മെഗസ്തനീസ് കണ്ട ഇന്ത്യ(BC 310 – 290) : 2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി

ലേഖകൻ – ഋഷിദാസ്.

ഇക്കാലത്തു കപട ചരിത്ര കാരന്മാരും ബുദ്ധിജീവികളും സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇന്ത്യ എന്ന മഹാരാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രിടീഷുകാർ സൃഷ്‌ടിച്ച ഒരസ്തിത്വം ആണെന്ന പച്ചക്കള്ളം . ഒരു താത്വിക സങ്കല്പപമായി ഭാരതം എന്ന മഹാരാജ്യം മനുഷ്യ ചരിത്രത്തോളം പുരാതനമാ യി തന്നെ നിലനിന്നിരുന്നു . രാഷ്ട്രീയമായി ഇന്ത്യ എന്ന സങ്കല്പത്തെ ഏകീകരിച്ചതും , ഇന്ത്യയെ ഒരു വൻ സൈനിക ശക്തിയായി ഉയർത്തിയതും ബി സി ഇ നാലാം ശതകത്തിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യനാണ് .

ഏറ്റവും എളിയ സാമൂഹ്യ ചുറ്റുപാടുകളിൽ നിന്നും വളരെ ചെറിയ കാലയളവിൽ ഭാരത ചക്രവർത്തി ആയ ക്രാന്ത ദർശിയായ മഹാമനുഷ്യനാണ് ചന്ദ്രഗുപ്തമൗര്യൻ . അന്നത്തെ ലോക ജനസംഖ്യയുടെ മുപ്പതു ശതമാനവും ചന്ദ്ര ഗുപ്തന്റെ ഇന്ത്യയിലെ പ്രജകളായിരുന്നു . അക്കാലത്തെ ലോക സാമ്പത്തിക ഉൽപ്പാദനത്തിന്റെ നാൽപ്പതിലേറെ ശതമാനവും ചന്ദ്രഗുപ്തന്റെ ഇന്ത്യയിലായിരുന്നു . അത്ര സുശക്തമായ ഒരു സൂപ്പർ പവർ ആയിരുന്ന മൗര്യ ഇന്ത്യയിലേക്ക് ഗ്രീക്ക് -സെലൂകിഡ് സാമ്രാജ്യം അയച്ച പ്രതിപുരുഷൻ ( അംബാസഡർ ) ആയിരുന്നു മെഗസ്തനീസ് എന്ന നയതന്ത്രജ്ഞൻ . ഇന്ത്യയെക്കുറിച്ചു വിശദമായ ഒരു യാത്രാവിവരണം ആദ്യമായി എഴുതിയ പാച്ചാത്യൻ ഒരു പക്ഷെ മെഗസ്തനീസ് ആവണം .

ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി , സഞ്ചാരി , സാഹിത്യകാരൻ ,ചരിത്ര പണ്ഡിതൻ , തുടങ്ങി ഒരു ബഹുമുഖ പ്രതിഭയായിരുന്നു മെഗസ്തനീസ് .മാസിഡോണിയൻ( ഗ്രീക്ക് -സെലൂകിഡ്) ചക്രവർത്തി സെല്യൂക്കസ് നിക്കേറ്റർ (Selucus Nicator)ഇന്ത്യയിലേക്കയച്ച സ്ഥാനപതിയായിരുന്ന അദ്ദേഹം .അലക്സൻഡർ ചക്രവർത്തിയുടെ സേനാനായകരിൽ പ്രധാനിയായ ഒരാളായിയുന്നു സെല്യൂക്കസ്.അലക്സൻഡറുടെ മരണശേഷം പട നായകർ അദ്ദേഹത്തിന്റെ സാമ്രാജ്യം വീതം വച്ചെടുത്തപ്പോൾ ഏഷ്യൻ ഭൂഭാഗത്തിന്റെ അവകാശിയായതു സെല്യൂക്കസ് ആയിരുന്നു .തുർക്കി മുതൽ പേർഷ്യ വരെയുള്ള വിശാലമായ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു സെല്യൂക്കസ് .

അലക്സൻഡറെപ്പോലെ സെല്യൂക്കസും ഇന്ത്യയെ ആക്രമിക്കാൻ തുനിഞ്ഞു .എന്നാൽ ചന്ദ്രഗുപ്തന്റെ മൗര്യ സേന ഗ്രീക്ക്-പേർഷ്യൻ സേനയെ തികച്ചും പരാജയപ്പെടുത്തി .ഒരു ഇന്ത്യൻ ചക്രവർത്തി ഒരു യൂറോപ്യൻ ശക്തിയെ നാമാവശേഷമാക്കിയത് ആദ്യമായിട്ടായിരുന്നു .യുദ്ധ ശേഷം നിലവിൽ വന്ന സമാധാന കരാറിൽ സെല്യൂക്കസ്സ് വലിയോരു ഭൂപ്രദേശം ചന്ദ്രഗുപ്തന് അടിയറ വച്ചു .ചന്ദ്രഗുപ്തൻ സമ്മാനമായി 500 ആനകളെ സെല്യൂക്കസിനു നൽകി .അവർ പരസ്പരം സ്ഥാനപതിമാരെ അയക്കാനും തീരുമാനിച്ചു .അങ്ങനെ ഇന്ത്യയിലെത്തിയ ഗ്രീക്ക് നയ തന്ത്രജ്ഞനാണ് മെഗസ്തനീസ് . ബി സി മുന്നൂറിനോടടുപ്പിച്ചാണ്(BC 300) അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു .

സ്ഥാനപതിയായി മെഗസ്തനീസ് പാടലീപുത്രത്തിൽ ഒതുങ്ങി കഴിഞ്ഞില്ല .അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു .കണ്ടതെല്ലാം എഴുതിവെച്ചു . അദ്ദേഹത്തിന്റെ എഴുത്തിന്റെ സഞ്ചയം ”ഇൻഡിക്ക ” (Indika )എന്ന പേരിൽ പ്രശസ്തമായി .അത് പുരാതന ചരിത്രകാരന്മാർക് ഒരു റഫറൻസ് ഗ്രന്ഥമായി തീർന്നു . ചരിത്ര കാരന്മാരായ ആരിയാൻ (Aarrian) സ്റ്രാബൊയും(Strabo) ..ഇന്ഡിക്കയെ അധികരിച്ചു ബ്രിഹദ് ഗ്രന്ധങ്ങളെഴുതി . ഇന്ടികയുടെ മൂലരൂപം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപെട്ടുപോയിട്ടും വിവർത്തനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇൻഡിക്ക നൽകിയ വിവരങ്ങൾ മായാതെ നിലനിന്നു പോരുന്നു .

മെഗസ്തനീസ് ഒരു ഇന്ത്യക്കാരനോ , ഇവിടുത്തെ ആചാരങ്ങളിൽ വിശ്വാസമുള്ളയാളോ ആയിരുന്നില്ല .അദ്ദേഹത്തിന് ഇന്ത്യയെയും ഇന്ത്യക്കാരെയും പുകഴ്ത്തിപ്പറഞ്ഞിട്ട് ഒന്നും കിട്ടാനുമുണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്തവരും അവയെ നിയർകേസിന്റെ യാത്രാവിവരണവുമായി കൂട്ടിയോജിപ്പിച് കൂടുതൽ ബ്രിഹത്തായ ഇൻഡിക്ക രചിച്ച ആരിയാൻ (Arrian))(3) ഇൻഡ്യാക്കാരോ ഇവിടുത്തെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മതപരമായി വിശ്വസിച്ചവരോ ആയിരുന്നില്ല .

ഇൻഡിക്ക അക്കാലത്തെ ഇന്ത്യയെപ്പറ്റി നൽകുന്ന ചില വിവരങ്ങൾ :  1. ഇൻഡിക്ക ഭാരതത്തെ ”ഇന്ത്യ” എന്നുതന്നെയാണ് വിളിക്കുന്നത് .ഇന്ത്യ എന്ന രാജ്യം എത്ര പുരാതനമാണെന്നു മെഗസ്തനീസിലൂടെ നാം മന്സസ്സിലാക്കുന്നു. 2 ഇന്ത്യയുടെ അതിരുകൾ മെഗസ്തനീസ് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ വിവരണം തുടങ്ങുന്നതുതന്നെ ഇന്ത്യയുടെ അതിരുകൾ നിർവചിച്ചുകൊണ്ടാണ് . 3 മെഗസ്തനീസിന്റെ കാലത് ഇന്ത്യയിൽ ജാതി വിവേചനം ഇല്ലായിരുന്നു ..വിവിധ സമൂഹങ്ങളും അവർ ചെയ്തിരുന്ന തൊഴിലുകളും ഇൻഡിക്ക യിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് . 4 മെഗസ്തനീസിന്റെ കാലത്തു ഇന്ത്യ സമ്പൽ സമൃദ്ധമായിരുന്നു .തന്റെ സഞ്ചാരത്തിനിടയിൽ ഒരിക്കൽ പോലും ഒരു പരമ ദരിദ്രനെ കണ്ടില്ല എന്ന് അദ്ദേഹം വ്യക്തമായി രേഖപെടുത്തുന്നു . 5 ആനകളെ അത്ഭുതത്തോടെയാണ് മെഗസ്തനീസ് നോക്കികാണുന്നത് .ചില ആനക്കഥകൾ പറയാനും അദ്ദേഹം മറക്കുന്നില്ല .ചന്ദ്ര ഗുപ്തനെ സൈന്യത്തിൽ ഒന്പതിനായിരത്തിലേറെ യുദ്ധപ്രവരരായ ഗജവീരന്മാർ ഉണ്ടായിരുന്നതായി മെഗസ്തനീസ് സാക്ഷ്യപ്പെടുത്തുന്നു

