അമ്പലപ്പുഴ: കാറില്‍ ബസ് തട്ടിയെന്നാരോപച്ച് കാര്‍ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസിന്‍റെ താക്കോല്‍ ഊരിക്കൊണ്ടുപോയി. വാതില്‍ തുറക്കാനാവാതെ യാത്രക്കാര്‍ ബസിനുള്ളില്‍ കുടങ്ങി. കായംകുളത്തുനിന്നും രാവിലെ പത്തരയ്ക്ക് എറണാകുളത്തേക്ക് പോകുകയായിരുന്ന ആലപ്പുഴ ഡിപ്പോയിലെ ആര്‍പിസി 206 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തട്ടിയെന്നാരോപിച്ചാണ് കാര്‍ ഡ്രൈവറായ യുവാവ് താക്കോല്‍ ഊരിക്കൊണ്ടുപോയത്. ദേശീയപാതയില്‍ നീര്‍ക്കുന്നം ജംഷനു തെക്കുഭാഗത്ത് ഇന്നലെ രാവിലെ 11.20ഓടെയായിരുന്നു സംഭവം.
ഗട്ടര്‍ കണ്ട് വെട്ടിച്ചുമാറ്റിയ കാറിന്‍റെ സൈഡില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ഗിരീഷ് ബസ് ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് അപകടം എന്തെന്ന് നോക്കാനായി ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ പിന്നാലെയെത്തിയ കാര്‍ ഡ്രൈവര്‍ ബസില്‍ നിന്നും താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.
ഡ്രൈവര്‍ ഗിരീഷും കണ്ടക്ടര്‍ നസീരും യാത്രക്കാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെട്ടികുളങ്ങര സ്വദേശിയായ ഇയാള്‍ താക്കോല്‍ നല്‍കാന്‍ തയ്യാറായില്ല. പിന്നീട് ബസിന്‍റെ സൈഡ് വിന്‍ഡോയിലൂടെ വെളിയിലിറങ്ങിയ ഏതാനും ചില യാത്രക്കാര്‍ ഇയാളില്‍ നിന്നും താക്കോല്‍ ബലംപ്രയോഗിച്ച് വാങ്ങുകയായിരുന്നു. ഹൈഡ്രോളിക് സംവിധാനമുള്ള വാതില്‍ തുറന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റു ബസുകളില്‍ യാത്രയാക്കി. സംഭവത്തില്‍ 15 മിനിട്ടോളം സ്ത്രീകളും കുട്ടികളുമടക്കം 25 യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. ഉടന്‍ കെഎസ്ആര്‍ടിസി അധികൃതരെത്തി യുവാവില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി.
കടപ്പാട് : ജന്മഭൂമി