കബനി കാവേരി സംഗമ ഭൂവായ ടി നരസിപ്പുരയിലെ ഗുഞ്ച നരസിംഹ ക്ഷേത്രദർശനം കഴിഞ്ഞാണ് തലക്കാടേക്ക് പുറപ്പെടുന്നത്. മണലിൽ പൂണ്ട ആ നാടിനെക്കുറിച്ച് ഭാവനയിൽ പല ചിത്രങ്ങളും ഞാൻ മെനഞ്ഞെടുത്തിട്ടുണ്ടായിരുന്നു . അവിടെക്കുള്ള യാത്ര കന്നട നാടിന്റെ ഗ്രാമീണ ജീവിത രീതികളെക്കുറിച്ച് കൂടുതലറിയാൻ ഇടയാക്കി. റോഡിനിരുവശവും വിശാലമായ വയലേലകൾ.വിളവെടുപ്പു കഴിഞ്ഞ് അടുത്ത കൃഷിയിറപ്പിന്റെ പ്രാരംഭഘട്ടമായ ഞാറ് നടീലിലാണ് കർഷകർ. വഴിയിൽ കാലഘട്ടങ്ങളെ പിന്നിലാക്കി നീങ്ങുന്ന കാളവണ്ടികൾ . ആ വയലേലകൾ കണ്ടാൽ നമ്മുടെ കേരളത്തിലെ പഴകാല നാട്ടിൻപുറങ്ങളിലേവിടെയോ എത്തി ചേർന്ന പ്രതീതി .. വെയിൽ ചൂടിന്റ പാരമ്യത്തിലും മണ്ണിൽ പൊന്നുവിളയിക്കാൻ ഒരുങ്ങുന്ന കർഷകർ…
ആ യാത്രയ്ക്കിടെ ജലസംരക്ഷണത്തിന് കന്നടക്കാർ നൽകുന്ന പ്രാധാന്യം അടുത്തറിയാനും സാധിച്ചു .മലകളുടെ താഴ് വാരങ്ങളിൽ ജലസംഭരണികൾ തീർത്തും , അവിടെനിന്നും ചാലുകൾ വഴി ജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കിവിടുന്നു. പഴയകാലത്ത് കല്ലുകൾ അടുക്കി ചാണകം മെഴുകി തീർത്ത സംഭരണികളും കാണാം .. കൃഷിയും കന്നുകാലി വളർത്തലും മൊക്കെയാണ് ഇവിടങ്ങളിലെ പ്രധാന ഉപജീവന മാർഗ്ഗങ്ങൾ …
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഹരിത കമ്പളം പുതച്ച വയലേലകൾ , ദൂരേ സൂര്യ വെളിച്ചമേറ്റ് തെളിഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ കുന്നുകൾ ….. യാത്രയ്ക്കിടെ ഒരുപറ്റം ചെമ്മരിയാടുകൾ വഴിയിൽ വിലങ്ങു തീർത്തു. സിനിമാഗാനം രംഗങ്ങളിൽ പോലെ … എന്തോ നായകൻ സീറ്റിൽ ഒറ്റയിരിപ്പ് ആയതിനാൽ നായികയ്ക്ക് പുറത്തിറങ്ങി ആടാനോ പാടാനോ സാധിച്ചില്ല …
ഗ്രാമീണ ഹൃദയങ്ങളിലൂടെയുള്ള ഒരു മണിക്കൂർ നീണ്ട ആ യാത്ര അവസാനിച്ചത് തലക്കാട് എന്ന ചെറു പട്ടണത്തിലാണ് .പ്രസിദ്ധമായ വൈദ്യനാഥേശ്വര ക്ഷേത്രത്തിനടുത്ത് കാർ പാർക്ക് ചെയ്തു. സമീപത്ത് ധാരാളം പടവുകൾ ഉള്ള വലിയൊരു കുളം , കുളത്തിലേക്ക് പ്രവേശിക്കാനുള്ള ഇരുമ്പ് ഗേറ്റ് അടഞ്ഞുകിടക്കുന്നു .
മണലെടുത്ത നാടാണ് തലക്കാട്.AD 17 ആം നൂറ്റാണ്ടിൽ അജ്ഞാതമായ കാരണങ്ങളാൽ ഈ നാട് മുഴുവൻ മണലിൽ മൂടുപ്പെടുകയായിരുന്നു . ഇന്നിവിടെ നാം കാണുന്ന ക്ഷേത്രങ്ങൾ കാലങ്ങളോളം മണലിൽ തപം ചെയ്തു ശാപ മോക്ഷം നേടിയതാണ് . അതിലൊന്നാണ് വൈദ്യനാഥ സങ്കല്പമുള്ള വൈദ്യനാഥേശ്വര ക്ഷേത്രം . പൗരാണികത വിളിച്ചോതുന്ന ക്ഷേത്ര സമുച്ചയം , കരിങ്കൽ പതിച്ച ക്ഷേത്രാങ്കണം , ശ്രീകോവിലിലേക്ക് കടക്കുമ്പോൾ ഇരു വശവും രണ്ടു ദ്വാരപാലകന്മാരുടെ ശിലാപ്രതിമകൾ . ദ്രാവിഡ ശൈലിയിൽ ചോളരാജാക്കന്മാരുടെ ഭരണ കാലത്ത് പണിത ക്ഷേത്രത്തിൽ ഉപദേവതാ സങ്കൽപങ്ങളും ഉണ്ട് .
ദർശനം കഴിഞ്ഞ് കമനീയങ്ങളായ തൂണുകൾ ഉള്ള ക്ഷേത്ര മുറ്റത്തെ കരിങ്കൽ മണ്ഡപത്തിൽ അൽപ സമയം ചെലവിട്ടതിനു ശേഷം ,ക്ഷേത്രത്തിനു മുന്നിലേ വീഥിയിലൂടെ നടന്ന് പടികൾ കയറി മുകളിലെത്തി,യുക്കാലി മരങ്ങൾ ഇടതൂർന്ന് വളർന്നുനിൽക്കുന്ന ഷീറ്റു മേഞ്ഞ നീളൻ പാതയിലൂടെ നടന്നു .
പൂർണ്ണമായും മണൽ നിറഞ്ഞ വഴികൾ. ചെരിപ്പും കാലുമൊക്കെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു . ചെരുപ്പഴിച്ച് നടക്കാമെന്ന് വച്ചാൽ പലപ്പോഴായി ഇതുവഴി കടന്നുപോയവർ വലിച്ചെറിഞ്ഞ ആഹാരസാധനങ്ങൾ പൊതിയാനും കഴിക്കാനുമപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളുടെ അവശിഷ്ടങ്ങൾ പൊടിഞ്ഞു സൂചിമുന പോലെ മണ്ണിൽ തുളഞ്ഞു കിടക്കുന്നു.കടന്നു പോയ വഴികളിലെല്ലാം പ്രകൃതിയെ മലിനമാക്കുന്ന മനുഷ്യന്റെ ഈ പ്രവണതയ്ക്ക് എന്നാണൊരവസാനം .. ?
കുറുക്കുവഴികൾ തേടാനുള്ള മനുഷ്യരുടെ ബാക്കിപത്രമെന്നോണം ഇടയിൽ കാലടികൾ കടന്നു പോയ എളുപ്പ വഴികളും കണ്ടു. ” തേടിയ വള്ളി കാലിൽ ചുറ്റി പോലെ ഞാനുമാവഴിയേ… നീങ്ങി. നോക്കെത്താദൂരത്തോളം ചുട്ടുപൊള്ളുന്ന മണൽപരപ്പിനിടയിൽ തഴച്ചു നിൽക്കുന്ന കുറ്റിച്ചെടികൾക്കും ,യൂക്കാലി മരങ്ങൾക്കും ചൂടിന് ആശ്വാസം പകരാൻ കഴിഞ്ഞില്ല.അവശയായി ഒരിടത്ത് എത്തുമ്പോൾ മലമുകളിൽ നിന്നു താഴേക്കു നോക്കുന്ന പ്രതീതിയിൽ താഴെ ഒരു മനോഹരമായ ക്ഷേത്രം. അത് കീർത്തി നാരായണ സ്വാമി ക്ഷേത്രം.. മണലിൽ നിന്നും പിൽക്കാലത്ത് പുറത്തെടുത്ത ക്ഷേത്രം . നാം നിൽക്കുന്ന ഭാഗത്ത് നിന്നും താഴേയുള്ള ആ ക്ഷേത്രം നോക്കിയാൽ എത്ര ആഴത്തിൽ നിന്നാണ് അവ കുഴിച്ചെടുത്ത് എന്നത് നമ്മെ ആശ്ചര്യപ്പെടുത്തും . ഇനിയുമുണ്ട് മണ്ണിൽ തപം ചെയ്തു ശാപമോക്ഷം കാത്ത് കിടക്കുന്ന അനേകം ക്ഷേത്രങ്ങൾ .
