പ്രണയം പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ്. മനസിന്റെ ആഴത്തിലൊളിപ്പിച്ച വികാരമാണ് പ്രണയം. മനസിന്റെ വികാരമാണ് പ്രണയമെന്നാണ് മനശാസ്ത്രജ്ഞര് പോലും പറയുന്നത്. പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നു പറയുന്നത് വെറുതെയല്ല. അതുകൊണ്ടൊക്കെ തന്നെയാണ് വർഷങ്ങളോളം പ്രണയസാഫല്യത്തിനായി പ്രണയിതാക്കൾ കാത്തിരിക്കുന്നതും അവസാനം ഒന്നിക്കുന്നതുമെല്ലാം.
ഈയിടെ ഇത്തരമൊരു പ്രണയസാഫല്യത്തിന് നമ്മുടെ കെഎസ്ആർടിസിയും സാക്ഷ്യം വഹിക്കുകയുണ്ടായി. സംഭവം വേറൊന്നുമല്ല, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായിരിക്കുകയാണ് കെഎസ്ആർടിസി ജീവനക്കാരായ ഗിരിയും താരയും.
കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് ഗിരി. താരയാകട്ടെ വനിതാ കണ്ടക്ടറും. തുടക്കം മുതൽ ഇരുവരും ഒന്നിച്ചായിരുന്നു ബസ്സിൽ ഡ്യൂട്ടി എടുത്തിരുന്നത്. ഇതിനിടയിൽ ഗിരിയ്ക്ക് കായംകുളം ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ ഗിരി വീണ്ടും ഹരിപ്പാട് ഡിപ്പോയിൽ തിരികെയെത്തുകയും തൻ്റെ പ്രിയതമയ്ക്കൊപ്പം ഡ്യൂട്ടി തുടരുകയും ചെയ്തു.
ഹരിപ്പാട് ഡിപ്പോയിലെ RPC 67, RSA 220 എന്നീ ബസുകളാണ് ഗിരിയുടെയും താരയുടെയും സ്ഥിരം ഷെഡ്യൂൾ ബസ്സുകൾ. ഡ്യൂട്ടിക്കിടയിൽ കണ്ടക്ടറായ താര ബെല്ലടിക്കുമ്പോൾ യാത്രക്കാർക്ക് അറിയില്ലായിരുന്നു അത് അവരുടെ ജീവിതമണി ആണെന്ന്. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാവുന്ന ചില സ്ഥിരം യാത്രക്കാരും, സഹപ്രവർത്തകരുമൊക്കെ ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
എന്തായാലും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ഗിരി – താര ദമ്പതിമാർക്ക് ആശംസകൾ നേരുകയാണ് കെഎസ്ബആർടിസി പ്രേമികളും യാത്രക്കാരുമെല്ലാം.
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായിട്ട് അവസാനം ഓരോരോ കാരണങ്ങൾ പറഞ്ഞു തല്ലുകൂടുന്നവരും, ബന്ധം വേർപെടുത്തുന്നരുമെല്ലാം ഈ ആനവണ്ടി പ്രണയകഥ അറിഞ്ഞിരിക്കണം. ഇതാണ് യഥാർത്ഥ പ്രണയമെന്നു മനസ്സിലാക്കണം…
വിവരങ്ങൾക്ക് കടപ്പാട് – KSRTC Harippad FB Page, Faizy.