കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കെഎസ്ആര്‍ടിസി ( KSRTC ) പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷൻ ( record collection ) നേട്ടം കൈവരിച്ചു. 7.44 കോടി രൂപയാണ് ഒരൊറ്റ ദിനത്തിൽ മാത്രം കെഎസ്ആര്‍ടിസി നേടിയ വരുമാനം.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കെഎസ്ആര്‍ടിസി ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഡിസംബര്‍ 23-ന് നേടിയ 7.18 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഇതുവരെ നേടിയ ഏറ്റവും വലിയ പ്രതിദിന വരുമാനം.
ഈ കളക്ഷൻ റെക്കോര്‍ഡാണ് കെഎസ്ആര്‍ടിസി തിങ്കളാഴ്ച്ച മറികടന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് റെക്കോര്‍ഡ് കളക്ഷന്‍ പ്രധാന കാരണം. കൂടാതെ തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പണിമുടക്കിലായതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം തിങ്കളാഴ്ച 1.69 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞമാസം ഒരു ദിവസം ശരാശരി ആറരക്കോടി രൂപ വരുമാനമായി ലഭിച്ചിരുന്നു. ഏകദേശം 31ലക്ഷം പേര് ദിവസവും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെന്ഷന് പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും വലയ്ക്കുമ്പോഴും കെഎസ്ആര്‍ടിസി നേടിയ റെക്കോര്‍ഡ് കളക്ഷൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് ആശ്വാസമേകുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കോര്‍പ്പറേഷനെ പുനരുദ്ധരിക്കാന്‍ പാക്കേജ് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വിതരണം ഐഒസി നിര്‍ത്തി വച്ചതിനെ തുടർന്ന് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായി.
ഐഒസിക്ക് അടിയന്തിരമായി നല്‍കേണ്ട 124 കോടി രൂപ കുടിശ്ശികയായതോടെയാണ് ഡീസല്‍ വിതരണം നിലച്ചത്. എന്നാല്‍ നിലവില്‍ ഡീസൽ പ്രതിസന്ധിയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ദിനംപ്രതി 15 ലക്ഷം ലിറ്റര്‍ ഡീസൽ കെഎസ്ആര്‍ടിസിക്ക് ആവശ്യമുണ്ട്.
Source – http://blivenews.com/ksrtc-record-collection-ioc-diesel/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog