്ങി യാത്ര. അപ്പോഴേക്കും മഞ്ഞിൻ മറ നീക്കി ആദിത്യൻ തന്റെ സ്വർണ്ണ പ്രഭ ചൊരിയാൻ തുടങ്ങിയിരുന്നു…അവിടുന്ന് പിന്നെ പേരാമ്പ്രയും പാലേരിയും കുറ്റ്യാടിയും പൂത്തമ്പാറയും കടന്ന് കുറ്റ്യാടി ചുരം കയറാൻ തുടങ്ങിയപ്പോഴാണ് റൈഡിനു കൂടുതൽ ഉന്മേഷം വന്നത് നല്ല തണുത്ത കാലാവസ്ഥ..വഴിയാണെങ്കിൽ അധികം വാഹനങ്ങളുടെ തിരക്കൊന്നും ഇല്ലാതെ. നല്ലതുപോലെആസ്വദിച്ചുകൊണ്ടുള്ള യാത്ര..
കുറ്റ്യാടി വ്യൂ പോയിന്റിൽ വണ്ടി നിർത്തി. താഴ്വാരത്തെ കാഴ്ച്ചകൾ കൊതിതീരുവോളം കണ്ട് ആസ്വദിച്ചു. വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള കോടമഞ്ഞിൻ കൂട്ടങ്ങൾ അകലെ മലകൾക്കു മേലെ ഒരു പുതപ്പുപോലെ മൂടിയിരിക്കുന്നു. അതിനിടയിലേക്കു അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം പ്രകൃതിക്ക് ചാർത്തിക്കൊടുക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ചതിന് ശേഷം വീണ്ടും പ്രയാണം തുടർന്നു. അവിടുന്നങ്ങോട്ട് പിന്നെ തനി നാടൻ ഗ്രാമഭംഗി നുകർന്നുകൊണ്ടുള്ള യാത്രയായിരുന്നു. ചുറ്റും കൃഷിയിടങ്ങൾ.. അവയ്ക്കിടയിലെ ചെറിയ വീടുകൾ.. തികച്ചും അപരിചിതമായ സ്ഥലങ്ങൾ താണ്ടി ഒടുവിൽ പാൽചുരം എത്തി..ഒരുഭാഗത്ത് വയനാടും കുടകും ചേരുന്ന ബ്രഹ്മഗിരി മലനിരകളുടെ ഗരിമ കണ്ട് പാൽചുരം കയറി ഇറങ്ങാൻ തുടങ്ങി… വഴിയിൽ എത്ര സ്ഥലത്ത് വണ്ടി നിർത്തിയെന്നറിയില്ല. കണ്ടിട്ടും കാണാതെ പോകാൻ കഴിഞ്ഞില്ല ആ വശ്യസൗന്ദ്യര്യം..
ഇനിയധികമില്ല കൊട്ടിയൂർക്ക്. താരതമ്മ്യേന നല്ല റോഡ് ആണ്. അതുകൊണ്ട് ഒരു ആവറേജ് സ്പീഡ് നിലനിർത്തിക്കൊണ്ടാണ് റൈഡിങ്.. ഒടുക്കം പരമശിവനാൽ പൂജിതമായ ആ മണ്ണിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. റോഡിന് ഇരുവശവും ഓടപ്പൂക്കളാൽ അലംകൃതമായിരുന്നു ആ യാഗവീഥി…ആദ്യം അന്വേഷിച്ചത് ഒരു കിടപ്പാടമായിരുന്നു. ബാഗും ക്യാമറയും മറ്റും സുരക്ഷിതമായി ഒരിടത്ത് സൂക്ഷിക്കണം. പിന്നെ ഒരല്പം വിശ്രമം.. അതിനു പാകത്തിൽ രണ്ടാൾക്ക് ഒരു ദിവസം തങ്ങാൻ വേണ്ടുന്ന അത്യാവശ്യം സൗകര്യങ്ങൾ മാത്രമുള്ള ഒരു ചെറിയ റൂം തരപ്പെടുത്തി. മുറിയിൽ ചെന്ന് ഡ്രസ്സ് എല്ലാം മാറി നേരെ അക്കരെ കൊട്ടിയൂർ എന്ന യാഗശാലയിലേക്ക്…
ബാവലിപ്പുഴക്കപ്പുറം കാടിനുള്ളിലാണ് യാഗശാല സ്ഥിതിചെയ്യുന്നത്. വർഷത്തിൽ ഒരു മാസക്കാലമാണ് ഇവിടെ ഉത്സവം നടക്കുന്നത്. അതിന് ശേഷം അടുത്തവർഷത്തെ ഉത്സവംവരെ ആർക്കും പ്രവേശനം ഇല്ല. അതുകൊണ്ടുതന്നെ യാഗശാലയും അനുബന്ധ കെട്ടിടങ്ങളും താൽക്കാലികമായി നിർമ്മിക്കുന്നവയാണ്. തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് നിർമ്മാണം..ഓലയും മുളയും ഉപയോഗിച്ചുള്ള താൽക്കാലിക നിർമ്മിതികൾ ആണ് എല്ലാം…ഉത്സവച്ചടങ്ങുകൾക്കും ഉണ്ട് ഒരുപാട് പ്രത്യേകതകൾ..എല്ലാം കണ്ടും കേട്ടും ആ ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ ലയിച്ചും ഉച്ചവരെ അവിടെ ചിലവഴിച്ചു. ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ നിന്നും ഭഗവാന്റെ പ്രസാദവും കഴിച്ചു തിരികെ ഇക്കരെ കൊട്ടിയൂർ അമ്പലത്തിലേക്ക് വന്നു ..ഉത്സവം തുടങ്ങിയാൽ പിന്നെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രം അടച്ചിടും ഭഗവാൻ അക്കരെ കൊട്ടിയൂരിലാണെന്നാണ് സങ്കൽപ്പം..എങ്കിലും നടയടച്ചിട്ടാലും ഭക്തർ കയറി പ്രാർത്ഥിക്കുന്നുണ്ടാകും…
അവിടുന്ന് ഇറങ്ങി നേരെ മുറിയിൽ പോയി കുറച്ചു സമയം കണ്ണടച്ച് മലർന്ന് കിടന്നു. ഞങ്ങൾ രണ്ടുപേരും ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഉറങ്ങിയില്ല…കുറച്ചു നേരം കഴിഞ്ഞു പുറത്തിറങ്ങി വെറുതെ ഒന്ന് കറങ്ങി.. അപ്പോഴാണ് തൊട്ടടുത്തായി ഏകദേശം 4 കിലോമീറ്റർ അകലെയാണ് പാലുകാച്ചി മല എന്ന് അറിയുന്നത്. പിന്നെ വേറെ ഒന്നും നോക്കിയില്ല എടുത്തു ക്യാമറയും ബൈക്കും… നേരെ പാലുകാച്ചിമലയിലേക്ക്.. നല്ലൊരു ട്രക്കിങ് പോയിന്റ് ആണ് പാലുകാച്ചിമല ..അപ്പോഴേക്കും നല്ല മഴ തുടങ്ങിയിരുന്നു. അതൊന്നും കാര്യമാക്കിയില്ല..ബൈക്ക് കയറിച്ചെല്ലുന്ന സ്ഥലത്തിന് ഒരു പരിധിയുണ്ട്. ശേഷം off road ആണ്. ജീപ്പ് കയറും. മലയുടെ താഴെ ഒരു വീട്ടിൽ ബൈക്ക് വെച്ച് ഞങ്ങൾ നടന്നു കയറാൻ തീരുമാനിച്ചു..ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ പാലുകാച്ചിയുടെ നെറുകയിലെത്തി. അപ്പോഴേക്കും മഴയുടെ രൂപം മാറി നല്ല കനത്ത മഴ പെയ്യാൻ തുടങ്ങി. പിന്നെ അധികനേരം അവിടെ നിന്നില്ല. തിരിച്ചിറങ്ങി ബൈക്ക് വെച്ച വീട്ടിൽ ചെന്ന് ബൈക്ക് എടുത്തു പോരുമ്പോഴേക്കും മഴ മാറി കോടയിറങ്ങാൻ തുടങ്ങിയിരുന്നു. തിരിഞ്ഞു നോക്കി യാത്ര പറയാൻ നേരം കോടമഞ്ഞിൻ പുതപ്പിനുള്ളിൽ മറഞ്ഞുപോയിരുന്നു പാലുകാച്ചി..
തിരികെ റൂമിലേക്ക് വരുന്ന വഴി ഓരോ ചായ കുടിച്ചു. മഴ നനഞ്ഞു തണുത്തുവിറച്ചിരിക്കുമ്പോൾ നല്ല ചൂട് ചായ കുടിക്കാൻ നല്ല രസമാണ്..നേരെ റൂമിലെത്തി നനഞ്ഞ ഡ്രസ്സ് എല്ലാം മാറ്റി വീണ്ടും കൈലാസനാഥന്റെ തിരുമുൻപിലേക്ക്..വൈകുന്നേരത്തെ ഉത്സവചടങ്ങുകൾ കാണണം …ബാവലിയിൽ പോയി കുളിച്ചു ഈറനുടുത്തുവേണം അക്കരെ പോകാൻ.. ബാവലിയിൽ വെള്ളം കുറവാണ് എന്നാലും നല്ല തെളിഞ്ഞ വെള്ളമാണ്. പോരാത്തതിന് നല്ല തണുപ്പും. കുളി കഴിഞ്ഞു ഭഗവാനെ തൊഴുതു കുറച്ചു സമയം അവിടെത്തന്നെ ചിലവഴിച്ചു. “ഗോവിന്ദാ ഹരി ഗോവിന്ദാ” എന്ന നാമ മന്ത്ര ജപത്താൽ മുഖരിതമായിരുന്നു വിശ്വനാഥന്റെ മണ്ണ് .. പ്രകൃതിയും മനുഷ്യനും ഭക്തിയുടെ ആനന്ദത്തിലാറാടി നിൽക്കുന്ന അന്തരീക്ഷം.. ഏകദേശം 8.30 നോടുകൂടി തിരിച്ചു റൂമിലേക്ക് തന്നെ വന്നു ഇനിയെന്താണ് അടുത്ത പരിപാടി എന്ന് ആലോചിച്ചു..
കൊട്ടിയൂരിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞിരിക്കുന്നു. റൂം പിറ്റേ ദിവസം രാവിലെ വരെയുണ്ട്. അപ്പോൾ തോന്നി എന്നാൽ വണ്ടി നേരെ തിരുനെല്ലിയ്ക്ക് വിട്ടാലോ.. ശരത്തിനോട് പറഞ്ഞപ്പോൾ അവൻ അപ്പോൾത്തന്നെ പോകാൻ തയ്യാറാണെന്ന് പറഞ്ഞു. പക്ഷേ അത് ബുദ്ധിമുട്ടാകും, കാരണം കൊട്ടിയൂരിൽ നിന്ന് 53 കിലോമീറ്ററോളം ഉണ്ട് തിരുനെല്ലിയ്ക്ക്. ഏകദേശം 2 മണിക്കൂർ ബൈക്ക് ഓടിക്കണം. കാരണം ഹൈറേഞ്ച് ആണ് പിന്നെ കാടും.. വഴിയിൽ എപ്പോഴും ആനയും കാട്ടുപോത്തും വിഹരിക്കുന്ന സ്ഥലം കൂടിയാണ്. അതുകൊണ്ട് രാത്രി വൈകിയുള്ള യാത്ര വേണ്ടെന്ന് വെച്ചു പുലർച്ചെ തിരിക്കാം എന്ന് തീരുമാനിച്ചു. ഞങ്ങൾ പാലുകാച്ചിയുടെ മടിത്തട്ടിൽ ശങ്കരന്റെ മണ്ണിൽ നിദ്രയെ പുൽകി….
