അടുത്ത കാലത്തു നടത്തിയ യൂറോപ്യന്‍ യാത്രയുടെ അനുഭവങ്ങളില്‍ നിന്ന് ഈ ലേഖനം തയ്യാറാക്കിയത് – ഗിരിജ നായർ.
“വില്യം ഷേക്സ്പിയർ –ന്റെ രചനയിൽ വിശ്വ സാഹിത്യത്തിൽ ഇതിഹാസമായ ഹാംലെറ്റ് എന്ന പ്രസിദ്ധ നാടകം ആദ്യമായി ദൃശ്യാവിഷ്ക്കാരം നടത്തിയ ക്രോൺബോര്‍ഗ് കാസിൽ കാണുക എന്നത് ഏവര്‍ക്കും ഒരു ആവേശം തന്നെയാണ്. 400 വര്‍ഷത്തിനു ശേഷവും ഷേക്സ്പിയർ സ്മരണകളോട് ചേര്‍ന്നു നില്ക്കുന്നു Kronborg Castle”
സമയം 11 മണി കഴിഞ്ഞിരുന്നു. ഗ്രൂപ്പിലുണ്ടായിരുന്നവരെല്ലാം വണ്ടിയിൽ നിന്നിറങ്ങി ക്രോണ്‍ബോർഗ് (Kronborg) –നെ ലക്ഷ്യമാക്കി നടക്കുകയാണ്. ദൂരെ നിന്നു നോക്കിയാല്‍ത്തന്നെ ആര്ക്കുംതോന്നിപ്പോകും “എത്ര സുന്ദരം എത്ര ഗംഭീരം” എന്ന്. യഥാര്‍ത്ഥത്തിൽ 400 വര്‍ഷം പിന്നിലെ ഷേക്സ്പിയർ കാലം മനനം ചെയ്യുകയായിരുന്നു ഞാനപ്പോള്‍. കാസില്‍ കാണാനാവുന്നതിന്റെ സന്തോഷവും ആവേശവും ഒന്നു വേറെ. ഒരു പുരാതന കാസിൽ എന്നതിലുപരി വില്ല്യം ഷേക്സ്പിയറുടെ Hamlet എന്ന ഇതിഹാസം ആദ്യമായി ആവിഷ്ക്കരിച്ച കാസിൽ കാണുകയായിരുന്നു Helsingor വഴിയുള്ള ആ യാത്രയുടെ മുഖ്യ ഉദ്ദേശം. ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ക്രോണ്‍ബോര്‍ഗ്. Hamlet -ല്‍ “Elsinore”എന്ന് ഷേക്സ്പിയർ എഴുതിയിരിക്കുന്നത് ഡാനിഷ് ഭാഷയിൽ Helsingor എന്നാണ്. “Hamlet Castle” എന്നും ഇതിനു പേരുണ്ട്. നിരവധി കിടങ്ങുകള്‍ കോട്ടയെ ചുറ്റുവട്ട പ്രദേശങ്ങളിൽ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുകയാണ്. അവയ്ക്കെല്ലാം മീതേ തടി കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന പാലങ്ങളിലൂടെ വേണം കാസിൽ മുറ്റത്തേക്കു പ്രവേശിക്കാൻ.
ഹെല്‍സിംഗോർ -ന്റെ ചരിത്രം അന്വേഷിക്കുന്നതിനു മുമ്പായി നമുക്ക് ആ കാസില്‍ ഒന്നു കാണാം. ധാരാളം ടൂറിസ്റ്റുകൾ ക്രോണ്ബോര്ഗിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. ദൂരെ നിന്നുതന്നെ കാസിലിനെ ക്യാമറയിൽ പകര്‍ത്തുന്ന തിരക്കിലാണെല്ലാവരും. ആദ്യത്തെ പാലം കടക്കുമ്പോള്‍ത്തന്നെ സുരക്ഷാ ജീവനക്കാരുടെ നിയന്ത്രണമുണ്ട്. ധാരാളം കോഫി ഹൗസുകൾ, സോവനീര്‍ കടകള്‍, സന്ദര്‍ശകര്‍ക്ക് വേണ്ടി വിശ്രമ മുറികള്‍, ശൗചാലയങ്ങൾ എന്നിങ്ങനെ അനവധി സൌകര്യങ്ങളോടു കൂടിയ ഒരു കെട്ടിടനിര കാസിലിന് അവിടെയും കവചം സൃഷ്ട്ടിച്ചിരിക്കുകയാണ്. പ്രവേശന പാസും നമുക്കവിടെ നിന്നും വാങ്ങാനാവും.
