തമിഴ്നാട് സംസ്ഥാനത്തിൽ വ്യാവസായികമായും,സാമ്പത്തികമായും പുരോഗതി കൈവരിച്ച ഒരു ജില്ലയാണ് കോയമ്പത്തൂർ. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലാ കൂടിയാണ് കോവൈ എന്നറിയപ്പെടുന്ന കോയമ്പത്തൂർ. തലസ്ഥാന നഗരമായ ചെന്നൈ കടത്തിവെട്ടി ജി.ഡി.പി. സുചികയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ ജില്ലക്കാണ്.
പേരിനു പിന്നിൽ – മൌര്യൻ ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശർ“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ ചേരന്മാരോട് കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പത്തൂർ “ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ് ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം.
തെക്കേ ഇന്ത്യൻ രാജവംശങ്ങളാൽ കാലാകാലങ്ങളിൽ മാറി മാറി ഭരിക്കപെട്ട ജില്ലയാണിത്.പതിനൊന്നാം നൂറ്റാണ്ടിൽ ഒരു കാനന ഗ്രാമം ആയീ ചോളന്മാരാന് ഇന്നത്തെ കോയമ്പത്തൂർ ജില്ലക്ക് അസ്ഥിവാരം ഇട്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ മധുരൈ ഭരണാധികാരികളിൽ നിന്നും ഭരണം മൈസൂർ കൈക്കലാക്കി.1799 ലെ മൂന്നാം മൈസൂർ യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ഭരണം കൈക്കലാക്കുകയും 1947 വരെ കൈവശം വെക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ല കൊന്ഗുനാട് മേഖലയിൽ പെടുന്നു. കേരളത്തിലെ പാലക്കാട് ജില്ല ഈ ജില്ലയുടെ പടിഞ്ഞാറു ഭാഗത്തും നീലഗിരി ജില്ല വടക്കും ഈറോഡ് ജില്ല വടക്കുകിഴക്കും, കിഴക്കും ഇടുക്കി ജില്ല തെക്കും ദിണ്ടിഗൽ ജില്ല തെക്കുകിഴക്കും ആയീ സ്ഥിതി ചെയ്യുന്നു. 7649 ചതുരശ്ര കിലോമീറ്റർ ആണ് ജില്ലയുടെ വിസ്തീർണ്ണം. ഈ ജില്ലയുടെ വടക്കും തെക്കുകിഴക്കൻ ഭാഗത്തുള്ള മലമ്പ്രദേശങ്ങൾ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. ഇവിടങ്ങളിൽ വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയും കനത്ത മഴയും ലഭിക്കുന്നു.
കോയമ്പത്തൂർ ജില്ലയെ കോയമ്പത്തൂർ, പൊള്ളാച്ചി എന്നീ രണ്ടു ഡിവിഷനുകളായി തരം തിരിച്ചിരിക്കുന്നു. കോയമ്പത്തൂർ റെവന്യു ഡിവിഷൻ വ്യാവസായിക പ്രധാന്യമുള്ളതും പൊള്ളാച്ചി റെവന്യു ഡിവിഷൻ കാർഷിക പ്രധാന്യമുള്ളതുമാണ്. കോയമ്പത്തൂർ ജില്ലയിൽ ആകെ മൂന്ന് ലോക്സഭ മണ്ഡലങ്ങളും പത്തു നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്.
കേരളത്തിന്റെ വളരെ അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്.
റോഡുകൾ മുഖേന കോയമ്പത്തൂർ വളരെയധികം ബന്ധപെടുത്തപെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്നു ദേശിയ പാതകൾ ജില്ലയിലുണ്ട്. ദേശിയ പാത-47, ദേശിയ പാത-67, ദേശിയ പാത-209 എന്നിവയാണ് അവ. കോയമ്പത്തൂർ ജില്ലയിൽ ആകെ ഇരുപത്തിയൊന്ന് റെയിൽവേ സ്റ്റേഷനുകളുണ്ട്. കോയമ്പത്തൂർ ജംഗ്ഷനാണ് ഇതിൽ ഏറ്റവും വലുത്. ചെന്നൈ കഴിഞ്ഞാൽ ദക്ഷിണ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതു കോയമ്പത്തൂർ ജംഗ്ഷനിൽ നിന്നാണ്.
കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം – കോയമ്പത്തൂരിനടുത്ത് പീലമേട്ടിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം. ആദ്യം ഇതിന്റെ പേര് പീലമേട് വിമാനത്താവളം എന്നായിരുന്നു. കോയമ്പത്തൂർ സിവിൽ എയറോഡ്രോം എന്നും അറിയപ്പെട്ടിരുന്നു. കോയമ്പത്തൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1995 മുതലാണ് ഇവിടെനിന്നും അന്താരാഷ്ട്ര വിമാനയാത്രകൾ ആരംഭിച്ചത്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog