വിവരണം – Vysakh Kizheppattu.
ആഘോഷങ്ങളും യാത്രകളും ഇല്ലാതെയാണ് ഇത്തവണ ഓണം കഴിഞ്ഞത്. അങ്ങനെ ഇരിക്കെയാണ് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ ആയ സുന്ദരപാണ്ഡ്യപുരത്തെ പറ്റി വായിക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഉച്ചയോടെ സുഹൃത് ഹരിയെ വിളിച്ചു തുടർന്ന് മറ്റു രണ്ടു സുഹൃത്തുക്കളായ അശ്വിൻ വിഷ്ണു ഇവരെയും കൂട്ടി പോകാൻ തീരുമാനിച്ചു. വൈകുന്നേരത്തോടെ പാലായിലേക്ക് ആനവണ്ടി കയറി. അവിടെ നിന്ന് കാറിൽ യാത്ര ആരംഭിച്ചു. കേരളത്തെ മുക്കിയ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച റാന്നി വഴിയാണ് യാത്ര. റോഡിനും ഇരുവശവും കാണുന്ന കാഴ്ച അവിടെ ഉണ്ടായ ദുരിതം എത്രത്തോളം വലുതായിരുന്നു എന്ന് നമ്മുക് മനസിലാക്കി തരും. അച്ചൻകോവിൽ വഴി രാത്രി യാത്ര ഇല്ലാത്തതിനാൽ പുനലൂർ ചെങ്കോട്ട വഴിയാണ് തെങ്കാശി എത്തിയത്. മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങൾ ആയ കണ്ണപ്പൻ മുതലാളിയുടെയും ദാസപ്പൻ മുതലാളിയുടെയും തെങ്കാശിപ്പട്ടണം. സമയം പുലർച്ചെ അഞ്ചു മണിയടുത്തായി. തെങ്കാശി നിന്ന് ഏകദേശം 8 km ദൂരമുണ്ട് നമ്മുടെ ലക്ഷ്യ സ്ഥാനത്തേക്ക്. ഗ്രാമം ആയതിനാൽ സൗകര്യം കുറവായിരിക്കും എന്നറിയാവുന്നതിനാൽ തെങ്കാശിയിൽ തന്നെ റൂം എടുത്തു. പ്രഭാതകാര്യങ്ങൾ എല്ലാം നിർവഹിച്ചു ഏഴുമണിയോടെ അവിടെ നിന്ന് സുന്ദര ഗ്രാമത്തിലേക്ക് തിരിച്ചു.
പേര് പോലെ തന്നെ സുന്ദരമാണ് സുന്ദരപാണ്ഡ്യപുരം. കൃഷി ആണ് ഇവിടത്തെ ഉപജീവനമാര്ഗം. പോകുന്ന വഴിയിൽ റോഡിനു അരികിൽ ആയി റോജാപാറ അഥവാ അന്യൻ പാറ നമ്മുക് കാണാം. തിരിച്ചു വരുമ്പോൾ ആണ് അവിടെ കയറുന്നത് അതിനാൽ അവിടെ സമയം ചിലവഴിക്കാതെ ഇവിടത്തെ പ്രധാന ആകർഷണമായ സൂര്യകാന്തി തോട്ടങ്ങൾ തേടി യാത്ര തുടർന്നു. റോഡിനു വശത്തായി തടാകം കാണാം. കാറ്റിന്റെ ശക്തിയിൽ തിരമാല പോലെയാണ് വെള്ളം. സൂര്യകാന്തി,തെങ്,നെൽ,വാഴ പിന്നെ മുളക്,ഉള്ളി,പരിപ്പ്,കടുക്,ബീറ്റ്റൂട്ട്,ചോളം അങ്ങനെ നീളും ഇവിടത്തെ കൃഷികൾ. നീണ്ടു കിടക്കുന്ന പാടങ്ങളിൽ എല്ലാം ഇട കലർത്തിയാണ് കൃഷി. ദൂരെ കാറ്റാടിയും നമ്മുക് കാണാം. ഇവിടുത്തെ കാറ്റാണ് കാറ്റ് അങ്ങനെ അറിയാതെ പാടി പോകുന്ന തരത്തിൽ ആണ് അവിടെ കാറ്റ് വീശുന്നത്. കൃത്യമായ വഴി അറിയാത്തതിനാൽ ഒരു അമ്മയോടാണ് വഴി ചോദിച്ചത്. മലയാളികൾ ആണെന്ന് മനസിലായപ്പോൾ നമ്മുടെ നാട്ടിലെ നിലവിലെ അവസ്ഥയെപ്പറ്റി ചോദിക്കാനും അവർ മറന്നില്ല. അവരുടെ ചോദ്യത്തിലും സംസാരത്തിലും അവർ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് പ്രകടമായിരുന്നു. അല്ലെങ്കിലും മനസ്സിൽ നന്മയുള്ള ഇതുപോലെയുള്ള പച്ചയായ മനുഷ്യർക്ക് മറ്റുള്ളവർ ദുരിതത്തിൽ ആകുമ്പോൾ സന്തോഷിക്കാൻ കഴിയില്ല. ഇത് പറയാൻ കാരണം അടുത്ത ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയയിൽ കണ്ട ചില വിഡിയോകൾ ആണ്.
