ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയ ഒരു പ്രവാസി കൈയിലുണ്ടായിരുന്ന പണം മുഴുവനും മുടക്കി ഒരു റൂട്ട് ബസ് വാങ്ങി. ഒടുവിൽ നമ്മുടെ നാട്ടിലെ ചിലരുടെ ഗുണം കാരണം അയാൾ ബസ് സർവ്വീസ് അവസാനിപ്പിക്കുകയും തിരികെ ഗൾഫിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു. മലയാളി ഒരിക്കലും മറക്കാത്ത വരവേൽപ്പ് എന്ന സിനിമയുടെ കഥയാണിത്. പക്ഷേ ഇവിടെ പറഞ്ഞു വരുന്ന കാര്യം വരവേൽപ്പ് സിനിമയിൽ ഉപയോഗിച്ച ബസ്സിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ്.
വരവേൽപിൽ ഉപയോഗിച്ച ബസിനെ പറ്റി പറഞ്ഞാൽ, വരവേൽപിൽ ഒരിടത്തു അതിന്റെ യഥാർത്ഥ പേര് വരുന്നുണ്ട്.’നിഷ’ എന്നായിരുന്നു അത്. കൃത്യമായി കാണണം എങ്കിൽ മോഹൻലാൽ ബസ് വാങ്ങാൻ ഉടമയുടെ അടുത്ത് എത്തുന്ന രംഗത്തിൽ നോക്കിയാൽ മതി.
KLE 8085 എന്ന നമ്പറിലുള്ള ഈ ബസ്സിന്റെ ജന്മനാട് എറണാകുളം ആണ്. 1968 മോഡൽ അശോക് ലെയ്ലാൻഡ്. അവിടെ നിന്നും പിന്നീട് ഏതോ മുതലാളി പാലക്കാട് ജില്ലയിലെ മണപ്പാടം – ചിറ്റൂർ റൂട്ടിൽ സർവ്വീസ് നടത്താനായി ബസ് വാങ്ങിക്കൊണ്ടു പോയി. ‘കൃഷ്ണ’ എന്ന പേരിലായിരുന്നു അവസാന കാലത്തു ബസ് റൂട്ടിൽ ഓടിയിരുന്നത്. 1986 ൽ ആണ് കൃഷ്ണ എന്ന ബസ് നിഷ ഡ്രൈവിംഗ് സ്കൂൾകാരുടെ കൈയിൽ എത്തുന്നത്. 18 ആം വയസിൽ ഗ്രാമീണ സേവനം കഴിഞ്ഞു പേരൊന്നും ഇല്ലാതെ ഒരു വർക്ഷോപ്പിൽ നിർത്തി ഇട്ടിടത്തു നിന്നാണ് നിഷ ഡ്രൈവിംഗ് സ്കൂളുകാർ ഈ ബസ് വാങ്ങുന്നത്.
1989 ഏപ്രിലിലാണ് വരവേൽപ് പുറത്തിറങ്ങിയത്. പാലക്കാട് വച്ചു ആയിരുന്നു ഷൂട്ടിംഗ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ആവശ്യ പ്രകാരം സിനിമ അണിയറ പ്രവർത്തകർ ഷൂട്ടിങിനു ഒരു പഴയ ബസ് അന്വേഷിച്ചു. അങ്ങനെഅവർ അന്നത്തെ RTO, കളക്ടർ എന്നിവരുടെ നിർദേശപ്രകാരം പാലക്കാട് ജില്ലയിൽ അന്ന് ഉണ്ടായിരുന്ന ഏക ഹെവി ഡ്രൈവിംഗ് സ്കൂൾ ആയ നിഷയിൽ എത്തിച്ചേർന്നു. RTO യുടെ സമ്മതം വാങ്ങി ബസ് ഷൂട്ടിംഗിനു വിട്ടു നൽകി. 1988 – 89 കാലത്തു ആണ് ഇത്.
പാലക്കാട് ജില്ലയിലെ ആലത്തൂർ, പിരായിരി എന്നിവിടങ്ങളിലൊക്കെയായിരുന്നു വരവേല്പിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിൽ കാണുന്ന ബസ് സ്റ്റാൻഡ് പാലക്കാട് ബസ് സ്റ്റാൻഡ് തന്നെ ആണ്. ആലത്തൂർ അടുത്ത് ഉള്ള തൃപ്പാളൂർ ഭാഗത്തെ ദേവി ക്ഷേത്രം ആണ് സിനിമയിൽ അമ്പലക്കടവ് എന്ന ഉൾനാടൻ ഗ്രാമവും അവിടെ ഉള്ള അമ്പലവും ഉത്സവവും ഒക്കെ ആയി മാറിയത്. ആ കാലത്തു ബസ് ഷൂട്ടിംഗിനു വിട്ട് നൽകിയ വകയിൽ തന്നെ 30000 രൂപ വരുമാനം ഡ്രൈവിംഗ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ബസ് വാങ്ങിയത് 27000 രൂപക്ക് ആയിരുന്നു എന്നതായിരുന്നു രസം.
അതിനു ശേഷം 1991 ൽ പുറത്തിറങ്ങിയ ധനം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനു വേണ്ടിയും ഈ ബസ് ഉപയോഗിച്ചിട്ടുണ്ട്. സ്റ്റണ്ട് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബസ് കാണാം. അതിനു ശേഷം ഒരു സിനിമക്ക് വേണ്ടി കൂടി നിഷ ഉപയോഗിച്ചിട്ടുണ്ട്. ഒരു ദിവസം ആയിരുന്നു ഷൂട്ടിംഗ്, പക്ഷേ ചിത്രം പുറത്ത് വന്നില്ല. പേരെന്താണെന്നും അറിയില്ല. ഉടമ പറയുന്നു.
ഇതുകൊണ്ടും നിഷ ചരിത്രം തീരുന്നില്ല. വരവേൽപിൽ അടിച്ചു പൊളിച്ചെങ്കിലും പിന്നെയും നിഷ ഏകദേശം പഴയ രൂപത്തിൽ അനേക കാലം ജീവിച്ചു. കൃത്യമായി പറഞ്ഞാൽ 2018 വരെ. 2009 ൽ ആദ്യത്തെ ബോഡിക്ക് കാലപ്പഴക്കം കൊണ്ട് ചില്ലറ തകരാറുകൾ വന്നപ്പോൾ പൊള്ളാച്ചിയിൽ പോയി മറ്റൊരു ബോഡി നിഷയിൽ കയറ്റി.
പക്ഷേ 2016 കാലത്തു രെജിസ്ട്രേഷൻ പുതുക്കുന്നതും ആയി ബന്ധപെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ബസ് ഡ്രൈവിംഗ് പഠനത്തിന് തുടർന്നു ഉപയോഗിക്കാൻ കഴിഞ്ഞില്ല. എങ്കിലും 2017 – 18 കാലം വരെ നമ്മുടെ ‘ഗൾഫ് മോട്ടോർസ്’ പാലക്കാട് ഉണ്ടായിരുന്നു. പിന്നെ ആക്രിക്കാരന് പൊളിക്കാൻ കൊടുത്തു.
വരവേൽപ് കൊണ്ട് ഓര്മിക്കപെടുന്ന ഈ ബസ് ആ സിനിമ പുറത്തു ഇറങ്ങി കഴിഞ്ഞു ജനിച്ചവർക്ക് പോലും ഹെവി ലൈസൻസ് എടുക്കാൻ നിമിത്തമായി എന്നത് ചരിത്രത്തിലെ ഒരു കൗതുകം. അവർക്ക് ഈ കാര്യം അറിയുമോ എന്നാർക്കറിയാം.
ബസ് എന്നത് ഇരുമ്പിലും തകിടിലും ഒക്കെ തീർത്ത ഒരു യന്ത്രം മാത്രമാണ്, നമ്മൾ അങ്ങനെ അല്ല കാണുന്നത് എങ്കിലും. എന്നിട്ടും നിഷ 50 വർഷം (1968 – 2018) നിലനിന്നു. പക്ഷേ പുറത്തിറങ്ങി 30 വർഷം ആയാലും ഇനിയും ഒരു 50 വർഷം കഴിഞ്ഞാലും സാമൂഹ്യ പ്രസക്തിയോടെ ഒരു കാലഘട്ടത്തിന്റെ അടയാളം ആയി വരവേൽപ്പ് എന്ന സിനിമ തലയുയർത്തി നിൽക്കുക തന്നെ ചെയ്യും, ഒപ്പം ഗൾഫ് മോട്ടോഴ്സ് എന്ന ബസ്സും.