കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ ഏറ്റുമുട്ടി. രണ്ടുപേർക്ക് പരിക്ക്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഡിപ്പോയിലെ ഡീസൽ പമ്പിലേക്ക് ടാങ്കറിൽ നിന്നും ഡീസലിറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പമ്പ് ഓപ്പറേറ്റർ കാരാട്ട് വയൽ നിട്ടടുക്കം സ്വദേശി പവിത്രൻ (42), കെ.എസ്.ആർ.ടി.സി ടാങ്കർ ലോറി ഡ്രൈവർ ഗിരീശൻ(45) എന്നിവരാണ് ഏറ്റുമുട്ടിയത്.
ടാങ്കറിൽ കൊണ്ടുവരുന്ന ഡീസൽ മിക്കപ്പോഴും അളവിൽ കുറവാവുന്നതിനാൽ സ്റ്റേഷൻ മാസ്റ്ററുടെയും സെക്യൂരിറ്റിക്കാരുടെയും സാന്നിധ്യത്തിലേ ഇറക്കാൻ കഴിയൂ എന്ന് പറഞ്ഞതിന് ടാങ്കർ ഡ്രൈവർ ചാടിയിറങ്ങി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പവിത്രൻ പറയുന്നത്. എന്നാൽ താൻ അക്രമിച്ചതല്ല പെട്ടെന്ന് താഴെയിറങ്ങുമ്പോൾ കാൽ സ്ലിപ്പായി പവിത്രന്റെ ദേഹത്തേക്ക് വീണതാണെന്നാണ് ഗിരീശൻ പറയുന്നത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.