കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് തേക്കിൻകാട് മൈതാനത്ത് വച്ച് 100 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക കൂടാരത്തിൽ വെച്ചായിരുന്നു. തൃശൂർക്കാരനായ വാറുണ്ണി ജോസഫ് കാട്ടൂക്കാരൻ ആണ് ഇതിന് തുടക്കം കുറിച്ചത്. അതുകൊണ്ട് അദ്ദേഹം കേരളത്തിലെ സിനിമ തീയേറ്ററുകളുടെ പിതാവ് എന്നറിയപ്പെടുന്നു.
അന്നത്തെ റെയിൽവേ ഓഫീസറായിരുന്ന വിൻസൻ പോൾന്റെ സഹായത്തോടെ ഫ്രഞ്ച് വിതരണ കമ്പനികളുടെ കയ്യിൽനിന്നും ഒരു ചെറിയ പ്രോജക്റ്ററും ആറു ചെറിയ സിനിമകളും പണം കൊടുത്തു വാങ്ങുകയായിരുന്നു. വിടരുന്നപുഷ്പം, കുതിരസവാരി, യേശുവിന്റെ ജീവിതം എന്നിവയായിരുന്നു പ്രധാനചിത്രങ്ങൾ.
ഇതിനു ശേഷം 1907 ൽ തൃശ്ശൂരിലെ ഒല്ലൂരിൽ ഒരു താൽക്കാലിക തിയേറ്റർ സ്ഥാപിക്കുകയുണ്ടായി. ഇതിന്റെ പേര് ” ജോസ് ഇലക്ട്രിക്കൽ ബയോസ്കോപ്” എന്നായിരുന്നു. 1913 വരെ ഇത് അവിടെ പ്രവർത്തനം തുടർന്നു. പിന്നീട് 1913 ൽ ഇത് തൃശ്ശൂർ നഗരത്തിലേക്ക് മാറ്റിസ്ഥാപിച്ചു. 1936 ൽ ആധുനിക സൗകര്യത്തോടെ കൂടി ജോസ് തിയേറ്റർ പരിഷ്ക്കരിക്കുകയുണ്ടായി. ഈ തിയേറ്ററാണ് ഇന്ന് തൃശൂർ റൗണ്ടിലെ “ജോസ് സിനിമാസ്.”
തദ്ദേശഭരണ നിയമം അനുസരിച്ച് കേരളത്തിലെ തിയേറ്ററുകൾ A, B, C, ക്ലാസ്സുകൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. പ്രധാന പട്ടണങ്ങളിൽ ഉള്ള ആധുനിക രീതിയിലുള്ള പെർമനന്റ് തിയേറ്ററുകൾക്ക് A ക്ലാസ് എന്നും, ചെറിയ നഗരങ്ങളിലുള്ള തിയേറ്ററുകൾ B-ക്ലാസ് എന്നും, ഗ്രാമപ്രദേശങ്ങളിൽ ഉള്ള തീയേറ്ററുകൾ C ക്ലാസ് എന്നും തരംതിരിച്ചിരിക്കുന്നു. C ക്ലാസ് തിയേറ്ററുകൾ എല്ലാവർഷവും ഓല കൊണ്ടോ, ഷീറ്റ് കൊണ്ടോ പുതുക്കിപ്പണിത് ലൈസൻസ് വാങ്ങണം. A, B കാറ്റഗറിയിൽപ്പെട്ട Permanent തിയേറ്ററുകൾ ലൈസൻസ് പുതുക്കിയാൽ മാത്രം മതി. വിനോദനികുതി, പ്രദർശന നികുതി, മറ്റു നികുതികൾ ഒക്കെ അടയ്ക്കുകയും വേണം.
16 mm, 35 mm, 70 mm, വിസ്താരമ, Imax കണക്കിനാണ് സിനിമകൾ ചിത്രീകരിക്കുന്നത്. ഇവയിൽ 16 mm സിനിമകൾ വീടുകളിലും ചെറിയ ഹാളിലും പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ്. അതായത് ചെറിയ സ്ക്രീനിൽ, എഡ്യൂക്കേഷൻ ആവശ്യങ്ങൾക്കുo മറ്റും അങ്ങനെയാണ് പ്രദർശിപ്പിച്ചിരുന്നത്. അന്ന് ഡി.വി.ഡി. പ്രൊജക്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
ആദ്യകാലത്ത് സാധാരണ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് 35 mm സിനിമയായിരുന്നു. മറ്റൊന്ന് സിനിമാസ്കോപ്പ് എന്ന മറ്റൊരു സാങ്കേതിക വിദ്യയിൽ ചിത്രീകരിക്കുന്നത്. 70 mm ചിത്രങ്ങൾ വലിയ സ്ക്രീനിൽ മാത്രമേ പ്രവേശിപ്പിക്കാൻ പറ്റുകയുള്ളൂ. ചെറിയ തീയേറ്ററുകളിൽ പറ്റുമായിരുന്നില്ല. വിസ്താരമാ പ്രൊജക്ഷൻ (120 mm) വളരെ വലിയ സ്ക്രീനിലാണ് പ്രദർശിപ്പിക്കുന്നത്. പിന്നെ 3D സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതിന് പോളറൈസ്ഡ് കണ്ണടകൾ ഉപയോഗിക്കണം. മൈഡിയർ കുട്ടിച്ചാത്തൻ അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു.
1944 ൽ എറണാകുളത്ത് കേരളത്തിലെ ആദ്യത്തെ അത്യാധുനിക രീതിയിലുള്ള സിനിമാ തീയേറ്റർ “ലക്ഷ്മൺ”, അന്നത്തെ കൊച്ചി മഹാരാജാവ് ഉദ്ഘാടനം ചെയ്തു.
1946 -ൽ അവരുടെ തന്നെ പത്മ തിയേറ്റർ എം.ജി. റോഡിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ തിയേറ്ററും ഇവരുടേതു തന്നെയായിരുന്നു. എറണാകുളം ശ്രീധർ. 1964-ൽ അന്നത്തെ ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന വി. വി. ഗിരിയായിരുന്നു ശ്രീധർ തിയേറ്റർ ഉദ്ഘാടനം ചെയ്തത്.
ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന ഒരു തീയേറ്റർ ആയിരുന്നു അന്നത്. പിന്നീട് വളരെ നാളുകൾക്കു ശേഷമാണ് ഇവിടെ മറ്റു ഭാഷാ ചിത്രങ്ങളും പ്രദർശിപ്പിച്ചു തുടങ്ങിയത്.
1969 ൽ എറണാകുളത്ത് എം. ജി. റോഡിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെതും, ഏഷ്യയിലെ തന്നെ രണ്ടാമത്തേതുമായ വിസ്താരമാ പ്രൊജക്ഷൻ( VISTARAMA Projections – 120MM) തിയേറ്ററായ ഷേണായീസ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ലിറ്റിൽ ഷേണായീസ് എന്ന ചെറിയ തിയേറ്ററും. ഷേണായിസിൽ 1,130 സീറ്റും, ഷേണായീസ് 241 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഈ തിയേറ്ററുകളുടെ ഉത്ഘാടനം നിർവ്വഹിച്ചത്, ഗൗഡസാരസ്വതരുടെ കുലഗുരുവായ ശ്രീമദ് സുധീന്ദ്ര തീർഥ സ്വാമികൾ ആയിരുന്നു. തുടർന്ന് vista vision സിനിമയായ “THE WINNING” എന്ന അമേരിക്കൻ ചിത്രം അവിടെ പ്രദർശിപ്പിച്ചു.
അടുത്ത ദിവസം മുതലായിരുന്നു തിയേറ്ററിലെ പ്രദർശന ഉത്ഘാടനം. ഇത് നിർവ്വഹിച്ചത് ഇന്ത്യയുടെ അഭിമാന താരമായ അമിതാഭ്ബച്ചനും, നടികർ തിലകം ശിവാജിഗണേശനും കൂടിയായിരുന്നു. “The, Winning” തന്നെ ആയിരുന്നു ചിത്രം. അന്ന് വലിയ ജനത്തിരക്കായിരുന്നു തിയേറ്ററിൽ അനുഭവപ്പെട്ടത്. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ഇടപെടണേണ്ടി വന്നു.
1974 ൽ കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററായ ‘രാഗം’ തൃശ്ശൂരിൽ പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു, ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം, ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര് കുട്ടിച്ചാത്തന് എന്നിവയെല്ലാം ഇവിടെ പ്രദര്ശിപ്പിച്ചു. പിന്നീട് കേരളത്തിലെ ആദ്യത്തെ തിയേറ്റർ കോംപ്ലക്സായ സരിത, സവിത, സംഗീത എറണാകുളം ബാനർജി റോഡിൽ 1981 ൽ പ്രവർത്തനമാരംഭിച്ചു. അങ്ങനെ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം തിയേറ്ററുകൾ ഉയർന്നു വന്നു.
പിന്നീട് കാലത്തിൻ്റെ കുത്തൊഴുക്കിൽ വന്ന മാറ്റങ്ങൾ സിനിമയിലും അതോടൊപ്പം തന്നെ തിയേറ്ററുകളിലും പ്രതിഫലിച്ചു. നാട്ടിൻപുറങ്ങളിലെ ഓലമേഞ്ഞ സി ക്ലാസ്സ് തിയേറ്ററുകൾ ഏതാണ്ട് ഇല്ലാതായി. ബി ക്ളാസ്സ് തിയേറ്ററുകളിൽ ഭൂരിഭാഗവും റിലീസിംഗ് സെന്ററുകളായി. നഗരങ്ങളിൽ ആധുനിക രീതിയിലുള്ള ധാരാളം തിയേറ്റർ കോംപ്ലക്സുകളും, പിന്നീട് മൾട്ടിപ്ളെക്സുകളും നിലവിൽ വന്നു.
ഹൈടെക് തിയേറ്ററുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ പല തിയേറ്ററുകളും എന്നെന്നേക്കുമായി നിർത്തിപ്പോയി. ചില തിയേറ്ററുകൾ കല്യാണ മണ്ഡപങ്ങളും, ഷോപ്പിംഗ് കോംപ്ലക്സുകളും ഒക്കെയായി രൂപമാറ്റം പ്രാപിച്ചു.
ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണ്. കൂടാതെ ഓൺലൈൻ വഴി സിനിമ റിലീസ് ചെയ്യുന്ന സംവിധാനവും നിലവിൽ വന്നു. ഭാവിയിൽ സിനിമ തീയറ്ററുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമോയെന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്. വരുന്ന തലമുറയ്ക്ക് ഓർമ്മകൾ മാത്രമായി അവശേഷിക്കുമോ സിനിമ തീയറ്ററുകൾ?
കടപ്പാട്: വാട്സ് ആപ്പിൽ വന്ന ഒരു ലേഖനം.