മണൽപരപ്പിലൂടെ പിന്നെയും, ഏറെ ദൂരം നടന്നു.ഈ വഴിയേ നടന്നാൽ തലക്കാടിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകും .അധികം അകലെയല്ലാതെ രണ്ടു ക്ഷേത്രങ്ങൾ വേറെയും കണ്ടു . അപ്പോഴേക്കും ഒരു പറ്റം വാനരപ്പട നമുക്ക് പിറകെ.അവ വിടാതെ പിറകെ കൂടിയതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഞങ്ങൾ താഴെ എത്തി.
മുകളിൽ നിന്നു കണ്ട കീർത്തി നാരായണ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും രണ്ടു വാട്ടർ ബോട്ടിലും കാലി . ഒരു ഇളനീർ കുടിച്ച് ദാഹവും, ക്ഷീണവുമകറ്റി ക്ഷേത്രത്തിലെത്തുമ്പോൾ നട അടച്ചിരുന്നു ,എങ്കിലും പുറമെ നിന്നു കാഴ്ച്ചകൾ കണ്ടു മടങ്ങി . മനോഹരമായ കൊത്തു വേലകളുള്ള ഈ ക്ഷേത്രം വിസ്മയാവഹമായ കലാപാരമ്പര്യം വിളിച്ചോതുന്ന ഉണ്ടായിരുന്നു. ചോളൻമാരെ പരാജയപ്പെടുത്തിയതിന്റെ സ്മരണാർത്ഥം ഹൊയ്സാല രാജാവായ വിഷ്ണുവർധൻ പണികഴിപ്പിച്ചതാണീ ക്ഷേത്രം .മഹാവിഷ്ണുവിന്റെ വലിയ പ്രതിഷ്ഠയാണ് ഇവിടത്തെ പ്രത്യേകത.
ഗംഗ രാജാക്കന്മാരുടെ കീഴിലായിരുന്നു തലക്കാട് ചോളരാജാവായ രാജ രാജ രാജ ചോളൻ കൈവശപ്പെടുത്തി രാജ രാജപുരം എന്ന നാമകരണവും നൽകി .പിന്നീട് വിജയനഗര രാജാക്കൻമാരും ഹോയ്സാല രാജാക്കന്മാരും വഡയാർ രാജവംശവുമൊക്കെ തലക്കാടിന്റെ ഭരണചക്രം തിരിച്ചു. മനോഹരമായ ഭൂപ്രകൃതിയുള്ള തലക്കാടിൽ ഓരോ രാജവംശങ്ങളും അവരുടേതായ അടയാളപ്പെടുത്തലുകൾ നടത്തി അങ്ങനെയാണ് ഇവിടെ മുപ്പതോളം ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്.
തലക്കാടിനെ ചുറ്റിപ്പറ്റി ധാരാളം മിത്തുകളും പ്രചരിക്കുന്നു .ഇന്നും തലക്കാട് മണൽക്കാടയതിന് പിന്നിലെ അജ്ഞാത കാരണങ്ങൾ ശാസ്ത്രം തേടിക്കൊണ്ടിരിക്കുകയാണ്. തലമുറകളിലൂടെ വാമൊഴിയായി ഹൃത്തിലേക്കു പകർന്ന മിത്തുകളെ അവഗണിക്കാനും കഴിയില്ല.കാവേരി നദിയുടെ ഗതി മാറിയുള്ള ഒഴുക്കോ വലിയ ഒരു പ്രകൃതി ദുരന്തമോ ആകാം തലക്കാടിനെ മണലെടുത്തതിനു പിന്നിൽ എന്നാണ് ശാസ്ത്രം അനുമാനിക്കുന്നതെങ്കിൽ ജനതയുടെ വിശ്വാസപ്രമാണങ്ങളിൽ ചരിത്രം ഇങ്ങനെയാണ് .
വിജയനഗര രാജഭരണത്തിൻ കീഴിൽ മൈസൂരിലെ ശ്രീരംഗപട്ടണം ഭരിച്ചത് രംഗനായിക്കായിരുന്നു. ഒരിക്കൽ അദ്ദേഹം കഠിനരോഗബാധിതനായപ്പോൾ പത്നിയായ അലമേലു അമ്മയ്ക്കൊപ്പം തലക്കാടെ വൈദ്യനാഥ ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ കഴിഞ്ഞു. അവിടെവച്ച് അദ്ദേഹം മൃത്യുവിനെ പ്രാപിക്കുകയും ചെയ്തു.തുടർന്ന് ശ്രീരംഗപട്ടണത്തിന്റെ ഭരണം വഡായാർ രാജാക്കന്മാരുടെ കൈകളിലെത്തി .ഭർതൃവിയോഗത്താൽ ദു:ഖിതയായ അലമേലു അമ്മ ശിഷ്ടജീവിതം തലക്കാടെ മാലങ്കിയിൽ കഴിച്ചുകൂട്ടി.
രംഗനാഥ സ്വാമി ക്ഷേത്രത്തിലെ രംഗ നായികയായ ദേവിക്കു ചാർത്തുന്ന ആഭരണങ്ങൾ അലമേലു അമ്മയുടെ തായിരുന്നു. ആഭരണങ്ങൾ തിരിച്ചെടുക്കാൻ മൈസൂർ രാജാവ് ആളെ അയച്ചു, തന്നില്ലെങ്കിൽ ബലമായി പിടിച്ചെടുക്കണമെന്ന ആജ്ഞയും നൽകി . അലമേലു അമ്മ രത്നങ്ങൾ പതിച്ച മൂക്കുത്തി മാത്രം നൽകുകയും ബാക്കിയുള്ള ആഭരണങ്ങൾ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞ് ” തലക്കാട് മണൽക്കാട് ആയിത്തീരട്ടെ… മാലങ്കി ചുഴിയായ് മാറട്ടെ …. മൈസൂർ രാജാക്കന്മാർക്ക് മക്കളില്ലാതെ പോകട്ടെ … ” എന്നിങ്ങനെ ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ട് കാവേരി നദിയിലേക്കു ചാടി ദേഹ ത്യാഗം ചെയ്തു. തുടർന്ന് മൂന്ന് ദിവസം തുടർച്ചയായി അവിടെ മണൽ മഴ പെയ്തു എന്നും പറയപ്പെടുന്നു. ദൈവഭക്തയായ ആ അമ്മയുടെ ശാപം ഇന്നും തുടരുന്നതായി നമുക്കു കാണാം .
മൈസൂർ കൊട്ടാരത്തിലും ദസറ ആഘോഷ സമയങ്ങളിലുമൊക്കെ പശ്ചാത്താപമെന്നോണം സർവാഭരണ വിഭൂഷിതയായ അലമേലു അമ്മയുടെ പ്രതിമ ആദരിക്കുന്നു .തലക്കാടെ വൈദ്യനാഥേശ്വര ക്ഷേത്രത്തിലും അലമേലു അമ്മയുടെ പ്രതിഷ്ഠ കാണാം .
തലക്കാട് എന്ന സ്ഥലനാമം ഉണ്ടായത് തല, കാട എന്നീ രണ്ടു കാട്ടാള സഹോദരൻമാരുടെ പേരിൽ നിന്നാണ് . ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോമദത്തൻ എന്ന സന്യാസി ആനയായി പുനർജനിക്കുകയും ദിനവും ഒരു വൃക്ഷത്തെ ശിവനായി കണ്ട് അഭിഷേകവും ചെയ്യുകയും ചെയ്തു. തല എന്നും കാട എന്നും പേരുള്ള ഇരട്ട സഹോദരമാർ ഇതു കാണുകയും മഴു ഉപയോഗിച്ച് മരം വെട്ടിമാറ്റാൻ ശ്രമിക്കുകയും ചെയ്തു .മരത്തിൽ നിന്നും രക്തം ഒഴുകുന്നതു കണ്ട അവർ ഭയത്തോടെ ഇലകളും ഫലങ്ങളും വച്ച് വിടവ് അടയ്ക്കുകയും ,സന്യാസിയായി സോമദത്തൻ അവർക്കു മുന്നിൽ പ്രത്യക്ഷനാകുകയും ചെയ്തു . തുടർന്ന് അവരെല്ലാം മോക്ഷം പദം പ്രാപിക്കുകയും ചെയ്തു .ഇവിടെയാണ് പ്രശസ്തമായ വൈദ്യനാശ്വരക്ഷേത്രം പിൽക്കാലത്ത് പണിതത്.
പഞ്ച ലിംഗ ദർശനത്തിന് പേരു കെട്ട സ്ഥലമാണ് തലക്കാട് .12 വർഷത്തിൽ ഒരിക്കലാണ് അതു നടക്കുന്നത്.
വൈദ്യനാഥ ക്ഷേത്രം, മുരുളേശ്വര ക്ഷേത്രം, അർക്കേശ്വര ക്ഷേത്രം, പാതാളേശ്വര ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം എന്നിവയാണ് ആ പഞ്ചലിംഗ ക്ഷേത്രങ്ങൾ . മുരുളേശ്വരവും ,മല്ലികാർജ്ജുന ക്ഷേത്രവും വൈദ്യനാഥ ക്ഷേത്രത്തിനടുത്താണ്. പാതാളേശ്വര ക്ഷേത്രത്തെ ശിവലിംഗത്തിന് രാവിലെയും (ചുവപ്പ് ) ഉച്ചയ്ക്കും ( കറുപ്പ് ) രാത്രിയിലും (വെളുപ്പ്) നിറം മാറ്റം സംഭവിക്കുന്നു .
മണലിലൂടെ വെയിലേറ്റ് ഏറേ ദൂരം നടത്തിന്റെ ശാരീരിക അസ്വസ്ഥകൾ കുഞ്ഞുങ്ങൾക്ക് തുടങ്ങിയതിനാൽ മറ്റു ക്ഷേത്രങ്ങളിലേക്ക് പോകാതെ തലക്കാടിലെ ഇടുങ്ങിയ വീഥിയിലൂടെ കാവേരി തീരത്തേക്ക് ഞങ്ങൾ നിങ്ങി .വാഹനം പാർക്ക് ചെയ്ത് (30 രൂപ) തീരത്തേക്ക് നടന്നു . മുന്നിൽ വലിയ കവാടം , നീണ്ടുകിടക്കുന്ന ടാർ റോഡ് , ഇരുവശവും യൂക്കാലി മരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും നീങ്ങുന്ന സഞ്ചാരികൾ . സ്നാന വസ്ത്രങ്ങളും , ബോളുകളുമൊക്കെ വഴിയരികിലെ കടകളിൽ നിന്നും വാങ്ങിയാണ് നദീതീരത്തേക്ക് പലരും പോകുന്നത്. ക്ഷേത്ര പരിസരത്തു നിന്നും ഇവിടേയ്ക്ക് ഒരു എളുപ്പപാതയുമുണ്ട്.
