കേരളത്തിൽ ഏറ്റവുമധികം വാഹനങ്ങൾ (ചരക്കു ലോറികൾ അടക്കം) കടന്നുപോകുന്ന ഒരു പാതയാണ് വാളയാർ – പാലക്കാട് – തൃശ്ശൂർ റൂട്ട്. ഈ റൂട്ടിലെ 90% റോഡും മികച്ചതാണെങ്കിലും കുതിരാൻ എന്ന ഒരൊറ്റ കടമ്പ മാത്രമാണ് ഇതുവഴി പോകുന്നവരുടെ പേടിസ്വപ്നം. ഏറ്റവും കൂടുതൽ ബ്ലോക്ക് അനുഭവപ്പെടുന്ന ഇവിടെ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുമെന്നതിനാൽ ആളുകൾ വെളുപ്പിനെ തന്നെ കുതിരാൻ കടക്കാനാണ് ശ്രമിക്കാറ്. എന്നാൽ ഇതുവഴി പോകുന്ന ബസുകളുടെയും ലോറികളുടെയും കാര്യമാണ് കഷ്ടം.
ഇതുവഴി സ്ഥിരമായി പോകുന്ന കെഎസ്ആർടിസി ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സിന്റെ ഡ്രൈവർ സന്തോഷ് കുട്ടന്റെ വാക്കുകൾ ഇങ്ങനെ – “1994 മുതൽ ഞാൻ ഈ വഴി ഉപയോഗിക്കുന്നു. അന്ന് മേട്ടുപ്പാളയം – ചങ്ങനാശ്ശേരി പച്ചക്കറി ട്രക്കിൽ ക്ലീനറായി ജോലി ചെയ്യുന്ന കാലം. അന്ന് വാഹനങ്ങൾ കുറവായിരുന്നിട്ടു കൂടി ബ്ലോക്കാകാറുണ്ട് ഈ ഭാഗം ഈ റോഡ്. വളരെ വാണിജ്യപ്രാധാന്യമുള്ള ഈ വഴി എന്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോയത്. കുതിരാൻ മല എന്ന പ്രതിസന്ധി ഉള്ളതു കൊണ്ടാണോ? ആണങ്കിൽ ഈ തുരങ്കം പണി എങ്ങനെ വന്നു. ഈ ആശയം വളരെ മുൻപേ ഉണ്ടായിരുന്നു. എന്ത് കൊണ്ട് ഉപയോഗിച്ചില്ല?
ഞാൻ ചെന്നിട്ടുവേണം അമ്മയ്ക്ക് മരുന്നു വാങ്ങാൻ, മോളുo മോനും എന്നെ നോക്കി ഇരിക്കുകയായിരിക്കും, വീട്ടിൽ ചെന്നിട്ട് വേണം തുണി അലക്കാൻ, ഇങ്ങനെ പോയാൽ പെണ്ണ് കാണൽ മുടങ്ങും, ഈ ലോഡ് ഇറക്കിയിട്ട് വീട്ടിൽ പോയി കുഞ്ഞുങ്ങളെയും ഭാര്യയെയും കാണണം… ഇതുപോലെ, അല്ലങ്കിൽ ഇതിലേറേ ചിന്തകളുമായി യാത്ര ചെയ്ത അനേകം ആൾക്കാരുട പ്രതീക്ഷകൾ തകർത്ത് തരിപ്പണമാക്കിയ ഒരു എടങ്ങേറുപിടിച്ച സ്ഥലമാണ് കുതിരാൻ മല എന്ന സമയംകൊല്ലിമല.
വർഷങ്ങളായി ഓരോ ഭരണ നേതൃത്ത്വവും വരുമ്പോൾ പ്രതീക്ഷയോടെ നോക്കിയിരുന്നു ഈ വഴിയിലെ യാത്രക്കാർ. ഇനിയും വൈകരുതെന്ന് അപേക്ഷ, ജനപ്രതിനിധിക്കെന്നപോലെ ജനങ്ങളുടെ സമയത്തിനും വിലയുണ്ട്. സമയം വലുതാകുമ്പോ ആയുസ്സ് ആകുന്നു. അതുപോലെ തന്നെ – അതു വഴി കടന്നുപോകുന്ന ആംബുലൻസിനുള്ളിൽ കിടക്കുന്ന ജീവനും വിലയുണ്ട്. ഇതെല്ലാം കണ്ട് ഇനിയും കണ്ണടയ്ക്കരുത് ഭരണകൂടവും ബന്ധപ്പെട്ടവരും. ഉടൻ നടപടി ഉണ്ടാകണം, ദയവായി താമസിക്കരുത്. ഭരണകൂടത്തിന്മേൽ ജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്.”
കഴിഞ്ഞ ദിവസം കുതിരാൻ തുരങ്കത്തിന്റെ അവസ്ഥയെക്കുറിച്ച് വ്ളോഗർ സുജിത്ത് ഭക്തൻ Tech Travel Eat ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത വീഡിയോ ധാരാളമാളുകൾ ഷെയർ ചെയ്യുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഉണ്ടായി. അതിനടുത്ത ദിവസം തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജിൽ വന്ന പോസ്റ്റ് എല്ലാവർക്കും ആശ്വാസം പകരുന്നതായിരുന്നു.
തൃശ്ശൂർ കളക്ടറുടെ പോസ്റ്റ് ഇങ്ങനെയാണ് – “കുതിരാനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള നടപടികളിലേക്ക് കടന്നു. ടണലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. കുതിരാനിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിലെ വീഴ്ച തുടർന്നാൽ നിർമ്മാണ കമ്പനി അധികൃതരുടെ പേരിൽ കേസെടുക്കാൻ നിർബന്ധിതനാവുമെന്ന് അവരെ അറിയിച്ചു. തുരങ്കം ഒരാഴ്ചക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ഇപ്പോൾ നിർമ്മാണ കമ്പനി ഉറപ്പ് നൽകിയിരിക്കുകയാണ്.
മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കുതിരാൻ തുരങ്കം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്നാണ് ഉറപ്പ്. തുരങ്കത്തിലെ മണ്ണ് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ജനുവരിയോടെ തുരങ്കം ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. കുതിരാൻ തുരങ്കം അടിയന്തിരമായി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകിയിരുന്നു.”
എന്തായാലും കുതിരാനിലെ ഗതാഗതക്കുരുക്കുകൾക്ക് ഉടനടി പരിഹാരം കാണുവാൻ സാധിക്കുമെന്ന് എല്ലാവർക്കും ആശ്വസിക്കാം. ബാക്കിയെല്ലാം കാത്തിരുന്നു കാണാം.