6. ഇന്ത്യൻ യോദ്ധാക്കൾ കര്ഷകരെ വളരെ ബഹുമാനിച്ചിരുന്നു ,യുദ്ധസമയത്തുപോലും കർഷകരെ അവർ ആക്രമിച്ചിരുന്നില്ല.കൃഷിക്ക് പ്രത്യേക വകുപ്പ് തന്നെ മൗര്യ ഭരണ സംവിധാനത്തിലുണ്ടായിരുന്നു . രാജ്യം മുഴുവനും ജലസേചന സൗകര്യം നിലനിന്നിരുന്നു . 7. സ്ത്രീകൾക്ക് അധികാരമുള്ള തെക്കേ ഇന്ത്യയിലെ ”പാണ്ഡയോൺ ”(pandiyon) പ്രദേശത്തെ പറ്റി മെഗസ്തനീസ് സൂചിപ്പിക്കുന്നുണ്ട് .മരുമക്കത്തായം നിലനിന്നിരുന്ന പാണ്ട്യ ദേശമാകാനാണ് സാധ്യത .പാണ്ഡയോൺ പ്രദേശം മുത്തും പവിഴങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നുവെന്നും മെഗസ്തനീസ് പരാമർശിക്കുന്നു . 8. അക്കാലത്തെ ഇന്ത്യക്കാർ ആരാധിച്ചിരുന്നത് ഹരിക്ലിഷ് (ഹരി കൃഷ്ണൻ ) നെയും ഡിനോസിസ് (ഇന്ദ്രനെയും ) ആയിരുന്നു .അവർ പോകുന്നിടത്തെ ദേവകൾക്ക് അവരുടെ ദേവകൾക്കു സമാനമായ പേര് നൽകുന്നത് ഗ്രീക്കുകാരുടെ പരമ്പരാഗത രീതിയായിരുന്നു.

9. ഇന്ത്യക്കാർ അവരുടെ സത്കർമ്മങ്ങളുടെ ബലത്തിൽ മാത്രം വിശ്വസിക്കുന്നവരാണ് .മരണാനന്തരം അവർ വലിയ സ്മാരകങ്ങൾ ഒന്നും പണിയുന്നില്ല.എല്ലാ കൊടുക്കൽ വാങ്ങലുകളിലും പരസ്പരവിശ്വാസമാണ് പരമ പ്രധാനമായി കാണപ്പെട്ടിരുന്നത് . 10. ഇന്ത്യയിലെ വലിയ നദികളായ ഗാംഗേസും ,ഇൻഡസും മെഗസ്തനീസ് അതുവരെ കണ്ട നദികളിൽ വച്ച വളരെ വലുതായിരുന്നു. 11.ആധുനിക ഭരണ വ്യവസ്ഥകൾക്ക് സമാനമായ അനേകം വകുപ്പുകളും മന്ത്രിമാരുമടങ്ങിയ ഒരു വലിയ ഭരണ വ്യവസ്ഥയായിരുന്നു മൗര്യ ഇന്ത്യയുടേത് . 12.മെഗസ്തനീസ് അക്കാലത്തെ പാണ്ട്യ നഗരമായ മധുര സന്ദർശിച്ചിരുന്നു . മെഗസ്തനീസിന്റെ കാലത്തു പോലും ഉത്തര ,ദക്ഷിണ ഇന്ത്യകൾ വളരെ സൗഹാർദ പരമായാണ് കഴിഞ്ഞു പോന്നിരുന്നത് . ഇൻഡികയുടെ പതിപ്പുകൾ സ്വതന്ത്രമായി ഡൗൺലോഡ് ചൈയ്യാൻ പല ഇന്റർനെറ്റ് സൈറ്റുകളിലും ലഭ്യമായതിനാൽ മെഗസ്തനീസിന്റെ ഇന്ത്യൻ വിവരണം ദീർഖിപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നു.

