കുമളി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കുമളി ഡിപ്പോയിലെ കുമളി-ചങ്ങനാശ്ശേരി സര്‍വീസ് നടത്തുന്ന RNC 384 നമ്പര്‍ വേണാട് ബസിന്റെ എഞ്ചിന് ഭാഗത്താണ് തീ പടര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ 9.45 നോട് കൂടി 57-ാം മൈല്‍ വെച്ചായിരുന്നു സംഭവം. കുമളിയില്‍ നിന്നും ചങ്ങനാശ്ശേരിക്കുള്ള യാത്രയ്ക്കിടയില്‍ 57-ാം മൈലില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസിന്റെ ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നു വന്നത്.

ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബോണറ്റ് തുറന്നു പരിശോധിക്കുന്നതിനിടയില്‍ ബോണറ്റില്‍ നിന്നും തീയും പടര്‍ന്നു. ബസില്‍ സൂക്ഷിച്ചിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ഡ്രൈവര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപത്തെ കടയുടമ ബക്കറ്റില്‍ വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബസിനുള്ളില്‍ 61 യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
ഇതിനിടയില്‍ പുക ശ്വസിച്ച് ഡ്രൈവര്‍ക്ക് ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പീരുമേട്ടില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തിയെങ്കിലും ഇതിനു മുന്‍പ് തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടുകയായിരുന്നു.
വാര്‍ത്ത – ജന്മഭൂമി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog