മുംബൈ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് ധാരാവിയും, അധോലോകവും, ദാവൂത് ഇബ്രാഹിമും,ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കുറുകെ പറക്കുന്ന പ്രാവിൻ കൂട്ടങ്ങളും ആയിരിക്കും..അധോലോകത്തിന്റെയും ടെർറോറിസത്തിന്റെയും പിടിയിലമർന്നു ഞെരിപിരി കൊള്ളുന്ന പേടി സ്വപ്നം ആയാണ് പലരുടെയും മനസ്സിൽ നിലകൊള്ളുന്ന പഴയ ബോംബേ അതായത് ഇന്നത്തെ മുംബൈ. പക്ഷേ മുംബൈ നഗരത്തിനും ഉണ്ട് വികസനത്തിന്റെ ഒരു ഉയർച്ചയുടെ കഥ പറയുവാൻ.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള മെട്രോ പൊളിറ്റിൻ സിറ്റി ആയി ഇന്നത്തെ മുംബൈ മാറുമ്പോൾ “City of Seven Islands, City of Dreams, Gateway to India, Hollywood of India” എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ കൂടി ഈ സ്വപ്ന നഗരം ഇന്നു കീഴടക്കി വെച്ചിരിക്കുന്നു. യാത്രകളിൽ എന്നും എനിക്ക് പ്രിയമുള്ള ഒരു നഗരവും കൂടി ആണ് ഇത്. അംബര ചുംബികളായ കെട്ടിടങ്ങൾക്കു തലങ്ങും വിലങ്ങും ഉള്ള തിരക്കേറിയ റോഡുകൾ. .റോഡിന്റെ ഇരുവശത്തും പലതരത്തിലുള്ള കടകളും മാളുകളും ഉയരത്തിലുള്ള ഫ്ലാറ്റുകളും ജനങ്ങളും.ഇതുതന്നെയാണ് ആ നഗരത്തിന്റെ മങ്ങാത്ത കാഴ്ച്ച.
ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയം ഇല്ല..എല്ലാവരും തിരക്കിൽ.സൂര്യാസ്തമയത്തിനു മുൻപ് വരെ ഓഫീസ്, ജോലി,എന്നിങ്ങനെ എന്തിനൊക്കെയോ വേണ്ടി തിരക്ക് പിടിച്ച ഓട്ടം, എന്നാൽ സൂര്യാസ്തമയത്തിനു ശേഷം ആണ് മുംബൈ നഗരത്തിന്റെ മനോഹാരിത തെളിയുന്നത്. “ഉറങ്ങാത്ത നഗരം”!!. കേരളത്തിലെ ജനങ്ങളുടെ ചിന്താഗതികളിൽ നിന്നും വ്യത്യാസം സൃഷ്ടിക്കുന്നത് അവിടെയാണ്.തിരക്ക് പിടിച്ചുള്ള ജോലി ചെയ്തു ക്ഷീണിച്ചു തളർന്നു വീടെത്തിയാൽ പിന്നെ റസ്റ്റ്. അതാണ് മിക്ക കേരളീയരും. ആ ചിന്താഗതികൾ ഇപ്പോഴും പലരും കൊണ്ട് നടക്കുന്നത് കൊണ്ടാവാം രാത്രി എന്ന വാക്കിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ നമ്മൾ മറന്നു പോകുന്നത്.പക്ഷേ മുംബൈ നഗരം എന്നും ആസ്വദിക്കുന്നതും ആഗ്രഹിക്കുന്നതും നക്ഷത്ര നിബിഡമായ നിലാവെളിച്ചതിന്റെ സാന്നിദ്ധ്യം ആണ്.
“രാത്രികൾ പകലുകളെക്കാൾ സൗന്ദര്യമേറിയതാണ് “;അത് ഒരുപക്ഷേ കൂടുതൽ സമയവും ഞാൻ തിരിച്ചറിഞ്ഞതും മനസിലാക്കിയതും ഈ നഗര വീഥികളിൽ വെച്ചാണ്.അവിടെയുള്ള അംബരചുംബികൾ ആയ കെട്ടിടങ്ങളുടെ പൂർണ്ണ ഭംഗി രാത്രിയുടെ യാമങ്ങളിൽ ആണ് തെളിയുന്നത്.. കടലുകളാൽ ചുറ്റപ്പെട്ട നഗരം ആയതുകൊണ്ടുതന്നെ കടൽകാറ്റിന്റെ ആസ്വാദന കേന്ദ്രം കൂടിയാണ് 7 കടലുകളാൽ ചുറ്റപ്പെട്ട ഈ അധോലോകം.വിശേഷണങ്ങൾ എന്തും ആവട്ടെ കാണുവാനും ആസ്വദിക്കുവാനും പ്രകൃതി രമണീയമായ സ്ഥലങ്ങൾ ഇല്ലെങ്കിലും ആസ്വദിക്കുവാനും കാണുവാനും അവിടെയും ഉണ്ട് കുറെയൊക്കെ.പുറം രാജ്യങ്ങളിൽ നിന്നും എത്തുന്ന ഏതൊരു മനുഷ്യനും ഒഴിവാക്കാതെ എത്തേണ്ട രണ്ടു സംസ്ഥാനങ്ങൾ ആണ് കേരളം, മുംബൈ.
മുംബൈ നഗരത്തെ കുറിച്ച് ഒരു ഇമേജ് കിട്ടിയല്ലോ.ഇനി എന്റെ യാത്രയിലോട്ടു കടക്കാം.
വർഷങ്ങളുടെ ബന്ധം ഉണ്ട് എനിക്കും ആ നഗരത്തിനും,യാത്രകളിൽ വീണ്ടും വീണ്ടും പോകുവാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു സംസ്ഥാനം കൂടിയാണിത്..വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള നീണ്ട ഫാമിലി ട്രിപ്പ് മിക്കപോഴും മുംബൈയിലോട്ടു തന്നെ.ഓരോ തവണ പോകുമ്പോഴും വ്യത്യസ്തത എനിക്ക് അനുഭവിക്കുവാൻ കഴിയാറുണ്ട്.ഡിസംബർ മാസങ്ങളിലെ ക്രിസ്തുമസ്,ന്യൂ ഇയർ അവധി ആണ് മുംബൈ ഞങ്ങളെ മാടി വിളിക്കുന്ന സമയം.ക്രിസ്മസും ന്യൂ ഇയർ ഉം അങ്ങ് തകർത്തു തിരിച്ചു പോരും.10 ദിവസം നീണ്ടു നില്കുന്ന യാത്ര ആയതുകൊണ്ട് തന്നെ വിവരണം കുറക്കുന്നതാവും വായനക്കാർക്കും എനിക്കും നല്ലത്.
മുംബൈ എത്തിച്ചേരുന്ന യാത്രികർ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ടതും ഞാൻ പോയിട്ടുള്ളതുമായ ചില സ്ഥലങ്ങൾ ഈ ഏടിൽ ഞാൻ തുന്നി ചേർക്കട്ടെ.
(1)ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് മുംബൈ ::-ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ എയർപോർട്ട്.ഏകദേശം 45മില്യൺ യാത്രക്കാരാണ് ഈ എയർപോർട്ട് വഴി ലോകത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള കോണുകളിലേക്കു വർഷം തോറും സഞ്ചരിക്കുന്നു എന്ന് കണക്ക്.2016 ൽ സെൻട്രൽ ഏഷ്യയിലെ ഏറ്റവും മികച്ച എയർപോർട്ട് എന്നുള്ള വേൾഡ് എയർപോർട്ട് ബഹുമതിയും ഈ ഇന്റർനാഷണൽ എയർപോർട്ട് സ്വന്തമാക്കി വെച്ചിരിക്കുന്നു.
(2)ഗേറ്റ് വേ ഓഫ് ഇന്ത്യ::-ഇന്ത്യയുടെ കവാടം എന്ന പേരിൽ ഇരുപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ കവാടം ഇന്നും ഇന്ത്യയുടെ പ്രതീകാത്മകമായ സ്മാരകമായി നിലകൊള്ളുന്നു.ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ കാഴ്ചയ്ക്കു വിസ്മയമാകുന്ന രണ്ടു കാര്യങ്ങൾ: ഈ ഗേറ്റ് നു കുറുകെ എന്നും സമാദാനത്തിന്റെ സൂചകമായി ഇണ പ്രാവുകൾ പാറി പറക്കുന്നു എന്നുള്ളതും ഗേറ്റ് നു മുൻവശത്തായി നോക്കെത്താ ദൂരത്തിൽ വിസ്തരിച്ചു പരന്നു കിടക്കുന്ന അറബിക്കടലിലൂടെയുള്ള ബോട്ട് യാത്രയും..ഇന്നും മറക്കുവാൻ ആഗ്രഹിക്കാത്ത വിസ്മയങ്ങളിൽ ഒന്നായി ഇന്ത്യയുടെ ഈ കവാടം എന്റെ മനസ്സിൽ നിലകൊള്ളുന്നു.
(3)താജ് ഹോട്ടൽ::-ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് അടുത്തു സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ആഡംബര 5 സ്റ്റാർ ഹോട്ടലുകളിൽ ഒന്നായി പ്രൗഢ ഗാംഭീര്യത്തോടെ ഇന്ത്യയിലെ വ്യാപാര മുദ്ര യാത്രികരെ ആകർഷിച്ചു കൊണ്ട് തന്നെ ഇന്നും അവിടെ നിലകൊള്ളുന്നു..
(4)ബാന്ദ്ര വോർളി സീ ലിങ്ക്::-ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സീ ലിങ്കുകളിൽ ഒന്ന്.
West മുംബൈ യിൽ സ്ഥിതിചെയ്യുന്ന ബാന്ദ്ര എന്ന സ്ഥലത്തെയും south മുംബൈയിൽ സ്ഥിതിചെയ്യുന്ന വോർളി എന്ന സ്ഥലത്തെയും തമ്മിൽ യോജിപ്പിച്ചുകൊണ്ട് 2010 ൽ പ്രവർത്തനം ആരംഭിച്ചു.വാഹനങ്ങളുടെ ട്രാഫിക് ആണ് മുബൈ നഗരത്തെ അലട്ടുന്ന മിക്ക പ്രശ്നങ്ങളിൽ ഒന്ന്.ഈ പ്രശ്നത്തിന് പരിഹാരം ആയാണ് ഈ സീ ലിങ്ക് ആരംഭിച്ചത്
60-90മിനിറ്റ് സമയമെടുത്ത് റോഡ് വഴി എത്തിച്ചേരുന്ന യാത്ര 20-30മിനിറ്റ് ആയി കുറച്ചുകൊണ്ട് ബാന്ദ്ര വോർളി യാത്ര സുഗമമാക്കുവാൻ ഈ സീ ലിങ്ക് നു കഴിഞ്ഞു.
(5)ബാന്ദ്ര::-മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ആണ് മുകേഷ് അംബാനി,ഷാരൂഖ് ഖാൻ, തുടങ്ങിയ ഒട്ടനവധി സിനിമ ലോകത്തെയും ബിസിനസ് ലോകത്തെയും രാജാക്കന്മാരുടെ പടുകൂറ്റൻ കൊട്ടാരങ്ങൾ സ്ഥിതി ചെയുന്നത്..ഷാരൂഖ് ഖാൻ എന്ന നടന വിസ്മയത്തിന്റെ വീടിനു മുന്നിൽ എന്നും ജനങ്ങൾ കാത്തിരിക്കാറുണ്ട്.മന്നത്തു ഹൌസ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെയുള്ള യാത്ര ഞാൻ ഇന്നും ഓർക്കുന്നു,അതുപോലെ മുകേഷ് അംബാനി എന്ന ജിയോ രാജാവിന്റെ പടുകൂറ്റൻ ബിൽഡിംഗ് അതിനു മുന്നിലുള്ള ബ്ലാക്ക് ക്യാറ്റ്സ് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന കാഴ്ച്ച നമ്മളെ പോലുള്ള സാദാരണക്കാർക്കു വിരളമാണ്.വളരെ ആകാംക്ഷ ഭരിതയായി അതെല്ലാം നോക്കി കാണുവാൻ എനിക്ക് സാധിച്ചു.
(6)മൌണ്ട് മേരി ബസിലിക്ക ചർച്ച്::-ബാന്ദ്ര നഗരത്തിലെ ക്രിസ്തീയ മതവിശ്വാസത്തിന്റെ അടിത്തറപാകിയ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നായി ഈ ചർച്ച് ജാതി മത ഭേദമന്യേ വിശ്വാസികളെ എന്നും വരവേൽക്കുന്നു.ചർച്ചിന്റെ പ്രതേകത ആയി എടുത്തു പറയേണ്ട കാര്യമാണ് 16-ആം നൂറ്റാണ്ടിൽ പടുത്തുയർത്തിയ ഈ പള്ളിയുടെ വാതിലും, കെട്ടിടത്തിന്റെ ഉൾവശങ്ങളും,ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ചിത്രകൂട്ടുകളും.ഇന്നുകാലത്തെ ഒരു ആർക്കിടെക്ടിനും,സിവിൽ എഞ്ചിനീർക്കും ചെയുവാൻ കഴിയാത്ത അത്രയും മേന്മയോടെയാണ് അന്നത്തെ അപാര ശില്പികളുടെ കഴിവുകൾ അവർ ഇത്തരത്തിലുള്ള പൗരാണിക കെട്ടിടങ്ങളിലൂടെ തുറന്ന് കാണിക്കുന്നത്.
(7)മുംബൈ മെട്രോ::-വെർസോവ മെട്രോ സ്റ്റേഷനിൽ നിന്നും ഘാട്കോപ്പേർ മെട്രോ സ്റ്റേഷൻ വരെ അങ്ങോട്ടുമിങ്ങോട്ടും രണ്ടു തവണ യാത്ര ചെയ്യുവാനുള്ള അവസരം എനിക്കുണ്ടായി.ബൈ റോഡ് ഏകദേശം 1 മണിക്കൂറും 30 മിനിറ്റും എടുക്കുന്ന ട്രാഫിക് തീവ്രത കൂടിയ യാത്രയെ വെറും 20മിനുട്ടുള്ള സുഗമമായ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള യാത്രയായി ക്രമീകരിക്കുവാനും, മറ്റുള്ള മെട്രോകളെക്കാൾ മികവുറ്റ മെട്രോ ആക്കി മാറ്റുവാനും മുംബൈ മെട്രോ യ്ക്കു കഴിഞ്ഞിരിക്കുന്നു.എയർ കണ്ടിഷനോട് കൂടിയ കംപാർട്മെന്റും,വൈഫൈ സൗകര്യവും, വൃത്തിയേറിയ പ്ലാറ്റ്ഫോം അങ്ങനെ എല്ലാം കൊണ്ടും മുംബൈ നഗരം ഇന്നു സ്ഥിരം ആശ്രയിക്കുന്ന യാത്ര മാധ്യമങ്ങളിൽ ഒന്നായി മുംബൈ മെട്രോ മാറിക്കഴിഞ്ഞു.
(8)ബീച്ചുകൾ::-ബീച്ചുകൾ ആണ് സൂര്യാസ്തമയത്തിന്റെ കേന്ദ്രം.സൂര്യൻ എന്ന ആഗോള പ്രതിഭാസം ദിവസേന ഭൂമിയിൽ ഉടലെടുക്കുണ്ടെങ്കിലും ആ പ്രതിഭാസം കണ്ണിനും മനസ്സിനും ആസ്വാധ്യമാകുന്ന ഒന്നാണെന്നു ഞാൻ പറയും;പക്ഷേ ഇന്നത്തെ തിരക്ക് പിടിച്ച ഓട്ടത്തിനിടയ്ക് ആർക്കാണ് സൂര്യനെയൊക്കെ ശ്രദ്ധിക്കാൻ സമയം അല്ലേ ?ഞാൻ കണ്ടതും ആസ്വദിച്ചതുമായ മികച്ച സൂര്യാസ്തമയങ്ങൾ കടലുകളാൽ ചുറ്റപ്പെട്ട മുംബൈ നഗരത്തിന്റെ പ്രമുഖ ബീച്ചുകളിൽ നിന്നും ദൃശ്യമായതാണ്.ഭൂമിയുടെ വിരിമാറിലോട് പടർത്തുന്ന പ്രകാശവും,യാമങ്ങളെ പിന്നിലാക്കി ഭൂമി തന്നെ കടലുകളിലോട്ടു മറച്ചു പിടിക്കുന്ന സത്യവും അതാണ് സൂര്യൻ.
വെർസോവ ബീച്ച്, ജുഹു ബീച്ച്,ചൗ പറ്റി ബീച്ച് എന്നിങ്ങനെ ഉള്ള ബീച്ചുകൾ നിരവധി ഉണ്ട് ഈ നഗരത്തിനു സ്വന്തമായി.കമിതാക്കൾക്കു സല്ലപിക്കാനും,വഴിയാത്രക്കാർക്ക് ആസ്വദിക്കുവാനും,മനസ്സിനും ശരീരത്തിനും എന്നും ഉന്മേഷം നൽകുന്നതുമായ വിശ്രമ കേന്ദ്രങ്ങൾ കൂടിയാണ് അവിടുത്തെ ബീച്ചുകൾ.സൂര്യാസ്തമയ സമയങ്ങളിലെ ജുഹു ബീച്ചിലൂടെ ഉള്ള യാത്ര എനിക്കിന്നും പ്രിയമുള്ള ഓർമകളിൽ ഒന്നാണ്.ഒരുപാട് സിനിമ രംഗങ്ങൾക്ക് വേദിയാകുവാൻ ഇന്ത്യയിലെ പ്രമുഖ ബീച്ചുകളിൽ ഒന്നായ ജൂഹു ബീച്ചിനു കഴിഞ്ഞിട്ടുണ്ട്..
(9)മദ്ഹ് ഐലൻഡ് ::-വെർസോവ ബീച്ചിൽ നിന്നും 5 മിനിട്ട് ബോട്ട് യാത്ര പക്ഷേ റോഡിലൂടെ ആണെങ്കിൽ ട്രാഫിക് ഭേദിച്ച് ഒരു ഒന്നൊന്നര സമയം എടുക്കും കേട്ടോ അവിടെ എത്തുവാൻ.ബോളിവുഡ് സൂപ്പർ സ്റ്റാർസ് ൽ ഒരുപാട് പേരുടെ ബംഗ്ലാവുകൾ ഈ ഐലൻഡ് ൽ ആണ് ഉള്ളത്. പോകുന്ന വഴിയിൽ സോനു നിഗം എന്ന ഗായകന്റെ ബംഗ്ലാവ് കാണുവാൻ സാധിച്ചു.മുംബയിലെ തന്നെ ഏറ്റവും വലിയ മത്സ്യ ബന്ധന ഗ്രാമം ഇവിടെയാണ് സ്ഥിതി ചെയുന്നത്.അംബര ചുംബികളായ കെട്ടിടങ്ങളും ബംഗ്ലാവുകൾക്കുമിടയിൽ മത്സ്യ ബന്ധന കേന്ദ്രം എന്ന പേരിൽ അറിയപെടുന്ന ഒരു ടൂറിസ്റ്റ് ആകർഷണ കേന്ദ്രം കൂടിയാണിത്.
(10)മാളുകൾ::-ഒട്ടനവധി മാളുകൾ കൊണ്ട് സമ്പുഷ്ടമാണ് ഈ നഗരം എങ്കിലും പ്രധാനപ്പെട്ടതും ഏറ്റവും വലുതും തിരക്കുള്ളതുമായ ഞാൻ സന്ദർശിച്ച മാളുകൾ ആണ് phoneix mall,infinity mall, Oberoi mall,R-City mall etc. R-City മാളിലെ Red carpet വാക്സ് മ്യൂസിയം അവിടെ എത്തുന്ന സന്ദർശകർക്ക് കൗതുകമുണർത്തുന്ന ഒന്നാണ്.
(11)ഇസ്കോൺ ടെംപിൾ ::-മുംബൈ ജൂഹു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ അമ്പലം ഈ നഗരത്തിലെ പ്രധാനപ്പെട്ട ഏറ്റവും വിശിഷ്ടമായ ആരാധനാലങ്ങളിൽ ഒന്നാണ്.
(12)ഷിർദി::-ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഭക്തജന സാന്ദ്രമായ ഷിർദി സായി യുടെ ആരാധന കേന്ദ്രം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ കൊണ്ട് വർഷാന്ത്യം വരെ എന്നും തിരക്കാണ് ഈ ആരാധനാലയത്തിൽ.
മുംബൈ വെർസോവയിൽ നിന്നും ഡോമ്പിൽവലി വഴി ഇഗട്പുരി യിലൂടെയുള്ള യാത്ര രസകരമായിരുന്നു.വഴിത്തിലുടനീളം പലതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉള്ള സമ്മിശ്ര കൃഷി രീതികൾ നിലനിർത്തി നിത്യ വരുമാനം ഉണ്ടാക്കുന്ന ഒരു വിഭംഗം ജനങ്ങൾ.ചെറിയ കുന്നിൻ ചെരിവുകളിലൂടെയുള്ള രാത്രി യാത്രയും ,മൂടൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥയും പിന്നെ മനസ്സിന് സന്തോഷം ഉണർത്തുന്ന ഒരുപാട് കാഴ്ചകളും എല്ലാം കൊണ്ട് സമ്പൂർണമായിരുന്നു ഷിർദി വരെയുള്ളതും തിരിച്ചുള്ള യാത്രയും.ആ യാത്രാനുഭവം തികച്ചും മനസ്സിന് ഉന്മേഷം തരുന്നതായിരുന്നു ..തിരിച്ചുള്ള ആ മലഞ്ചെരിവിലൂടെയുള്ള യാത്രയിൽ അസ്തമിക്കാനുതകുന്ന സൂര്യന്റെ കിരണങ്ങൾ അടുത്ത പാതയിലോട്ടു ഉതിർക്കുവാനായി എന്റെ മിഴികളിൽ നിന്നകന്നു എങ്ങോ പോയി മറഞ്ഞു…
ഇനിയും ദാവൂദിന്റെ നാട്ടിലെ വിശേഷം ബാക്കി ഉണ്ട് കേട്ടോ.തൽക്കാലം ഈ വിശേഷങ്ങൾക്കു വിട .! അവസാനിക്കാത്ത അടുത്ത യാത്രയുടെ വീഥിയിലോട്ട് കണ്ണും നട്ട്……..
By: Anusha Gangadharan.