ജീവിക്കാന്‍ മറ്റൊരു വഴിയും മുന്നില്‍ കാണാതായതോടെ തങ്കമ്മ തെരഞ്ഞെടുത്ത വഴിയാണ് ആത്മഹത്യ. രോഗികളായ രണ്ട് മക്കളെ തനിച്ചാക്കി പോവാന്‍ അവര്‍ക്ക് മനസ്സുണ്ടായിട്ടല്ല. പക്ഷെ രോഗികളായ അവര്‍ക്ക് മരുന്നോ, ഒരു നേരത്തെ ആഹാരമോ നല്കാന് ആ അമ്മയുടെ അവരുടെ കയ്യില്‍ പത്ത് രൂപ പോലും എടുക്കാനുണ്ടായിരുന്നില്ല. ദാരിദ്ര്യമാണ് തങ്കമ്മയെ മരണം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂത്താട്ടുകുളം പാലക്കുഴ വാളായികുന്ന് തട്ടുംപുറത്ത് മാധവന്റെ ഭാര്യയാണ് 63കാരിയായ തങ്കമ്മ. മാധവന് മരിച്ചിട്ട് എട്ടുവര്‍ഷമായി. ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പതിനായിരം രൂപ പെന്ഷന് തുക കൊണ്ടാണ് അവര്‍ കുടുംബം നോക്കിയിരുന്നത്. വീട്ടുകാര്യങ്ങളും രോഗികളായ മക്കളുടെ ചികിത്സയും മറ്റ് ചിലവുകളും എല്ലാം ഈ കിട്ടുന്ന തുക കൊണ്ട് നിര്‍വ്വഹിച്ചു പോന്നു. നാട്ടുകാര്‍ തങ്കമ്മയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്; “എത്ര ദാരിദ്ര്യമുണ്ടെങ്കിലും ആരുടെ മുന്നിലും അഞ്ച് പൈസയ്ക്ക് കൈനീട്ടില്ല. പെന്ഷന് കിട്ടുന്ന കാശുകൊണ്ട് ഇതെല്ലാം ഒരു വിധം എങ്ങനേലുമൊക്കെ തട്ടീമുട്ടീം മുന്നോട്ട് പോവുകയായിരുന്നു. വലിയ കഷ്ടമായിരുന്നു അവരുടെ കാര്യം.”
പക്ഷെ പിന്നീട് കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയിലായി. പല തവണ, മാസങ്ങളോളം പെന്ഷന് മുടങ്ങി. എങ്കിലും അയല്‍ക്കൂട്ടത്തില്‍ നിന്നും മറ്റും ചെറിയ വായ്പകളെടുത്ത് വീട്ടിലെ കാര്യങ്ങള്‍ നടത്തുകയും പിന്നീട് പണം കിട്ടുമ്പോള്‍ ഇത് തീര്‍ക്കുകയുമായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി പെന്ഷന് മുടങ്ങിയതോടെ എടുത്ത വായ്പകള്‍ പോലും തിരിച്ചടക്കാനാവാതെ, വിശപ്പടക്കാന്‍ ആഹാരമില്ലാതെ, മക്കള്‍ക്ക് മരുന്നുകള്‍ വാങ്ങാന്‍ കഴിയാതെ തങ്കമ്മയുടെ ജീവിതം വഴിമുട്ടി. അതിനിടെ സര്‍ക്കാര്‍ ഒരുമാസത്തെ പെന്ഷന് ഡിസംബര്‍ മാസത്തില്‍ നല്കി. എന്നാല്‍ അത് കടംവീട്ടാന്‍ പോലും തികയുമായിരുന്നില്ല. അഞ്ച് മാസത്തെ പെന്ഷന് തുക കിട്ടാനുള്ളപ്പോള്‍, കടബാധ്യത കയറി നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ അവര്‍ വെള്ളിയാഴ്ച വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.
കെഎസ്ആര്‍ടിസി പെന്ഷന് കിട്ടാതെ ജീവനൊടുക്കേണ്ടി വന്നവരില്‍ ഒടുവിലത്തെ ഇരയാണ് തങ്കമ്മ. ജീവനൊടുക്കാനിടയാക്കിയ തങ്കമ്മ കേരളത്തിലെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ പ്രതിനിധിയാണ്. വയോധികരും അവശരുമായ നിരവധിപേരാണ് അവകാശപ്പെട്ട പെന്ഷന് തുക കിട്ടാതെ, മരുന്നിനും ഭക്ഷണത്തിനുമുള്ള പണം പോലുമില്ലാതെ വിഷമിക്കുന്നത്.
ഏത് മുന്നണി ഭരിച്ചാലും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അവസ്ഥയില്‍ മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 26 പേരാണ് പെന്ഷന് കിട്ടാതെ വന്നതോടെ ആത്മഹത്യ ചെയ്തത്. എന്നാല്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരും പെന്‍ഷന്‍കാര്‍ക്കായി ഒന്നും ചെയ്തില്ല. തങ്കമ്മയുള്‍പ്പെടെ ഒന്നരവര്‍ഷത്തിനിടയില്‍ ആറ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മാനുഷികമായി ഈ വിഷയത്തിലിടപെടാന്‍ സര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടുമില്ല.
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമിതി അംഗം ബേബി പാറക്കാടന്‍ പറയുന്നു; “തങ്കമ്മയുടെ ദാരുണ അന്ത്യമെങ്കിലും സര്‍ക്കാരും കെഎസ്ആര്‍ടിസി അധികൃതരും കണക്കിലെടുക്കണം. പെന്ഷന് തുക കൊണ്ട് മാത്രം ജീവിക്കുന്ന ഞങ്ങള്‍ക്ക് കുടുംബം പുലര്‍ത്തണമെങ്കില്‍ ഈ കാശ് കിട്ടിയാലേ പറ്റൂ. നടപ്പാവാത്ത പല പദ്ധതികള്‍ക്കായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ ഞങ്ങളുടെ ജീവന് രക്ഷിക്കാനായി മാനുഷികമായ ഒരു ഇടപെടലെങ്കിലും നടത്തണം. എല്ലാം കെഎസ്ആര്‍ടിസി നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ സര്‍ക്കാരിന് എളുപ്പമാണ്. പക്ഷെ ഞങ്ങളും പൗരന്മാരല്ലേ. ഏതൊരു പൗരനേയും സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്. വയോധികരായ പെന്‍ഷന്‍കാര്‍ മരുന്ന് വാങ്ങിക്കാന്‍ ഗതിയില്ലാതെ രോഗം വന്ന് മരിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. സര്‍ക്കാരിന് ഇതൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷെ കെഎസ്ആര്‍ടിസിക്ക് പണം കൊടുക്കുക എന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് എന്തോ ബുദ്ധിമുട്ടുള്ളത് പോലെയാണ്. ഇപ്പോള്‍ ലോക കേരള സഭ എന്നുപറഞ്ഞ് കോടികളാണ് സര്‍ക്കാര്‍ മുടക്കുന്നത്. ഇതൊന്നും വേണ്ടെന്നല്ല. നല്ല കാര്യം തന്നെയാണ്. പക്ഷെ ഒരിടത്ത് സര്‍ക്കാര്‍ നല്‍കേണ്ട പണം പോലും കിട്ടാതെ സ്ത്രീകളടക്കം മനംനൊന്ത് ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാരിന് എങ്ങനെയാണ് അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിയുന്നത്? ഒരു പൗരന്റെ ചോദ്യമാണിത്. പാവങ്ങളുടെ പണം കയ്യിട്ടുവാരി ഹെലികോപ്ടറില്‍ വരെ പറക്കാന്‍ ഭരിക്കുന്നവര്‍ക്ക് കാശുണ്ട്. പതിനായിരം രൂപ കൊടുത്താല്‍ രക്ഷപെട്ടേക്കാമായിരുന്ന ഒരു ജീവന് പൊലിഞ്ഞിട്ട് പോലും അവരുടേയോ അവരെപ്പോലുള്ളവരുടേയോ പ്രശ്നം പരിഹരിക്കാന്‍ ഒരു തീര്‍പ്പും ഉണ്ടാവുന്നില്ല. പാവങ്ങളുടെ കാര്യം പറയുമ്പോള്‍ മാത്രം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവും.”
പെന്ഷന് തുക ഉള്‍പ്പെടെ ലഭിക്കാത്ത കാര്യം കാണിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും പെന്‍ഷന്‍കാരും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം ഇദ്ദേഹത്തിന്റെ വാക്കുകളെ ശരിവയ്ക്കുന്നതാണ്. കെഎസ്ആര്‍ടിസിക്ക് ഇനി പണം നല്‍കാനാവില്ലെന്ന നിലപാടാണ് സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ധനമന്ത്രി തോമസ് ഐസക് ഇത്തരത്തില്‍ സത്യവാങ്മൂലം നല്കിയ വാര്‍ത്ത നിഷേധിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന തിരിച്ചറിവിലേക്കാണ് തങ്ങള്‍ എത്തിച്ചേര്‍ന്നതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരും പെന്‍ഷന്‍കാരും പറയുന്നു.
പെന്ഷന് തുക നല്‍കാനായി ടിക്കറ്റ് സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളില്‍ നിന്ന് നിശ്ചിത ശതമാനം തുക പെന്ഷന് ഫണ്ടിലേക്ക് ഇതുവഴി എത്തിച്ചേരുന്നുണ്ട്. അതുകൂടാതെ ആകെ വരുമാനത്തിന്റെ പത്ത് ശതമാനം പെന്ഷന് നല്കാന് ചെലവഴിക്കണമെന്നാണ്. ഇതെല്ലാം ചേര്‍ത്ത് ശരാശരി 72 കോടി രൂപയോളം പെന്ഷന് ഫണ്ടിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ സര്‍ക്കാര്‍ നല്കുന്ന പെന്ഷന് വിഹിതവും ചേര്‍ത്താല്‍ പെന്ഷന് തുക നല്കാവുന്നതേയുള്ളൂ. അമ്പത്തിരണ്ട് കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് പെന്ഷന് നല്കാന് വേണ്ടത്.
എന്നാല്‍ കടബാധ്യതകളില്‍ മുങ്ങി നില്ക്കുന്ന കെഎസ്ആര്‍ടിസി ബാങ്കുകളില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്താണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് പോലും. പലിശയടയ്ക്കാനായി പെന്ഷന് ഫണ്ടിലെ പണം വകമാറ്റി ചെലവാക്കുന്നതിനാലാണ് പെന്ഷന് കുടിശികയായി മാറുന്നത്.
എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും ശ്രമിക്കുന്നില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തങ്കമ്മയെപ്പോലെ ഇനിയുമേറെപ്പേരേ കേരളം കാണേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പെന്‍ഷന്‍കാര്‍ നല്‍കുന്നത്.
കടപ്പാട് – കെ.ആര്. ധന്യ (ചീഫ് ഓഫ് ബ്യൂറോ, അഴിമുഖം).