എഴുത്ത് – മുഹമ്മദ് ഷാഫി ടി.പി.
കുട്ടവള്ളം, കുട്ടത്തോണി എന്നീ പേരുകളില്‍ അറിയപ്പെടുന്ന വട്ടത്തോണിയിലൂടെയുള്ള യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. കൊറാക്കിള്‍ റൈഡ് എന്ന് അറിയപ്പെടുന്ന വട്ടത്തോണി യാത്ര തെന്നിന്ത്യയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. കൊറാക്കിള്‍ റൈഡിന് പേരുകേട്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.
01. ഹൊഗനക്കല്‍ വെള്ളച്ചാട്ടം: തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം. വട്ടത്തോണി യാത്രയ്ക്ക് ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ഹൊഗനക്കല്‍. ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം രൂപകൊണ്ടിരിക്കുന്നത്. വട്ടത്തോണിയില്‍ വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്ത് നിങ്ങള്‍ക്ക് പോകാം .
02. ശിവാന സമുദ്ര: വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ട മറ്റൊരു സ്ഥലമാണ് ശിവാനസമുദ്ര. കാവേരി നദിയില്‍ രൂപം കൊണ്ടിട്ടുള്ള ഗഗന് ചുക്കി, ബാരചുക്കി എന്നീ വെള്ളച്ചാട്ടങ്ങള്‍ ഇവിടെയാണ്. ഇവിടെ വട്ടത്തൊണിയില് കയറി വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് പോകാം. അവിടെ നിന്ന് വട്ടത്തോണി വട്ടം ചുറ്റിക്കുമ്പോള്‍ നിങ്ങള്‍ ശരിക്കും ത്രില്ലടിച്ച് പോകും. ബാംഗ്ലൂരില്‍ നിന്ന് യാത്ര ചെയ്യാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ശിവാന സമുദ്ര. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്നിക് സ്പോട്ട്.
03. തലക്കാട്: കര്‍ണാടകയുടെ കുഞ്ഞന്‍ മരുഭൂമി എന്നാണ് തലക്കാട് അറിയപ്പെടുന്നത്. കാരണം തലക്കാട് എന്ന ഈ പുരാത നഗരത്തില്‍ നിറയെ മണല്‍ ആണ്. മൈസൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായി കാവേരി നദിയുടെ തീരത്തായാണ് തലക്കാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാവേരി തീരം വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ്. ശിവാന സമുദ്രയില്‍ നിന്ന് അധികം ദൂരത്തല്ലാതെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തലക്കാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് കാവേരി നദിയാണെന്ന് പറയാതെ വയ്യ. കാവേരിയുടെ തീരങ്ങളില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്. ബാംഗ്ലൂരില്‍ നിന്ന് 120 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ സുന്ദരമായ സ്ഥലത്ത് എത്തിച്ചേരാം.
04. ഹംപി: കര്‍ണാടകയിലെ ഏറ്റവും പ്രശസ്തമായ പൈതൃക നഗരമാണ് ഹംപി. തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഹംപിയും വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ്. ഹംപിയിലെ തുംഗഭദ്ര നദിയാണ് വട്ടത്തോണി യാത്രയ്ക്ക് നിങ്ങള്‍ അവസരം ഒരുക്കുന്നത്. വടക്കന്‍ കര്‍ണാടകത്തിലാണ് ഈ പുരാതനനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 350 കിലോമീറ്റര്‍ ദൂരമുണ്ട്. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
05. ഹൊന്നെമരഡു: ശരാവതി നദിയുടെ ഭാഗമായ സുന്ദരമായ ഒരു തടാകം ആണ് ഹൊന്നെമരഡുവിനെ സഞ്ചാരികളുടെ പറുദീസയാക്കി തീര്‍ക്കുന്നത്. വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ടതാണ് ഈ തടാകം. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന് ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
06. ഭീമേശ്വരി: വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ട മറ്റൊരു സ്ഥലമാണ് ഭീമേശ്വരി. കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ സുന്ദര സ്ഥലത്ത് എത്തിച്ചേരാന്‍ ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. പ്രകൃതി സ്നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
07. നാഗര്‍ഹോളെ: കര്‍ണാടകയിലെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് നാഗര്‍ഹോളെ വന്യജീവി സങ്കേതം. കബിനി നദിയുടെ തീരത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ടതാണ് നാഗര്‍ഹോളയിലെ കബിനി തീരം. ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്.
08. നാഗര്‍ജുന സാഗര്‍ ഡാം: തെലങ്കാനയിലെ പ്രശസ്തമായ ഒരു അണക്കെട്ടാണ് നാഗര്‍ജുന സാഗര്‍ ഡാം. ഈ അണക്കെട്ടിന്റെ റിസേര്വയര് വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ടതാണ്. ഹൈദരബാദില്‍ നിന്ന് വട്ടത്തോണി യാത്ര നടത്താന്‍ അഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ഇത്. ഹൈദരബാദില്‍ നിന്ന് 150 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. ഹൈദരാബാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് നാഗാര്‍ജുനസാഗര്‍. തെലങ്കാനയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗാര്‍ജുനസാഗര്‍.
09. ശ്രീശൈലം: വട്ടത്തോണി യാത്രയ്ക്ക് പേരുകേട്ട ആന്ധ്രപ്രദേശിലെ ഒരു സ്ഥലമാണ് ശ്രീശൈലം. കൃഷ്ണ നദിയിലാണ് സഞ്ചാരികള്‍ വട്ടത്തോണി യാത്ര ആസ്വദിക്കാന്‍ എത്തുന്നത്. ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഹൈദരബാദില്‍ നിന്ന് 212 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
10. അടവി: വട്ടത്തോണി യാത്ര ആസ്വദിക്കാന്‍ പറ്റിയ കേരളത്തിലെ പ്രശസ്തമായ സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപത്തുള്ള അടവി. അടവി എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാര്‍ നദിയിലാണ് സഞ്ചാരികള്‍ക്കായി വട്ടത്തോണി യാത്ര ഒരുക്കിയിരിക്കുന്നത്.