പുല്‍പ്പരപ്പിന്റെ നടുവിലെ കല്ലുപാകിയ വഴിയിലൂടെ ഞങ്ങൾ അകത്തേക്കു നടന്നു. സുന്ദരമായി ലാന്‍ഡ്സ്കേപ്പ് ചെയ്തിരിക്കുന്ന പരിസരം. വളരെ ഉയരവും ഘനവുമുള്ള കോട്ടമതിലാണ് മുമ്പിൽ. അതിനെ വലയം ചെയ്ത് ആഴമുള്ള ഒരു കിടങ്ങും. കിടങ്ങിനുള്ളിലെ സ്പടിക ജലത്തില്‍ അരയന്നങ്ങൾ നീന്തിത്തുടിക്കുന്നു. കവാടത്തിനരികിലൂടെ ഒരു നടവഴി ഇടതു വശത്തെ അല്‍പ്പം ഉയര്‍ന്ന ടെറസ്സിലേക്ക് നീണ്ടു കിടക്കുന്നു. കുറച്ചാളുകള്‍ അതുവഴി ഇറങ്ങിവരികയും ചെയ്യുന്നു. ഞങ്ങളില്‍ കുറെപ്പേര് അങ്ങോട്ടേക്കു നടന്നു. അവിടെയും കുറച്ചു ഭാഗം പുല്‍പ്പരപ്പാണ്. ധാരാളം പീരങ്കികള്‍ നിരയൊത്തു കിടക്കുന്നു. ഉയരം കുറഞ്ഞ കല്‍ഭിത്തിയാണ് അവയ്ക്കു പിന്നിൽ. അതിനുമപ്പുറം വിശാലമായ കടലും. പീരങ്കികളുടെ സമീപത്ത് വെടിയുണ്ടകള്‍ കൂട്ടിവച്ചിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെയും ആക്രമണ സ്വഭാവത്തിന്റെയും വ്യക്തമായ തെളിവുകളാണ് അവിടെ കാണുന്നത്. നൂറ്റാണ്ടുകളായി മാറി മാറി വന്ന ഡാനിഷ്-സ്വീഡിഷ് മേധാവിത്വത്തിന്റെയും ശക്തിയുടെയും അടയാളങ്ങള്‍!
മതില്‍ക്കെട്ടിനോടു ചേര്‍ന്ന് അല്‍പ്പം ഉയര്‍ന്ന ഒരു തറയിൽ ഒരു ഫ്ലാഗ്പോൾ സ്ഥാപിച്ചിരിക്കുന്നു. ഡാനിഷ് പതാക അതിന്മേല് കടല്‍ക്കാറ്റടിച്ച് പാറിപ്പറക്കുകയാണ്. ചുവന്ന തുണിയില്‍ വെളുത്ത ക്രോസ്സ് അടയാളം.
ലോകത്തിലെ ആദ്യ ദേശീയ പതാക എന്ന അഗീകാരം ഡെന്മാര്ക്കിന്റെ പതാകയ്ക്കുള്ളതാണ്. നോര്‍ത്ത് അറ്റ്ലാന്ടിക് സമുദ്രത്തിൽ നിന്നും ബാള്‍ട്ടിക്കിലേക്കും മറിച്ചും, കടന്നു പോകുന്ന കപ്പല്‍ യാത്രികരെ ഡെന്മാര്ക്കിന്റെ സ്ഥാനവും പ്രൗഡിയും വിളിച്ചറിയിക്കുകയാണ് ഈ പതാകയും കാസിലും. നല്ലൊരു view point ആണ് ആ ടെറസ്സ്. അവിടെ നിന്നുള്ള കാഴ്ച രസാവഹമാണ്. ജലവിനോദത്തിനായി ധാരാളം സൗകര്യങ്ങള്‍, മറീനകളില്‍ ചെറുബോട്ടുകള്‍ അടുക്കിക്കിടക്കുന്നു. അക്കൂട്ടത്തില്‍ പായ്ക്കപ്പലുകളും കയാക് ബോട്ടുകളും കാണാനുണ്ട്. തുരുത്തുകൾ പോലെ കാണുന്ന ദ്വീപുകളിൽ ധാരാളം ബംഗ്ലാവുകളും ഹോട്ടലുകളും കഫേകളും സുലഭം.
