നെയ്യാറ്റിന്‍കരയില്‍ ദേശസാത്കൃത റൂട്ടുകളെ കെഎസ്ആര്‍ടിസി കൈവിടുന്നു

ദിവസവും സര്‍വീസുകള്‍ വെട്ടിക്കുറച്ച് നെയ്യാറ്റിന്‍കരയില്‍ ദേശസാത്കൃത റൂട്ടുകളെ കെ.എസ്.ആര്‍.ടി.സി. കൈവിടുന്നു. സര്‍വീസ് കുറഞ്ഞ് വരുമാന നഷ്ടമുണ്ടാകുമ്പോള്‍ സമാന്തര സര്‍വീസുകള്‍ നേട്ടമുണ്ടാക്കുകയാണ്. പുതിയ ബസുകള്‍ നല്‍കാത്തത് കാരണം താലൂക്കില്‍ യാത്രാക്ലേശവും രൂക്ഷമാകുകയാണ്.

110 ഷെഡ്യൂള്‍ഡുകള്‍ ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഇപ്പോള്‍ ശരാശരി 65 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് ബസുകള്‍ കണ്ടം ചെയ്യാനായി ഷെഡ്ഡില്‍ കയറ്റി. ദിവസവും ശരാശരി അഞ്ച് മുതല്‍ പത്ത് ബസ് വരെ അറ്റകുറ്റപ്പണിയുടെ പേരില്‍ വര്‍ക്ക് ഷോപ്പിലാകുന്നു. തിങ്കളാഴ്ച 73 ഷെഡ്യൂള്‍ഡുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.

സര്‍വീസുകള്‍ ദിനംപ്രതി കുറയുന്നത് കാരണം വരുമാന നഷ്ടവും ഉണ്ടാകുകയാണ്. 10.5 ലക്ഷം പ്രതിദിന വരുമാനം ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഇപ്പോള്‍ ശരാശരി 7.5 ലക്ഷം രൂപയാണ് വരുമാനം. പ്രതിദിന വരുമാനത്തില്‍ കുറവുണ്ടാകുമ്പോള്‍ സമാന്തര സര്‍വീസുകളാണ് ഇവിടെ നേട്ടമുണ്ടാക്കുന്നത്. നൂറിലേറെ സമന്തര സര്‍വീസുകളാണ് നെയ്യാറ്റിന്‍കരയില്‍ സര്‍വീസ് നടത്തുന്നത്.

ധനുവച്ചപുരം-വെള്ളറട, മാരായമുട്ടം-ചെമ്പൂര്, മഞ്ചവിളാകം-കാരക്കോണം, കോട്ടയ്ക്കല്‍-പാലിയോട്, കമുകിന്‍കോട്-കാഞ്ഞിരംകുളം, പഴയകട-മുടിപ്പുര, നെയ്യാറ്റിന്‍കര-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-കളിയിക്കാവിള, പെരുമ്പഴുതൂര്‍-അരുവിപ്പുറം, മാരായമുട്ടം-വെള്ളറട, മാമ്പഴക്കര, ചായ്‌ക്കോട്ടുകോണം, പൂവാര്‍, വിഴിഞ്ഞം തുടങ്ങിയ റൂട്ടുകളിലാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത്. ബസ് കുറവായതിനാല്‍ ഈ റൂട്ടുകളില്‍ പലപ്പോഴും സര്‍വീസ് നടത്താന്‍ കഴിയാതെ വരുന്നു.

കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വീസ് കുറയുന്നിടത്തെല്ലാം സമാന്തര സര്‍വീസ് പിടിമുറുക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നതിന് തൊട്ടുമുന്‍പായി സമാന്തര സര്‍വീസുകള്‍ സര്‍വീസ് നടത്തുന്നത് കാരണവും വരുമാന നഷ്ടം ഉണ്ടാകുകയാണ്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് കുറഞ്ഞത് 80 സര്‍വീസെങ്കിലും നടത്താന്‍ കഴിയണം. ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ കുറഞ്ഞത് പതിനഞ്ച് ബസുകള്‍ പുതുതായി ലഭിക്കണം. പുതിയ സര്‍ക്കാരിലാണ് പുതിയ ബസുകള്‍ ലഭിക്കുന്നതില്‍ ജീവനക്കാരും യാത്രക്കാരും പ്രതീക്ഷ അര്‍പ്പിക്കുന്നത്.

വാര്‍ത്ത  –  മാതൃഭൂമി

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply