വിയറ്റ്നാം യുദ്ധത്തിലെ മറക്കാനാകാത്ത നിരവധി കഥകളും ചിത്രങ്ങളും നമ്മുടെ ഓര്‍മ്മയിലുണ്ടാകും. അതില്‍ എന്നും മനസ്സിനെ പിടിച്ചുകുലുക്കിയ ചിത്രമായിരുന്നു തെക്കന്‍ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തില്‍ നിന്നും നാപാം ബോംബാക്രമണത്തില്‍ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്നയായി നിലവിളിച്ച് ഓടുന്ന ഒന്‍പത് വയസ്സുള്ള പാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടി. യുദ്ധം കഴിഞ്ഞ് 46 വര്‍ഷം ആകുന്നു. ആ പെണ്‍കുട്ടി ഇന്ന് ഒരു ഭാര്യയാണ് അമ്മയാണ്..
46 വര്‍ഷങ്ങള്‍ മുന്‍പ് ഒരൊറ്റ സെക്കന്റ് മാത്രമായിരുന്നു ഹ്യൂന് കോംഗ് നിക് ഉത് എന്ന പ്രസ്സ് ഫോട്ടോഗ്രാഫര്‍ക്ക് മുന്പില് ഉണ്ടായിരുന്നു. ആ ഒരു സെക്കന്റില്‍ എടുക്കുന്ന ആ സ്നാപ് ലോക ചരിത്രത്തില്‍ തന്നെ സ്ഥാനംപിടിക്കുമെന്ന് അയാള്‍ക്ക് അന്നേ തോന്നിയിരിക്കാം. ആ ഒരൊറ്റ ചിത്രം മതി വിയറ്റ്നാം യുദ്ധം എന്തെന്ന് അറിയാന്‍. വാക്കുകള്‍ കൊണ്ട് പറയാവുന്നതില്‍ അപ്പുറമായിരുന്നു ആ ഒരു ചിത്രം നമ്മെ കൊണ്ടുപോയത്.
അന്ന് 1972 ജൂണ്‍ 8 സൈനികരുടെ വെടിയൊച്ച കിം ഫുക്ക് കേള്‍ക്കുന്നുണ്ട്്. ‘ഈ സ്ഥലത്തു നിന്നും നമ്മള് രക്ഷപ്പെടേണ്ടതുണ്ട്. അവര്‍ ഇവിടെ ബോംബിടും. നമ്മള് മരിക്കും.” ഫുക്ക് തന്റെ സഹോദരനോട് പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള് കാണുന്നത് മഞ്ഞ നിറത്തിലും പര്‍പ്പിള്‍ നിറത്തിലുമുള്ള പുക ബോംബുകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വര്ഷിക്കുന്നതാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവളും അവളുടെ കുടുംബവും അവിടെയായിരുന്നു അഭയം തേടിയിരുന്നത്. എന്നാല്‍ സൗത്ത് വിയറ്റ്നാമിലെ സൈന്യം ആ ഗ്രാമത്തെ അവരുടെ വരുതിയിലാക്കിക്കഴിഞ്ഞിരുന്നു. കുറച്ചുനിമങ്ങള്ക്കുള്ളില് തന്നെ ആ ഗ്രാമം കത്തിച്ചാമ്പലാകാന്‍ തുടങ്ങി. അലറിയുള്ള കരച്ചിലാണ് പിന്നീട് അവള് കേള്‍ക്കുന്നത്.
ആകാശത്തുനിന്നു സൈനിക വിമാനങ്ങളില്‍ നിന്നും ബോംബുകള്‍ വര്‍ഷിക്കുന്നത് അവള് കണ്ടു. ബോംബിട്ടു കഴിഞ്ഞപ്പോള്‍ ആ പ്രദേശം മുഴുവന്‍ ചുട്ടുപഴുക്കാന്‍ തുടങ്ങി. ഫൂകിന്റെ ഇടതുകൈയ്യില്‍ തീപടര്‍ന്നു. കോട്ടണ്‍ വസ്ത്രത്തിലൂടെ തന്റെ ശരീരത്തിലേക്ക് തീപടരുന്നത് അവള് കണ്ടു. മാനസിക നില തെറ്റിയതുപോലെ അവള് ഓടി. വസ്ത്രത്തെ കുറിച്ച് ഓര്‍ത്തില്ല. അത് പറിച്ചെറിഞ്ഞു. ആളുകള്‍ എന്നെ കാണും എന്നൊന്നും ഓര്‍ത്തില്ല. എന്റെ മൂത്ത ജ്യേഷ്ഠനൊപ്പം ഹൈവേയിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടി. ഉടുതുണിയില്ലാതെ ഓടുന്ന തന്റെ ചിത്രം ഒരു ഫോറിന് ജേണലിസ്റ്റ് എടുക്കുന്നതു പോലും കണ്ടില്ല.
യുദ്ധമുഖത്ത് നേരിട്ടുപോയി സാഹസികമായി ഫോട്ടോയെടുക്കുന്നതില്‍ ലോകപ്രശസ്തനാണ് നിക് ഉത്. തനിക്ക് പതിനാറുവയസ്സുമാത്രമുള്ളപ്പോള് മൂത്ത ജ്യേഷ്ഠന് ഹുയിന്‍ താന്‍ മൈ വിയത്നാം യുദ്ധത്തില്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹവും എപി ഫോട്ടോഗ്രാഫറായിരുന്നു. ആ ദുരന്തചിത്രം ക്യാമറയില്‍ പകര്‍ത്തിയ നിക് ഉത് അവളെ ആശുപത്രിയിലെത്തിച്ച ശേഷം മാത്രമേ പത്രമോഫീസിലേക്ക് കുതിച്ചുള്ളൂ. ‘അവളുടെ ഓട്ടം കണ്ടപ്പോള്‍ എനിയ്ക്ക് കരച്ചില് വന്നു. ഞാന്‍ അവളെ രക്ഷിച്ചില്ലെങ്കില്‍ ഒരു പക്ഷേ അവള് മരിക്കും. പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. തന്റെ ചിത്രം ഓഫീസില്‍ എല്ലാവരേയും കാണിച്ചു. എന്നാല്‍ കണ്ടവരെല്ലാം അത് പ്രസിദ്ധീകരിക്കുന്നതിനെ വിലക്കി. നഗ്നതയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന പുതിയ പോളിസിയുടെ ഭാഗമായിരുന്നു അത്.’
കുറേ ദിവസത്തേക്ക് പത്രങ്ങളില്‍ അത് അച്ചടിച്ചുവന്നില്ല. ഒമ്പതുകാരിയുടെ നഗ്നചിത്രം പ്രസിദ്ധീകരിക്കുന്നതുസംബന്ധിച്ച വിവാദങ്ങളാണ് തടസ്സമായത്. അമേരിക്കന്‍ ക്രൂരത മറച്ചുപിടിക്കാനുള്ള ഗൂഢാലോചനയായിരുന്നു ആ ‘ധാര്‍മിക ചര്‍ച്ച’യെന്നും ആക്ഷേപമുയര്‍ന്നിരുന്നു. അമേരിക്കന്‍ അധികൃതരാകട്ടെ ഫോട്ടോയുടെ വിശ്വാസ്യതയില്‍ സംശയം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിയറ്റ്നാമിലെ മികച്ച ഫോട്ടോ എഡിറ്ററായ ഹോഴ്സ് ഫാസ് ആ ചിത്രം കണ്ട ഉടന്‍ തന്നെ അതിന്റ വാര്‍ത്താപ്രാധാന്യം തിരിച്ചറിയുകയും ആ ഒരു ചിത്രം ചരിത്രത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ് അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്കി.
അങ്ങനെ വൈകിയാണെങ്കിലും ലോകം ആ ചിത്രം കണ്ട് ഞെട്ടിവിറച്ചു. രക്ഷപ്പെട്ടുവന്ന ആ പെണ്‍കുട്ടിയെ ക്രിസ്റ്റഫര്‍ വെയ്ന്‍ എന്ന ബ്രിട്ടിഷ് ഇന്‍ഡിപ്പന്‍ഡന്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്കറായി പിന്നീട് അവള്‍ക്ക് തുണ. അയാള്‍ അവള്‍ക്ക് വെള്ളവും ഭക്ഷണവും കൊടുത്തു. അവളുടെ മുറിവില്‍ മരുന്ന് പകര്‍ന്നുകൊടുത്തു. അവളെ അമേരിക്കന്‍ റണ്‍ ബാര്‍സ്കി യൂണിറ്റില്‍ ചേര്‍ത്തു. ‘ആദ്യമൊന്നും എനിയ്ക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ ഉണരുമ്പോള്‍ ആശുപത്രിയിലാണ് ഉള്ളത്. ശരീരമാസകലം വേദന. എന്റെ അടുത്ത് ഒരു നഴ്സ് ഉണ്ട്. കലശലായ വേദനയുമായി ഞാന്‍ എങ്ങിനെയോ എഴുന്നേറ്റിരുന്നു.’
ശരീരത്തിന്റെ മുപ്പത് ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നു. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ഒരു നഴ്സ് വന്ന് എന്നെ എടുത്ത് ബേണ്‍ ബാത്തില്‍ കിടത്തി എന്റെ മൃദുകോശങ്ങളെയെല്ലാം മാറ്റും. ഞാന്‍ അവിടെ കിടന്ന് ഉറക്കെ കരയും. അവിടെ അധികനാള്‍ തുടരാന്‍ എനിയ്ക്ക് കഴിയില്ലായിരുന്നു. രണ്ടും മൂന്നും തവണ നടത്തിയ സര്‍ജ്ജറിയിലൂടെ ആശുപത്രി വിടാന്‍ കഴിഞ്ഞു. 13 മാസങ്ങള്‍ക്ക് ശേഷമാണ് പിന്നെ ഞാന്‍ ആ ഫോട്ടോ കാണുന്നത്. ആ ഒരു ചിത്രം പുലിസ്റ്റര്‍ പുരസ്ക്കാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് നേടിക്കൊടുത്തതെന്നറിഞ്ഞു. എന്നാല്‍ അന്ന് ആ ഫോട്ടോയും അതിന്റെ ആഴവും അര്‍ത്ഥവും അന്നെനിക്ക് മനസ്സിലായില്ല. എങ്ങനെയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു അന്ന് തോന്നിയത്.
