വിവരണം – ബേസിൽ വയനാട് (Yaathrikan FB Group).
കുറുമ്പാലകോട്ടയിലെ_സൂര്യോദയ_കാഴ്ചകളിലേക്ക്… ഈയിടെ വയനാട്ടിൽ ന്യൂജൻ പിള്ളേർ ഫേമസ് ആക്കിയ മറ്റൊരു സ്ഥലമാണ് കുറുമ്പാല കോട്ട..മഞ്ഞ് പുതച്ച താഴ്വരയിൽ നിന്നും ഉദിച്ചുയരുന്ന സൂര്യദേവന്റെ ഭംഗി നുകരാൻ വയനാട്ടിൽ ഇതിലും നല്ലൊരു സ്ഥലമുണ്ടെന്ന് തോന്നുന്നില്ല… വായനാട്ടുകാർക് ചിലപ്പോൾ ഇതൊരു പുതുമയുള്ള കാഴ്ചയായിരിക്കും..അതുകൊണ്ട് തന്നെ ഇവിടെക്കിപ്പോൾ ആളുകളുടെ ഒഴുക്കാണ്… മീശപുലിമലയിലെ പോലെ, മഞ്ഞ് പുതച്ച ഭൂമിയെ ഉയരങ്ങളിൽ നിന്നും കാണാൻ വയനാട്ടിൽ ഇപ്പോൾ ഉള്ള ഫസ്റ്റ് ചോയ്സ് കുറുമ്പലക്കോട്ടയാണ്…. വേണമെങ്കിൽ ഇത് വയനാട്ടിലെ കുഞ്ഞു മീശപുലിമലയാണെന്നും പറയാം..
മനസ് നിറക്കുന്ന കാഴ്ചകളുടെ സുന്ദര ലോകമാണ് കുറുമ്പാല നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്…അതികം ഉയരം ഒന്നും തോന്നിക്കാത്ത ഒരു മലയാണ് കുറുമ്പാല, ആർക്കും വളരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന ഉയരം..പക്ഷെ മലയുടെ ഉയരത്തിലൊന്നും അല്ല കാര്യം, മുകളിൽ നിന്നുള്ള കാഴ്ചയാണ്, അതിനെ കീഴടക്കാനാണ് പ്രയാസം…മഞ്ഞ് മേഘങ്ങൾ മൂടിയ ഭൂമിയും,അങ്ങ് അകലെ, അവിടെ ഇവിടെയായി തല ഉയർത്തി നിൽക്കുന്ന പശ്ചിമഘട്ട മലനിരകളും ദൂരെ ഉദിച്ച് ഉയരുന്ന സൂര്യനും, ഒരു പ്രഭാതം സുന്ദരമാക്കാൻ, ഒരു യാത്രികന്റെ മനസ്സ് നിറക്കാൻ ഇത്രയും കാഴ്ചകൾ ധാരാളം…
മലബാറികൾക്ക് തീരെ ചിലവ് ചുരുക്കി പോവാൻ കഴിയുന്ന ഏറ്റവും നല്ല സ്ഥലം ആണ്. ബൈക്ക് യാത്ര ആവും നല്ലത് മുകളിലേക്കുള്ള വഴി ചുരുങ്ങിയതാണ്. കോഴിക്കോട് ഭാഗത്തുള്ളവർക്ക് രണ്ട് റൂട്ട് ഉണ്ട് കുറ്റ്യാടി ചുരവും താമരശ്ശേരി ചുരവും.നല്ല റോഡ് താമരശ്ശേരി വഴിയാണ്. സൺറൈസ് വാലി കഴിഞ്ഞാൽ വയനാട്ടിൽ സൺറൈസ് കാണാൻ ഏറ്റവും നല്ല സ്ഥലം ഇതായിരിക്കും.
ഇനിയാ മഞ്ഞ് മാറി കഴിഞ്ഞാലോ വയനാടൻ ഗ്രാമ ഭംഗിയുടെ ആകാശ കാഴ്ചകൾ കാണാം ..പച്ച പുതച്ച വയൽ നിരകളും, തെങ്ങിൻ തോപ്പും, വയനാടൻ മലനിരകളും കാണാം. അതിൽ ഏറ്റവും അടുത്ത കാണുന്നത് ചെമ്പ്ര മലനിരകളാണ്… ആദ്യ സൂര്യ കിരണങ്ങൾ ചെമ്പ്രയുടെ ഉയരങ്ങളിൽ പതിയുന്ന കാഴ്ച്ച കാണേണ്ടത് തന്നെയാണ്….
ഇപ്പോൾ വെളുപ്പിന് നാല് മണി മുതൽ ഇവിടേക്ക് ആളുകൾ എത്തി തുടങ്ങും…സ്ത്രീകളും കുട്ടികളും അടക്കം ദിവസവും ഇരുന്നൂറിലധികം ആളുകളെങ്കിലും ഇവിടെക്കിപ്പോൾ എത്തുന്നുണ്ട്…കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില്‍ ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന്‍ കൃത്യമായ വഴികളൊന്നും ഇല്ല മലയുടെ ചോട്ടിൽ എത്തിപ്പെടാൻ രണ്ട് മൂന്ന് റോഡുകൾ ഉണ്ട്. റോഡ് കഴിയുന്നിടം വണ്ടി നിർത്തി, യാത്രികർ നടന്നു തെളിഞ്ഞ വഴികളിലൂടെ വേണം മുകളിൽ എത്താൻ… മലകയറി വരുന്നവർക് തണുപ്പ് മാറ്റാൻ മുകളിൽ നല്ല ചുക്ക് കാപ്പിയും റെഡിയാണ്, ഇവിടുത്തെ ചേട്ടന്മാർക്ക് അതൊരു വരുമാന മാർഗം ആയി…
**ഇനി കുറച്ച് ചരിത്രം…. വയനാട്ടിലെ കുറുമ്പാല രാജാവിന്റെ കോട്ട ആയിരുന്നു ഈ മല…ഇതൊരു കോട്ടയായി തിരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, ഇതിന്റെ മുകളിൽ നിന്ന് നോക്കിയാൽ വയനാടിന്റെ പകുതിയോളം കാഴ്ച കിട്ടും. തൊട്ടടുത്തായി വേറെ മലനിരകൾ ഒന്നും ഇല്ലാത്തതിനാലും ചുറ്റും താഴ്ന്ന പ്രദേശം ആയതുകൊണ്ടും വളരെ വിശാലമായ 360° കാഴ്ചയാണ് ലഭിക്കുന്നത്… ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാൻ ആയിരിക്കും രാജാവ് ഇവിടെ കോട്ട കെട്ടിപൊക്കിയത്, അതിന് ഇതിലും നല്ലൊരു ഓപ്ഷൻ വേറെയില്ല. പാറക്കല്ലുകളും മരത്തടിയും ഉപയോഗിച്ചാണ് രാജാവ് കോട്ട നിർമിച്ചതെന്നാണ് പറയപ്പെടുന്നത്, അതിന്റെയൊന്നും യാതൊരു അവശേഷിപ്പുകളും ഇപ്പോൾ ഇവിടെ കാണാൻ ഇല്ല.
മലനിരകളാൽ ചുറ്റപ്പെട്ട വയനാടൻ ഭൂപ്രകൃതിയുടെ മനോഹര ചിത്രങ്ങൾ ഒപ്പിയെടുക്കാൻ പറ്റിയ സ്ഥലമാണ്
കുറുമ്പാലക്കോട്ട. മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനരികിലെത്താന്‍.കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം.
അതിരാവിലെ ഇങ്ങോട്ടേക്ക് വരുന്ന യാത്രികരോട് ഒരുകാര്യം നിങ്ങടെ ബുള്ളെറ്റിന്റെ കുട കുട ശബ്ദം ഇവിടുത്തെ നാട്ടുകാരുടെ ഉറക്കം കളയുന്നുണ്ട്…പിന്നെ പ്ലാസ്റ്റിക്കിന്റെ കാര്യം പ്രത്യേകം പറയണ്ടല്ലോ….
കൽപ്പറ്റയിൽ നിന്നും 18km ദൂരെയാണ് ഈ കോട്ട …കൽപ്പറ്റ, കമ്പളക്കാട്, പള്ളിക്കുന്ന് റോഡിലാണ് പോവേണ്ടത്. രാവിലെ സൺറൈസും വൈകിട്ട് അസ്തമയവും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ…എല്ലാവരും വല്ലപ്പോഴും ഒരു സൺറൈസ് ഒക്കെ കണ്ടാൽ ഈ ലോകത്ത് ഇത്രേം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലർന്നു… കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം.