മഞ്ചേരിയുടെ ആവശ്യങ്ങൾ വിസ്മരിച്ച് കെ.എസ്.ആർ.ടി.സി

മഞ്ചേരിയിൽ നിന്ന് ഉൾ നാടൻ ഭാഗങ്ങളിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം കെ.എസ്.ആർ.ടി.സി വിസ്മരിച്ചു. പൂക്കോട്ടൂർ, പന്തല്ലൂർ, ചാരങ്കാവ് മേഖലകളിലേക്ക് സർവ്വീസ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാരംഭിച്ചില്ലെന്ന് മാത്രമല്ല, നിലവിലുള്ള സർവ്വീസുകൾ പോലും കാര്യക്ഷമമായി നടപ്പാക്കാനും കോർപ്പറേഷന് കഴിയുന്നില്ല. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് മഞ്ചേരി കേന്ദ്രീകരിച്ച് ആരംഭിച്ചപ്പോൾ രാത്രികാല യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയും അസ്ഥാനത്തായി.


ജില്ലയിൽ തന്നെ തിരക്കേറിയ നഗരമായ മഞ്ചേരിയിൽ ബസ് യാത്രികർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് തുണയാകാൻ കെ.എസ്.ആർ.ടി.സി ക്ക് കഴിയാതെ പോവുകയാണ്. ഉൾനാടൻ മേഖലകളിലേക്ക് സ്വകാര്യ ബസ്സുകൾ മാത്രമാണ് നിലവിൽ മഞ്ചേരിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഇത് പലപ്പോഴും ചൂഷണങ്ങൾക്ക് കാരണമാകുന്നെന്ന് പരാതി നിലനിൽക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു.

പന്തല്ലൂർ – മുടിക്കോട് വഴി പാണ്ടിക്കാട്ടേക്കും, പയ്യനാട് കുട്ടിപ്പാറ – ചാരങ്കാവ് – പേലേപ്രം ഭാഗങ്ങളിലൂടെ വണ്ടൂരിലേക്കും, മുള്ളംമ്പാറ പൂക്കോട്ടൂർ എന്നിവിടങ്ങളെ ബന്ധിപ്പച്ച് മലപ്പുറത്തേക്കുമൊക്കെയുള്ള സർവ്വീസുകളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ അൽപമെങ്കിലും മുന്നോട്ട് പോകാൻ കോർപ്പറേഷനായിട്ടില്ല. ബസ്സുകളുടേയും ജീവനക്കാരുടേയും കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വിദ്യാർത്ഥികളടക്കം ഏറെപേർക്ക് ഗുണകരമാകുന്ന കാര്യത്തിൽ യാതൊരു അനുകൂല ഇടപെടലും സർക്കാറിന്റെ ഭാഗത്തുനിന്നും ഇല്ല. ഇതിനിടെ നിലവിലുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ തന്നെ മുന്നറിയിപ്പേതുമില്ലാതെ മുടങ്ങുന്നെന്ന പരാതിയും വ്യാപകമാണ്. മഞ്ചേരി പൊന്നാനി റൂട്ടിലും തിരൂർ പരപ്പനങ്ങാടി റൂട്ടുകളിലും ട്രിപ്പു മുടക്കം പതിവായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ്സുകളെ മാത്രം ആശ്രയിക്കുന്ന ജോലിക്കാരും വ്യാപാരികളുമടക്കമുള്ള യാത്രക്കാർ ഇതിന്റെ പ്രയാസം അനുഭവിക്കുന്നു.

മെഡിക്കൽ കോളേജുകൂടി വന്നതോടെ മഞ്ചേരി നേരിടുന്ന രാത്രിയാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഭാഗത്തു നിന്നും ക്രിയാത്മക ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിരുന്നു. രാത്രി എട്ടുമണി കഴിയുന്നതോടെ ഉൾനാടൻ ഭാഗങ്ങളിലേക്കെന്നല്ല, മറ്റ് പ്രധാന നഗരങ്ങളിൽ മിക്കയിടങ്ങളിലേക്കും മഞ്ചേരിയിൽ നിന്ന് ബസ്സ് കിട്ടില്ല. മെഡിക്കൽ കോളേജിൽ വിവിധ ഇടങ്ങളിൽ നിന്നെത്തുന്നവരും മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമെല്ലാം ഇതിന്റെ ഇരകളാണ്. യാത്രക്കാർ കൂടുതലുള്ള ഭാഗത്തേക്ക് രാത്രിയിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് വേണമെന്ന മഞ്ചേരിയുടെ നിരന്തരമുള്ള ആവശ്യവും അവഗണിക്കപ്പെടുകയാണ്.

News : Kerala Kaumudi

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply