കെഎസ്ആർടിസി ബ സിൽ യാത്രക്കാരെ കയറ്റിയില്ലെന്ന് പരാതി. എടത്വ ജംഗ്ഷനിൽ ഇറക്കണമെന്ന പറഞ്ഞ യാത്രക്കാരനെ കള്ള കേസിൽ കുടുക്കാനും ശ്രമം. ഒടുവിൽ സ്റ്റേഷൻ മാസ്റ്റർ ഇടപെട്ട് പ്രശ്നം പരിഹരിച്ച് യാത്രക്കാരെ ജംഗ്ഷനിൽ ഇറക്കി. എടത്വ ഡിപ്പോയിലെ ആർഎഇ 180 എന്ന ബസ്സിൽ ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.
അന്പലപ്പുഴയിൽ നിന്ന് കയറിയ തലവടി സ്വദേശി ബിനു ജോയുമായിട്ടാണ് കെ എസ് ആർടിസി ജീവനക്കാർ വാക്കുതർക്കത്തിലായത്. അന്പലപ്പുഴയിൽ നിന്നും മാത്രമാണ് യാത്രക്കാരെ വണ്ടിയിൽ കയറ്റിയത്. അടുത്ത സ്റ്റോപ്പ് മുതൽ യാത്രക്കാർ കൈകാണിച്ചിട്ടും കയറ്റിയില്ലെന്നും വണ്ടിയിലുണ്ടായിരുന്നവർ പറയുന്നു. എടത്വ അടുക്കാറായപ്പോൾ സൈഡിലെ ഷട്ടറുകൾ ഇടുകയും ചെയ്തു.
ജംഗ്ഷനിൽ പോവണമെന്ന് പറഞ്ഞപ്പോൾ സ്റ്റാൻഡുവരെ മാത്രമേ ഉള്ളു എന്ന് പറഞ്ഞ് ട്രിപ്പ് അവസാനിപ്പിക്കാനും ശ്രമിച്ചു. ബിനു ജോയ് ഡിപ്പോയുമായി ഫോണിൽ ബന്ധപെട്ടപ്പോൾ എടത്വ കുരിശടി ആണ് അവസാന സ്റ്റോപ്പ് എന്നും ഒരാളെ ഉള്ളെങ്കിലും കൊണ്ടുവിടും എന്ന മറുപടി ലഭിച്ചതിനെ തുടർന്ന് ഡ്രൈവറുമായി യാത്രക്കാരൻ വാക്ക് തർക്കത്തിലെത്തുകയുമായിരുന്നു. സ്ത്രികളടക്കം അഞ്ചോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. വാക്ക് തർക്കത്തിനിടയിൽ യാത്രക്കാരൻ തല്ലിയെന്ന് ഡ്രൈവർ ആരോപിക്കുകയും ചെയ്തു.
സഹയാത്രികരുടെ ഇടപെടലിൽ ഡ്രൈവറുടെ പരാതി കള്ളമാണെന്ന് തെളിഞ്ഞതിനാൽ സ്റ്റേഷൻ മാസ്റ്റർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എടത്വായിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ ബസുകളും എടത്വ ജംഗ്ഷനിൽ എത്തി യാത്രക്കാരെ ഇറക്കിയ ശേഷമേ തിരികെ സ്റ്റാൻഡിലെത്തി ട്രിപ്പ് അവസാനിപ്പിക്കാവു എന്ന നിർദ്ദേശമുള്ളപ്പോഴാണ് സംഭവം. ഇത്തരം നടപടി സ്ഥിരമാണെന്നും യാത്രക്കാർ പറഞ്ഞു.
കടപ്പാട് – ദീപിക