ഇന്ത്യയിലെ ദൗത്യത്തിനുശേഷം മെഗസ്തനീസ് ഗ്രീസിലേക്കു തിരിച്ചുപോയതായി അനുമാനിക്കുന്നു .ഗ്രീക്ക് ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും ഇടയിൽ അദ്ദേഹത്തിന്റെ യാത്രാവിവരണമായ ഇൻഡിക്ക ഒരമൂല്യ റഫറൻസ് ഗ്രന്ധമായിത്തീർന്നു .അദ്ദേഹത്തിന്റെ സമകാലീകനും മാസിഡോണിയൻ ജനറലുമായ നിആർകസ്(Nearchus) . സിന്ധു നദിക്കു പടിഞ്ഞാറുള്ള പ്രദേശങ്ങളെപ്പറ്റി ഒരു വിവരണം എഴുതിയിട്ടുണ്ട് .ഈ രണ്ടു വിവരണങ്ങളെയും ആധാരമാക്കിയാണ് പിന്നീടുള്ള ചരിത്ര കാരന്മാർ ഇന്ത്യയെ വിലയിരുത്തിയത് . ഇന്ത്യ എന്നുണ്ടായി ഭാരതം എന്നുണ്ടായി എന്നൊക്കെ ചോദിക്കുകയും , ഒരു തെളിവിന്റെയും പിൻബലമില്ലാതെ ഓരോരോ കള്ളങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് മെഗസ്തനീസിന്റെ 2300 കൊല്ലം മുൻപുള്ള ഇന്ത്യൻ വിവരണം നൽകുന്നത്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (Ancient India as Megasthanese and Arrian ,by John W.Mc Crindle .. ) എന്നപേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രസിദ്ധീകരിച്ചു .ഈപുസ്തകം ഏതാണ്ട് നാനൂറ്റി അമ്പതു രൂപയ്ക്കു ആമസോണിൽ ലഭിക്കും .ഇന്ത്യ എന്താണെന്നും 2300 കൊല്ലം മുൻപ് അതിന്റെ അതിർത്തികൾ എന്താണെന്നും അറിയാൻ താല്പര്യ മുള്ളവർ അത് വാങ്ങി വായിക്കുകയോ ,ആ പുസ്തകത്തിന്റെ ഓൺലൈൻ പി ഡി എഫ് പതിപ്പ് ഡൌൺലോഡ് ചെയ്തുനോക്കിയാലോ മതിയാകും .

PS:1: ചന്ദ്രഗുപ്ത മൗര്യനെ പറ്റി : സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു അധിനിവേശ ശക്തികളെ തുരത്തി ,നന്ദ വംശത്തിന്റെ ദുര്ഭരണത്തെ തൂത്തെറിഞ്ഞാണ് അദ്ദേഹം ഭാരത ചക്രവർത്തിയായത് .ഒരു യൂറോപ്യൻ മഹാശക്തിയെ യുദ്ധത്തിൽ തോൽപിച്ച ഏക ഭാരത ഭരണകർത്താവും ചന്ദ്രഗുപ്തൻ തന്നെ .ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്തേ ഇന്ത്യയെപ്പറ്റി സൂക്ഷ്മമായ വിവരങ്ങൾ പോലും അന്നത്തെ ഗ്രീക്ക് സ്ഥാനപതിയായ മെഗസ്തനീസിന്റെ വിവരണമായ ഇൻഡിക്ക യിലൂടെ ലഭ്യമാണ് .നമ്മെ സംബന്ധിച്ച രേഖപ്പെടുത്തപ്പെട്ട സുവർണ കാലഘട്ടമാണ് ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ കാലം .അദ്ദേഹത്തിനെ സ്ഥാനത്യാഗം പോലും അതിശ്രേഷ്ഠമായിരുന്നു .തന്റെ നാല്പത്തിമൂനാം വയസ്സിൽ പുത്രനായ ബിന്ദുസാരനെ രാജ്യം ഏല്പിച്ചു സന്യാസിയായി കൊട്ടാരം വിട്ടിറങ്ങിയ അദ്ദേഹം കർണാടകത്തിലെ ശ്രവണ ബെലഗോളയിൽവച്ചാണ് നിർവാണം പ്രാപിച്ചത് .ചന്ദ്രഗുപ്തന്റെ സന്യാസത്തെയും നിർവാണത്തെപ്പറ്റിയുമുള്ള വിവരങ്ങൾ ജൈന ഗ്രന്ധമായ ഭദ്രബാഹു ചരിതത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ആർക്കും ഒരു കുറ്റവും കണ്ടെത്താനാവാത്ത കാലമായിരുന്നു അദ്ദേഹത്തിന്റേത്.
.
വസ്തുതകൾ ഇങ്ങിനെയൊക്കെ ആണെങ്കിലും നമ്മുടെ ചരിത്ര കാരന്മാർക്കും ,”സാംസ്കാരിക” കച്ചവടക്കാർക്കും ,പ്രത്യേകിച്ച് സിനിമക്കാർക്കും ചന്ദ്രഗുപ്തന്റെ പേര് കേൾക്കുന്നത് തന്നെ ചതുർഥിയാണ് ..മൂന്നാം കിട നാടുവാഴി അടിമകളെപ്പറ്റി വരെ ബ്രഹ്മാണ്ഡ നോവലുകളും ,പഠനങ്ങളും സിനിമകളും പടച്ചുവിടുന്ന നമ്മുടെ നാട്ടിൽ ചന്ദ്രഗുപ്ത മൗര്യനെ പറ്റി കാര്യമായ ഒരു സാഹിത്യ സൃഷ്ടിയോ ,ചലച്ചിത്രമോ സ്വാതന്ത്ര്യാനന്തര കാലത്തു ഉണ്ടായതായി അറിവില്ല ..അദ്ദേഹത്തിന്റെ ജീവിതത്തിൽ കാര്യമായ ”മാസാലകൾ ” ഒന്നും ഇല്ല എന്നതാവും ഒരു കാരണം .അതിശക്തനും ,ധർമ്മിഷ്ഠനും ജനകീയനായ ഒരു ഭരണാധികാരിയുടെ ഓർമ പോലും ഇന്നും ബ്രിട്ടീഷ് രാജിന്റെ ഉപാസകരായ നമ്മുടെ ചരിത്രകാരന്മാരെയും ”സാംസ്കാരിക” കച്ചവടക്കാരെയും ഭയപെടുത്തുന്നുണ്ടാവാം .തങ്ങളുടെ രാജ്യത്തിന് അതി സുന്ദരവും സമൃദ്ധവുമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പൊതുജനം മനസ്സിലാക്കിയാൽ ,അവർ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുത്താൽ വ്യാജ ചരിത്രകാരന്മാരും ,കപട സാംസ്‌കാരിക കച്ചവടക്കാരും കഴിഞ്ഞ ഒരു നൂറ്റാണ്ടു കൂലിപണിയെടുത്തുണ്ടാക്കിയ കള്ളങ്ങളുടെ കൊട്ടാരമാകും തകർന്നു വീഴുന്നത് .അതങ്ങനെ എളുപ്പം തകർന്നു വീഴാൻ അവർ സമ്മതിക്കില്ല.

PS:2:മൗര്യ തലസ്ഥാനമായ പാടലീപുത്രത്തെ പറ്റി : ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ( historic city ) നഗരമാണ് പാടലീപുത്രം ..ഹസ്തിനപുരം ,ഇന്ദ്രപ്രസ്ഥം തുടങ്ങിയ പുരാതന നഗരങ്ങളെപ്പറ്റിയുള്ള ചരിത്രരേഖകൾ അപൂര്ണമായതിനാൽ അവ ഇപ്പോഴും ഐതിഹാസിക നഗരങ്ങളായി( legendary cities) തുടരുന്നു. ബുദ്ധന്റെയും മഹാവീരന്റെയും സമകാലീകനായ ഹരിയാങ്ക രാജവംശത്തിലെ അജാത ശത്രുവാണ് പാടലീപുത്ര( പാടലീ ഗ്രാമം ) ഗ്രാമത്തെ നഗരമായി വികസിപ്പിച്ചത് എന്നതാണ് ലഭ്യമായ ചരിത രേഖകൾ നൽകുന്ന വിവരം ഇന്നെന്ന് 2500വര്ഷം മുൻപായിയുന്നു അത് .പിന്നീട് വന്ന നന്ദ രാജവംശ സ്ഥാപകനായ മഹാപത്മാനന്ദന്റെ കാലത്താണ് പാടലീപുത്രം മഹാനഗരമായി തീർന്നത് . ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുന്ന കാലമായപ്പോഴേക്കും പാടലീപുത്രം ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ നഗരമായിരുന്നു .അലക്സാണ്ടറുടെ ചാരന്മാർ 5000 ആനകളും 30000കുതിരപ്പടയാളികളും .ആറുലക്ഷം സൈനികരുമടങ്ങുന്ന സുശക്തമായ മഗധ സൈന്യത്തെപ്പറ്റിയും ,മഹാനഗരമായ പാടലീപുത്രത്തെപ്പറ്റിയും അലക്സാണ്ടറെ അറിയിച്ചതിനു ശേഷമാണു ഗ്രീക്ക് സൈന്യം കലാപക്കൊടി ഉയർത്തിയതും സിന്ധു നദീതീരത്തിനു കിഴക്കോട്ടുള്ള ആക്രമണ പദ്ധതികൾ ഉപേക്ഷിച്ചു പിൻവാങ്ങിയതും.