യാത്രയുടെ ക്ഷീണം കാരണം പുലർച്ചെ അലാറം അടിച്ചത് അറിഞ്ഞില്ല. ഉദ്ദേശിച്ചതിലും അര മണിക്കൂർ വൈകിയാണ് മുറി ഒഴിവാക്കി ഇറങ്ങിയത്. കൊട്ടിയൂരിനോടും കൊട്ടിയൂർ പെരുമാളിനോടും യാത്ര പറഞ്ഞു വണ്ടി നേരെ വയനാടൻ മണ്ണിലേക്ക്.. മഞ്ഞിൻ കുളിരിൽ തേയിലതോട്ടങ്ങൾക്കിടയിലൂടെ നീളുന്ന റോഡിലൂടെ ഞങ്ങളേയും കൊണ്ട് ഞങ്ങളുടെ ഒറ്റക്കൊമ്പൻ കുതിര കുതിച്ചുപാഞ്ഞു… കാട്ടിക്കുളം കഴിഞ്ഞാൽ പിന്നെ കാട് ആണ്..കാനനപാതയിലേക്കു കടന്നതോടെ കാട് ഞങ്ങൾക്കായി വിഭവസമൃദ്ധമായ ഒരു സദ്ദ്യയൊരുക്കി കാത്തിരിക്കുകയായിരുന്നെന്നു തോന്നി. വഴി നീളെ മാൻകൂട്ടങ്ങളും മയിലുകളും ആനകളും മലയണ്ണാനും ഹനുമാൻകുരങ്ങുകളും… അല്ലെങ്കിലും കാട് അങ്ങിനെയാണ് നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ ചെന്നാൽ കാട് നമുക്ക് കൈനിറയെ തരും. നിങ്ങൾ ഒഴിഞ്ഞമനസ്സുമായി കാടകം പുൽകൂ കാട് നിങ്ങളുടെ മനംനിറയ്ക്കും.. കാട്ടിൽ നിന്നുകൊണ്ടെടുക്കുന്ന ഒരു ദീർഘ നിശ്വാസം പോലും ആസ്വദിക്കാൻ തയ്യാറായി വരൂ അത് നിങ്ങളുടെ മനസ്സിനെയേറ്റം സന്തോഷിപ്പിക്കും…
ബ്രഹ്മഗിരിയുടെ താഴ്വരയിലൂടെ തിരുനെല്ലി വനത്തിലൂടെ കാടിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കൊടുവിൽ ഞങ്ങൾ തിരുനെല്ലി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന് സമീപത്തെ ഫോറസ്റ്റ് വാച്ചറുടെ വിശ്രമ മുറിയിൽ ബാഗും ക്യാമറയും മറ്റും സ്വന്തം ഉത്തരവാദിത്വത്തിൽ വെച്ചശേഷം വസ്ത്രം മാറി നേരെ പാപനാശിനിയിൽ പോയി കുളിച്ചു.. ബലിതർപ്പണത്തിനു പേരുകേട്ട ക്ഷേത്രമാണ് തിരുനെല്ലി. ബ്രഹ്മഗിരി കുന്നുകളിൽ നിന്നും ഒഴുകിവരുന്ന നീരുറവയാണ് പാപനാശിനി.. ഇവിടെയാണ് ബലിതർപ്പണം നടക്കുന്നത്…. കുളി കഴിഞ്ഞു ഈറനോടെ പാപനാശിനിയിൽ നിന്ന് വരുന്നവഴി ഒരു ഗുഹാക്ഷേത്രമുണ്ട്. ശിവപ്രതിഷ്ഠയാണ് ഗുഹയ്ക്കുള്ളിൽ. മഹാദേവൻ ജ്യോതിർലിംഗരൂപത്തിലാണ് ഇവിടെ കുടികൊള്ളുന്നത്.. കഷ്ടിച്ചു ഒരാൾക്ക് ഇരിയ്ക്കാനുള്ള സ്ഥലമേ ഗുഹയ്ക്കുള്ളിൽ ഉള്ളൂ ഞങ്ങൾ ചെല്ലുമ്പോൾ അകത്ത് ശാന്തിക്കാരൻ തിരുമേനി പൂജയിലായിരുന്നു. ഗുഹാമുഖത്ത് ഇരുന്നാലേ ശരിക്കും കണ്ടുതൊഴാൻ സാധിക്കൂ ..ഗുഹയുടെ ചുറ്റുപാടും ചെറുതും വലുതുമായ കല്ലുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ചു സ്തൂപങ്ങൾ പോലുള്ള ചെറിയ രൂപങ്ങൾ നിറയെ ഉണ്ട് ..പൂജ കഴിഞ്ഞു പുറത്തിറങ്ങിയ തിരുമേനിയോട് അതെന്താണെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഏതോ ഒരാൾ വെറുതെ ഒരു രസത്തിന് ചെയ്തതാകാം പിന്നെ വരുന്നവരൊക്കെ ചെയ്ത് ചെയ്ത് ഈ പരുവത്തിൽ ആയി അല്ലാതെ ഇത് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ് എന്നാണ്..
ഗുഹാക്ഷേത്രത്തിൽ നിന്നും തിരിച്ചു പ്രധാനക്ഷേത്രത്തിലേക്ക് കയറി വരുന്ന വഴിയിലാണ് പഞ്ചതീർത്ഥകുളം. കുളത്തിനു മദ്ധ്യഭാഗത്തായി ഒരു പാറയിൽ രണ്ട് കാൽപാദങ്ങൾ കൊത്തിവെച്ചിരിക്കുന്നതു കാണാം. ഭഗവാൻ വിഷ്ണുവിന്റെ പാദങ്ങൾ ആണെന്നാണ് സങ്കൽപ്പം. ക്ഷേത്ര കൽപ്പടവുകൾ കയറി മുകളിലെത്തിയ ശേഷം ക്ഷേത്രത്തിനുള്ളിൽ കയറി ഭഗവാനെ തൊഴുതു…ക്ഷേത്രത്തിനുള്ളിൽ നിന്നും കാണുന്ന ബ്രഹ്മഗിരിമലനിരകൾ കണ്ണിനു കുളിരേകുന്ന കാഴ്ച്ചതന്നെയാണ്. ആനകൾ സ്വൈര വിഹാരം നടത്തുന്ന , കടുവകളും പുലികളും രാജവെമ്പാലകളും എന്നുവേണ്ട സകലമാന വന്യജീവികളും യഥേഷ്ടം വിഹരിക്കുന്ന ബ്രഹ്മഗിരിയും പക്ഷിപാതാളവും ഒരിക്കലെങ്കിലും കാണേണ്ട സ്ഥലങ്ങൾ ആണ്..
ഒരു തവണ ബ്രഹ്മഗിരിയിൽ ഒരു ട്രക്കിങ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. നരിമല പോയന്റിൽ ആയിരുന്നു താമസം. ബ്രഹ്മഗിരി റേഞ്ച് ഓഫീസർ എന്റെ അനുജന്റെ സുഹൃത്താണ്. അദ്ദേഹം അന്ന് ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന് ഞങ്ങളോട്കൂടെ ഉണ്ടായിരുന്നു..ബ്രഹ്മഗിരിയുടെ മുകളിൽനിന്നു തിരുനെല്ലി ക്ഷേത്രം കാണാൻ നല്ല രസമാണ്. ഒരു ചുവന്ന പൊട്ടുപോലെയാണ് തോന്നുക.. ബ്രഹ്മഗിരിയുടെ ഒത്ത നെറുകയിലായിട്ടാണ് കേരള കർണാടക ബോർഡർ… ഒരിക്കലും മറക്കാത്ത ഒരു യാത്ര ആയിരുന്നു അത്. ക്ഷേത്രത്തിൽ നിന്നും ബ്രഹ്മഗിരിയിലേക്കു നോക്കി നിന്നപ്പോൾ പഴയതെല്ലാം ഒരു ക്യാൻവാസിലെന്നപോലെ മനസ്സിൽ തെളിഞ്ഞു വന്നു…
ക്ഷേത്രത്തിനകത്തു തൊഴുതു നിൽക്കുമ്പോളാണ് പുറകിൽ നിന്നൊരാൾ എന്നോട് അറിയുമോ എന്ന് ചോദിച്ചത്.. എന്റെ മുഖത്തെ ഭാവം മനസിലാക്കിയിട്ടാവണം അയാൾ സ്വയം പരിചയപ്പെടുത്തി ..അയാൾ എന്റെ മുഖപുസ്തകത്തിലെ സുഹൃത്താണ്.. എന്റെ പേര് തന്നെയാണ് അദ്ദേഹത്തിന്റേതെന്നും മദ്ദള കലാകാരൻ അല്ലെ എന്നും ആയാളും ഒരു മദ്ദള കലാകാരൻ ആണെന്നും പറഞ്ഞു. ഇപ്പോൾ തിരുനെല്ലി ക്ഷേത്രത്തിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞു…ഈ മുഖപുസ്തകത്തിന്റെ ഒരു കാര്യമേ..ഏതൊക്കെയോ നാടുകളിൽ ആരുടെയൊക്കെയോ മനസുകളിൽ നമ്മൾ ഓരോരുത്തരും നിലനിൽക്കുന്നു. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത നമ്മളെ അവർ ആദ്യകാഴ്ചയിൽ തിരിച്ചറിയുന്നു എത്ര സന്തോഷം തരുന്ന ഒന്നാണത്… അദ്ദേഹവുമായി കുറെ സമയം സംസാരിച്ചു നിന്നു. നാട്ടിൽ നിന്നും ബൈക്കിൽ ആണ് വന്നതെന്ന് പറഞ്ഞപ്പോൾ സാഹസികനാണോ എന്ന് ചോദിച്ച് ചിരിച്ചു..ഓരോരുത്തരുടെ സാഹസികതയൊക്കെ കാണുമ്പോൾ നമ്മളുടെയൊക്കെ എന്ത് സാഹസികത എന്ന് മനസ്സിൽ പറഞ്ഞു ഞാനും ചിരിച്ചു. അദ്ദേഹം എന്താണ് അവിടെ ഞങ്ങൾക്ക് ചെയ്തുതരേണ്ടത് എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഒന്നും വേണ്ട വന്ന കാര്യങ്ങൾ എല്ലാം ഏതാണ്ട് പൂർത്തിയായി ഇനി മടങ്ങുകയാണെന്നു പറഞ്ഞു..അപ്പോൾ അദ്ദേഹം ക്ഷേത്രത്തിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി മുകളിൽ മലനിരകളിലേക്ക് കൈവിരൽ ചൂണ്ടി കാണിച്ചു “അവിടെ ഒരു വാച്ച്ടവർ കാണുന്നുണ്ടോ? അത് പക്ഷിപാതാളം ആണ്. അവിടേക്കുള്ള യാത്ര അതിമനോഹരമാണ്. ഇനി വരുമ്പോൾ നമുക്കൊരുമിച്ചു അവിടെ പോകാം” എന്ന് പറഞ്ഞു. പെർമിഷനും മറ്റുകാര്യങ്ങളും അദ്ദേഹം ശരിയാക്കിത്തരാം എന്ന് ഉറപ്പും നൽകി…
ചില ബന്ധങ്ങൾ ഇങ്ങനെയൊക്കെയാണ് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തതെല്ലാം വച്ചുനീട്ടുന്ന ബന്ധങ്ങൾ… അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ വാങ്ങി തിരുനെല്ലി ക്ഷേത്രത്തിലെ കൽപ്പടവുകൾ ഇറങ്ങുമ്പോൾ അങ്ങ് മുകളിൽ കമ്പമലയും വരഡിഗമലകളും കരിമലയും പക്ഷിപാതാളവും അടങ്ങുന്ന ബ്രഹ്മഗിരി മനസ്സിനെ തന്നിലേക്ക് പിടിച്ചുവലിക്കുന്നപോലെ തോന്നി..മനസ്സില്ലാ മനസ്സോടെ തിരുനെല്ലിയോടും ബ്രഹ്മഗിരിയോടും വീണ്ടും കാണാം എന്ന് പറഞ്ഞു തിരിഞ്ഞുനോക്കാതെ യാത്ര തുടങ്ങി…
ഇനി മടക്കയാത്രയാണ്.. മനസ്സിൽ ഒരു വിങ്ങൽ പോലെ..ഇനിയെന്നാണ് ഇതുപോലൊരു യാത്ര.. അറിയില്ല… പോരുന്നവഴി കുറുവ ദ്വീപ് വരെ പോയി. ദ്വീപ് പൂട്ടിയിട്ടിരിക്കുകയാണ്.. ദ്വീപ് മാത്രമല്ല വയനാട്ടിലെ മിക്ക സ്ഥലങ്ങളും ഓരോരോ കാരണങ്ങളാൽ അടച്ചിട്ടിരിക്കുകയാണ്.. പണ്ട് ചെമ്പ്ര പീക്ക് കയറിയപ്പോൾ അതിന്റെ നെറുകയിൽ പോയി മലർന്നു കിടന്നിട്ടുണ്ട് ഇപ്പോൾ അങ്ങോട്ടേക്ക് പ്രവേശനം ഇല്ലെന്നാണ് അറിഞ്ഞത്. കാട്ടുതീ , മാവോയിസ്റ്റു സാന്നിധ്യം എന്നൊക്കെയാണ് കേൾക്കുന്നത്. സത്യം എന്താണെന്ന് അറിയില്ല.. രണ്ടാമത് പോയപ്പോൾ ഹൃദയ തടാകത്തിന്റെ മുകളിൽ വരെ കയറ്റിവിട്ടു. പിന്നെ മുകളിലേക്ക് അനുമതിയില്ലെന്ന് പറഞ്ഞു… മേപ്പാടിയിലൂടെ യൂണിക്കോൺ കുതിക്കുമ്പോൾ അകലെ പച്ചപ്പട്ടണിഞ്ഞ ചെമ്പ്ര ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി. ഏതൊരു പ്രകൃതി സ്നേഹിയെയും തന്റെ വശ്യസൗന്ദര്യം കാട്ടി മാടിവിളിയ്ക്കാൻ വെമ്പി നിൽക്കുകയാണ് ചെമ്പ്രയും വയനാടും… “ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവിടെ ഈ ഭൂമിയിൽ തന്നെ ഒരു പിറവി തരണമേ നാഥാ” എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുകയാണ് ഈ പ്രകൃതി…
കൽപ്പറ്റ എത്തിയപ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയായി നല്ല ഉഷാറ് മഴ ഒരെണ്ണം പെയ്യാൻ തയ്യാറായി നിൽപ്പുണ്ട് കാലത്ത് മുതൽ നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു അതുകൊണ്ട് ക്യാമറയും മറ്റും ബാഗിന് പുറത്തായിരുന്നു മഴയുടെ വരവ് കണ്ടിട്ട് അത് പെട്ടെന്നൊന്നും പെയ്തൊഴിയാനുള്ള ഭാവമില്ലെന്ന് തോന്നി വേഗം വണ്ടി ഒരിടത്ത് ഒതുക്കി നിർത്തി ബാഗിൽ നിന്ന് മഴക്കോട്ട് എടുത്ത് ശരത്തിനു കൊടുത്തു ക്യാമറ ബാഗിൽ വെച്ച് ബാഗ് രണ്ടുപേരുടെയും നടുവിൽ വെച്ചു..ഇനി മഴവന്നാലും അത് കൊള്ളാൻ തയ്യാറായി യാത്ര തുടങ്ങി…പെട്ടെന്നാണ് മഴയിൽ കുളിച്ചു നിൽക്കുന്ന താമരശ്ശേരിയെ ഓർത്തത് അപ്പൊ പിന്നെ ഒന്നും നോക്കിയില്ല വണ്ടി എവിടെയും നിർത്താതെ മഴകൊണ്ട് ചുരം ഇറങ്ങാൻ തീരുമാനിച്ചു..അതൊരു ഒന്നൊന്നര ഇറക്കമായിരുന്നു വ്യൂ പോയിന്റിൽ എത്തിയപ്പോൾ മഴ അൽപ്പം വിട്ടു നിന്നു കോടയിൽ കുളിച്ച അടിവാര കാഴ്ച്ചകൾ വർണ്ണിക്കാൻ പറ്റാത്തതായിരുന്നു വെൺമേഘശകലങ്ങൾ അങ്ങിനെ കാറ്റിൽ ഒഴുകി നീങ്ങുന്ന കാഴ്ച്ച മനസ്സിനെ ആനന്ദത്തിന്റെ ഏതൊക്കെയോ അറിയാ തലങ്ങളിലേക്കെത്തിച്ചു…ചുരത്തിൽ മഴ പെയ്യുന്നതും ആ മഴ നനഞ്ഞു കൊണ്ടുള്ള യാത്രയും അനുഭവിച്ചറിയേണ്ട ഒന്നാണ് ..
അടിവാരത്തിലെത്തിയപ്പോഴേക്കും മഴ അൽപ്പസമയം വിട്ടു നിന്നു…പക്ഷേ അത് അധികസമയം നീണ്ടുനിന്നില്ല… വയനാടൻ ചുരമിറങ്ങിവന്ന ഞങ്ങൾ കൂടെ കൊണ്ടുവന്നത് പശ്ചിമഘട്ടം നമുക്കനുഗ്രഹിച്ചുതന്ന ഇടവപ്പാതിയെയാണ് എന്ന് തിരിച്ചറിയാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല… ആ തിരിച്ചറിവിനെ ഉൾക്കൊണ്ട് ഇടവപ്പാതിയെയും നെഞ്ചിലേറ്റികൊണ്ട് വീട് വരെ എങ്ങും നിർത്താത്ത റൈഡ് ആയിരുന്നു… രാത്രിയോടുകൂടി വീട്ടിലെത്തി. കുളിച്ചു ചൂട് ചോറും സാമ്പാറും കൂട്ടി ഊണ് കഴിഞ്ഞപ്പോഴേക്കും കണ്ണുകൾ തനിയെ അടഞ്ഞുപോകാൻ തുടങ്ങി…. യാത്രാ വിശേഷങ്ങൾ നാളെ പങ്കുവെയ്ക്കാം എന്നുപറഞ്ഞു പിന്നെ കട്ടിലിൽ പുതപ്പിനടിയിലേക്കു ഒരു ഊളിയിടലായിരുന്നു… കൊട്ടിയൂരും തിരുനെല്ലിയും ബ്രഹ്മഗിരിയും വയനാടും കാടും മഴയും നിറഞ്ഞുനിൽക്കുന്ന സുന്ദര സ്വപ്നങ്ങളുടെ പെരുമഴയിൽ കുളിച്ചു ഉറക്കത്തിലേക്കാണ്ടുപോയപ്പോഴും വീടിനുപുറത്ത് ഞങ്ങളുടെ കൂടെപോന്ന ഇടവപ്പാതി മണ്ണും മനവും കുളിർപ്പിച്ച് തിമർത്തുപെയ്യുകയായിരുന്നു….
” എത്ര സാഗരങ്ങൾ കണ്ടാലാണ് കണ്ണിന്റെ ദാഹം മാറുക.. ഏതു കൊടുമുടികൾ കയറിയാലാണ് കാലിന്റെ കൊതി തീരുക..” അറിയില്ല പലപ്പോഴും ഉത്തരം കിട്ടാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ചോദ്യമാണത്. “സാഹചര്യങ്ങൾ” എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അദൃശ്യമായ ചങ്ങലയിലെ ബന്ധനത്തിൽ കിടന്ന് മനസ്സ് പിടയുമ്പോഴും പുതിയ തലങ്ങൾ തേടിയുള്ള യാത്രകളുടെ സുന്ദരസ്വപ്നങ്ങൾക്ക് ചിറകുകൾ തുന്നുകയാണ് ഞാൻ….