ഗുവാഹത്തി, ഷില്ലോങ്, മേഘാലയ, ചിറാപുഞ്ചി എന്നിവിടങ്ങളിലേയ്ക്ക് നടത്തിയ യാത്രയിലെ ചില പ്രസക്ത ഭാഗങ്ങൾ, അവിടേയ്ക്കു പോകുന്നവർക് ഉപകാരപ്പെടുമെങ്കിൽ സന്തോഷം. 4 ദിവസം താമസം, അഞ്ചാമത്തെ ദിവസം മടക്കയാത്ര ഇതാണ് പ്ലാൻ. ല്ഗഗേജ് ഒഴിവാക്കി കൈവശം വെയ്ക്കാവുന്ന ബാഗിൽ അത്യാവശ്യം വസ്ത്രങ്ങൾ, കാമറ, ചാർജർ, ബാറ്ററി, ചില മരുന്ന്കൾ എന്നിവ മാത്രമായി കൊച്ചി വിമാനത്താവളത്തിലെത്തി. വെബ് ചെക്ക് ഇൻ ചെയ്തതിലൂടെ നേരെ സെക്യൂരിറ്റി ചെക്ക്, അത് വാഴ്ത്തി ഗേറ്റിലേയ്ക്കും കയറാനുമായി.
ജാക്കറ്റ് and ക്യാപ് ധരിച്ചാൽ അതിന്റെ സ്ഥലം, ഭാരം എന്നിവ ബാഗിൽ കുറഞ്ഞു കിട്ടും എന്നതിനാൽ അങ്ങിനെ ചെയ്തു. കൊച്ചിയിൽ നിന്ന് നേരെ ബാംഗ്ലൂരിലേക്ക് ഏകദേശം ഒന്നര മണിക്കൂർ യാത്ര, തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ താമസം കൂടാതെ ഉച്ചയോടു കൂടെ അവിടെ എത്തി. Feb 21 ആണ് തിയതി, ചൂട് തുടങ്ങുന്നതേ ഒള്ളു. നല്ലൊരു ഇറ്റാലിയൻ ഭക്ഷണശാല അവിടെയുണ്ട് ആവശ്യമെങ്കിൽ കഴിക്കാം (domestic departure). ബാംഗ്ലൂരിൽ നിന്ന് ഗുവാഹതിയിലേയ്ക്ക് ഏകദേശം 3 മണിക്കൂർ യാത്ര, കൊൽക്കത്ത താഴെ മറയുന്നതും, ഇടയ്ക് ബംഗ്ലാദേശിന്റെ പരിധിയിലൂടെയും തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ 15 മിനിറ്റ് നേരത്തെ എത്തും എന്ന് അന്നൗൺസ്മെന്റ് വന്നു. എന്നാൽ ഏകദേശം 5.30 ആയപ്പോ തന്നെ സൂര്യൻ മറയുന്നത് കാണാം. 12.45 ആയപ്പോ തുടങ്ങിയ യാത്ര 6.15 ആയപ്പോ ഗുവാഹത്തിയിൽ അവസാനിച്ചു.
ഈ യാത്രയിൽ മലപ്പുറത്തു ജോലി ചെയ്യുന്ന സുഹാനെ കണ്ടു, ഗുവാഹത്തിയിൽ നിന്നും ഏകദേശം 3 മണിക്കൂർ യാത്ര ഉണ്ട് അവരുടെ ഗ്രാമത്തിലേക്ക്, ആസ്സാമീസ്, ഹിന്ദി എന്നി ഭാഷകൾ സംസാരിക്കുന്ന അവർ 4 വർഷത്തോളമായി മലപ്പുറത്തു ജോലി ചെയ്യുന്നു. ഇനി രണ്ടു മൂന്ന് മാസങ്ങൾ നാട്ടിൽ അവധിക്കാലം ചിലവഴിച്ചതിനു ശേഷം തിരിച്ചു പോകും എന്നാണ് പറഞ്ഞത്. സുഹൃത്തും ഞാനും മലയാളം സംസാരിക്കുന്നത് കേട്ട്, ‘നിങ്ങൾ കേരളത്തിൽ നിന്നാണോ’ എന്നൊരു ചോദ്യവുമായി വന്ന വ്യക്തിയാണ്. അവരുടെ നാട്ടിൽ വലിയ വിദ്യാഭ്യാസ യോഗ്യത ഉള്ള ആണുങ്ങൾ കുറവാ, കൂടുതൽ ആളുകളും ടൂറിസം മേഖലകളിൽ ജോലി ചെയ്യുന്നു.
കേരളത്തിലേയ്ക്ക് മെച്ചപ്പെട്ട സമ്പാദ്യം എന്ന സ്വപ്നവുമായി നാട് വിട്ടു വർഷങ്ങളോളം ജോലി ചെയ്യുന്ന പലരും ഉണ്ട് എന്ന കേട്ടപ്പോൾ അവിടത്തെ സാഹചര്യത്തെ പറ്റിയുള്ള ഒരു ഏകദേശ രൂപം നമുക്ക് ലഭിക്കും. സ്ത്രീകൾ പലരും ചെറിയ പ്രായത്തിലെ വിവിഹാഹിതരാകും, bodo വിഘടനവാദികൾ പണ്ടത്തെ പോലെ ഒരു സജീവ സാന്നിധ്യ്മ് അല്ലെങ്കിലും, ഇന്നും ചെറുതല്ലാത്ത ഭീഷണി ഉയർത്തുന്നു എന്ന ചെറിയ ഒരു സൂചന അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഗുവാഹാഹതിയിലേയ്ക്കുള്ള യാത്രയിൽ കൂടുതൽ സമയവും ഉറങ്ങിയിരുന്ന അദ്ദേഹത്തിൽ നിന്നും, എന്റെ മുറി ഹിന്ദിയിൽ ഇത്രയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
ഏകദേശം 5.30 ആവുമ്പൊ ഇരുട്ട് വീഴുന്നതിനാൽ തന്നെ ഞങ്ങൾ എത്തിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു, എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കും എന്നാൽ ഡൽഹിയിൽ നിന്നും ഒരു സുഹൃത്തു കൂടെ എത്താനുള്ളതിനാൽ, 9 മണി വരെ സമയമുണ്ട്. 6.30 ആവുന്നതേ ഒള്ളു, നല്ല രീതിയിൽ വിശക്കുന്നുമുണ്ട്. ബാഗിൽ സാധങ്ങൾ കുറയ്ക്കാൻ വേണ്ടി, പേസ്റ്റ്, സോപ്പ് എന്നിവ എടുത്തിരുന്നില്ല. എന്നാൽ പിന്നെ അല്പം നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. നല്ല ഭക്ഷണശാലകൾ ഗൂഗിൾ മാപ് ഉപയോഗിച്ച് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു.
എയർപോർട്ടിൽ നിന്നും സിറ്റിയിലേക്കുള്ള റോഡിലൂടെ ഞങ്ങൾ നടന്നു, കണ്ടു പിടിച്ച പല ഹോട്ടലുകളിലും ചൈനീസ് വിഭവങ്ങൾ ഉണ്ട്, എന്നാൽ ആസ്സാമിന്റെ തനതായ ഏതെങ്കിലും ഭക്ഷണം കഴിക്കണം എന്നുള്ള എന്റെ ആഗ്രഹം ഞങ്ങളെ വീണ്ടും മുന്നോട്ടു നയിച്ചു. എന്നാൽ മുന്നോട്ടു പോകുംതോറും ആളുകൾ കുറഞ്ഞും തണുപ്പ് കൂടിയും വന്നു. അങ്ങിനെ ഏകദേശം 3 km നീണ്ട നടപ്പ് അവസാനിപ്പിച്ചു ഞങ്ങൾ തിരികെ നടന്നു. ഏകദേശം 2 km പുറകോട്ടു നടന്നു കാണും, അവിടെ ഒരു ബാർ റെസ്റ്റോറന്റ് കണ്ടു. അവിടെ മുറികളും ഉണ്ട്, സാമാന്യം വലിപ്പമുള്ള, കണ്ടാൽ ഒരു മെച്ചപ്പെട്ട ലുക്ക് ഉള്ള ഒരു ഹോട്ടൽ.
ഞങ്ങൾ നേരെ കയറി താമസിക്കാനൊരു മുറി അന്യോഷിച്ചു. 1500 ആണ് ഒരു സിംഗിൾ റൂം, അധികം വരുന്ന ഒരാൾക്ക് 500 വീണ്ടും കൊടുക്കണം. തല്ക്കാലം അത്രയും പണം താമസത്തിനായി നൽകേണ്ട, കാരണം ഐപോർട്ടിനടുത് പൊതുവെ ചെലവ് കൂടുതലായിരിക്കും. എന്നാൽ പിന്നെ ഭക്ഷണം ആവാം എന്ന് കരുതി ബാർ റെസ്റ്റാറ്റാന്റിൽ കയറി. സ്ത്രീകൾ നടത്തുന്ന ഒരു ബാർ, ഞങ്ങളെ കൂടാതെ ഒരു കസ്റ്റമർ മാത്രമേ ഒള്ളു, അതും ഒരു സ്ത്രീ. സമയം ഏതാണ്ട് 8 pm ആവുന്നു. കഴിക്കാൻ കാര്യമായി ഒന്നും ഇല്ല, ഡൽഹിയിൽ നിന്നുമുള്ള മൂന്നാമൻ വരാതെ ഇവിടുന്നു പോവാനും വയ്യ. നേരത്തെ ഇരുട്ടുന്നതിനാൽ ഇവിടെ 8 ഒക്കെ ആകുമ്പോ നമ്മുടെ നാട്ടിലെ ഒരു 11 കഴിഞ്ഞ പ്രതീതി ആണ്.
ഓർഡർ എടുക്കാൻ വന്ന ആസ്സാമീസ് സുന്ദരിയോട്, ‘ചേച്ചി വെള്ളം ഒഴിച്ചില്ലേ അടുക്കളയിൽ ഇച്ചിരി ചോറ് ബാക്കി കാണും, ഒന്ന് നോക്കുവോ’ എന്ന് പറയുന്ന അവസ്ഥയിലെത്തി നിൽക്കുകയായിരുന്നു ഞങ്ങൾ. കഴിക്കാൻ പച്ച ചെറുപയർ ഉണ്ട്, പക്ഷെ എന്തെങ്കിലും സേവിക്കണം. അങ്ങിനെ അല്പം ബിയറും നുണഞ്ഞു ഏതോ ക്രിക്കറ്റ് കളിയും കണ്ടു ചെറുപയറും കഴിച്ചു ഞങ്ങൾ അൽപ സമയം അവിടെ ചിലവഴിച്ചു. പുറത്തെ തണുപ്പിൽ നിന്നും ഒരു രക്ഷാമാർഗം ആയിരുന്നു ആ ബാർ. ചെറുതെങ്കിലും വൃത്തിയുള്ള, നല്ല ആംബിയൻസ് ഉള്ള, സ്ത്രീകൾ നടത്തുന്ന ബാർ. എന്നാൽ ബിയർ വില കൂടുതലും നമ്മുടെ നാട്ടിൽ കിട്ടുന്ന അത്ര സുഗമുള്ളതും ആയിരുന്നില്ല. ചെറുപയർ അകത്താക്കി ബില് ഞാൻ ആവശ്യപ്പെട്ടു. അവർക്ക് ഹിന്ദി അത്ര വശമില്ല എന്ന് തോന്നുന്നു, എന്നോട് എന്തോ ചോദിച്ചു. ഞാൻ അതിനെ മനസ്സിലാക്കിയത് ഇങ്ങനെ.
Lady: ബില്ല് ഒന്നിച്ചു മതിയോ?, Me: മതി, ഒരെണ്ണം മതി (തിരികെ പോയി അൽപ സമയത്തിന് ശേഷം ധാ വീണ്ടും ഒരു ബിയർ ആയി വന്നു അതും തുറന്നു ഗ്ലാസ്സുകളെയ്ക്ക് പകർത്തുന്നു) Me: അങ്ങിനെയല്ല, ഇത് ഇനി വേണ്ട, ബില്ല് മതി, ബില്ല്…. Lady: ചിരിച്ചു കൊണ്ട് മനസിലാവാത്ത പോലെ മറുപടി എന്തോ പറയുന്നു.
അങ്ങിനെ അതും തീർത്തു, ഇനി ബില്ല് ചോദിച്ചാൽ ഉണ്ടായേക്കാവുന്ന അവസ്ഥ ആലോചിച്ചത് കൊണ്ട് നേരെ പോയി പണം നൽകി നന്ദിയും പറഞ്ഞു അവിടെ നിന്നും ഇറങ്ങി. തണുപ്പ് വളരെ കൂടി വരുന്നു, വിശപ്പും. എന്തെങ്കിലും ഉടനെ കഴിക്കണം, തനത് ആസ്സാമീസ് ഭക്ഷണം എന്ന എന്റെ ആഗ്രഹം മുന്നോട്ടുള്ള നടത്തത്തിനു ശക്തി പകർന്നു, അങ്ങിനെ എയർപോർട്ട് എത്താൻ ഏകദേശം 1 km ബാക്കി ഉള്ളപ്പോൾ ധാ അവിടെ chaat എന്ന ബോർഡ്, കൊച്ചിയിലെ കലൂർ സ്റ്റാൻഡിൽ നിന്നും തുടങ്ങിയ chaat സ്നേഹം ഇങ്ങു ആസ്സാമിൽ എത്തി നിൽക്കുന്നു. chaat കഴിക്കാം എന്നായപ്പോൾ സുഹൃത്തിനു വിശപ്പ് വേറെ ലെവൽ എത്തി എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അങ്ങിനെ അവിടെ തന്നെ ഉള്ള ഒരു ഹോട്ടലിൽ കയറി – ‘Hotel Khamakhaya Grand’.
അവിടെ കണ്ടതിൽ വെച്ച് അല്പം വലിപ്പമുള്ള, വൃത്തിയുള്ള ഹോട്ടൽ. കഴിക്കാൻ ചെറിയ അരി ചോറും, കാടായി ചിക്കനും, ഫിഷ് മസാലയും പറഞ്ഞു. നല്ല ഭക്ഷണം, ചൂടുള്ള ചോറും, കറികളും. നമ്മുടെ നാട്ടിൽ നിന്നും കഴിച്ച കാടായി പോലെ ഒക്കെ തന്നെ (ഇവിടെ നല്ല ഷെഫ് ഉണ്ടല്ലോ ഇപ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും അതാവും). ഫിഷ് മസാലയും കടായിയും വേർതിരിച്ചറിയാൻ പറ്റാത്ത പോലെ ഇഴചേർന്നു കിടന്നിരുന്നു എന്നതൊഴിച്ചാൽ വളരെ നല്ല ഭക്ഷണം. കുടിക്കാൻ ചൂട് വെള്ളവും. ഏകദേശം 550 അടുത്തായി 2 പേർ കഴിച്ചപ്പോൾ, അരിയും, റൊട്ടിയും കറികളും. സമയം ഏതാണ്ട് 9 ആവാറായി. ഞങ്ങളുടെ സുഹൃത്തിന്റെ ഫ്ലൈറ്റ് എത്താൻ സമയം ആയി. തൊട്ടടുത്ത chaat ബോർഡ് എന്നെ വീണ്ടും ആകർഷിച്ചു, എന്നാൽ സമയപരിമിധി കാരണവും, വയറിനകത്തെ സ്ഥല പരിമിതി കാരണവും ആ ആഗ്രഹത്തിന് കടിഞ്ഞാണിട്ട് വീണ്ടും എയർപോർട്ടിലേയ്ക്ക് നടന്നു.
സുഹൃത്തിനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. താമസത്തിനും മറ്റുമായി ഫേസ്ബുക്കിലെ ചില മെസ്സേജസ് നോക്കുന്നതിനിടയിൽ, അവന്റെ സ്റ്റാറ്റസ് കണ്ണിൽ പെട്ടത്, അതും 1 മണിക്കൂർ മുൻപ്, അപ്പോ 1 മണിക്കൂർ മുൻപ് അവൻ ഫോൺ ഉപയോഗിച്ചു കാണാം, കാര്യങ്ങൾ ഏകദേശം മനസിലായി. ഫ്ലൈറ്റ് താമസിച്ചു കാണും. വീണ്ടും സമയം ധാരാളം, കുറഞ്ഞത് 1 മണിക്കൂർ ഇനിയും എടുക്കും. നാളത്തേയ്ക്കുള്ള പേസ്റ്റ്, സോപ്പ് ഇത്യാദി വസ്തുക്കളും സുഹൃത്തിനു ഒരു കഫ് സിറപ്പും മേടിക്കണം. ചുറ്റും കൂടിയ ടാക്സി സഹോദരങ്ങളോട് നഹി പറഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. ഷെയർ വ്യവസ്ഥയിലും ടാക്സി ലഭിക്കും, 100 രൂപ നൽകിയാൽ സിറ്റിയിൽ കൊണ്ട് ചെന്ന് ആകാമെന്ന് ഒരാൾ. വേണ്ട ഞങ്ങള്ക് പോയിട്ട് തിരിച്ചു വരണം എന്നൊക്കെ നെടുനീണ്ടൻ ഹിന്ദി ഞാൻ പറയുമ്പോ, എന്റെ സുഹൃത് നഹി.. നഹി.. എന്ന് പറഞ്ഞു കൊണ്ട് വളരെയേറെ മുന്നിൽ എത്തി കഴിഞ്ഞിരുന്നു. ഞങ്ങള്ക് പോവേണ്ട palton bazar അവിടുന്നു ഏകദേശം 1 മണിക്കൂർ യാത്ര ഉണ്ട്, അവിടെ വരെ എത്ര പണം നല്കണം എന്നൊരു ധാരണ കിട്ടാൻ പോവും വഴി കണ്ട ഒരാളോട് ചോദിച്ചു. എയർപോർട്ടിൽ നിന്നും 700 രൂപ ആവും എന്നാൽ സമയം വൈകിയതിനാൽ ആ നിരക്ക് കൂടും എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത് മെഡിക്കൽ ഷോപ് ഉണ്ടോ എന്ന ചോദ്യത്തിന്, 1 km താഴെ ഒള്ളു, അവിടെ കിട്ടും എന്നാൽ സമയം വൈകിയാൽ അടച്ചു പോവുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പോഴാണ് റോഡുകളിൽ ധാരാളം കണ്ട, ചെറിയ ബൈക്കിനു പിറകിൽ കുതിരവണ്ടിയുടെ പിറകിലുള്ള ഇരിപ്പിടം പിടിപ്പിച്ച പോലത്തെ ഒരു വാഹനം ഞങ്ങളുടെ അടുത്ത് വന്നു നിന്നത്. ഗുവാഹത്തിയിൽ ഇറങ്ങിയതിൽ പിന്നെ റോഡിനു വശത്തു വെള്ള വരയുടെ കൂടെ ചുവന്ന വരകളും കാണുന്നുണ്ടായിരുന്നു. അതിന്റെ ഉറവിടം ഇപ്പൊ ആണ് മനസ്സിലായത്. വന്നു നിർത്തിയ വണ്ടിയിലെ മനുഷ്യനും, ഞങ്ങൾ വഴി ചോദിച്ച മനുഷ്യനും വായ നിറച്ചു ചുവന്ന മുറുക്കാനും ചവച്ചു പരസ്പരം ഏതോ ഭാഷയിൽ (ആസ്സാമീസ് ആവും) എന്തൊക്കെയോ പറഞ്ഞു. അതിനു ശേഷം വഴി ചോദിച്ച മനുഷ്യൻ പറഞ്ഞു നിങ്ങളെ ഇദ്ദേഹം മെഡിക്കൽ ഷോപ്പിനു മുന്നിൽ എത്തിക്കും, 10 രൂപ കൊടുത്താൽ മതി എന്ന്, അതിൽ കൂടുതൽ കൊടുക്കരുതെന്നും ഹിന്ദിയിൽ ഞങ്ങളോടായി പറഞ്ഞു.
ആ നല്ല മനുഷ്യന് നന്ദി പറഞ്ഞു ഞങ്ങൾ ആ വണ്ടിയിൽ കയറി യാത്രയായി. അൽപ സമയത്തിന് ശേഷം അതാ വീണ്ടും ഞങ്ങളെ ‘Hotel Khamakhaya’ യുടെ മുന്നിൽ എത്തിച്ചിരിക്കുന്നു. വിശപ്പ് കൊണ്ട് ഹോട്ടലിനു ചുറ്റുമുള്ളതൊന്നും കണ്ടില്ല എന്നുള്ളത് സത്യം, തൊട്ടടുത്ത മെഡിക്കൽ ഷോപ് ഉണ്ട്, കൂടാതെ ഒരു പതഞ്ജലി സ്റ്റോറും. അതിനടുത്തായി തന്നെ ഒരു വൈൻ ഷോപ്പും ഉണ്ട്. ആവശ്യം വേണ്ട സാധങ്ങൾ വാങ്ങി ഞങ്ങൾ അവിടെ ഇരുന്നു, ഞാൻ പോയി ഒരു സമൂസ ചാറ്റും കഴിച്ചു. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടമായ നല്ല ഞെരിപ്പൻ ചാറ്റ്. ഇതിനിടയിൽ ola ക്യാബ് നോക്കിയപ്പോൾ 400 രൂപയിൽ താഴെ വണ്ടിയുണ്ട്. എന്നാൽ സമയം വൈകിയതിനാൽ കിട്ടാൻ ചാൻസ് കുറവാണു താനും. അങ്ങനെ അവസാനം ഡൽഹിയിൽ നിന്ന് വന്ന സുഹൃത്തിനോട് എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു വരുവാൻ ആവശ്യപ്പെട്ടു.
ഏകദേശം 1 മണിക്കൂറിൽ താഴെ യാത്രയിൽ ഞങ്ങൾ palton bazar എത്തി. ഗുവാഹത്തി റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു തെരുവാണിത്. ഗുവാഹത്തി ടൂറിസം ടാക്സി ഓഫീസ് അവിടെ തന്നെ അതുകൊണ്ടു ധാരാളം ടാക്സികൾ കിടക്കുന്നത് കാണാം. ഒരുപാട് ഹോട്ടലുകൾ ഉണ്ട് അവിടെ, ഞങ്ങൾ 2 ഹോട്ടലുകളിൽ കയറി നോക്കി, ഒരെണ്ണം 650 രൂപ, 3 പേർക്ക് സുഗമായി കിടക്കാം, ചൂട് വെള്ളം രാവിലെ കിട്ടും, പറഞ്ഞാൽ ഭക്ഷണവും ഉണ്ടാക്കിതരും, നേരെ മുന്നിൽ ഒരുപാട് ടാക്സികളും. ഞങ്ങൾക്ക് രാവിലെ ഷില്ലോങ്ലേയ്ക്ക പോവേണ്ടതുണ്ട് എന്നതിനാൽ, അവിടെ തന്നെ കൂടാം എന്ന് തീരുമാനിച്ചു. എയർപോർട്ടിൽ നിന്നും പൾട്ടൻ ബസാർ വരെ 800 രൂപ മേടിച്ചു, എന്നാൽ സമയം 11 കഴിഞ്ഞു, അത്രയും വൈകിയ സമയത്തു അതൊരു കൂടിയ നിരക്കല്ലതാനും. അങ്ങിനെ ബാഗുകളൊക്കെ ഇറക്കി വെച്ചു, ഏകദേശം 15 ഡിഗ്രി ആണ് തണുപ്പ് നല്ല സുഖമായ ഉറക്കം.
പിറ്റേന്ന് 5 മണിയോടെ അലർ അടിച്ചു, കണ്ണ് തുറന്നപ്പോ ജനാലയിലൂടെ വെളിച്ചം വീണ മുറിയാണ് കാണുന്നത്. പതിയെ പുറത്തിറങ്ങിയപ്പോ നേരം പുലർന്നു കഴിഞ്ഞു. പൾട്ടൻ ബസാർ ഉണർന്നു വരുന്നു. ഒരു ചായ കുടിക്കാൻ ഞങ്ങൾ പെട്ടെന്നു തന്നെ തയ്യാറായി ഇറങ്ങ്യ നടന്നു. ഇനി എത്രയും പെട്ടെന്ന് തയ്യാറാവണം എന്നിട്ട് ടാക്സി നോക്കണം, ഷില്ലോങ്ങിലേയ്ക്ക് പോവണം, അവിടെ ഞങ്ങളെ കൂട്ടികൊണ്ടു പോവാൻ നേരത്തെ പറഞ്ഞതനുസരിച് റോവി എത്തും.
* മലയാളം മനസ്സിലാവില്ല എന്ന തോന്നൽ മാറ്റി നിർത്തുക, വടക്കു കിഴക്ക് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അല്ലെങ്കിൽ വന്നു പോയ പലരെയും നിങ്ങൾ കണ്ടു മുട്ടാൻ സാധ്യത ഉണ്ട്. വഴിയേ വീണ്ടും ഒരു രസകരമായ വ്യക്തിയെ കണ്ടു മുട്ടി അതിലേയ്ക്ക് പിന്നീട വരാം.
* സമയം ഉണ്ടെങ്കിൽ തീവണ്ടിയിൽ യാത്ര ചെയ്യുകയാണെങ്കിൽ, ഏകദേശം 2 ദിവസത്തിനടുത് ഉള്ള യാത്രയിൽ, വിവിധ സംസ്ഥാനങ്ങൾ, അനവധി ആളുകൾ എന്നിവ തരുന്ന ഒരു എക്സ്പീരിയൻസ് നഷ്ടപ്പെടില്ല.
* എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കും ഏത് സമയത്തും, എന്നാൽ സമയം വൈകും തോറും പണം അല്പം കൂടും. സമയം ഒരു 8 കഴിഞ്ഞാൽ ola അല്ലെങ്കിൽ uber കുറഞ്ഞ ചിലവിൽ കിട്ടും എന്ന് വിചാരിക്കും പക്ഷെ കിട്ടില്ല.
* പൾട്ടൻ ബസാർ, നമ്മുടെ ബ്രോഡ്വേ പോലെ ഉള്ള ഒരു സ്ഥലം, അവിടെ എന്തും കിട്ടും, ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ അടുത്ത് തന്നെ. ഗുവാഹത്തി ടൂറിസ്റ്റ് ടാക്സി ഓഫീസ് അവിടെ ഉണ്ട്, അവിടെന്ന് ഏത് സമയത്തും ടാക്സി ലഭിക്കും.
* For Food: Hotel Khamakhaya, less than 1 km from Guwahati Airport (quality food, non veg items are good, open until 10pm or something), different type of chaats also available.
* Medical shop, Pathanjali store, Wine shop, Bar restaurant all near by this restaurant.
* For Stay in Palton Bazar: Hotel Vaishali, 650rs for a room, hot water will be available in the morning, TV available (better to watch cricket match with the people downstairs, it is fun)food will be prepared and served if needed. They can arrange share taxi in lower price as well.
വിവരണം – സത്യ സി.ജെ.