എല്‍പിജി ടാങ്കര്‍ ലോറി ഡ്രൈവറായ പാലാ സ്വദേശി വിഷ്ണുവിന്റെ വാക്കുകളിലൂടെ…
ഇന്ധനവിലവര്‍ദ്ധന വരുമ്പോള്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സാധനങ്ങള്‍ക്ക് വിലവര്‍ദ്ധനവ് വരുന്നത് എന്ത് അസഹ്യമായ കാര്യമാണല്ലേ. എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ ഈ സാധനങ്ങള്‍ ഇന്ത്യയൊട്ടുക്ക് സംസ്ഥാനങ്ങള്‍ താണ്ടി വിവിധയിടങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങളെ കുറിച്ച്. പാണ്ടിലോറികള്‍ എന്ന് വിളിച്ച് കളിയാക്കുന്ന ചരക്കുലോറികളെ കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. എത്രപേര്‍ക്കറിയാം ഓരോ ഇന്ത്യക്കാരനും ഒരുദിവസം ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഞങ്ങളുടെ വിയര്‍പ്പും പുരണ്ടിട്ടുണ്ട് എന്നകാര്യം.
അതെ ഞങ്ങള്‍ വണ്ടിപ്പണിക്കാര് പാര്‍ശ്വവത്കരിക്കപ്പെട്ട തൊഴിലാളികളായി കഠിനാദ്ധ്വാനം ചെയ്യുന്നത് ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ്. രാജ്യത്തിന് വേണ്ടിയാണ്. ഹിമാലയത്തിലെ ആപ്പിളും നാഗ്പൂരിലെ ഓറഞ്ചും മൈസൂരിലെയും തേനിയിലെയും മുന്തിരിയും നിങ്ങളുടെ കയ്യെത്തുംദൂരത്തുള്ള കടയില്‍ ഇന്ന് ലഭ്യമാണ്. വിശ്രമമില്ലാതെ, കവര്‍ച്ചക്കാരുടെ ആക്രമണവും ഭീഷണിയും അതിജീവിച്ച് വണ്ടിച്ചക്രമുരുട്ടുന്ന വളയം പിടിക്കുന്ന ഞങ്ങളെ പോലുള്ള കുറേപ്പേരുടെ അദ്ധ്വാനമുണ്ട് അതിനു പിന്നില്‍ എന്ന കാര്യം പലപ്പോഴും ആരും ഓര്‍ക്കാറില്ല.
എന്നെ പരിചയപ്പെടുത്താന്‍ മറന്നുപോയി. ഞാന്‍ കോട്ടയം പാല സ്വദേശി വിഷ്ണു. എല്‍.പി.ജി. ടാങ്കര്‍ ലോറി ഡ്രൈവറാണ്. ഒരുസാധാരണ കുടുംബത്തിലെ അംഗമാണ്. ചെറുപ്പം മുതല്‍ വാഹനങ്ങളോട് വലിയ ഇഷ്ടമായിരുന്നു. അതെന്നെ ഒരു ലോറി ഡ്രൈവറാക്കി മാറ്റി. വളരെ കഷ്ടപ്പെട്ടാണ് ഡ്രൈവിംഗ് പഠിച്ചത്. 2005-ല്‍ പത്താംക്ലാസ് പഠിത്തം കഴിഞ്ഞ് ഷാജി, ധീരജ് എന്നീ ആശാന്മാരുടെ കീഴില്‍ എല്‍.പി.ജി. ടാങ്കര്‍ലോറികളില്‍ ക്ലീനറായി കയറിയായിരുന്നു പഠനം. കണ്മുന്നിലൂടെ പായുന്ന ലോറികള്‍ പലര്‍ക്കും ഇന്ന് ഒരു പേടിസ്വപ്നമാണ്. അപകടത്തില്‍പെടുന്ന ടിപ്പര്‍ലോറികളാണ് അതിന് ഒരു കാരണം.
പലപ്പോഴും വാഹന ഡ്രൈവര്‍മാരെ പാര്‍ശ്വവത്കരിക്കുന്ന സമൂഹമാണ് നമുക്കുചുറ്റുമുള്ളത്. മഴയും വെയിലും രാത്രിയും പകലും മഞ്ഞും മലയും കടന്നു ഞങ്ങള്‍ ഓരോരുത്തരും ഈ വളയം പിടിച്ചു വരുന്നത് ഞങ്ങള്‍ക്ക് വേണ്ടിയല്ല. നിങ്ങള്‍ക്ക് വേണ്ടിയാണ്. വളയം പിടിച്ചുപോകുന്ന സമയത്ത് ഞങ്ങളുടെ ഉള്ളില്‍ എന്നും നിങ്ങളെ കാക്കണേ ദൈവമേ എന്നാണ് പ്രാര്‍ത്ഥന. അല്ലാതെ ഞങ്ങളെ കാക്കണേ ദൈവമേ എന്നല്ല. സംസ്ഥാനങ്ങള്‍ പിന്നിട്ട് സഞ്ചരിക്കുന്ന ഞങ്ങള്‍ക്ക് പൊതുവെ നാടുമായുള്ള ബന്ധം കുറവായിരിക്കും. ഒരു യാത്ര പോയിക്കഴിഞ്ഞാല്‍ തിരികെ എത്തുന്നത് മാസങ്ങള്‍ കഴിഞ്ഞായിരിക്കും. പലപ്പോഴും ഉറ്റവരുടെ വേര്‍പാടിനും മറ്റ് ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയാറില്ല.
നാഷണല്‍ പെര്‍മിറ്റ് ലോറി ജീവനക്കാര്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് വാഹനം ഓടിക്കുന്നത്. ജീവന് പണയം വെച്ചാണ് യാത്ര. ചരക്ക് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നത് വഴി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് വേണ്ടി. ഉറക്കവും ഭക്ഷണം പാകം ചെയ്ത് കഴിക്കലും എല്ലാം വണ്ടിക്കുള്ളില്തന്നെ. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും വാഹനത്തോടും ഡ്രൈവിങ്ങിനോടും പാഷന് ഉള്ള ഞങ്ങളെ പോലുള്ളവരാണ് ഈ ഇന്ത്യാമഹാരാജ്യത്തെ ചരക്കുനീക്കത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അഭിമാനവും ഉണ്ട്.
ചില ഹിന്ദിക്കാരു ഡ്രൈവര്‍മാര്‍ ബ്രൈറ്റ് ലൈറ്റ് ഇട്ടേ ഓടിക്കൂ. രാത്രി കല്ല് പെറുക്കി എറിയും ഉറങ്ങിക്കിടക്കുമ്പോള്‍. ചിലയിടങ്ങളില്‍ വണ്ടിയുടെ ഡീസലും ചക്രങ്ങളും മോഷ്ടിക്കുന്ന വിരുതന്മാരുമുണ്ട്. മറ്റിടങ്ങളില്‍ വണ്ടിയില്‍ കയറി കഴുത്തില്‍ കത്തിവയ്ക്കുന്നവരും. അപ്പോള്‍ എങ്ങനെ വണ്ടിയില്‍ കിടന്ന് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയും. ഇത്തരത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ തരണം ചെയ്താണ് ഓരോ ദിവസവും ഞങ്ങള്‍ പിന്നിടുന്നത്. അതിനിടയിലാകും വീട്ടില്‍നിന്നു അച്ഛനു സുഖമില്ല എന്നൊക്കെ പറഞ്ഞു കോള്‍ വരുന്നത്. മാനസിക പ്രയാസങ്ങള്‍ വേറെ. എല്‍.പി.ജി. ടാങ്കര്‍ ലോറി ആയതിനാല്‍ തന്നെ ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
എല്ലാവരെയും പോലെ തന്നെ യാത്രയുടെ ബോറടി മാറ്റാന്‍ ഞങ്ങള്‍ കണ്ടെത്തുന്നവഴികളിലൊന്നാണ് പ്രകൃതി ആസ്വാദനം. ആന്ധ്രാപ്രദേശില്‍ പ്രകൃതിരമണീയമായ സ്ഥലങ്ങളാണ്. നെല്പാടങ്ങളും വയലേലകളും ചെറിയ ചെറിയ കുന്നുകളും കുരങ്ങന്മാരും എല്ലാം കൊണ്ട് അതിമനോഹരമായ സ്ഥലങ്ങള്‍. സ്ഥലഭംഗി ആസ്വദിക്കാന്‍ കഴിയുന്നത് അന്ധ്രാപ്രദേശിലാണ്.
മഹാരാഷ്ട്ര ഗുണ്ടകളുടെ നാട് എന്ന് പറയാനാണ് എനിക്കിഷ്ടം. ധാരാളം ചീത്ത അനുഭവങ്ങള്‍ നേരിട്ട അനുഭവമാണ് കാരണം. ലോറിഡ്രൈവര്‍മാരുടെ പേടിസ്വപ്നമാണ് മഹാരാഷ്ട്ര. അവിടെ പോലീസുകാരാണ് ഗുണ്ടകള്‍. റൗഡി മാമൂല് ഒരു വണ്ടിക്ക് 500, 1000 രൂപയാണ് ആ ഏരിയ കടക്കാന്‍ നമ്മള് കൊടുക്കേണ്ടത്. റ്റമ്പുരുണി, അഹമ്മദ്നഗര്‍, സോലാപ്പൂര്‍, ക്കണ്ടാല എന്നിവിടങ്ങളിലെല്ലാം റൗഡികള്‍ പോലീസ് തന്നെയാണ്. ഇവന്മാര് സ്വന്തം വീട്ടില്‍ ഇരിക്കുന്നത് പോലെയാണ് റോഡിന്റെ നടുക്ക് ഇരിക്കുക. ഇവരെയെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകണം.
ഇഷ്ടംപോലെ പ്രകൃതിഭംഗി ഇവിടെയുമുണ്ടെങ്കിലും ഗുണ്ടാഭീതിമൂലം ഇവയൊന്നും ആസ്വദിക്കാന്‍ കഴിയാറില്ല. അതിനിടയിലായിരിക്കും ടയര്‍ പഞ്ചര്‍ വരുന്നത്. അതും നമ്മള് തനിയെ മാറ്റിയിടണം. ഇതെല്ലാം തരണം ചെയ്ത് ഒരു ലോഡ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവന് ആണ് യഥാര്‍ത്ഥ ഡ്രൈവര്‍. വരുംതലമുറകള്‍ വെള്ളം ഇല്ലാതെ അലയാന്‍ പോകുന്ന ഒരു നാടാണ് തമിഴ്നാട് എന്നാണ് എനിക്ക് തോന്നുന്നത്. എവിടെ നോക്കിയാലും വറ്റിവരണ്ട് കിടക്കുന്ന വയലുകള്‍. ആകപ്പാടെ മൊത്തത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന നാട് ആണ് തമിഴ്നാട്. മണ്ണെടുപ്പ് തന്നെയാണ് അവിടത്തെ ശാപം.
കൃഷിയുണ്ടെങ്കിലും മാരകമായ രാസവളം ഉപയോഗിച്ച് മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് തമിഴന്മാര്. നേതാക്കന്മാര് ജനങ്ങളെ നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു നാടാണ് തമിഴ്നാട്. ബംഗളുരുവും മൈസൂരും മംഗലാപുരവും ഹാസനും കര്‍ണ്ണാടകയുടെ മനോഹരയിടങ്ങളാണ്. അവയെ കുറിച്ച് പറയാന്‍ ഈ പേജ് മതിയാകുമെന്ന് തോന്നുന്നില്ല. എങ്കിലും ഈയിടെ വാര്ത്താമാധ്യമങ്ങളില്കൂടി നിങ്ങള്‍ അറിഞ്ഞ വാഹനകവര്‍ച്ച പേടിപ്പെടുത്തുന്നതാണ്.
കര്‍ണ്ണാടക അതിര്‍ത്തിയിലെ വിജനമായ വഴികളില്‍ വാഹനം ഗുണ്ടകള്‍ തടഞ്ഞു ആക്രമിച്ച് തട്ടിയെടുക്കുന്നതാണ് രീതി. പല ഡ്രൈവര്‍മാരും മെയ്യാഭ്യാസം കൊണ്ട് പിടിച്ചുനില്ക്കുന്നുണ്ട് ഇവര്‍ക്കെതിരെ. ക്ലീനര്‍ ആയിരുന്നപ്പോള്‍ പലപ്പോഴും കൂട്ടായി ഡ്രൈവര്‍ ഉണ്ടാകും. എന്നാല്‍ ഡ്രൈവര്‍ ആയതിന് ശേഷം തനിയെ ആണ് കൂടുതലും യാത്ര. അതിനാല്‍ വഴിയോരങ്ങളിലെ കടകളില്നിന്നായിരിക്കും പലപ്പോഴും ഭക്ഷണം. ചിലപ്പോള്‍ വണ്ടിക്കകത്തും പാചകകല വിരിയും.
ഗുജറാത്തിലെ ഭക്ഷണമാണ് ഇഷ്ടം. റൊട്ടിയും പനിര്‍ പാലക്കും തുടങ്ങി അവിടത്തെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. തമിഴ്നാട്ടിലെ ഭക്ഷണമാണ് രണ്ടാമത്തെ ഇഷ്ടം. മഹാരാഷ്ട്രയിലും വലിയ തെറ്റില്ല. മഹാരാഷ്ട്രയിലെ ദാബാ ഹോട്ടല്‍ ഭക്ഷണം ഒരിക്കലും മറക്കാന്‍ പറ്റില്ല. ആന്ധ്രായിലെ ആണെങ്കില്‍ ഒരു ചെറിയ ഇലയില്‍ നിറയെ ചോറും പരിപ്പ്കറിയും നെയ്യും. പിന്നെ ഡാല്‍ പൗഡറും തൈരും കൂട്ടിയൊരു പിടിയുണ്ട്. ആഹാ വല്ലാത്ത ടേയ്സ്റ്റ് ആണ് അതിന്. എന്നാലും വല്ലപ്പോഴും വീട്ടില്‍ വരുമ്പോഴുള്ള സുഖവും സുരക്ഷിതത്വവും ഞങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ട്. വീട്ടിലെ ഭക്ഷണത്തിന്റെ സ്വാദ് മറ്റെങ്ങും കിട്ടുകയില്ലല്ലോ.
Source – http://www.greenpageonline.com/main-article.php?+value=179
കടപ്പാട് – സനല്‍ദേവ് കൈപ്പറമ്പില്‍