അവസാന നന്ദ ചക്രവർത്തി ധന നന്ദനെ സ്ഥാന ഭ്രഷ്ടനാക്കിയ ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്താണ് പാടലീപുത്രം അതിന്റെ ഉച്ച സ്ഥായിയിൽ എത്തിയത് . അക്കാലത്തെ ഇന്ത്യയിലെ ഗ്രീക്ക് അംബാസിഡർ മെഗസ്തനീസ് പാടലീപുത്രത്തിനെപ്പറ്റി വളരെ വിശദമായി തന്നെ എഴുതിയിട്ടുണ്ട് .ചന്ദ്ര ഗുപ്തന്റെ കാലം മുതൽ അശോകന്റെ കാലം വരെ പാടലീപുത്രമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം എന്ന് അനുമാനിക്കപ്പെടുന്നു .
രാജവംശങ്ങളും ചക്രവർത്തിമാര് മാറിയിട്ടും പാടലീപുത്രം തലയുയർത്തി നിന്നു.ഗുപ്ത ചക്രവർത്തിമാരുടെ കാലത്തും പാടലീപുത്രം ലോക തലസ്ഥാനം എന്ന് കരുത്തപ്പെടാവുന്ന നഗരമായിരുന്നു .പത്താം ശതകം മുതലുള്ള വൈദേശിക ആക്രമണങ്ങൾ പാടലീപുത്രത്തെ തളർത്തി . നഗരം പല തവണ കൊള്ളയടിക്കപ്പെട്ടു ..ഓരോ ആക്രമണത്തിന് ശേഷവും ചെറിയ തോതിൽ പുനഃനിർമിക്കപെട്ടു .
പതിനഞ്ചാം ശതകത്തിൽ ഷേർ ഷാ പാടലീപുത്രത്തെ പാറ്റ്ന എന്ന് പുനർ നാമകരണം ചെയ്തു .എല്ലാ വൈദേശിക ശക്തികളും അവർ കീഴ്പ്പെടുത്തുന്ന ജനതയോട് ചെയ്യുന്ന വൈകാരിക ആക്രമണത്തിന്റെ ഭാഗമായിരുന്നു അത് .അതോടെ രണ്ടായിരം കൊല്ലം തലയുയത്തിനിന്ന ആ മഹാനഗരം കാലക്രമേണ വിസ്മൃതിയിലേക്കു മറഞ്ഞു.

