ടൂവീലർ ഓടിക്കുന്നവരിൽ ചിലരെങ്കിലും ഒരിക്കൽ പൊലീസിന് പിഴയടക്കേണ്ടി വന്നിട്ടുണ്ടാകും. ഹെൽമറ്റ് വെക്കാത്തതിനോ ഓവർ സ്പീഡിനോ ഒക്കെയാകാം. എന്നാൽ സ്ഥിരമായി ട്രാഫിക് നിയമലംഘനം നടത്തുന്നവർ വളരെ അപൂർവ്വമായിരിക്കും. ഒരു കൊല്ലം മുൻപ് കർണാടകയിൽ 201 ട്രാഫിക് കേസുകളുമായി ഒരു ബജാജ് പ്ലാറ്റിന വിലസി നടക്കുന്നുണ്ടായിരുന്നു. KA-55-E-4785 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ആ വണ്ടി അവസാനം പോലീസ് കയ്യോടെ പൊക്കുകയായിരുന്നു. ഇപ്പോഴിതാ അതിലും വലിയ ഞെട്ടിക്കുന്ന സംഭവവുമായി
മൈസൂരിൽ ഒരു വണ്ടി ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഇരുന്നൂറും മുന്നൂറും കേസ്സുകളല്ല 635 കേസുകളാണ് ഈ വണ്ടിയുടെ മേൽ ചുമത്തിയിരിക്കുന്നത്. വണ്ടിയേതെന്നറിഞ്ഞാൽ ഉറപ്പായും നിങ്ങൾ ഞെട്ടും അല്ലെങ്കിൽ ചിരിച്ചു ചാകും. ഒരു ഹോണ്ട ആക്ടീവ സ്കൂട്ടറാണ് ആ പിടികിട്ടാപ്പുള്ളി.
ഒത്തിരി നാളായി പോലീസിനെ കളിപ്പിച്ചു നടക്കുകയായിരുന്നു ഈ വണ്ടിയും ഉടമസ്ഥനും. എന്നാൽ കഴിഞ്ഞ ദിവസം സാധാരണ വാഹനപരിശോധന നടക്കുന്നതിനിടയിലാണ് വണ്ടി പിടിയിലായത്. സാധാരണ പരിശോധനയ്ക്കായി വണ്ടി പോലീസ് തടഞ്ഞു നിർത്തിയതോടെ സ്കൂട്ടറും ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു ഓടിച്ചിരുന്നയാൾ. പോലീസ് വണ്ടി കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പാർക്ക് ചെയ്യുകയും ചെയ്തു. KA-09-HD-4732 എന്ന ആ വണ്ടിയുടെ നമ്പർ വെച്ച് പരിശോധിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ കാര്യം പോലീസുകാർ മനസ്സിലാക്കിയത്. മൊത്തം 635 കേസുകളിലായി 63500 രൂപ പിഴയടക്കേണ്ട വേണ്ടിയായിരുന്നു അത്. കെ.മധുപ്രസാദ് എന്നായിരുന്നു ഉടമസ്ഥന്റെ പേര്.
ഇതോടെ പോലീസിന്റെ തലവേദന തുടങ്ങുകയായിരുന്നു. ഇത്രയും തുക എങ്ങനെ പിഴയടപ്പിക്കും എന്നതായി പിന്നീട് പോലീസുകാരുടെ ആലോചന. പിടിച്ചെടുത്ത ആ സ്കൂട്ടർ വിറ്റാൽപ്പോലും ഇത്രയും തുക ലഭിക്കില്ല. പുതിയ ആക്ടീവ വാങ്ങുവാൻ മൈസൂരിൽ 66000 രൂപയേ ചെലവാകുകയുള്ളൂ. മധുപ്രസാദ് എന്നയാളുടെ പേരിലാണ് വണ്ടിയെങ്കിലും അത് ഇപ്പോഴും ഉപയോഗിച്ചിരുന്നത് അയാളാണോ എന്നും ഇനി അഥവാ അയാൾ വണ്ടി വിറ്റിട്ടുണ്ടെങ്കിൽ അത് ആർക്കാണ് എന്നും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രജിസ്ട്രേഡ് ഉടമസ്ഥന്റെ പേരിൽ പോലീസ് നോട്ടീസ് അയച്ചു കഴിഞ്ഞു. കോടതിയുടെ തീരുമാനം കാത്തിരിക്കുകയാണ് പോലീസ്. അങ്ങനെയാണെങ്കിൽ രജിസ്ട്രേഡ് ഉടമസ്ഥൻ തന്നെ ഈ ഭീമൻ തുക പിഴയടക്കേണ്ടി വരും. എന്തായാലും സംഭവത്തിന്റെ അവസാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് പോലീസുകാർ.
ഒരു കൊല്ലം മുൻപ് സമാനരീതിയിൽ ഒരു കേസ് ഉണ്ടായിരുന്നു. അന്ന് 201 കേസുകളുമായി ഒരു ബജാജ് പ്ലാറ്റിന ബൈക്ക് ആയിരുന്നു പിടിയിലായത്. 20100 രൂപയായിരുന്നു എല്ലാ കേസിലും കൂടി അന്ന് ആ ബൈക്കുടമയ്ക്ക് അടക്കേണ്ടിയിരുന്നത്. എന്നാൽ ബൈക്ക് ഉടമയായ റോഷൻ അലി എന്നയാൾ ആ ബൈക്ക് തനിക്ക് വേണ്ടെന്നു പറഞ്ഞു വണ്ടി പോലീസ് സ്റ്റേഷനിൽ ഇട്ടിട്ടു പോകുകയായിരുന്നു.