എഴുത്ത് : Ummer Farooq.
ഡൽഹി മെട്രോ ട്രെയിനുകളിലും, DTC, ക്ലസ്റ്റർ ബസ്സുകളിലും യാത്ര ചെയ്യുന്ന ജനങ്ങൾക്ക് പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന കോമൺ മൊബിലിറ്റീ കാർഡ് ദൽഹി ഗവൺമെന്റ് പ്രാബല്യത്തിൽ കൊണ്ടുവന്നതായി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്. ഉപഭോക്താക്കൾക്ക് ഒന്നിലധികം തരത്തിലുള്ള യാത്രകൾ ആസൂത്രണം ചെയ്യാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ കൂടി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) മാനേജിംഗ് ഡയറക്ടർ മങ്കൂ സിങ്ങും ചേർന്നാണ് പുതുക്കിയ “ONE” എന്ന് പേര് നൽകിയ മൊബിലിറ്റി കാർഡ് പ്രകാശനം ചെയ്തത്.
നിലവിൽ ഡൽഹി മെട്രോയുടെ സ്മാർട്ട് കാർഡ് ആണ് പൊതു ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത്. ചുവപ്പ് മഞ്ഞ നിറത്തിലുള്ള ഷേഡിൻമേൽ ക്യൂബിക് ഡിസൈനുള്ള കാർഡിൽ “ONE DELHI” “ONE RIDE” എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെയും ഡിറ്റിസി ബസുകളുടെയും ഓട്ടോറിക്ഷകളുടെയും സിറ്റിയിലെ സ്മാരകങ്ങളുടെയും ചിത്രങ്ങളോടു കൂടിയ ഒരു വൃത്താകൃതിയിലുള്ള യൂണിറ്റും അതിലുണ്ട്.
മെട്രോ സ്റ്റേഷനുകളിൽ നിന്നും DTC പാസ് കൗണ്ടറുകളിൽ നിന്നും കാർഡുകൾ വാങ്ങാൻ സാധിക്കും. നിലവിലുള്ള സ്മാർട്ട് കാർഡുകൾ തുടർന്നും ഉപയോഗിക്കാം. പക്ഷേ പുതിയ കാർഡ് എടുക്കുമ്പോഴും ഉള്ള കാർഡ് മാറ്റം വരുത്തുമ്പോഴും “ONE” കാർഡ് ആയിട്ടായിരിക്കും ലഭ്യമാവുക. കോമൺ മൊബിലിറ്റി കാർഡിൻറെ വരവോടെ ഡൽഹിയിലെ പൊതുഗതാഗത സൗകര്യങ്ങൾ സിംഗപ്പൂർ പോലെയുള്ള ലോകത്തിലെ അത്യാധുനിക നഗരങ്ങളുടെ നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്.
ഇനി ഡൽഹിയിലെ ജനങ്ങൾക്ക് ഒരേ കാർഡ് ഉപയോഗിച്ച് മെട്രോ ട്രെയിനുകളിലും, DTC ബസ്സുകളിലും, ക്ലസ്റ്റർ ബസ്സുകളിലും എല്ലാം യാത്രചെയ്യാം. കാർഡിന്റെ വില 200 രൂപയാണ് അതിൽ 150 രൂപ ബാലൻസ് ലഭിക്കും. മെട്രോ സ്റ്റേഷനുകളിലും DTC പാസ് കൗണ്ടറുകളിൽ നിന്നും ഈ കാർഡ് റീചാർജ് ചെയ്യാം. ഇതോടെ ജനങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ ചില്ലറയില്ലാത്തതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാം.
കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ഡൽഹി മെട്രോ തുടക്കം മുതൽ ഇളവുകൾ നല്കുന്നുണ്ട്, കൂടാതെ കാർഡ് ഉപയോഗിച്ചു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.10 രൂപയുടെ ബസ്സ് ടിക്കറ്റിനു കാർഡ് ഉപയോഗിക്കുമ്പോൾ 9 രൂപ നൽകിയാൽ മതി.