വിവരണം – ഷെറിൻ ടി.പി.
നമ്മുടെ നാട്ടിൽ കണ്ടാലും കണ്ടാലും മതിവരാത്ത, കണ്ടു ആസ്വദിക്കേണ്ട, ഒട്ടും പ്രസിദ്ധമല്ലാത്ത ഒരുപാടു ചെറിയ മലകളും, പാറകളും, വെള്ളച്ചാട്ടങ്ങളും ഒക്കെ ഉണ്ടാകും. അവയൊന്നും ഒരു സഞ്ചാര ഭൂപടത്തിലും ഇല്ലാത്തതും ആയിരിക്കും. എന്നാൽ ചരിത്രപരമായി ചില കഥകളും അവക്കുണ്ടാകാം. പറഞ്ഞു വരുന്നത് അങ്ങനെയൊരു സ്ഥലത്തെപ്പറ്റിയാണ് – കുഞ്ഞാലിപ്പാറ.
പേരിൽ തന്നെ ഇല്ലേ ഒരു വ്യതാസം? അതിന്റെ കാരണം ഇതാണ് – പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ സേനാനായകനായിരുന്നു കുഞ്ഞാലി മരയ്ക്കാർ. അദ്ദഹം തന്റെ പടയാളികളെ രഹസ്യമായി യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നത് കാടിന്റെ മധ്യത്തിൽ ഉള്ള വിശാലമായി കിടന്നിരുന്ന ഒരു വലിയ പാറപ്പുറത്തായിരുന്നു. ഇതാണ് കാലങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞാലിപ്പാറയായി മാറിയത് എന്ന് ഒരു പറയപ്പെടുന്നു.
അതിങ്ങനെ ആണെന്ന് തെളിയിക്കുന്ന രേഖകളോ, തെളിവെടുപ്പുകളോ, ഗവേഷണങ്ങളോ ഒന്നും തന്നെ നടന്നിട്ടില്ല. എങ്കിലും പാറയിൽ അങ്ങിങ്ങായി കാണപ്പെടുന്ന കൂറ്റൻ പാറക്കല്ലുകളിൽ പീരങ്കി ഉണ്ടകൾ ഏറ്റിട്ടുള്ള പാടുകളും യുദ്ധോപകരണങ്ങളാൽ തകർക്കപ്പെട്ട പറകളുടെ അവശിഷ്ടങ്ങളും ആണ് ഇങ്ങനെ ഒരു വ്യാഘാനത്തിനു കാരണം.
ജില്ലയിലെ വിനോദസഞ്ചാരഭൂപടത്തിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും, പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന ഏതൊരു യാത്രികനും ഇഷ്ടപെടുന്ന ഒരു സ്ഥലമാണ് കുഞ്ഞാലിപ്പാറ.
തൃശൂർ ജില്ലയിൽ കൊടകരയിൽ നിന്നും വെള്ളിക്കുളങ്ങര പോകുന്ന റൂട്ടിൽ ആണ് ഇത് സ്ഥിതി ചെയുന്നത്. മെയിൻ റോഡിൽ മൂന്നുമുറി എന്ന സ്ഥലത്തു നിന്നും 2 കിലോമീറ്റര് താഴെ ദൂരമാണ് ഇങ്ങോട്ട് ഉള്ളത്. കയറിപോകാൻ പ്രത്യേകം വഴികളൊന്നും ഇല്ല. കനാൽ സൈഡിൽ വണ്ടി വച്ചിട്ട് വേണം കയറുവാൻ.
ഇവിടെ നിന്നാൽ കൊടകര, ചിമ്മിനി കാടുകൾ, കനകമല കുരിശുമുടി എന്നിവയൊക്കെ കാണാം. കൂടാതെ ഒരു വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. രാവിലത്തെ സൂര്യോദയവും , വൈകീട്ടത്തെ അസ്തമയവും ഇവിടെ നിന്നാൽ കൺകുളിർക്കെ കാണാൻ സാധിക്കും. ഇതുപോലെ എത്രയെത്ര മനോഹര സ്ഥലങ്ങളാണ് നമ്മുടെ തൊട്ടടുത്തു അറിയപ്പെടാതെ ഉള്ളത് അല്ലെ?