കെ.എസ്.ആര്.ടി.സി. മുഖേന കൊറിയര്‍ സര്‍വീസ് – കോഴിക്കോട്ടുനിന്ന് ആദ്യഘട്ടത്തില്‍ 17 കേന്ദ്രങ്ങളിലേക്ക്
കോഴിക്കോട്: ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ മുഖേന കൊറിയര്‍ സര്‍വീസ് നടത്തുന്ന സംരംഭത്തിന് കോഴിക്കോട് ജില്ലയിലും തുടക്കമായി. കോഴിക്കോട് മാവൂര്‍റോഡ് കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനലിലെ ഡീഡല്‍ പമ്പിനോട് ചേര്‍ന്ന് പ്രത്യേക ഓഫീസ് ഇതിനായി വിജയദശമിദിനത്തില്‍ ആരംഭിച്ചു.കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്ക് മൂന്ന് കിലോഗ്രാമില്‍ കുറവ് ഭാരമുള്ള വസ്തുക്കള്‍ കൊറിയറായി അയയ്ക്കുന്നതാണ് പദ്ധതി. 250 മില്ലിഗ്രാം വരെ തൂക്കമുള്ളവയ്ക്ക് 28.50 രൂപയും അതില്‍ കൂടുതല്‍ ഭാരമുള്ളവയ്ക്ക് 57 രൂപയുമാണ് ഈടാക്കുന്നത്. കേരളത്തിനകത്തും പുറത്തും സര്‍വീസ് നടത്തുന്ന റൂട്ടുകളിലേക്കെല്ലാം കൊറിയര്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 16 ഡിപ്പോകളിലേക്ക് മാത്രമാണ് കൊറിയര്‍ അയയ്ക്കാന്‍ സാധിക്കുക. ഡിപ്പോ ടു ഡിപ്പോ എന്ന രീതിയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, പെരിന്തല്‍മണ്ണ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് കോഴിക്കോടിനുപുറമേ സര്‍വീസുള്ളത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെ പാര്‍സലുകള്‍ സ്വീകരിക്കും. ഭാവിയില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ട്രാക്കോണ്‍ കൊറിയര്‍ സര്‍വീസുമായി ചേര്‍ന്ന് റീച്ചോണ്‍ ഫാസ്റ്റ് ബസ് കൊറിയര്‍ സര്‍വീസസ് എന്ന പേരിലാണ് കെ.എസ്.ആര്.ടി.സി. പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് കേന്ദ്രത്തിന്റെ ഉദ്ഘാടനം മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന് നിര്‍വഹിച്ചു. മുഖ്യമന്ത്രിക്ക് കോഴിക്കോട് വിമാനത്താവളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട നിവേദനം ആദ്യ പാര്‍സലായി അയച്ച് സി.ഇ. ചാക്കുണ്ണി ആദ്യബുക്കിങ് നിര്‍വഹിച്ചു. അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബി.എസ്. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു.
News: Mathrubhumi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog
