എന്തൊരഴക് എന്തൊരു ഭംഗി… പ്രകൃതിയുടെ വശ്യ സൗന്ദര്യം വിളിച്ചോതി അതിരപ്പിള്ളി – മലക്കപ്പാറ റൂട്ട്… തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന നമ്മുടെ മൂന്നാറിലെ തെയിലതോട്ടങ്ങളോട് സാമ്യം തോന്നിക്കുന്ന തേയിലത്തോട്ടങ്ങളും , നനവുള്ള കാറ്റും , കമിതാക്കളെ പോലെ ഒരുമിച്ചു ചേര്‍ന്ന് കടന്നുവരുന്ന മഞ്ഞും മഴയും , മല നിരകളും , കൊച്ചു കൊച്ചു വീടുകളും ,അങ്ങിങ്ങെ അലഞ്ഞു നടക്കുന്ന പശുക്കളും ഒക്കെ ആയി ഒരു സുന്ദര ഗ്രാമമാണ് മലക്കപ്പാറ. മാത്രമല്ല നമ്മുടെ കേരളം തമിഴ്നാടിനോട് അധിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് മലക്കപ്പാറ. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻറെയും കീഴിലുള്ള കേരള വനം വകുപ്പിൻറെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്.
പ്രകൃതിയേയും കാടിനെയുമൊക്കെ അടുത്തറിയാനുളള അവസരം കൂടിയാണ് ഈ വഴിയിലൂടെയുളള യാത്ര. അത് മാത്രമല്ല ഭാഗ്യമുണ്ടെങ്കില്‍ നിരവധി കാട്ടുമൃഗങ്ങളേയും കാണാം. മാനുകളെയും മയിലുകളേയും ഒപ്പം കാണാത്ത നിരവധി പക്ഷികളെയും കണ്ട് കണ്ണും മനസ്സുമെല്ലാം നിറച്ചു വരാം. കാനനഭംഗിയും താഴ്വാരങ്ങളുടെ മനോഹാരിതയും വന്യമൃഗങ്ങളുടെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാനും മലക്കപ്പാറയിലെത്തുന്നവര്‍ ധാരാളം. ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മലക്കപ്പാറയിലെത്തുന്നത്. മലമ്പാതയിലൂടെയുള്ള യാത്രയില്‍ ആന, മാന്‍, കുരങ്ങ്, തുടങ്ങിയ വിവിധ വന്യജീവികളെയും അടുത്ത് കാണാന്‍ കഴിയുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് മലക്കപ്പാറയിലേക്കുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണ്.
ഇതിലും മനോഹരമായ കാട്ടുപാത സ്വപ്നങ്ങളിൽ മാത്രം…. ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളുടെ സ്വകാര്യ അഹങ്കാരം…. തൃശൂരിന്റേയും ചാലക്കുടിയുടേയും അഭിമാനം..ഇന്ത്യയിലെ ഏറ്റവും മനോഹരമായ സീനിക് റൂട്ട്…. മൺസൂൺ അവളെ കൂടുതൽ സുന്ദരിയാക്കുന്നു… വന്യതയുടെയും നിശബ്ധതയുടേയും പര്യായം ..വെറുതെയൊന്ന് ഡ്രൈവ് ചെയ്താൽ മതി പ്രകൃതിയിലെ മായീകമായ കുളിർമ മനസ്സിനെ തണുപ്പിക്കാൻ….നശിപ്പിക്കാൻ അനുവദിച്ച് കൂടാത്ത അപൂർവ്വ സസ്യജീവജാല സമ്പത്തിന്റെ കനത്ത ആവാസ വ്യവസ്ഥ… മനുഷ്യന്റെ കാലടി പാടുകൾ വീഴാത്ത കനത്ത നിത്യഹരിത വനമേഖല…. അനവധി ആദിവാസി ഊരുകൾ … വെള്ളത്തിൽ മുക്കി അവരെ അനാഥരാക്കി നരഭോജികൾക്ക് വിട്ടുകൊടുക്കാൻ മനഃസാക്ഷിയുള്ളവർക്കാകില്ല…
മൂന്നാറിലെ അതേ കാലാവസ്ഥയുള്ള മലക്കപ്പാറയിലെത്തുന്നവര്‍ക്ക് പ്രകൃതിസൗന്ദര്യം ഏറെ ആസ്വദിക്കാം. എത്ര തവണ പോയാലും മതിവരാത്ത സ്ഥലം ആണ് മലക്കപ്പാറ… മഴക്കാലം ആണ് ഏറ്റവും നല്ലത്. വൈകുന്നേരങ്ങളിൽ മഴയുള്ളപ്പോൾ 2 മണിക്ക് ചാലക്കുടിയിൽ നിന്നും പുറപ്പെട്ടാൽ വൈകുന്നേരം മലക്കപ്പാറയിൽ കോടമഞ്ഞ് കാണാം. എല്ലാം ഭാഗ്യം പോലെ…. താമസത്തിനാണെങ്കിൽ കോട്ടേജുകളും ഉണ്ട്.
മദ്യ സേവകർ പ്രത്യേകം ശ്രദ്ധിക്കുക.. വാഴച്ചാൽ ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ ചെക്ക് ചെയ്തെ വിടുകയുള്ളൂ. പ്രവേശനം രാവിലെ 6 മുതൽ വൈകീട്ട് 6 വരെ. മലക്കപ്പാറയിൽ നിന്നും വാല്‍പ്പാറ, പൊള്ളാച്ചി വഴി തിരിച്ചു പോരുവാനും സാധിക്കും. ചിത്രങ്ങൾ കാണുമ്പോഴേ ഒരു കുളിരാണ്. അപ്പൊ ഇതിലൂടെയൊരു യാത്ര പോയാലോ..?
By: Lifas Rahman