വിവരണവും ചിത്രങ്ങളും – ദിവ്യ ജി.പൈ.
എന്റെ 2 വർഷത്തെ പ്രണയ സാഫല്യം/കാത്തിരിപ്പ് എന്ന് തന്നെ പറയും ഇഞ്ചത്തൊട്ടിയെ ഞാൻ… പ്രകൃതിരമണീയമായ സ്ഥലമാണ്. കഴിഞ്ഞ രാത്രി അവളുടെ ചിന്തയെന്നെ കണ്ണടയ്ക്കാൻ അനുവദിച്ചില്ല … എന്നും തൊട്ടരികെ എത്തുമെങ്കിലും അവിടെയെത്തുമായിരുന്നില്ല. 2 വർഷം മുമ്പ് ഒരു wedding shoot vdo ലൂടെ എന്റെ മനസ്സിൽ ഉടക്കി. അന്ന് മുതൽ തുടങ്ങിയ പ്രണയമാ….
രണ്ട് മാസം മുന്നേ പോയപ്പോഴും ഭൂതത്താൻ ഡാം പണി മൂലം വെള്ളം കുറഞ്ഞ / ഭംഗികുറഞ്ഞ അവളെ കാണാൻ മനസ്സ് സമ്മതിച്ചില്ല …. മഴക്കാലത്ത് മൂടൽമഞ്ഞാൽ പ്രണയലോലുപയാകും അവൾ …. അതിരാവിലെ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായ അവളെ കാണാൻ പ്രണയഭരിതയായ് ഞാൻ പ്രയാണം ആരംഭിച്ചു.
ചരിത്രം : കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു ഒരിക്കൽ. പിന്നെ ഇടുക്കി ജില്ല രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി. പിന്നീട് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കിയിൽ നിന്ന് അടർത്തിമാറ്റിയപ്പോൾ എറണാകുളം ജില്ലയിലേക്ക് ലയിപ്പിക്കുകയായിരുന്നു. ഇഞ്ചത്തൊട്ടിയിൽ കാണപ്പെടുന്ന മുനിയറകൾ ഈ പ്രദേശത്ത് പുരാതനകാലത്ത് ഒരു ജനസമൂഹം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്നു .185 മീറ്ററർ നീളവും 4 മീറ്റർ വീതിയുമുള്ള ഇതിന് ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം ….പെരിയാറിന് കുറുകെയാണീ തൂക്കുപാലം …ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം…
നടത്തത്തിന്റെ താളത്തിൽ ആടിയിളകുന്ന പാലത്തിലൂടെയുള്ള യാത്ര അൽപ്പം സാഹസികമായിത്തന്നെ തോന്നും. (നീളക്കൂടുതൽ )ആദ്യം ഞാനിത്തിരി ഭയന്നുവെങ്കിലും പിന്നെ ഓട്ടവും ചാട്ടവും തുടങ്ങി .. ഒരു രക്ഷയുമില്ല ….പച്ചയുടെ വിവിധ വർണ്ണങ്ങളാണ് ചുറ്റും, മലനിരകളും മെല്ലെ ഒഴുകുന്ന പുഴയും കടത്തുവള്ളങ്ങളും തനി ഗ്രാമപ്രദേശം ….ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുൽത്തകിടികളിൽ ഒഴിവുസമയം ചിലവിടാനും പുഴയിൽ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം.
പാലത്തിൽനിന്നുള്ള പുഴയുടെയും തീരത്തിന്റെയും കാഴ്ച മനോഹരമാണ്.മലീനമാക്കപ്പെടാത്ത ജലാശയങ്ങളും അവ നിറയെ വിവിധയിനം മത്സ്യങ്ങളും ആമ്പൽ കുളങ്ങളും പച്ചപ്പിന്റെ വിവിധ ചായക്കൂട്ടുകളും വിവിധയിനപക്ഷികളും ദേശാടന പക്ഷികളും കൊണ്ട് ഹൃദയം കവരുമീ ഗ്രാമഭംഗി…
വഴി : കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്. അതായത് പാലം വരുന്നതിന് മുമ്പ് കടത്ത് മാത്രമായിരുന്നു ആശ്രയം. റോഡ് മാർഗ്ഗം എത്തമെങ്കിൽ ചുറ്റി തിരിഞ്ഞ് 15 Km പോകണം … പാലം വന്നതോടു കൂടി നാട്ടുക്കാർക്ക് യാത്ര സമയം വളരെയേറെ ചുരുങ്ങി …
ഇവിടെ നിന്നുള്ള അസ്തമയം കിടിലൻ ആണ് … സായാഹ്നങ്ങൾ ചെലവഴിക്കുവാൻ ദൂരെ ദിക്കിൽ നിന്ന് പോലും വൻ ജനപ്രവാഹമാണിവിടെ എന്ന് നാട്ടുകാരിൽ നിന്നും അറിയുവാനായി … ഇവിടെ നടത്തുന്ന കയാക്കിംങ്ങും സന്ദർശകരെ വളരെയേറെ ആകർഷിക്കുന്നു … 200 രൂപയാണ് 2 പേർക്ക് അഡ്വഞ്ചർ ടൂർ ഗൈഡ് ബേസിൽ കുര്യാക്കോസ് ആണ് പ്രൊപ്രൈറ്റർ. 95447 46893 ( see the last Pic) Periyar Water Sports. ഇവിടെ നിന്നും 1 km പോകുമ്പോ കാളക്കടവ് എക്കോ പോയൻറ് എത്തും. മനോഹരമായ ഒരു തീരം … അക്കരെ നിന്നും വരുന്ന മാറ്റൊലി മനോഹരം . ഓർമ്മയിൽ മനസ്സിൽ വേദനയുള്ളവാക്കുന്ന തട്ടേക്കാട് ബോട്ടപകടം നടന്നയിടം.