എഴുത്ത് – പ്രശാന്ത് പറവൂർ, കവർ ചിത്രം- പ്രശാന്ത് കുമാർ കെ.പി.
ശനിയാഴ്ച രാത്രിയാണ് “അടുത്ത ദിവസം എവിടേക്കെങ്കിലും വിട്ടാലോ” എന്നു ചോദിച്ചുകൊണ്ട് സുഹൃത്ത് ആന്റണിയുടെ കോൾ വരുന്നത്. കുറെ നാളായി ആന്റണിയുടെ കൂടെ ഒരു ലോംഗ് യാത്ര പോയിട്ട്. എന്നാൽപ്പിന്നെ പൊയ്ക്കളയാമെന്ന് ഞാനും വിചാരിച്ചു. അങ്ങനെ അടുത്ത ദിവസം, അതായത് ഞായറാഴ്ച രാവിലെ 11 മണിയോടെ യാത്ര തുടങ്ങി.
സത്യം പറഞ്ഞാൽ യാത്രയുടെ ലക്ഷ്യം ഞങ്ങൾ തീരുമാനിച്ചിരുന്നില്ല. അത് പണ്ടുമുതലേ അങ്ങനെയാണ്. മിക്കവാറും യാത്രകളൊക്കെ ചുമ്മാ അങ്ങ് പോകും. എന്നിട്ട് തോന്നുന്ന സ്ഥലത്തേക്ക് വിടും. പക്ഷേ ഇത്തരത്തിലുള്ള യാത്രകളാണ് ഞങ്ങൾക്ക് അത്ഭുതങ്ങൾ സമ്മാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണയും യാത്ര തുടങ്ങുമ്പോൾ ഞങ്ങൾക്ക് ഉറപ്പായിരുന്നു ഈ യാത്ര വെറുതെയാവില്ലെന്ന്.
അങ്ങനെ ഞങ്ങൾ പറവൂരിൽ നിന്നും അങ്കമാലി റൂട്ട് കയറി യാത്രയായി. ബിരിയാണിയ്ക്കും അലുവയ്ക്കും പേരുകേട്ട മാഞ്ഞാലി വഴിയായിരുന്നു ഞങ്ങൾ പോയത്. വഴിക്കിരുവശങ്ങളിലുമുള്ള അലുവ, ബിരിയാണി കടകൾ ഞങ്ങളെ നോക്കി കൊതിപ്പിച്ചിരുന്നുവെങ്കിലും സമയം കളയുവാനില്ലാതിരുന്നതിനാൽ നേരെ ഹൈവേ ലക്ഷ്യമാക്കി വണ്ടി വിട്ടു. ഹൈവേയിൽ കയറിയ ശേഷം ഞങ്ങൾ തൃശ്ശൂർ ഭാഗത്തേക്കായിരുന്നു പോയത്.
ഞായറാഴ്ചയായതു കൊണ്ടാണോ എന്തോ ഹൈവേയിൽ തിരക്ക് വളരെ കുറവായിരുന്നു. ഭാഗ്യത്തിന് സിഗ്നലുകളൊന്നും അധികം കിട്ടിയതുമില്ല. അങ്ങനെ അങ്കമാലിയും, ചാലക്കുടിയും, കൊടകരയുമെല്ലാം കഴിഞ്ഞു പാലിയേക്കര ടോൾ ബൂത്ത് എത്തി. ടോൾ പ്ലാസയിലേക്ക് എത്തുന്നതിനു തൊട്ടു മുൻപുള്ള സമാന്തരമായ വഴി ഉപയോഗിച്ച് ടോൾ പ്ലാസയ്ക്ക് അപ്പുറത്ത് എത്തിച്ചേർന്നു. അങ്ങനെ ഞങ്ങളുടെ യാത്ര ‘ടോൾ ഫ്രീ’ യാത്രയാക്കി മാറ്റി. അത് എങ്ങനെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ മനസ്സിലാകും.
ടോൾ ബൂത്തിനപ്പുറത്ത് എത്തിയതിനു ശേഷം ഞങ്ങൾ പോയത് ഒല്ലൂർ ഭാഗത്തേക്കായിരുന്നു. അപ്പോഴാണ് തൃശ്ശൂർ ജില്ലയുടെ കുട്ടനാട് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം എൻ്റെ മനസ്സിൽ ഓർമ്മ വന്നത്. പുള്ള്, മനക്കൊടി റൂട്ട് ആയിരുന്നു അത്. അതോടെ ഞങ്ങൾ വണ്ടി ആ റൂട്ടിലേക്ക് തിരിച്ചു. പാലക്കൽ – അമ്മാടം – പള്ളിപ്പുറം വഴിയാണ് പുള്ള് ഭാഗത്തേക്ക് പോകേണ്ടത്.
പുള്ളിനെക്കുറിച്ച് പറയുവാൻ ഏറെയുണ്ട്. നിറയെ കോൾ പാടങ്ങളും പക്ഷികളും മീനും നിറഞ്ഞ പ്രദേശമാണ് പുള്ള്. തൃശ്ശൂർ നഗരത്തിൽ നിന്ന് 15 കീ.മി ദൂരെയായി വാടാനപ്പള്ളി റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തണ്ണീർത്തടങ്ങളും നെൽവയലുകളും ഗ്രാമത്തിന് ചുറ്റുമുള്ള ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതിയാണ്. പക്ഷിനിരീക്ഷകരുടെ സ്വർഗമെന്ന വിശേഷണമുള്ള പുള്ള്, മനക്കൊടി കോൾ മേഖല എന്നിവ ഒരു പ്രധാന ടൂറിസം മേഖലയാണ്. ഒട്ടേറെ അപൂർവ ദേശാടനപ്പക്ഷികൾ എത്തുന്നതാണ് പക്ഷിനിരീക്ഷകരെ ഇവിടേക്ക് ആകർഷിക്കുന്നത്.
പക്ഷികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനമാണ് തൃശൂർ ജില്ലയിലെ കോൾപാടങ്ങൾക്ക്. 250-ലേറെ ഇനം പക്ഷികളെയാണ് ഇതുവരെ ജില്ലയിലെ കോൾപാടങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. പക്ഷികളും നെല്ലും മത്സ്യസമ്പത്തും നിറഞ്ഞ മനക്കൊടി, പുള്ള് കോൾ മേഖല വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. അപൂർവയിനം മത്സ്യങ്ങളും തൃശൂരിലെ കോൾപ്പാടങ്ങളുടെ പ്രത്യേകതയാണ്. 19–ാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് തൃശൂരിലെ കോൾപ്പാടങ്ങളിൽ നെൽകൃഷി ആരംഭിച്ചത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കൃഷിയുടെ 40 ശതമാനത്തോളം ഇവിടെനിന്നാണ്.
ഇതിനൊക്കെയപ്പുറം സിനിമാതാരം മഞ്ജു വാരിയരുടെ ജന്മസ്ഥലം കൂടിയാണ് പുള്ള്. പുള്ളിൽ നിന്നും മനക്കൊടിയിലേക്ക് പോകുന്ന വഴിയുടെ അരികിൽത്തന്നെയാണ് മഞ്ജുവാര്യയുടെ ‘വാരിയം’ എന്നു പേരുള്ള വീട്. തൊട്ടടുത്തതായി ഒരു ക്ഷേത്രവുമുണ്ട്. എന്തായാലും സ്ഥലം അടിപൊളി തന്നെയാണ്.
പുള്ള് കഴിഞ്ഞാണ് മനക്കൊടി വരുന്നത്. ഈ റൂട്ടിൽ ചാഴൂർ – അരിമ്പൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ ഒരു കനാലുണ്ട്. അതിന്റെ കരയിൽ വഴിയരികിൽത്തന്നെയായി ധാരാളം തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേര സമയമാകുമ്പോളാണ് ഈ തട്ടുകടകളെല്ലാം തുറക്കുന്നത്. കപ്പ, ബോട്ടി, ചിക്കൻ തുടങ്ങി വെറൈറ്റി തട്ട് വിഭവങ്ങൾ ഇവിടെ കിട്ടും. ഇവ കഴിക്കുന്നതിനൊപ്പം പച്ചവിരിച്ച കിടക്കുന്ന പാടങ്ങളുടെയും, അതിനു നടുവിലൂടെ നീണ്ടുപോകുന്ന ചെറിയ മൺപാതകളുടെയും ഒക്കെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. ഫാമിലിയായി ഒരു വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ ഒരു ബെസ്റ്റ് സ്ഥലം കൂടിയാണ് ‘കപ്പ സ്പോട്ട്’ എന്നറിയപ്പെടുന്ന ഈ സ്ഥലം.
ഞങ്ങൾ ചെന്നപ്പോൾ അവിടെ തട്ടുകടകളൊന്നും തുറന്നിട്ടുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഒരു ബജ്ജി, സർബത്ത് കട ആയിരുന്നു. അവിടെ നിന്നും കുടം കലക്കി സർബത്തും കുടിച്ച്, കുറച്ചു നേരം അവിടത്തെ ഗ്രാമീണഭംഗിയൊക്കെ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിക്കുവാനൊരുങ്ങി. പിന്നെ അവിടെ നിന്നും തൃപ്രയാർ, കൊടുങ്ങല്ലൂർ വഴി പറവൂരിലേക്ക്. അങ്ങനെ നല്ല കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചുകൊണ്ട് ആ ദിവസം കൂടി കടന്നു പോയി.