സ്വീഡന്റെ കര ദൂരെ കാണാനുണ്ട്. വെറും 20 മിനിട്ട് കൊണ്ട് ഫെറിയിൽ എത്താവുന്നതേയുള്ളൂ. ബാല്ട്ടിക്കിനെയും അറ്റ്ലാൻടിക്കിന്റ വടക്കൻ ഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് Oresund കടലിടുക്ക്. ഡെന്മാര്ക്കിലെ Zealand ദ്വീപിന്റെ ഭാഗം Oresund ലേക്കു നാക്കു പോലെ തള്ളി നില്‍ക്കുന്നിടമാണ് Helsingor. എതിര്‍വശം സ്വീഡന്റെ Helsingborg ഉള്‍പ്പെടുന്ന ‘Scania’ പ്രദേശം. ആ ഭാഗത്ത് കടലിന് വെറും 4 കി.മീ. വീതിയേയുള്ളൂ. തന്ത്രപ്രധാനമായ ഒരു മുനമ്പ്. ചുറ്റുവട്ടക്കാഴ്ചകളൊക്കെ ആസ്വദിച്ച ശേഷം ഞങ്ങൾ കാസിൽ കവാടത്തിലേക്കു മടങ്ങി.
ബാഹ്യവീക്ഷണത്തില്‍ ആലങ്കാരികമായ ഒരു കവാടമാണ് കോട്ടയുടേത്. അതു കയറിച്ചെല്ലുന്നത് സാമാന്യം വലിയൊരു മുറിയിലേക്കാണ്. അവിടെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങൾ നല്കുന്നു. ടിക്കറ്റു പരിശോധനയും അവിടെത്തന്നെ. വീണ്ടുമൊരു കൂറ്റന്‍ മരവാതില്‍. അതിലൂടെ വിശാലമായ നടുമുറ്റത്തെത്താം. ഈ മുറ്റത്തിനു ചുറ്റുമാണ് കാസിലിന്റെ പ്രധാന ഭാഗങ്ങളെല്ലാംതന്നെ.
എറിക് ഏഴാമന് എന്ന ഡാനിഷ് രാജാവ് 1420-ല്‍ നിര്‍മ്മിച്ച കോട്ടയാണത്. കാലപ്പഴക്കവും സ്വീഡിഷ് അധിനിവേശവും എല്ലാം കോട്ടയുടെ പ്രൗഡിയെ നശിപ്പിച്ചിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ പലതവണ ഈ കോട്ട പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു നിലകൾ വരെയുള്ള ഭാഗങ്ങള്‍ കോട്ടയ്ക്കുണ്ട്.
മുറ്റത്തിന്റെ വിശാലതയ്ക്കു നടുവിൽ പഴമയുടെ പര്യായമായി നില കൊള്ളുന്നു വൃത്താകാരത്തിലുള്ള ഒരു ജലധാര. ഇപ്പോഴും അത് പ്രവര്‍ത്തന നിരതമാണ്. ഒരു കാലത്ത് അലങ്കാരത്തികവോടെ കാണപ്പെട്ടിരുന്നു ആ ജലധാര എന്ന് അതിന്മേല് അവശേഷിക്കുന്ന ബാക്കി പത്രങ്ങളിലൂടെ നമുക്കനുമാനിക്കാം. പുറമേ നിന്നു കണ്ടപ്പോൾ തോന്നിയ ആലങ്കാരികത കോട്ടയുടെ അകത്തേയ്ക്കു കടന്നപ്പോള്‍ എനിക്കു തോന്നിയില്ല . പഴമയുടെ പെരുമ എത്രയായിരുന്നു എന്ന് കാണിക്കാനുമാവാം ആ ജീര്‍ണ്ണ ഭാവം നില നിര്‍ത്തിയിരിക്കുന്നത്.
പ്രധാന കവാടത്തിനരികെ ഒരു വൃദ്ധന്റെ പ്രതിമ ഭിത്തിയോടു ചേര്‍ത്ത് കൊത്തി വച്ചിരിക്കുന്നു. തല കുമ്പിട്ട് അര്‍ദ്ധ സുഷുപ്തിയിൽ ആണ്ടിരിക്കുകയാണ്. നീളമുള്ള ഒരു വാൾ രണ്ടു കാൽ മുട്ടുകളിന്മേലായി വിലങ്ങി വച്ചിരിക്കുന്നു. അതിനു സമീപമുള്ള ചെറിയ വാതിലിലൂടെ താഴേക്ക് പടികളിറങ്ങിയാൽ ഭൂഗര്‍ഭത്തിലുള്ള ഒരു ഇടനാഴിയിലെത്തും. ടൂറിസ്റ്റുകളില്‍ ചിലർ ഗൈഡുകളുടെ അകമ്പടിയോടെ ടോര്‍ച്ചിന്റെ വെളിച്ചത്തിൽ താഴേക്കിറങ്ങുന്നതു കണ്ടു. ഞാനും അവര്‍ക്കു പിന്നാലെ മെല്ലെ ആ പടികളിറങ്ങി. കാസിലിന്റ അടിയിലായതിനാൽ അവിടെ വെളിച്ചക്കുറവാണ്. മുന്‍പ് വാതില്ക്കൽ കണ്ടതായ അതേ ശില്‍പ്പം ഇടനാഴിയുടെ ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. അല്‍പ്പം കൂടി വലിപ്പമുണ്ട് എന്ന വ്യത്യാസമേയുള്ളൂ. “ഹോള്‍ഗർ ദാന്‍സ്കെ” യുടെ ശില്‍പ്പമാണത്. ദാന്‍സ്കെ കടലിനടിയിൽ ഉറങ്ങി കിടക്കുന്നുണ്ടെന്നും ആപല്‍ഘട്ടങ്ങളിൽ ഡെന്മാര്ക്കിനെ രക്ഷിക്കാൻ ഉറക്കമുണര്‍ന്ന് ഓടിയെത്തും എന്നുമാണ് അവരുടെ സങ്കല്‍പ്പം. ദാന്‍സ്കെ -യെ കണ്ടു മടങ്ങി വീണ്ടും നടുമുറ്റത്തെത്തി. ഇനി കാസിലിന്റെ മറ്റു കാഴ്ചകൾ എന്തൊക്കെയെന്നു നോക്കാം.
ഭൂനിരപ്പില്ത്തന്നെയുള്ള (ground floor) മുറികളിലാണ് റോയല്‍ കിച്ചന്. അത് King’s kitchen, Queen’s kitchen, Common kitchen, Baking kitchen എന്നിങ്ങനെ പലതായി വിഭജിച്ചിട്ടുണ്ട്. പഴയ ബേക്കിംഗ് സംവിധാനങ്ങള്‍, പാത്രങ്ങള്‍, മല്‍സ്യവും മാംസവും കേടുകൂടാതെ വച്ചിരുന്ന ഉപ്പു ബാരലുകൾ എന്നിവ എല്ലാം ആ മുറികളിലുണ്ട്.
അടുത്തുതന്നെയുള്ള കെട്ടിടത്തിലാണ് പഠന മുറികള്‍. ഞങ്ങള്‍ അങ്ങോട്ടേക്കു കയറിച്ചെന്നു. അലമാരകള്‍, മേശ, കസേരകള്‍, മേശവിളക്ക് എല്ലാം അതിലുണ്ട്. പുസ്തകങ്ങള്‍ അലമാരകളില്‍ അടുക്കി വച്ചിരിക്കുന്നു. അതിനടുത്തുള്ള ചെറിയ മുറിയില്‍ തടിയിൽ തീര്‍ത്ത ഒരു ഗോവണി. ക്രോണ്ബോര്ഗിലെ ഏറ്റവും ഉയരം കൂടിയ ടവ്വറിലേക്കു നടന്നു കയറാനുള്ള പടികളാണ്. ശത്രു നിരീക്ഷണത്തിനു മാത്രമല്ല, കപ്പല്‍ ചുങ്കം നിലവിലുണ്ടായിരുന്ന അക്കാലത്ത് Oresund -ലൂടെ കടന്നു പോകുന്ന കപ്പലുകളെ നിരീക്ഷിക്കുന്നതിനും ആ ടവ്വർ ഉപകരിച്ചിരുന്നു.
Spiral ആകൃതിയിലുള്ള ഒരു പടിക്കെട്ടാണ്. ഞാനും അതിലൂടെ മുകളിലേക്കു കയറി. ടവ്വറിന് സ്തൂപികാകൃതി ആയിരുന്നതുകൊണ്ട് മുകളിലേക്കു കയറുംതോറും പടിയുടെ വീതിയും വളരെ കുറഞ്ഞു. തന്നെയുമല്ല എനിക്കു മുമ്പേ കയറിയവരെല്ലാം അതുവഴി തിരിച്ചിറങ്ങി വരികയും ചെയ്യുന്നു. പാതി വഴി എത്തിയപ്പോഴേ കയറ്റത്തിന്റെ കാഠിന്യം മനസ്സിലായി. പാശ്ചാത്യരാണ് അധികവും. ഞങ്ങളുടെ സംഘത്തിലുള്ളവരെ ആരെയും കാണുന്നില്ല. തെല്ലൊരു അങ്കലാപ്പോടെ ഞാനൊന്നു തിരിഞ്ഞു നോക്കി. ഹാവൂ, സമാധാനമായി എന്റെ ഭര്‍ത്താവ് അല്‍പ്പം താഴെയായി പടി കയറി വരുന്നുണ്ട്. മൊത്തം 144 പടികളുണ്ട്. ഓരോന്നും മനസ്സില്‍ എണ്ണിക്കൊണ്ടുതന്നെയായിരന്നു എന്റെ പടികയറ്റം. ഒരു തരത്തില്‍ ആ യജ്ഞം പൂര്‍ത്തിയാക്കി മുകള്‍ത്തട്ടിലെത്തി.
കാസിലിന്റെ ഏറ്റവും ഉയര്‍ന്ന view point ആണ് അവിടം. കൈവരികള്‍ പിടിപ്പിച്ചിരിക്കുന്ന വൃത്താകാരത്തിലുള്ള ഒരു ചെറിയ മട്ടുപ്പാവ്. അവിടെ നിന്നു കൊണ്ടുള്ള ആ പനോരമിക് ദൃശ്യം തികച്ചും അവിസ്മരണീയം. വെള്ളിമേഘങ്ങള്‍ നിറഞ്ഞു നില്ക്കുന്ന നീലാകാശം, ശാന്തമായ Oresund കടലിടുക്ക്, Oresund –ലൂടെ കടന്നു പോകുന്ന നിരവധി കപ്പലുകൾ, കൂടാതെ മറ്റു ധാരാളം പായ്ക്കപ്പലുകളും കാണാനുണ്ട്. വേനല്‍ക്കാല ആഘോഷത്തിനായി എത്തിയവരുടെ ജല വിനോദങ്ങൾ വേറെയും.
മറീനകൾ ധാരാളമുള്ള ഒരു തീരദേശം. ബീച്ചുകള്‍ സന്ദര്‍ശകരെ വരവേല്‍ക്കാനെന്നപോലെ ഒരുക്കിയിട്ടിരിക്കുന്നു. നിമ്നോന്നതങ്ങളിലായി കാണപ്പെടുന്ന ആ ബീച്ചുകളിലെല്ലാം പുല്‍ത്തകിടികളും പാര്‍ക്കുകളും എല്ലാമുണ്ട്. തീരത്തോടടുത്ത് കമനീയമായ കെട്ടിട നിരകൾ കാണാം. അവ ഹോട്ടലുകളോ ഹോംസ്റ്റേ –യോ ആകാം. ഒരു വശത്ത് മാരിടൈം മ്യുസിയം, മറുവശത്ത് ഫെറി ടെര്‍മിനല്‍, അല്പം മാറി തലയെടുപ്പോടെ ഉയര്‍ന്നു നില്ക്കുന്നു Helsingor Cathedral. കടലിനക്കരെ ചക്രവാളത്തിലേക്കൊന്നു നോക്കിയാൽ സ്വീഡന്റെ Helsingborg പട്ടണം. Helsingor – Helsingborg കരകളിലേയ്ക്കു (H.H. Ferry route) സര്‍വീസ് നടത്തുന്ന ധാരാളം ഫെറികൾ, ഇവയെല്ലാമുള്‍പ്പെടുന്ന ആ ആകാശ ദൃശ്യം ഗംഭീരം തന്നെ!!
വൈകാതെ ടവ്വറില്‍ നിന്നും താഴേയ്ക്കിറങ്ങി. താഴത്തെ നിലയില്‍ നല്ലൊരു ബാള്‍റൂം കണാനായി. ആധുനിക സൗകര്യങ്ങളോടു കൂടിയത്. അവിടെ ഷേക്സ്പിയർ കൃതികളുടെ അവതരണം മാത്രമല്ല, മീറ്റിംഗുകള്‍ Concerts എല്ലാം നടത്തപ്പെടുന്നുണ്ട്. കാസിലിന്റെ മറ്റു നിലകളിലേക്ക് സന്ദര്‍ശകര്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നതായി മനസ്സിലായി. ആ ഭാഗത്ത് ധാരാളം ആഘോഷ മുറികളും വിപുലമായ സൗകര്യങ്ങളോടു കൂടിയ Ballroom, പുരാവസ്തുക്കളുടെ ശേഖരം എല്ലാമുള്ളതായി അറിയാൻ കഴിഞ്ഞു. താഴത്തെ നിലയില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികളില്‍ പലതിലും സോവനീർ സാധനങ്ങളുടെ വിപണനമാണ്.
കലകളെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു ഡാനിഷ് ഭരണാധികാരികൾ. 16–17 നൂറ്റാണ്ടുകളിൽ ക്രോണ്‍ബോര്‍ഗ് കാസിൽ സ്ഥിരമായി കലകള്‍ക്കുള്ള വേദിയായി മാറിക്കഴിഞ്ഞിരുന്നു. അക്കാലത്ത് ഉത്തരയൂറോപ്പിലെ ഏറ്റവും വലിയ Ballroom അതിനുള്ളിലേതായിരുന്നു എന്ന് ചരിത്രം പറയുന്നു. അങ്ങനെയാണ് 1609 -ല്‍ Hamlet –ന് വേണ്ടി William Shakespeare ഈ കാസില്‍ തെരഞ്ഞെടുത്തത്. ഒരു പുരാ നിര്‍മ്മിതി എന്നതിലുപരി Hamlet -നെയും Shekespeare –റെയും അനുസ്മരിച്ചു കൊണ്ട് രണ്ടര ലക്ഷം ജനങ്ങളാണ് വര്‍ഷം തോറും ഈ കാസില്‍ സന്ദര്‍ശിക്കുന്നത്.
Helsingor എന്ന പ്രദേശം, “Elsinore” എന്ന ഇംഗ്ലീഷ് വാമൊഴിയിലൂടെയാണ് കൂടുതൽ പ്രശസ്തമായിരിക്കുന്നത്. കാസിൽ നിര്‍മ്മിച്ച ചരിത്രത്തേക്കാളും കാലാന്തരത്തില്‍ അവിടെ സംഭവിച്ച ചരിത്ര സംഭവങ്ങളെക്കാളും ക്രോണ്‍ബോര്‍ഗ് – നെ സാക്ഷ്യപ്പെടുത്തുന്നത് Hamlet എന്ന ദുരന്ത ഇതിഹാസം ആദ്യം ആവിഷ്ക്കരിച്ച വേദി എന്ന ഖ്യാതിയാണ്. 400 വര്‍ഷങ്ങള്‍ക്കു ശേഷവും ഷേക്സ്പിയർ എന്ന വിശ്വമഹാപതിഭയുടെ ഓര്‍മ്മകളോടൊപ്പം ചേര്‍ന്നു നില്ക്കുന്നു ക്രോണ്‍ബോർഗ് -ന്റെ ചരിത്രവും.
ക്രോണ്‍ബോര്‍ഗ് എന്ന ഡാനിഷ് പദത്തിനര്‍ത്ഥം “Crown Castle” എന്നാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ടയാണെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലാണ് യൂറോപ്യന്‍ മദ്ധ്യകാല സംസ്കാരത്തെ ദ്യോതിപ്പിക്കുന്ന ഒരു രമ്യഹര്മ്മ്യമായി ക്രോണ്‍ബോര്‍ഗ് മാറിയത്. അങ്ങനെയിരിക്കെയാണ് Helsingor –ന്റെ ദുര്‍ഗ്ഗതി ആരംഭിക്കുന്നത്.
1658 –ൽ സ്വീഡനുമായുള്ള യുദ്ധത്തിൽ സ്വീഡൻ ഈ ഭാഗം പിടിച്ചെടുത്തു. തുടര്‍ന്ന് 2½ ശതാബ്ദത്തിലേറെ സ്വീഡിഷ് ഭരണമായിരുന്നു അവിടെ. അക്കാലത്ത് കോട്ടയിലെ വിലയേറിയ പല വസ്തുക്കളും അവർ കൊള്ളയടിക്കുകയും ചെയ്തു. സ്വീഡിഷ് അധിനിവേശക്കാലത്ത് ക്രോണ്ബോര്ഗിൽ കൊള്ളയടിക്കപ്പെടാതെ രക്ഷപെട്ട ഏക ഭാഗം അതിനുള്ളിലെ ചാപ്പല്‍ മാത്രമാണെന്നു പറയുന്നു.
17-18 നൂറ്റാണ്ടുകള്‍ക്കിടയിൽ സ്വീഡൻ ഈ കോട്ടയെ പട്ടാള ക്യാമ്പായും ജയിലായും ഉപയോഗപ്പെടുത്തി. അങ്ങനെ ദീര്‍ഘകാലത്തെ നശീകരണത്തിനും അവഗണനയ്ക്കുമൊടുവിൽ 1923 –ൽ സ്വീഡിഷ് പട്ടാളം ആ ക്യാമ്പ് ഉപേക്ഷിച്ചു പോയി. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളിവെളിച്ചം ആ പ്രദേശങ്ങളില്‍ പതിച്ചത് അതിനു ശേഷമാണ്. പിന്നീട് ഡെന്മാര്ക്ക് ഭരണകൂടം അത് പുനരുദ്ധരിക്കുകയും 1938 മുതൽ സന്ദര്‍ശകര്‍ക്കു പ്രവേശനാനുമതി നല്‍കുകയും ചെയ്തു. അന്ന് സ്വീഡിഷ് പട്ടാളം ഉപേക്ഷിച്ചു പോയ ആ ക്യാമ്പ്
ഇന്ന് ഡെന്മാര്ക്കിനു നല്ലൊരു വരുമാന സ്രോതസ്സായി മാറിയിരിക്കുകയാണ്.
2000 –ആണ്ടില്‍ UNESCO ക്രോണ്‍ബോര്‍ഗ് -നെ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തി. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ക്രോണ്‍ബോര്‍ഗ് കാസിലിൽ ഷേക്സ്പിയർ ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. നടവഴിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിൽ നിന്നും ഓഗസ്റ്റ് 1 മുതൽ 23 വരെ അവിടെ ഷേക്സ്പിയർ ഫെസ്റ്റിവൽ നടക്കുകയാണ് എന്നു മനസ്സിലാക്കാനായി. ആ ദിവസങ്ങളിൽ രാത്രി 8 മണി മുതൽ Hamlet Play നടത്തുന്നുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു. കാസിലിന്റെ ചുറ്റുമുള്ള പുല്‍ത്തകിടികളെല്ലാം ടൂറിസ്റ്റുകളുടെ വിശ്രമ കേന്ദ്രങ്ങളാണ്. ചിലര്‍ ആ പരിസരങ്ങളിൽ കുതിര സവാരി നടത്തുന്നു. ഹെല്‍സിംഗോർ -ലെ വേനല്‍ ആഘോഷം !! വിശ്വപ്രസിദ്ധമായ ക്രോണ്‍ബോര്‍ഗ് -ന്റെ കൂറ്റൻ മതില്‍ക്കെട്ടിൽ നിന്നും പടിയിറങ്ങുമ്പോള്‍ ഒരു വലിയ സംസ്കൃതിയെ തൊട്ടറിഞ്ഞ പ്രതീതിയായിരുന്നു എനിക്ക്.