PS:3: ആരിയൻ (Arrian)– ആരിയൻ ഓഫ് നികോമേഡിയ (Arrian of Nicomedia )-AD 86-AD 160 – ചരിത്രകാരൻ , വാഗ്മി , സേനാനായകൻ എന്നീ നിലകളിൽ വർത്തിച്ച ഒരു ഗ്രീക്ക് പ്രതിഭയാണ് ആരിയൻ . എ ഡി ഒന്നാം ശതകത്തിന്റെ അവസാന ദശകത്തിലായിരുന്നു ജനനം .പൂർണ നാമം ഫ്ലാവിയന്സ് ആരിയന്സ് നികോമേഡിയസ് (FLAVIOUS AARIANUS NICOMEDIAS )എന്നാണ് .അദ്ദേഹത്തിന്റെ കാലത്തു ഗ്രീസ് റോമൻ ഭരണത്തിലായിരുന്നു .റോമൻ ഭരണത്തിലെ പരമോന്നത ഉദ്യോഗസ്ഥ പദവിയായ കോൺസൽ (CONSUL) സ്ഥാനം അദ്ദേഹം വഹിച്ചു . എ ഡി ഒന്നാം ശതകത്തിൽ റോമൻ ചക്രവർത്തിയുടെ ( EMPEROR HADRIAN ) സുഹൃത്തായതിനാൽ അദ്ദേഹത്തിന് തന്റെ ചരിത്രപരമായ പഠനങ്ങളും അന്വേഷണങ്ങളും നടത്താൻ എല്ലാ സഹായവും സ്റ്റേറ്റ് ഇൽ നിന്ന് ലഭിച്ചു . ചരിത്രവും ഭൂമിശാസ്ത്രവും പ്രതിപാദിക്കുന്ന എട്ടു മഹദ് ഗ്രന്തങ്ങൾ അദ്ദേഹം രചിച്ചു . പെരിപ്ലസ് ഓഫ് ദി ഉക്സിനെ സീ (Periplus of the Euxine Sea) ,ദി അനസിസ് ഓഫ് അലക്സാണ്ടർ(The Anabasis of Alexander) ,ഇൻഡിക്ക(Indika) എന്നിവയാണവയിൽ ഏറ്റവും പ്രശസ്തം .ആരിയന്റെ ഇൻഡിക്ക രണ്ടു ഭാഗങ്ങളയിട്ടുള്ള ഒരു മഹദ് ഗ്രന്ധമാണ് .ആദ്യഭാഗം മെഗസ്തനീസിന്റെ ഇന്ഡികയെ യെ അടിസ്ഥാനമാക്കിയും രണ്ടാം ഭാഗം അലസേണ്ടറുടെ സേനാനായകനായ നിയാർക്കസ് ന്റെ(Nearchos) സിന്ധു നദീതീരത്തിലൂടെയുള്ള യാത്രാവിവരണത്തിനെ അവലംബം ആക്കിയുള്ളതുമാണ് .

PS 4:ഡയമകസ് (Deimachus) : മെഗസ്തനീസിനുശേഷം ഇന്ത്യയിൽ നിയമിതനായ ഗ്രീക്ക് സ്ഥാനപതിയാണ് ഡയമകസ് (Deimachus).ചന്ദ്രഗുപ്തന്റെ പുത്രനും ഭാരത ചക്രവർത്തിയുമായ ബിന്ദുസാര മൗര്യന്റെ കാലത്താണ് അദ്ദേഹം ഇന്ത്യയിൽ വന്നത് .അദ്ദേഹവും ഇന്ത്യയെപ്പറ്റി ധാരാളം എഴുതി .പക്ഷെ അദ്ദേഹത്തിന്റെ കൃതികൾ ,മെഗസ്തനീസിന്റെ കൃതികൾ ആറിയൻ (Arrian)രേഖപ്പെടുത്തി വച്ച് സൂക്ഷിച്ചതുപോലെ സംരക്ഷിക്കപ്പെട്ടില്ല .അതുകൊണ്ടുതന്നെ കാലത്തിനെ കുത്തൊഴുക്കിൽ അവ വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടുപോയി.

PS 5:ടെസിയസ്(CTESIUS) : മെഗസ്തനീസിനും നൂറു കൊല്ലം മുൻപ് ((400 BCE) മറ്റൊരു ഗ്രീക്കുകാരൻ ടെസിയസ്(CTESIUS) പേർഷ്യയും ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തി പ്രദേശവും സന്ദർശിക്കു കയുണ്ടായി .ഒരു ഭിഷഗ്വരനും ചരിത്രകാരനുമായിരുന്നു അദ്ദേഹം .അദ്ദേഹവും ഇന്ത്യയെപ്പറ്റി ഇൻഡിക്ക (ഇന്ത്യയെപ്പറ്റി) എന്ന മറ്റൊരു ഗ്രൻഥം രചിച്ചിട്ടുണ്ട് .മുഖ്യമായും പേർഷ്യക്കാരിൽ നിന്നും ലഭിച്ച പരോക്ഷമായ വിവരരങ്ങളെ അടിസ്ഥാനമാക്കിയാണ് ആ ഗ്രൻഥം .ആ ഗ്രന്തത്തിൽ ഇന്ത്യക്കാരെ ദൈവതുല്യരായ മനുഷ്യർ (1)എന്നാണ് വിവരിച്ചിരിക്കുന്നത് .ഈ ഗ്രന്തത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ കണ്ടുകിട്ടിയിട്ടുളൂ .ഈ ഗ്രന്ധത്തെ അധികരിച്ചുള്ള പഠനങ്ങൾ ഇപ്പോൾ പാശ്ചാത്യ ചരിത്രകാരന്മാരുടെ ഇടയിൽ നടക്കുന്നുണ്ട് .

PS:6 ഇന്ത്യ അയച്ച പ്രതിനിധിയെപ്പറ്റി : ഒരാളെ അയച്ചിരുന്നു അദ്ദേഹം സെല്യൂക്കസിന്റെ കൊട്ടാരത്തിൽ ദീർഘകാലം സ്ഥാനപതിയായി ഉണ്ടായിരുന്നു .പേര് ചരിത്ര രേഖകളിൽ വ്യക്തമല്ല ” സാന്ദ്രകോട്ടസിന്റെ പ്രതിനിധി” എന്നാണ് രേഖകളിൽ .ഒരുപക്ഷെ അദ്ദേഹം മെഗസ്തനീസിനെപോലെ ഒരു സഞ്ചാരിയുന്നോ എഴുത്തുകാരനോ ആയിരുന്നിരിക്കില്ല..ഒരു ഉദ്യോഗസ്ഥ പ്രതിനിധി ( career diplomat ) ആയിരുന്നിരിക്കാം .മറ്റൊരു വാദവും ഉണ്ട് .ഒരുപക്ഷെ അദ്ദേഹവും മെഗസ്തനീസിനെപോലെ ഗ്രന്തങ്ങൾ എഴുതിയിരുന്നിരിക്കാം .അവ നമ്മുടെ പുരാതന സർവകലാശാലകളിൽ പ്രധാന വിഷയവും ആയിരുന്നിരിക്കാം .പക്ഷെ അധിനിവേശ ശക്തികൾ ആദ്യം തകർത്തത് നമ്മുടെ സർവകലാശാലകളെ ആയിരുന്നു . പുസ്തകങ്ങൾ എല്ലാം തീയിടുകയാണുണ്ടായത് .(നമ്മുടെ സഹിഷ്ണുതയോന്നും അവർക്കില്ലായിരുന്നു ) .മത ഗ്രന്തങ്ങൾ (വേദങ്ങൾ ,ഇതിഹാസങ്ങൾ തുടങ്ങിയവ) നിലനിന്നത് അവ വാമൊഴിയായി (oral tradition ) തലമുറകളിലൂടെ കൈമാറ്റം ചെയ്തതുകൊണ്ടാണ് . ഇൻഡിക്ക നിലനിന്നതിനു നാം കടപ്പെട്ടിരിക്കുന്നത് അര്ര്യനോടാണ്(Arrian). വലിയ പദവിയുള്ളയാളും ചക്രവർത്തി ഹാഡ്രിയാനെ(Hadrian) സുഹൃത്തുമായതിനാൽ തന്റെ ഗ്രന്തത്തിനെ വളരെയധികം പകർപ്പുകൾ എടുത്ത് പല രാജ്യങ്ങളിലെ ഗ്രന്ധശാലകളിൽ കൊട്ടാരങ്ങളിലും എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .അച്ചടിക്ക് മുൻപ് പകർപ്പെടുക്കൽ വളരെ പണച്ചെലവുള്ളതും സമയമെടുക്കുന്നതുമായിരുന്നു .

ആരിയൻ റോമാ സാമ്രാജ്യത്തിലെ ഒരു കോൺസൽ(PM or CM ) ആയിരുന്നു . തുകൊണ്ടു മാത്രം ഇൻഡിക്ക നിലനിന്നു .മെഗസ്തനീസിന് ശേഷം വന്ന സ്ഥാനപതിയായ ഡയമകസും വിശദമായ വിവരണം എഴുതി .പക്ഷെ അത് നഷ്ടപെടുകയാണുണ്ടായത് .മൗര്യർക് ശേഷം വന്ന സുങ്ക(Sunga) സാമ്രാജ്യത്തിലേക്കും ഗ്രീക്കുകാർ സ്ഥാനപതിമാരെ അയച്ചിരുന്നു .അതിലൊരാളായ ഹീലിയോടോറസ്‌(Heliodorous) വലിയ കൃഷ്ണ ഭക്തനായിത്തീർന്നു .കൃഷ്ണന് ഒരു സ്തൂപം നിർമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് .ആ സ്തൂപം ”ഹീലിയോടോറസ്‌ പില്ലർ” ഇന്നും നിലനിൽക്കുന്നു .ഇന്ത്യയും ഗ്രീക്ക് സംസ്കാരവും തമ്മിൽ 300 BCE മുതൽ100 BCE വരെ സുദ്രിഡമായ ഡിപ്ലോമാറ്റിക് ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ നിരവധിയാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply