വിവരണം – Reshma Anna Sebastian.
ദൈവം കൈകൾ നൽകില്ല, പക്ഷേ വിമാനത്തിന്റെ ചിറകാണ് ജസീക്ക!! കൈകളില്ലാതെ ഭൂമിയിൽ ജനിച്ച് വീണ പെൺകുട്ടി, ഇന്നവൾ ലോകത്തെ നെറുകയിലാണ്. ആയിരക്കണക്കിന് പേരെ ആകാശച്ചിറകിലേറ്റി പറപ്പിച്ച്, രാജ്യങ്ങൾ തോറും മോട്ടിവേഷണൽ ക്ലാസുകൾ നയിക്കുന്ന മിടുക്കി. ഇത് ജെസീക്ക കോക്സ്. ലോകം തന്നെ അത്ഭുതത്തോടെയും അഭിമാനത്തോടെയും നോക്കുന്ന വ്യക്തിത്വം.
പരിമിതികളുടെ പുറന്തോടിനെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ജസീക്ക കോക്സ് പറന്നു കയറിയത് ഗിന്നസ് റെക്കോർഡിലേയ്ക്കായിരുന്നു . കാലു കൊണ്ട് വിമാനംപറത്തുന്ന ആദ്യ വനിതയെന്ന ഗിന്നസ് റെക്കോർഡിലേയ്ക്ക് . ഇരു കൈകളും ഇല്ലാതെ ജനിച്ചു വീണ ജസീക്ക പതിനാലാംവയസ്സ് വരെ കൃത്രിമ കൈ ഉപയോഗിച്ചായിരുന്നു ദൈനംദിനകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. തന്റെ ബലഹീനത ഒളിപ്പിച്ചു വെച്ച്, സാങ്കേതിക വിദ്യയുടെ(കൃത്രിമ കൈ) സഹായത്തോടെ ജീവിതം തള്ളി നീക്കിയ ജസീക്ക , പതിനാലാം വയസ്സിൽ യന്ത്ര സഹായം ഉപേക്ഷിച്ച് തന്റെ പരിമിതികളെ കരുത്താക്കി മാറ്റാൻ തീരുമാനിച്ചു. അങ്ങനെ ജസീക്ക സാധാരണക്കാരിയിൽ നിന്ന് അസാധാരണവ്യക്തിയായി മാറി.
1983 ഫെബ്രുവരി 2 നു അരിസോണയിൽ(അമേരിക്ക) ആണ് ജസീക്ക ജനിച്ചത്. പത്താം വയസ്സിൽ കരാട്ടെ ( തായ്കോണ്ടോ ) പരിശീലനം ആരംഭിച്ച ജസീക്ക , പതിനാലാം വയസ്സിൽ ബ്ളാക്ബെൽറ്റ് കരസ്ഥമാക്കി. അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും മന:ശാസ്ത്രത്തിൽ ബിരുദമെടുത്ത ജസീക്ക , ആഴക്കടലിലേയ്ക്ക് ഊളിയിടുന്ന ഒരു സ്കൂബാ ഡൈവർ കൂടിയാണ് . ഇരു കൈകൾ ഇല്ലെങ്കിൽ പോലും കാറോടിയ്ക്കാനും , പിയാനോ വായിക്കാനും കാലുകൾ ധാരാളമാണെന്ന് ജസീക്ക തന്റെ ജീവിതം കൊണ്ട് തെളിയിച്ചു.
2005 ൽ വിമാനം ഓടിയ്ക്കാൻ പരിശീലനം ആരംഭിച്ചജെസിക്കയ്ക്ക് 2008 ഒക്ടോബർ 10 ആം തിയതി പൈലറ്റ് ലൈസൻസ് ലഭിയ്ക്കുകയും കാലുകൾ കൊണ്ട് വിമാനംഓടിയ്ക്കുന്ന ആദ്യ വനിതയെന്ന (ഏക വനിത) ഗിന്നസ്റെക്കോർഡിന് അർഹയാവുകയും ചെയ്തു. ആറ് മണിക്കൂറോളം സമയം തുടർച്ചയായി വിമാനം ഓടിച്ച് പ്രശസ്തിയുടെ നെറുകയിലേക്കും ജസീക്ക പറന്ന് ഇറങ്ങിയിട്ടുണ്ട്. പരിശീലന കാലയളവിൽ മൊത്തം 89മണിക്കൂറാണ് ജെസീക്ക ആകാശത്ത് പറന്ന് നടന്നത്. കാലുകൾ കൊണ്ട് വിസ്മയം സൃഷ്ടിയ്ക്കുന്ന ജസീക്ക , തന്റെ കരാട്ടെ പരിശീലകനായിരുന്ന പാട്രിക്കിനെ 2012 ൽ വിവാഹംചെയ്തു.
ഇന്ന് പൈലറ്റിന്റെ വേഷത്തിൽ കോക്പിറ്റിൽ ഇരിക്കുമ്പോഴും ആ ആത്മവിശ്വാസമാണ് അവളെ മുന്നോട്ട് നയിക്കുന്നത്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്ന് ആത്മവിശ്വാസമില്ലായ്മയുടെ ഒരു കണികയെങ്കിലും ജെസിക്കയെ വേട്ടയാടിയിരുന്നെങ്കിൽ ജെസീക്ക ഇന്നവിടെവരെ എത്തില്ലായിരുന്നു. ലോകം അറിയപ്പെടുന്ന മികച്ച ഒരു “മോട്ടിവേഷണൽ സ്പീക്കർ” കൂടിയാണ് ജസീക്കാ കോക്സ്. “Disarm Your Limits ” എന്ന ആത്മകഥ 2015 ൽ പ്രസിദ്ധീകരിച്ചു കൊണ്ട് ജസീക്ക തന്റെ ഊർജം മറ്റുള്ളവരിലേക്ക് കൂടി പകർന്നു. 2016 ൽ ജസീക്കയുടെ ജീവിതത്തെ ആധാരമാക്കി ” Right Footed “എന്ന ഡോക്യുമെന്ററിയും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
സാഹചര്യങ്ങളുടെ പരിമിതികളിൽ കെട്ടുപിണഞ്ഞു കിടക്കുന്നഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ് ചിറകുകളില്ലാത്ത ഈ പറവ. ഒരിക്കൽ പൊട്ടിച്ചെറിഞ്ഞാൽ ചെന്നെത്താൻ കഴിയാവുന്ന ദൂരങ്ങൾ ജസീക്ക നമുക്ക് കാണിച്ചു തരുന്നുണ്ട്. ആകാശം വരെ..കടലാഴങ്ങളിലെ പവിഴക്കൊട്ടാരങ്ങൾ വരെ..അല്ലെങ്കിൽ ഭൂമിയുടെ അനന്ത സാധ്യതകൾഅവസാനിക്കും വരെ….