അങ്ങനെ ജീവിതം പതുക്കെ പഴയപടിയായി. ആ ഫോട്ടോ ഏറെ ഫെയ്മസ് ആയി. അങ്ങിനെ കുറച്ചുനാളുകള്‍ക്ക് ശേഷം നിക് ഉതും മറ്റു ചില ജേണലിസ്റ്റുകളും ചേര്‍ന്ന് ഇടയ്ക്കിടെ അവളെ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ സൗത്ത് വിയറ്റ്നാമിന്റെ കണ്ട്രോള് നോര്‍ത്തേണ്‍ കമ്മ്യൂണിസ്റ്റ് ഫോഴ്സുകളുടെ കൈയ്യിലായതിനുശേഷം ആ സന്ദര്‍ശനം നിന്നു. ജീവിതത്തില്‍ പിന്നേയും ഒത്തിരി വേദനകള്‍ സഹിച്ചു. വേദനസംഹാരികളും മറ്റ് മെഡിക്കല്‍ ട്രീറ്റ്മെന്റുകളും എല്ലാം ചെയ്തു. തലവേദനയും മറ്റ് അസുഖങ്ങളും നിരന്തരമായി വരാന്‍ തുടങ്ങി.
എന്നിരുന്നാലും ഒരു ഡോക്ടര്‍ ആവുക എന്ന ലക്ഷ്യം മുന്നിലുള്ളതുകൊണ്ട് കഷ്ടപ്പെട്ട പഠിച്ച് മെഡിക്കല്‍ സ്കൂളില്‍ സീറ്റ് വാങ്ങി. എന്നാല്‍ നഗ്നയായി ഓടുന്ന കുട്ടി താനാണെന്ന് തിരിച്ചറിഞ്ഞ ചിലര്‍ അവളെ ആ കോളേജില്‍ തുടരാന്‍ അനുവദിച്ചില്ല. അവള്‍ക്ക് തിരിച്ച് അവളുടെ ഗ്രാമത്തിലേക്ക് തന്നെ വരേണ്ടി വന്നു. അവിടെയും ചില ഫോറിന് ജേണലിസ്റ്റുകള്‍ വന്നു.അവര്‍ക്ക് അവള്‍ക്ക പറയാനുള്ള കഥകള്‍ കേള്‍ക്കണം അവളുടെ ഫോട്ടോ വേണം.
ആ ഫോട്ടോയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ഒരു ചിന്തമാത്രമേ പിന്നീട് എനിയ്ക്ക്ഉണ്ടായിരുന്നുള്ളു. കൂട്ടിന് ആരുമില്ലാത്ത അവസ്ഥ.സമൂഹത്തില്‍ ജീവിക്കാനുള്ള മടുപ്പ്. ആ യുദ്ധത്തില്‍ മരിച്ചുപോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്. അങ്ങിനെയിരിക്കെ ഒരു ലൈബ്രറിയിയില്‍ ചെന്നെടുത്ത ബൈബിള്‍ ആണ് തന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് പഠിപ്പിച്ചത്. അങ്ങിനെ 1982 ല്‍ ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചു. അവിടുത്തെ ഫോറിന് ജേണലിസ്റ്റിന്റെ സഹായത്തോടെ വിയറ്റ്നാമിലെ പ്രധാനമന്ത്രിയുടെ അടുത്ത് തന്റെ ആവശ്യം പറയാന്‍ കഴിഞ്ഞു.
തന്റെ കഥ കേട്ടതിനു ശേഷം ക്യൂബയില്‍ പഠിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നു. നാളുകള്‍ക്ക് ശേഷമാണ് ലോസ് ഏന്ജസിലെ എ.പിയില്‍ ജോലി ലഭിക്കുന്നത്. അതിനിടെ പരിചയപ്പെട്ട വിയറ്റ്നാമിലെ ബുയി ഹുയി ടോണ്‍ എന്ന യുവാവ് എന്നെ ഇഷ്ടമാണെന്ന് അറിയിക്കുന്നത്. അങ്ങനെ 1992 ല്‍ അവര്‍ വിവാഹിതരായി തിരിച്ച് ക്യൂബയിലേക്ക് തന്നെ ചെന്നു. തന്റെ ജീവിതകഥ ലോകം അറയണമെന്ന് കൂടുതല്‍ ആഗ്രഹിച്ചിരുന്നത് ഭര്‍ത്താവായിരുന്നു. അങ്ങനെയാണ് പത്രത്തിലൂടെയും ചാനലിലൂടെയും ഇന്റര്‍വ്യൂകള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് 1999 ല്‍ ജീവിതകഥ പറയുന്ന ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങി.
കടപ്പാട് – doolnews.