ആദ്യമായി ഇടുക്കി കാണുന്നത് ഒരു വേനലിലാണ്. ബൈക്കിലായിരുന്നു അന്നത്തെ യാത്ര. വറ്റി വരണ്ട കാഴ്ചകളും നിരാശയുമായാണ് അന്ന് മടങ്ങിയത്.അന്നേ ഉറപ്പിച്ചതാണ് ഇനി ഇടുക്കിയിലേയ്ക്ക് ഒരു യാത്ര ഉണ്ടെങ്കില്‍ അത് ഒരു മഴക്കാലത്ത് ആയിരിക്കണമെന്ന്.. അങ്ങനെ ആണ് ഇന്നത്തെ ഈ യാത്ര തീരുമാനിച്ചത്.ആകെ 10 പേര്.വെളുപ്പിന് 4.20 ന് ഞങ്ങള്‍ യാത്ര ആരംഭിച്ചു.
സമയം . 6.15 ആയിട്ടുണ്ട്.ഒരു കാലി ചായ കുടിച്ചിട്ടാവാം ബാക്കി യാത്ര.അങ്ങനെ ചായയും ഓരോ ബണ്ണും അകത്താക്കി യാത്ര തുടര്‍ന്നു. 7-10 ആയപ്പോള്‍ തൊമ്മന് കുത്ത് വെള്ളച്ചാട്ടത്തിലെത്തി. 8 മണിക്കാണ് അവിടെ സന്ദര്‍ശനം ആരംഭിക്കുന്നത്. അവിടെ നിന്നും ആദ്യം പോകേണ്ടത് ഇടുക്കി ഡാമിലേയ്ക്കാണ്. പോകുന്ന വഴി മഞ്ഞില്‍ മൂടിയ മല നിരകള്‍ ഞങ്ങളെ മാടിവിളിച്ചു കൊണ്ടിരുന്നു.
അങ്ങനെയാണ് ഉപ്പുകുന്ന് വ്യൂ പോയിന്റ് കണ്ണില്പെടുന്നത്.(സമയം: 9 am)പിന്നെ അവിടെ കുറേ നേരം ചിലവിട്ട് വീണ്ടും യാത്ര ആരംഭിച്ചു. 10 മണിയോടെ ഇടുക്കി ഡാമില്‍ എത്തി.മൊബൈല്‍ ഫോണ്‍,ക്യാമറ ഇവ അനുവദനീയമല്ലാത്തതിനാല്‍ കാഴ്ചകള്‍ മനസ്സിലൊതുക്കി പുറത്തിറങ്ങി. ഇടുക്കി ഡാമിന്റെ നിര്‍മ്മാണ വൈശിഷ്ട്യം പറഞ്ഞറിയിക്കാനാവുന്നതല്ല.ഇത്തവണ മഴ പൊതുവേ കുറവായത് ഡാമിലും പ്രകടമായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം നേരെ പോയത് കാല്‍വരി മൗണ്ടിലേക്കാണ്.11.34 ആയപ്പോള്‍ കാല്‍വരി മൗണ്ടിലെത്തി.
ഇടുക്കി യാതയില്‍ ഒരിക്കലും ഇവിടം സന്ദര്‍ശിക്കാതെ മടങ്ങരുത്. മഞ്ഞില്‍ മൂടി നില്ക്കുന്ന അന്തരീക്ഷം.പിന്നെ കുളിരേകുന്ന കാറ്റും. 20 രൂപയാണ് ഇവിടേയ്ക്കുള്ള പ്രവേശനപാസിന്. വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മഞ്ഞിന്റെ ശക്തി കാരണം താഴെയുള്ള സുന്ദരകാഴ്ചകള്‍ കാണാന്‍ കഴിഞ്ഞില്ല.ഇവിടെ പടര്‍ന്നു നില്ക്കുന്ന പുല്ലുകള്ക്കിടയിലേയ്ക്ക് നടന്നിറങ്ങി. മഞ്ഞിന്റെയും കാറ്റിന്റെയും കാഠിന്യം കൂടികൂടി വന്നു. പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥയായി.
1.10 pm ആയപ്പോള്‍ കാല്വരിമൗണ്ടിനോട് വിടപറഞ്ഞു.അടുത്ത ലക്ഷ്യം അഞ്ചുരുളി ആണ്.1.59 ആയപ്പോഴേയ്ക്കും ഞങ്ങള്‍ അഞ്ചുരുളിയിലെത്തി. മഴ ഇടുക്കിയ്ക്കെ് നല്‍കുന്നത് മറ്റൊരു ഭാവമാണ്. ടണലിലേയ്ക്ക് പ്രവേശിക്കാനാവാത്ത വിധം കുത്തി പാഞ്ഞു വരുന്ന വെളളം,ആ കാഴ്ച കാണേണ്ടതുതന്നെ. താഴെ തടാകത്തില്‍ ധാരാളം ആളുകള്‍ വലവീശുന്നുണ്ടായിരുന്നു. മണല്‍തിട്ടകള്‍ ഇടിഞ്ഞുപോകുന്നത് ശ്രദ്ധിക്കണമെന്ന് അവിടെ നിന്നിരുന്ന ആളുകള്‍ ഞങ്ങളോട് പറഞ്ഞു. കാഴ്ചകള്‍ക്ക് തടസ്സം സൃഷ്ടിക്കാനാവാത്ത വിധം മഴ ചാറികൊണ്ടിരുന്നു. 2.45 pm ഓടെ അഞ്ചുരുളിയില്‍ നിന്നും ഞങ്ങള്‍ മടങ്ങി.എല്ലാവരും ഈ മായിക കാഴ്ചകള്‍ കണ്ടപ്പോള്‍ ഭക്ഷണം പോലും മറന്നുപോയി. കട്ടപ്പനയില്‍ നിന്നും ഭക്ഷണം കഴിച്ച് 3.45 ഓടെ നേരേ രാമക്കല്‍മേട്ടിലേയ്ക്ക്.
4.34 pm ഓടെ ഞങ്ങള്‍ രാമക്കല്മേടെത്തി.അന്തരീക്ഷം വല്ലാതെ കറുത്തിരിക്കുന്നു. ദൂരെ നിന്ന് തന്നെ കുറവന്റെയും, കുറത്തിയുടേയും ഉയരമുള്ള പ്രതിമ കാണാമായിരുന്ഇവിടുത്തെ കാറ്റാണ് കാറ്റ്.. എന്ന വരികള്‍ ഒരു തെല്ലിടപോലും തെറ്റില്ല. പിടിച്ചുലയ്ക്കുന്ന കാറ്റാണ്. രാമക്കല്‍മേട്ടില്‍ നിന്നും ഉള്ള തമിഴ്നാടിന്റെ കാഴ്ചകള്‍ വല്ലാതെ ഭ്രമിപ്പിക്കും. ഇനിയും ഒരു വ്യൂ പോയിന്റ് കൂടി കേറാന്‍ ഉണ്ട്. പക്ഷെ അപ്പോഴേയ്ക്കും തിരിച്ചു പോകാനുള്ള സമയമായി. വിന്ഡുമില്ലും സന്ദര്‍ശിക്കേണ്ട ഇടം തന്നെ. മഴയും, കോടയും ആയതിനാല്‍ ട്രക്കിങ്ങ് ജീപ്പൊക്കെ രാവിലെ തന്നെ ഒതുക്കി. ചില യാത്രകള്‍ അങ്ങനെ ആണ്. സമയവും, വിശപ്പും ഒന്നും നമ്മള് ഓര്‍ക്കുക പോലുമില്ല. സമയം 5.25.രാമക്കല്‍മേടിനോട് വിടപറഞ്ഞു.പോരുന്നേരം എല്ലാവരും അവിടെനിന്നും ചോക്ലേറ്റും,തേയിലയുമൊക്കെ വാങ്ങി.
യാത്ര അവസാനിക്കേണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ഈ യാത്രയെ ഒരു പാട് ആസ്വദിച്ചു. തിരികെയുള്ള യാത്ര.. മഴയ്ക്ക് വല്ലാത്തൊരു ശക്തി.കാട്ടുവഴികളിലൂടെ മടക്കം.അപ്പോഴേയ്ക്കും മഞ്ഞ് മരങ്ങളെ പുതച്ചിരുന്നു.കൂരിരുട്ടും കാടും മഴയും പിന്നെ ഞങ്ങളും..കാട് അത് വല്ലാതെ ഭ്രമിപ്പിച്ചു.നൂറു കിലോമറ്ററിലധികം ഉണ്ട് വീടെത്താന്‍.സമയം ഏറിയതിനാല്‍ മറ്റു വാഹനങ്ങള്‍ അപൂര്‍വ്വമായിരുന്നു.
കാടിന്റെ നടുവിലൂടെ ,ചുറ്റും പടര്‍ന്നിരിക്കുന്ന ഇരുട്ട് .തിമിര്‍ക്കുന്ന മഴ. വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം ഒന്നുമല്ലാതെയാക്കി. ഇടുക്കിയുടെ മഴ കാഴ്ചയും,മഞ്ഞും എല്ലാം നന്നായി ഞങ്ങള്‍ അറിഞ്ഞു,അനുഭവിച്ചു.യാത്രകള്‍ മനോഹരമാവുന്നത്,അത് അവസാനിക്കണ്ട എന്ന തോന്നല്‍ ജനിക്കുമ്പോഴാണ്. രാത്രി 11.45 ആയപ്പോഴേയ്ക്കും ഞങ്ങള്‍ തിരിച്ചെത്തി.അപ്പോഴും മഴ ഞങ്ങളെ വിട്ടിട്ടില്ലായിരുന്നു.പരസ്പരം യാത്ര പറഞ്ഞ്,ഇടുക്കിയുടെ മഴയില്‍ മുങ്ങിയ കാഴ്ചകളെ നെഞ്ചിലേറ്റി വീട്ടിലേയ്ക്ക്..
©vishnu kandamangalam