അമ്മ പറഞ്ഞ വഴി അനുസരിച്ചു ഗ്രാമത്തിലെ ബസ് സ്റ്റാൻഡ് വഴി മറ്റൊരു ഭാഗത്തേക്ക് കയറി. ചെറിയ റോഡുകൾ ആണ്. ഇരുവശവും പാടങ്ങൾ. ഒരു വശത്തു ഒരു ചെറിയ തോട് ഉണ്ട്. കാര്യമായി വെള്ളം ഇല്ല. കൃഷിക്കും മറ്റും ഉള്ള വെള്ളം ആണെന്ന് തോന്നുന്നു. അല്പം മുന്നോട്ടു പോയി വണ്ടി പാർക്ക് ചെയ്തു നേരെ കൃഷി തോട്ടത്തിലേക്ക് നടന്നു. ഒരു സ്ഥലംപോലും വെറുതെ കിടക്കുന്നത് കാണില്ല. എല്ലാത്തിലും ഓരോ കൃഷി ആണ്. സൂര്യകാന്തി പൂക്കളുടെ അടുത്തേക്കാണ് ആദ്യം പോയത്. ആദ്യം കണ്ട പൂക്കൾ എല്ലാം ആയുസ് കഴിയാറായവയാണ്. അതിൽ എല്ലാം വലിയ പുഴുക്കളെ കാണാൻ കഴിയും. സൂക്ഷിച്ചു നിന്നില്ലെങ്കിൽ നമ്മൾ അറിയാതെ അത് വസ്ത്രത്തിലേക്കു കയറും. ഇതിനിടയിൽ ആണ് ദൂരെ നിന്ന് ഒരു വിളി. അവിടത്തെ ജോലിക്കാരൻ ആണ്. കുറച്ചു മാറി വിരിഞ്ഞ പൂക്കൾ ഉണ്ടെന്നും ഇങ്ങോട്ടു വന്നോളൂ എന്നാണ് പറഞ്ഞതെന്നും മനസിലായി.
വിരിഞ്ഞ പൂക്കളും മൊട്ടുകളും എല്ലാം നിറഞ്ഞ പാടം. നീലാകാശത്തിനു കീഴെ പച്ച പാടങ്ങള്ക്കു നടുവിൽ മഞ്ഞവിരിച്ച സൂര്യകാന്തി. ഒന്നൊന്നര ഭംഗി തന്നെയാണ്. വെറുതെയല്ല സിനിമാക്കാരുടെ പ്രിയ ലൊക്കേഷൻ ആയി ഇത് മാറിയത്. ജന്റിൽമാൻ,മുതൽവൻ,അന്യൻ അങ്ങനെ നിരവധി ചിത്രങ്ങൾ ആണ് ഇവിടെ നിന്ന് ചെയ്തിട്ടുള്ളത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ആണ് പൂക്കളുടെ സമയം. ഇനി ഒരു 10 ദിവസം കൂടി മാത്രമേ ഈ കാഴ്ചകൾ ഉണ്ടാകൂ. നടത്തത്തിനിടയിൽ ആണ് ഉള്ളി വിളവെടുപ്പ് കണ്ടത്. എല്ലാം പറിച്ചെടുത്തു ചാക്കിൽ കയറ്റുന്ന തിരക്കിൽ ആണ് തൊഴിലാളികൾ. കൂട്ടത്തിൽ നിന്ന് തെന്നിമാറി കാഴ്ചകൾ കണ്ടു നടന്നതിനാൽ വണ്ടി നിർത്തിയ സ്ഥലത്തു നിന്ന് കുറച്ചകലെയാണ് ഞാൻ എത്തിയത്. പിന്നെ അവിടെ ഉള്ള ഒരു ചേട്ടൻ ബൈക്കിൽ ലിഫ്റ്റ് തന്നതിനാൽ അധികം നടക്കാതെ വണ്ടിയുടെ അടുത്തെത്താൻ സാധിച്ചു. നല്ല പെരുമാറ്റവും സ്നേഹവും ഉള്ള നാട്ടുകാർ. വെയിലിന്റെ കാഠിന്യം കൂടി വരുകയാണ് . ഇടക്കുള്ള കാറ്റ് മാത്രമാണ് ആശ്വാസം.
പതിയെ അവിടെ നിന്ന് അന്യൻ പാറ ലക്ഷ്യമാക്കി നീങ്ങി. അന്യൻ സിനിമയിലെ ഗാനരംഗം ചിത്രീകരിച്ചത് ഇവിടെ ആയിരുന്നു. അതിനുവേണ്ടി റോഡിലും പാറകളിലും എല്ലാം വിവിധ വർണങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു. റോജ സിനിമയിലൂടെ ആണ് ഈ സ്ഥലം ആദ്യമായി ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. അന്യനു വേണ്ടി വരച്ച രജനി കമൽഹാസൻ MGR ശിവാജി തുടങ്ങിയവരുടെ ചിത്രങ്ങൾ ഇന്നും പാറയിൽ കാണാൻ കഴിയും. പാറയിൽ നിന്ന് നോക്കിയാൽ ദൂരെ മലനിരകളും കണ്ണെത്താ ദൂരത്തു നെൽവയലുകളും ആണ് കാണുക. കാറ്റിന്റെ ശക്തിയാൽ ചൂട് അറിയുകയേ ഇല്ല. സന്ധ്യ സമയം ആണെകിൽ ഒരു വല്ലാത്ത അനുഭവം തന്നെയാകും അന്യൻ പാറ സഞ്ചാരികൾക്കു നൽകുക. കാലത്തു ഒന്നും കഴിക്കാതെ ആണ് കാഴ്ചകൾ കാണാൻ ഇറങ്ങിയത് അതിനാൽ വിശപ്പു എല്ലാവര്ക്കും നല്ലപോലെ ഉണ്ട്. ഭക്ഷണം തേടിയാണ് പിന്നീട് പോയത്. പക്ഷെ കാര്യമായ ഹോട്ടലുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് തെങ്കാശി സ്റ്റാന്റിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ശാപ്പാട് അടിച്ചു. തെറ്റില്ലാത്ത ഭക്ഷണം ആയിരുന്നു.
ഇനി വെള്ളച്ചാട്ടങ്ങളുടെ പ്രധാന സ്ഥലമായ കുറ്റാലത്തേക്കാണ് യാത്ര. പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടങ്ങൾ ആണ് ഇവിടത്തെ പ്രധാന ആകർഷണം. തെക്കിന്റെ ആരോഗ്യ സ്നാനഗൄഹം എന്നും കുറ്റാലം അറിയപ്പെടാറുണ്ട്. ഔഷധ സസ്യങ്ങളാൽ സമ്പന്നമായ പൊതിഗൈ മലകളിൽ നിന്ന് വരുന്ന ഈ ജലത്തിനു ഔഷധ ഗുണമുണ്ട്. അതിനാൽ കുറ്റാലത്തെ ഏതു വെള്ളച്ചാട്ടത്തിൽ കുളിച്ചാലും, മറ്റെങ്ങും ലഭിക്കാത്ത സൗഖ്യം ലഭിക്കുമെന്നാണ് ജനം വിശ്വസിക്കുന്നത്. പേരരുവി,ചിറ്റരുവി,ചമ്പാദേവി,തേനരുവി,പഴയ കുറ്റാലം അരുവി,ഐന്തരുവി ഇവയൊക്കെയാണ് പ്രധാന വെള്ളച്ചാട്ടങ്ങൾ. ഇതിൽ ഐന്തരുവി വെള്ളച്ചാട്ടത്തിലേക്കാണ് ആദ്യം പോയത്. ഇവിടെ വെള്ളച്ചാട്ടം അഞ്ചായിപ്പിരിഞ്ഞു വീഴുന്ന മനോഹര കാഴ്ച ആസ്വദിക്കാം. വെള്ളം നന്നേ കുറവാണു പക്ഷെ തിരക്കിന് യാതൊരു കുറവുമില്ല. സമയക്കുറവു മൂലവും വെള്ളം നന്നേ കുറവായതിനാലും മറ്റുള്ളവ കാണാൻ നിന്നില്ല. കാരണം അച്ചൻകോവിൽ വഴി തീരിച്ചുപോകാനാണ് ഉദ്ദേശ്യം. നേരം വൈകിയാൽ അതുവഴി ഉള്ള യാത്ര തടസമാകും കൂടാതെ അതുവഴി പോകുമ്പോൾ ഉള്ള മണലാർ വെള്ളച്ചാട്ടവും കാണാൻ സാധിക്കാതെ വരും.
അതിനാൽ അതികം സമയം കളയാതെ അച്ചന്കോവിൽ റൂട്ടിലേക്കു കയറി. ഏകദേശം 30 km ദൂരത്തിനടുത്തുണ്ട് അങ്ങോട്ടേക്ക്. റോഡിൽ നിന്നും 600 മീറ്റർ ദൂരം കാട്ടിലൂടെ നടക്കണം. ഒരാൾക്ക് 25 രൂപയാണ് പ്രവേശനഫീസ്. വാഹന പാർക്കിങ്ങിന് 30 രൂപയും. ഉള്ളിലൂടെ നടക്കുന്ന വഴിയിൽ ആനപ്പിണ്ടം ധാരാളമായി കാണാം. ആനകളുടെ പ്രധാന കേന്ദ്രമാണ് അച്ചൻകോവിൽ കാട്. അതിനാൽ വൈകിയുള്ള യാത്ര ഈ വഴി എളുപ്പമല്ല. ഇവിടെയും കാര്യമായി വെള്ളം ഇല്ല. അപകടം ഒട്ടും ഇല്ലാത്ത വെള്ളച്ചാട്ടമാണ്.അതിനാൽ എല്ലാവര്ക്കും നല്ലപോലെ ആസ്വദിക്കാൻ കഴിയും. കാട് കടക്കേണ്ടതിനാൽ അതികം അവിടെ ചിലവഴിക്കാൻ നിന്നില്ല.
അവിടെ നിന്ന് അല്പം ദൂരം സഞ്ചരിച്ചാൽ അച്ചൻകോവിൽ ക്ഷേത്രം എത്തും. പിന്നീട് അങ്ങോട്ടുള്ള വഴി അപകടം ആണ്. പ്രധാനമായും റോഡിനു വീതി കുറവാണ്. ഒരു വശം പുഴ ഒരു വശം കാട്. കൂടാതെ വളരെ മോശമായ റോഡുകളും. മൊത്തത്തിൽ ഒരു ദുർഘടം നിറഞ്ഞ യാത്ര കൂടാതെ റോഡുകളിൽ കാണുന്ന ആനപ്പിണ്ടം ഭയം ഒന്നുകൂടെ വർധിപ്പിക്കും. ഉറക്കത്തിൽ ആയ എല്ലാവരുടെയും ഉറക്കം കളഞ്ഞ യാത്ര. അധികം സമയം പഴക്കമില്ലാത്ത ആനപിണ്ടങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾ പിന്നീടുള്ള നോട്ടം ആനയെ തേടിയായി. ആദ്യമായാണ് ഈ വഴി എല്ലാവരും യാത്ര ചെയ്യുന്നത് അതിനാൽ പിന്നിടേണ്ട ദൂരത്തെപ്പറ്റി വ്യക്തമായ ദാരണ ഇല്ലായിരുന്നു. എതിര്ഭാഗത്തു നിന്ന് വാഹനങ്ങൾ വരാത്തതിനാൽ ചോദിക്കാനും നിർവാഹമില്ലാതെ അവസ്ഥ. മോശം റോഡുകൾ ആയതിനാൽ വേഗതക്കും പരിമിതിയുണ്ട്. വിഷ്ണുവിന്റെ ഡ്രൈവിങ് ഈ യാത്രയിൽ എടുത്തുപറയേണ്ട ഒന്നാണ്. അല്പം പേടിപ്പിച്ചെങ്കിലും ഒരു അടിപൊളി സാഹസികത നിറഞ്ഞ യാത്രയാണ് ഈ കാനന പാത നൽകിയത്. കോന്നി റാന്നി വഴി തിരിച്ചു യാത്ര ചെയ്യുമ്പോൾ അരികിലൂടെ ഒന്നും അറിയാത്ത പോലെ പുഴ ഒഴുകിയിരുന്നു. പഴയതിലും മോശമായ അവസ്ഥയിൽ എന്ന് തോന്നിപ്പിക്കും വിധം…