വേനൽച്ചൂടിന്റെ കാഠിന്യത്തിൽ നിന്നും ആശ്വാസം തേടിയൊരു യാത്ര! പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ കുരുതിച്ചാലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സൈലൻറ് വാലി നാഷണൽ പാർക്കിൽ നിന്നും ഉത്ഭവിച്ച് കന്യാവനത്തിലൂടെ കിലോമീറ്ററുകളോളം ഒഴുകി പാത്രക്കടവിലെ നിഗൂഡമായ സംരക്ഷിത വനപ്രദേശത്തു ജലപാതം തീർത്ത് വരുന്ന കുന്തിപ്പുഴയുടെ ഭാഗമാണിത്. കോട്ടക്കലിൽ നിന്നും യാത്ര തിരിക്കുമ്പോൾ സമയം ഉച്ച തിരിഞ്ഞ് രണ്ടര. സഹയാത്രികരായി ഷാഹുലും കൽഫാനുമാണ് കൂടെയുള്ളത്.
പെരിന്തൽമണ്ണ -മണ്ണാർക്കാട് റോഡിൽ വട്ടമ്പലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് മൈലോംപാടത്തേക്ക്. വട്ടമ്പലത്ത്നിന്ന് കുരുതിച്ചാലിലേക്ക് 9 കിലോമീറ്ററാണ് ദൂരം. മണ്ണാർക്കാട് ടൗണിൽനിന്ന് 11 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഒരു ചെറിയ അങ്ങാടിയാണ് മൈലോംപാടം. അവിടെനിന്നും റബർ മരങ്ങൾ തണലിട്ട വഴികളിലൂടെ മുന്നോട്ട്. കുടിയേറ്റകർഷകർ അധിവസിക്കുന്ന ഗ്രാമമാണിത്. കുരുതിച്ചാലിന് അടുത്തെത്തിയപ്പോൾ റോഡിലും അടുത്തുള്ള പുരയിടങ്ങളിലും നിറയെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു! വേനലിൽ കാട്ടുപൂഞ്ചോലയുടെ കുളിര് തേടിയെത്തിയതാണവർ. അവധി ദിനങ്ങളിൽ ആയിരത്തോളം പേർ ഇവിടം സന്ദർശിക്കാറുണ്ടത്രെ!
അടുത്തുകണ്ട ഒരു പുരയിടത്തിൽ വണ്ടിയൊതുക്കി ഞങ്ങളും പുറത്തിറങ്ങി. റോഡിൽ നിന്നും നൂറ് മീറ്ററോളം ഇടവഴിയിലൂടെ താഴേക്കിറങ്ങിയാൽ കുരുതിച്ചാലിലെ ജല വിസ്മയമായി! വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പ്രദേശം, അവക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന കാട്ടാറ്! ആരെയും കൊതിപ്പിക്കുന്ന വശ്യതയുണ്ടീ പ്രദേശത്തിന്. അതുകൊണ്ട് തന്നെ ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ടിവിടെ! വെള്ളത്തിലിറങ്ങി ആ തെളിനീരിന്റെ കുളിർമയിൽ സർവ്വം മറന്ന് വിഹരിക്കുകയാണവർ. ഒഴുക്കിനെതിരെ പാറക്കെട്ടിന് മുകളിലൂടെ മുന്നോട്ട് നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. അൽപം സാഹസം പിടിച്ച കാര്യമായിരുന്നെങ്കിലും കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ ജനത്തിരക്കൊഴിഞ്ഞ ഭാഗത്തെത്തി. അൽപനേരം പാറപ്പുറത്തിരുന്ന് വിശ്രമിച്ചു. മനോഹരമാണിവിടുത്തെ പ്രകൃതി. മലനിരകളുടെ ദൂരക്കാഴ്ചയും നീർചോലയുടെ ചെരിവിലെ കാട്ടുമരങ്ങളും ചിതറിക്കിടക്കുന്ന ഉരുളൻ കല്ലുകളുമെല്ലാം പ്രദേശത്തിന് കാല്പനിക ഭാവം പകരുന്നു!
മഴക്കാലത്ത് കരകവിഞ്ഞ് രൗദ്ര ഭാവത്തിലാകും ഇവിടെ നീരൊഴുക്ക്. അപകടം പതിയിരിക്കുന്ന ഈ പ്രദേശത്ത് ഒരുപാട് ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കി ഗാർഡുകളെ നിയമിച്ച് സുരക്ഷിതമാക്കണം എന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. 2011ൽ കുന്തിപ്പുഴ ഇക്കോ ടൂറിസമെന്ന പേരിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. വിജയകരമായൊരു പോരാട്ടത്തിന്റെ കഥകൂടി പറയാനുണ്ടീ മണ്ണിന്. ആയിരത്തി തൊള്ളായിരത്തി എഴുപത്കളിൽ പാത്രക്കടവിൽ അണക്കെട്ട് നിർമിക്കാൻ സംസ്ഥാന വൈദ്യുതി വകുപ്പ് പദ്ധതിയിട്ടിരുന്നു. അപൂർവ്വ ജൈവ മേഖലയായ സൈലന്റ് വാലിയുടെ നല്ലൊരുഭാഗം വെള്ളത്തിനടിയിലാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും പ്രകൃതിസ്നേഹികളും ശക്തമായി രംഗത്തുവന്നു. ഒടുവിൽ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
ക്ഷീണം അകന്നതോടെ ഞങ്ങൾ വെള്ളത്തിലേക്കിറങ്ങി. നല്ല തണുപ്പുണ്ടായിരുന്നു വെള്ളത്തിന്. പ്രകൃതിയുടെ വശ്യതയിൽ, നീരൊഴുക്കിന്റെ കുളിരിൽ ഏറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു! വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി എത്തുന്നവർക്ക് തീർച്ചയായും ഇവിടം ഏറെ പ്രിയപ്പെട്ടതാകും. ആറുമണിയോടെ കുരുതിച്ചാലിനോട് വിട പറഞ്ഞ് ഞങ്ങൾ തിരികെ കയറുമ്പോഴും ആ കുളിര് തേടി സന്ദർശകർ വന്നുകൊണ്ടേയിരുന്നു.
വിവരണം – മുഹമ്മദ് റഫീഖ്.