ഇന്ന് എന്റെ ഹാപ്പി ബര്ത്ഡേ ആണ്. പ്രേത്യേകിച്ചു പ്ലാൻസ് ഒന്നും ഇല്ലാത്തതിനാൽ വീട്ടിൽ കുത്തിയിരുന്ന് ബർത്ഡേയ് കുളമാകുമോ ഇന്ന് പേടിച്ചു ഇരിക്കുമ്പോളാണ് വൈകിട് 3 മണിക്ക് ഒളമറ്റം പാലം വേറെ ഒന്ന് പോയി വന്നാലോ എന്നു ബൾബ് മിന്നിയത്. പിന്നെ ഒട്ടും താമസിച്ചില്ല, ഫ്രണ്ട്നെയും കൂട്ടി നാലുമണിക്ക് ഇറങ്ങി. എന്തുകൊണ്ട് ഒറ്റക് പോയികൂടായെന്നു ദേ ഇപ്പൊൾ ചിന്തിച്ചവർക്കായി : ഞാൻ തീരെ ‘കുറച്ചു” മാത്രം സംസാരിക്കുന്ന പ്രക്രതം ആയതുകൊണ്ട് സോളോ ട്രിപ്സി എനിക്ക് സത്യത്തിൽ ബോറടിച്ചേക്കും. എനിക് സംസാരിച്ച വെറുപ്പിക്കാൻ ഏതേലും friends കൂടെയുള്ളതുതന്നെയാണ് ഇഷ്ടം. (no offense to all those solo riders out there, its completely my personal taste).
പോകുന്ന വഴിക് നല്ല ഇടിവെട്ടും മഴയുണ്ടായിരുന്നു, ഇടക്ക് ഒന്ന് ശമിച്ച മഴ വീണ്ടും തലപൊക്കിനോക്കിയത് പാലത്തിലൂടെ നടന്നപ്പോളായിരുന്നു. നല്ല ഫീൽ. താഴെ തകിട് വിരിക്കാത്ത അപൂർവം തൂക്കുപാലങ്ങളിൽ ഒന്നായ ഒളമറ്റം തൂക്കുപാലത്തിലൂടെ നടന്നാൽ താഴെ മനോഹരമായി താളം തട്ടി ഒഴുകുന്ന പുഴയെ കാണാം. ആ പ്രേത്യേക കാഴ്ച കാണാനായി തന്നെയാണ് ചെറുതെങ്കിലും മനോഹരമായ അവിടേക്ക് പോയതും. നല്ല കുലുക്കത്തിലൂടെ ബാലൻസ് ചെയ്തു പാലത്തിലൂടെ നടക്കുമ്പോൾ താഴെ പച്ച നിറത്തിൽ പുഴവെള്ളം കത്തി നിൽക്കുന്ന അസ്തമയ സൂര്യപ്രഭയിൽ അവിടവിടെ ചുവന്ന ജ്വാല പോലെ തോന്നി. ഇടക്കിടെ വരുന്ന കുഞ്ഞു ഇടിമുഴക്കവും ചെറു ചാറ്റൽ മഴയും കൂടെ. കൊള്ളം, പിറന്നാൾ ദിവസം കണ്ട നല്ലൊരു കാഴ്ച മനസു നിറച്ചു.
ഇരുകരകളിലുമായി സ്ത്രീകളും കുട്ടികളും കുളിക്കാനും നീന്തൽ പരിശീലനത്തിനുമൊക്കെയായി ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു വരുന്ന പലരും ബസ് ഇറങ്ങി പാലം കടന്നു ദ്രിതിയിൽ സ്വന്തം വീട്ടിലേക്കു പോകുന്നുണ്ടായിരുന്നു. എല്ലാവരും ഒരേ ദിശയിൽ മാത്രം. വൈകുന്നേരം പറക്കുന്ന കാക്കക്കൂട്ടങ്ങളെ ഓർമ്മ വന്നു. രാവിലെ വെള്ള കീറുമ്പോൾ ഒറ്റയും തറ്റയായും തീറ്റ തേടിയിറങ്ങുന്ന അവ പലയിടങ്ങളിലും അലഞ്ഞു വൈകിട്ട് സ്വന്തം ചില്ലത്തേടി പറക്കുന്നതുപോലെ തന്നെയല്ലെ നമ്മൾ മനുഷ്യരും. രാവിലെ എണീറ്റ് ജോലിസ്ഥലത്തേക്കുള്ള ഓട്ടം, മിക്കവർക്കും ടൗണിലാണ് ജോലിയെന്നതിനാൽ ആ ദിശയിൽ, വൈകുന്നേരം കൂടണയാനുള്ള തത്രപ്പാട്. ഇതിനിടയിൽ യാത്രപോകാനും ചുറ്റും ഉള്ളതിന്റെ ഭംഗി ആസ്വദിക്കാനും കൂടി സമയമില്ലാതെ പോകുന്ന പലരും. ആരെയും കുറ്റപ്പെടുത്താനോ മഹത്വവൽക്കരിക്കാനോ ആകില്ല. എല്ലവരും തിരക്കിലാണ്, ജീവിതം ഒരു കര പറ്റിക്കാനുള്ള തിരക്കിട്ടയോട്ടം. ആ പാലത്തിലൂടെ കടന്നുപോയ ആരുംതന്നെ ചുറ്റും ഉള്ള കാഴ്ച ഒരു നോക്ക് നോക്കാതെ കടന്നുപോയി, ഒന്നുകിൽ അവർക്കു ഏതൊക്കെ എന്നും കാണുന്നതിനാലുള്ള ആവർത്തന വിരസതയകം അതുമല്ലെങ്കിൽ വേണ്ടപ്പെട്ടവർക്കായി എന്നുമിങ്ങനെ ഓടിയോടി അവരുടെ മനസും തണുത്തുറഞ്ഞു പോയിരിക്കാം.
എന്തായാലും അധികം ചിന്തിച്ചു കാടുകയറാതെ ഞാൻ പാലം കടന്നു അപ്പുറത്തെത്തി, കുളിക്കാനായി വന്ന 2 കുട്ടികൾ അവരുടെ നായിക്കുട്ടിയെയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു, ഒരു കൊച്ചു സുന്ദരൻ പട്ടിക്കുട്ടൻ. കുളിക്കടവാണെങ്കിലും അവിടെയിറങ്ങിച്ചെന്നു അവനെ 2 ഫോട്ടോ എടുത്തു. പുള്ളിക്കാരന് തീരെ ഇഷ്ടപെടാത്ത ഭാവം. ആ നോട്ടം പന്തി അല്ലെന്നു കണ്ട ഞാൻ പെട്ടെന്ന് തടിയൂരി. പണ്ട് ഒന്ന് മൃഗസ്നേഹം മൂത്തതിന്റെ പരിണിതഫലമായി പത്താംക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ ARV ഇഞ്ചക്ഷന്റെ കട്ട്കഴപ്പൻ വേദന പെട്ടെന്നു മനസ്സിൽ വന്നതോടെ നടത്തത്തിന്റെ വേഗത കൂടി ഓട്ടം അയോന്നൊരു സംശയം ഇല്ലാതില്ലാതില്ല. പാലം തിരിച്ച നടന്നപ്പോളാണ് ചാറ്റൽ മഴയും കൂട്ടിനെത്തിയത്. അവിടെ നിന്ന് കുറച്ചങ്ങു നനഞു. ഏകദേശം ഒരു മണിക്കൂർ നിന്നിട്ടു തിരികെ വരും വഴിയാണ് നമ്മുടെ തൊടുപുഴ സ്പെഷ്യൽ “തിരുപ്പതി” ലഡ്ഡു വാങ്ങിയത്. 100 രൂപയാണ് ഒന്നിന്, നല്ല ഉരുണ്ടു മുഴുത്ത ആന ലഡ്ഡുകൾ ചില്ലിക്കൂട്ടിൽ ഇരുന്നു നമ്മളെ കൊതിപ്പിക്കും.
ഏറ്റവും വലിയവനു 100 , അവന്റെ അനിയന് 50 , പീക്കിരിക്കുട്ടിക്ക് 10 രൂപ. എങ്ങനെയാണു നിരക്ക്. “ഫാത്തിമ” എന്നാണ് വെങ്ങല്ലൂർ ഗ്രാമത്തിലുള്ള ഈ ലഡ്ഡു കടയുടെ പേര്. വേറെ എവിടെയും എത്ര വലിയതും സ്വാദുള്ളതുമായ ലഡ്ഡു കഴിച്ചിട്ടില്ല. തൊടുപുഴ നിവാസികൾക്കെലാം ചിലപ്പോൾ സുപരിചിതമാകും വർഷങ്ങളായുള്ള ഈ കടയും ഇവിടുത്തെ സ്വാദൂറും ലഡ്ഡുവും. ശെരിക്കും ഈ പോസ്റ്റിന്റെ hightlight ഈ ലഡ്ഡു ആകുമോ എന്നാണ് സംശയം.
Place: Olamattom, Route: 3km from Thodupuzha. How to reach: Thoduzupha – 3 km via Idukky road – Olamattom. വെങ്ങല്ലൂർ-മങ്ങാട്ട് കവല ബെപാസ്സ് വഴി ഇടുക്കി റോഡ് കേറി ഓളമാറ്റോം ജംക്ഷൻ. അവിടെനിന്നും ഒരു കഷ്ടിച്ച് ഒരു അര കിലോമീറ്റര് പിന്നിടുമ്പോൾ ഇടതു വശത്തായി താഴേക്കു ഒരു കുഞ്ഞു വഴി കാണാം. പാലം റോഡിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിലാണെന്നതിനാൽ തിരിച്ചറിയാനെളുപ്പമാണ്.
പാലം കാണാൻ പോകുന്നവർ പ്രേത്യേകം ശ്രദ്ധിക്കുക – തദേശ വാസികൾക്കുള്ള ഒരു നടപ്പു തൂക്കു പാലമാണിത്, വണ്ടി കയറ്റാനുള്ള ബലമൊന്നും ചിലപ്പോൾ കണ്ടെന്നു വരില്ല. വെറുതെ കുറെ പാവങ്ങളുടെ സഞ്ചാരമാര്ഗം വെള്ളത്തിലാക്കരുത്. അതുപോലെതന്നെ വീതികുറഞ്ഞ പാലത്തിലൂടെ നമ്മൾ കൂട്ടമായി നിറഞ്ഞു നിന്നാലോ ഫോട്ടോ എടുക്കാൻ തിരക്ക് കൂടിയാലോ അവർക്കു നമ്മൾ സഞ്ചാരികൾ കാരണം മാർഗ്ഗ തടസ്സം ഉണ്ടാകാനിടയുണ്ട്. അവർക്കുകൂടി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നമുക്കും സഹകരിച്ച ഒതുങ്ങി നിന്ന് വഴിയൊരുക്കി കടന്നു പോകാം. അപ്പോ എല്ലാം പറഞ്ഞ പോലെ…..
വിവരണം – ആഷ്ലി എല്ദോസ് (https://www.facebook.com/The-Lunatic-Rovering-Ladybug-150304329090007/).