തീരത്തോടു ചേർന്നുള്ള വീഥിയുടെ ഇരുവശവും തട്ടുകടക്കാർ കയ്യടയിരിക്കുന്നു .നദിയിൽ ഉല്ലസിച്ചവർ , ചൂടു പലഹാരവും ചായയും കുടിച്ച് തണുപ്പകറ്റിയിട്ടേ മടങ്ങൂ .ഷീറ്റ് വലിച്ച് കെട്ടി മൂന്നു നാലു ഹോട്ടലുകളുമുണ്ടിവിടെ … നദീ തീരത്തെത്തുമ്പോ അവിടെ ഉത്സവാന്തരീക്ഷം. മുതിർന്നവരും കുട്ടികളും അടക്കം ആർപ്പുവിളികളുമായി കളികളിൽ ഏർപ്പെടുന്നു . കാൽ മുട്ടു വരെയെ നദിയിൽ വെള്ളമുള്ളൂ .നദിയിലുടെ നടന്നും മറുകരയെത്താം .നീന്തൽ അറിയാത്തവർക്ക് പോലും ഇവിടെ നദിയിലിറങ്ങി ഉല്ലസിക്കാം .
ഓളപ്പരപ്പിലൂടെ ബോളുകൾ പല കൈകളിലേക്ക് മറയുന്നു .മറുവശത്ത് ചിലർ കൂട്ടുകാരുടെ ദേഹത്ത് വെള്ളം തെറിപ്പിച്ച് ആനന്ദിനിർവൃതിയടയുന്നു. നദിയുടെ മധ്യഭാഗം വരെ ഞങ്ങളും നടന്നു. കുഞ്ഞുങ്ങൾ പൂർവ്വാധികം ഉന്മേഷത്തിൽ നദിയിലിറങ്ങി കളികളിൽ മുഴുകി .അല്ലെങ്കിലും പ്രകൃതിയെന്ന മഹാ വൈദ്യന്റ സാമീപ്യം മാത്രം മതിയല്ലോ ഒരു വിധപ്പെട്ട അസുഖങ്ങളൊക്കെ അകലാൻ. അതു കൊണ്ടു തന്നെ അല്ലേ വീണ്ടും വീണ്ടും നാം സാമീപ്യം കൊതിക്കുന്നതും.
കൊട്ടത്തോണി യാത്രയാണ് ഇവിടെത്തെ മറ്റൊരു പ്രധാന ആകർഷണം .നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കൊട്ടത്തോണി കാണുവാൻ ഇത്ര ചന്തമെങ്കിൽ ,അതിൽ കയറിയുള്ള യാത്ര എങ്ങനെയിരിക്കും…? ഏറെക്കാലമായി കൊണ്ടുനടന്ന ആ ആഗ്രഹം സാഫലമാക്കി കൊണ്ട് കൊട്ട തോണിയിൽ കയറി നദിയിലൂടെ ചെറു സവാരിയും നടത്തി . സ്ഫടികം പോലുള്ള തെളിഞ്ഞ ജല ത്തിൽ നദിയുടെ അടിത്തട്ട് വ്യക്തമായി കാണാം . നദിയിലൂടെ നീന്തി തുടിക്കുന്ന മത്സ്യങ്ങൾ , കുളിരുമായെത്തുന്ന ഇളം കാറ്റ്, തീരത്തെ ആരവം , നീലാകാശത്തിൽ തെളിയിച്ചു വച്ച ദീപ നാളം പോലെ സൂര്യൻ ,ഒളപ്പരപ്പിലൂടെ ആടിയും ഉലഞ്ഞും നീങ്ങുന്ന കൊടത്തോണിയിലിരുന്നുള്ള ഉള്ള ആ യാത്ര ഓർമ്മചെപ്പിൽ സൂക്ഷിക്കാൻ നല്ല അനുഭവമായായിരുന്നു.
പിന്നെയും നദിയിലിറങ്ങി ഏറെ നേരം സല്ലപിച്ച് തട്ടുകടയിൽ നിന്ന് ചൂടു ചായയും പലഹാരവും കഴിച്ച് തണുപ്പകറ്റി മനസ്സില്ലാ മനസ്സോടെ മടക്കയാത്ര പറയുമ്പോൾ ഒരു പകൽ മുഴുവൻ ഈ തീരത്ത് ചെലവഴിക്കാൻ ഇനിയും വരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു…. അപ്പോഴും സായാഹ്ന സൂര്യൻ ചാർത്തിയ പൊൻ പട്ടു ചേല ഞൊറിയുന്ന തിരക്കിലായിരുന്നു കവേരി നദി …..
വിവരണം – ശുഭ ചെറിയത്ത്.