തലശ്ശേരി ഡിപ്പോയില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനമായി. തലശ്ശേരി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എ എന്‍ ഷംസീര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത കെഎസ്ആര്‍ടിസി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മലബാര്‍ കാന്‍സര്‍ സെന്ററിലേക്കുള്ള സര്‍വീസ് ഉള്‍പ്പെടെയുള്ള തീരുമാനം ഉണ്ടായത്.

നിലവില്‍ ഡിപ്പോയില്‍ നിന്ന് 64 സര്‍വീസുകള്‍ തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്നുണ്ട്. ഇത്രയും സര്‍വീസ് നടത്തുന്നതിന് 61 ബസ്സുകള്‍ മാത്രമാണ് നിലവിലുള്ളത്. ഏഴെണ്ണം കട്ടപ്പുറത്തും. പുതുതായി 10 സര്‍വീസുകള്‍ കൂടി വിവിധ റൂട്ടുകളിലേക്ക് നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനാവശ്യമായ ബസ്സുകള്‍ ഡിപ്പോയില്‍ എത്തിക്കും.
ഇതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള സ്കാനിയ ബസ്സിന് തലശ്ശേരി ഡിപ്പോയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനും തീരുമാനമായി. തലശ്ശേരി ഡിപ്പോയ്ക്ക് അനുവദിച്ച ലോ-ഫ്ളോര്‍ ബസ്സുകള്‍ ഡിപ്പോയിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്.
കണ്ണൂര്‍-തലശ്ശേരി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫിസര്‍ മുഹമ്മദ് സഫറുല്ല, കണ്ണൂര്‍ എടിഒ കെ യൂസഫ്, തലശ്ശേരി എടിഒ കെ പ്രദീപ്, നഗരസഭാ ചെയര്മാന് സി കെ രമേശ് പങ്കെടുത്തു.
കടപ്പാട് : http://www.thejasnews.com/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog