ഒരു ലോങ്ങ് റൈഡിനുള്ള എല്ലാം പാക്ക് ചെയ്തുവച്ചു രാത്രി വൈകിയാണ് കിടന്നത്, പുലർച്ചെ ഇറങ്ങണം. അഞ്ചുമണി അയപ്പഴേക്കും കുളിച്ചു റെഡി ആയി. ഉമ്മ നേരത്തെ ബ്രേക്ക് ഫാസ്റ്റ് എല്ലാം റെഡി ആക്കി കാത്തിരിപ്പാണ്, നല്ല നൈസ് പത്തിരിയും മുരിങ്ങഇല കറിയും എന്റെ ഫാവറേറ്റ് ഐറ്റം, അല്ലേലും നാട്ടിൽ വന്നാൽ നമ്മളെ ചേമ്പും താളും ചക്കയും മുരിങ്ങ ഇതൊക്കെ തന്നെയാ കഴിക്കാനിഷ്ടം.
ബുള്ളു തലേ ദിവസം തന്നെ കുളിച്ചു കുട്ടപ്പനായി മുറ്റത്തു റെഡിയായി നിൽപ്പുണ്ട്. അങ്ങനെ മലപ്പുറം ജില്ലയിലെ തിരൂര്ന് അടുത്ത് വൈലത്തൂർ നിന്നുമാണ് ഞങ്ങൾ ബൈക്കും സ്റ്റാർട്ടാക്കി ഇറങ്ങിയത് (വീട്ടീന്ന് ). പറഞ്ഞില്ല, അനിയത്തിയാ കൂടെ ഉള്ളത്, കണ്ണൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്നു, അവളെ കോളേജിൽ കൊണ്ട് വിടണം.
നല്ല തണുപ്പുള്ള പ്രഭാതം, ഹൈവേ ഒന്നും തിരക്കായിട്ടില്ല, ഒരു ആറുമണി ആയപ്പോഴേക്കും കോഴിക്കോട് ബൈപാസ്സ് കേറി വച്ചു പിടിച്ചു, പണ്ട് ബൈപാസ്സ് ഓപ്പൺ ആയ അടുത്താണ് ഇതുപോലെ ഒരു റൈഡ് ചെയ്തിട്ടുള്ളത്, അന്ന് പരന്നു കിടന്നിരുന്ന വയലിനെ കീറി മുറിച്ച പോലൊരു ആളോഴിഞ്ഞ റോഡ് ആയിരുന്നെങ്കിൽ ഇന്നങ്ങനെയല്ല കോഴിക്കോട്ന്റെ രുചിയൂറും വിഭവങ്ങൾ വിളമ്പുന്ന റസ്റ്റ്രന്റുകളാണ് ഇരു വശത്തും, വഴിയിലെ തട്ടുകടയിൽ നിന്നും ഓരോ ചൂട് സുലൈമാനിയും പിടിപ്പിച്ചു യാത്ര തുടർന്നു. വടകര കഴിഞ്ഞപ്പോൾ ഇടതു വശത്തുകൂടെ ഒരു തീവണ്ടി ഞങ്ങൾക്ക് സാമന്തരമായി പാഞ്ഞു പോവുന്നത് കണ്ടു, അവൾ പോകാറുളള വണ്ടിയാണ്പോലും അത്, പിന്നെ ഒന്നുകൂടി വേഗത കൂട്ടി..
അങ്ങനെ തലശ്ശേരിയും പിന്നിട്ട് പിണറായി എത്തിയപ്പോൾ റോഡിന് ഇരുവശത്തുമായി വെള്ളം കെട്ടി നിൽക്കുന്ന ഒരു കായൽ പ്രദേശം (പിണറായി പാർക്ക് എന്നാണ് പേര് )അവിടുന്ന് കായലിന്റെ നടുവിലേക്ക് നടന്നു പോകാവൂന്ന ചെറിയ തുരുത്തുകളും വഴിയിൽ വല വീശിയെറിയുന്ന ഒരു ചേട്ടനും മൊത്തത്തിൽ അതിമനോഹരമായ ഒരു പ്രഭാതകാഴ്ചതന്നെ.
പറഞ്ഞപോലെ അനിയത്തിനെ കോളേജിൽ ഇറക്കി അതു വഴി നേരെ പാലക്കയം തട്ട് ആണ് എന്റെ ആദ്യ ലക്ഷ്യം, പോകുന്ന വഴിയിൽ അയ്യന്മട ഗുഹ, പണ്ട് ഒരു ബുദ്ദ സന്യാസി അവിടെ തബസ് അനുഷ്ഠിച്ചതായി പറയപ്പെടുന്നു, കാൽ കിലോമീറ്റർ അകത്തോട്ടുള്ള ഗുഹക്കടുത്തെത്തുമ്പഴേ മനസ്സിൽ ഒരു പേടി ഓടി വന്നു, ആ പ്രദേശത്തു അപ്പൊ ഞാൻ മാത്രല്ലാതെ മറ്റാരും ഇല്ലായിരുന്നു, അതികം സമയം കളയാതെ നാലഞ്ചു ഫോട്ടോ എടുത്തു സ്ഥലം കാലിയാക്കി, അതിനടുത്തായി മഴക്കാലത്തു മാത്രം സജീവമാകുന്നു ഒരു വാട്ടർഫോൾസ് ഉണ്ട് (പേര് ഓർക്കുന്നില്ല ).
നല്ല ഭംഗിയുള്ള വഴികളിലൂടെ ഉള്ള യാത്ര ആയതുകൊണ്ടായിരിക്കണം ബൈക്ക്ന്റെ വേഗതയിൽ വല്ലാതെ കുറവ് വന്നപോലെ, റൈടും കാഴ്ചകളും ആസ്വദിച്ചു മുന്നോട്ടങ്ങനെ പോയിക്കോണ്ടെയിരുന്നു, ചെറിയ വിശപ്പ് ഒക്കെ വന്നു തുടങ്ങി അടുത്തോരു ജംഗ്ഷനിൽ എത്തി, അവിടെ നിന്നും വലത്തോട്ടാണ് എനിക്കിനി പോകാനുള്ളത്, ജംഗ്ഷനിൽ നിർത്തി മുന്നിലുള്ള ഒരു ചെറിയ ഹോട്ടലിന്നു നല്ല നാടൻ ഊണും കഴിച്ചു കുറച്ചു ഫ്രൂട്ട്സും വാങ്ങി വണ്ടി വിട്ടു.
പാലക്കയംതട്ട് എത്തിയപോഴെക്കും ഒരു രണ്ടു മൂന്നു മണി ആയിക്കാണും, ബൈക്ക് കൊണ്ട് ചെന്നെത്തുംമ്പഴേക്കും അവിടുന്നും ഇവിടുന്നും ഒന്ന് രണ്ടു സ്ത്രീകൾ ഓടി വന്നു, എന്നെ പാർക്ക് ചെയ്യിക്കാൻ സഹായിക്കുകയാണ്, അടുത്ത വീട്ടിലെ ചേച്ചിമാരാണ്, അവിടെ വാലറ്റ് സർവീസ് ആണെന്ന് മനസിലായി, ഞാൻ ഓരു പോസ്റ്റ്ന്റെ അടുത്ത് സേഫ് ആയി നിർത്തി. അപ്പഴേക്കും ഒരു ചേട്ടൻ വന്നു മുകളിലേക്ക് ജീപ്പിൽ പോകാം എന്നായി, uae യിലെ ഒരു വിതം മലകളൊക്കെ ഹൈക്ക് ചെയ്ത കീഴടക്കിയ എനിക്ക് ആ ഒന്നര കിലോമീറ്റർ ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. നല്ല ഉച്ച സമയം എന്നാലും നന്നായി കോടയുണ്ട് ചെറിയ തണുപ്പും. പൈതൽ മലയും കൂടെ കാണണം എന്ന കാര്യം തട്ടിന് മുകളിലെ ഇളം കാറ്റിൽ ലയിച്ചു മറന്നു പോയി, മുകളിലെ ഒരു ഇരുപ്പിടം കൈക്കലാക്കി ബാക്ക്പാക്ക് എല്ലാം ഇറക്കി വച്ചു ഇത്തിരി നേരം ആസ്വദിച്ചു നിന്നു. പിന്നെ ബാഗിന് തലയും വച്ചു ഒന്ന് സുഗമായി ഉറങ്ങി.
കലപില ശബ്ദം കേട്ടാണ് ഞെട്ടി എണീറ്റത്, നോക്കുമ്പോൾ അവിടെ എല്ലാം സന്തർഷകരെ കൊണ്ട് നിറഞ്ഞിരിക്കുന്നു, മുകളിൽ ആകെ ഉള്ള കടയിൽ നിന്നും ഒരു ചായയും വാങ്ങി കുടിച്ചു ആ അസ്തമന കാഴ്ചകൾ അങ്ങനെ ആസ്വദിച്ചിരുന്നു, ഉയരം കൂടും തോറും ചായയുടെ കടുപ്പം മാത്രമല്ല കാശും കൂടും എന്ന് മനസിലായി, ഇടതു ഭാഗത്തു കാണുന്നതാണ് പൈതൽ മല എന്ന് കടയിലെ ചേട്ടൻ പറഞ്ഞു, അവരെല്ലാം പണ്ട് കോട്ടയത്ത്നിന്നും കുടിയേറി വന്നവരാണ്, എവിടെ ഹൈറേഞ്ച്ൽ ചെന്നാലും ഒരു കോട്ടയം അച്ചായനെങ്കിലും കണ്ടു മുട്ടും, അവർ പണ്ട് മുതലേ കൃഷിയിൽ താല്പര്യമുള്ളവരാന്നല്ലോ. പൂർണ്ണമായും ഇരുട്ടിയിട്ടാണ് അവിടുന്ന് താഴെ ഇറങ്ങി വന്നത്.
ഇനിയൊരു നൈറ്റ് റൈഡ് കാട്ടിലൂടെ പോയാലോ എന്നാലോജിച്ചു ഇരുട്ടിലുള്ള ഒരു ബ്രോനെ (ഫ്രണ്ട്ന്റെ ഫ്രണ്ട് ) വിളിച്ചപ്പോ കൂർഗു റോഡിൽ പോകാം, പക്ഷെ അരെങ്കിലും രാത്രിയിൽ കൈ കാണിച്ചാൽ നിർത്തരുത് എന്നൊരു നിർദ്ദേശവും, ഈയിടെ രാത്രി ചില അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ട്, അതു കേട്ടപ്പോൾ ആ പ്ലാൻ പാടെ വിട്ടു കൂടാതെ നാളെ ഒരു ഫുൾ ഡേ റൈഡ് ചെയ്യാനുള്ളത, ഞാറാഴ്ചയാ അനിയത്തിനെകൂടെ കൂട്ടണം നിക്കാഹ്ന് പോകുന്നതിന്നു മുന്നേ തലശ്ശെരി മുതൽ സിറ്റി വരെ കാണാനുള്ളതൊക്കെ കാണണം. ചങ്ക് ബ്രോ ഷംസി ന്റെ നിക്കാഹാണ് (കല്യാണം) കാസറഗോഡ് വച്ചാണ് .
അങ്ങനെ അഞ്ചരകണ്ടിയിലേക്ക് തന്നെ തിരിച്ചു വന്നു, വരുന്ന വഴിയിൽ ഒരു കിടിലൻ തട്ടുകടയിൽ നിന്നായിരുന്നു ഡിന്നർ, തലശെരി കാരുടെ നല്ല നാടൻ പോത്ത് വരട്ടിയതും നെയ്പത്തിലും പള്ളനെർച്ചി കയിച്ചി. മെഡിക്കൽ കോളേജ്ന് അടുത്തു ആകെ ഉള്ള ഒരു ലോഡ്ജ്ൽ കേറി മുറി എടുത്തു. പാറ്റനിറഞ്ഞ 500 രൂപയുടെ മുറിയിൽ അന്തിയുറക്കം. അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു. ഹോട്ടൽ ഉടമയോട് കാര്യം പറഞ്ഞപ്പോ വേണെങ്കിൽ നിന്നമതി എന്നൊരു ഡയലോഗ്,വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് അതിലും ഒരു സന്തോഷം കണ്ടെത്തി മൂടി പുതച്ചു കിടന്നു. ഹ.. ഒരു കാര്യം പറയാൻ വിട്ടു പാറ്റ ഒക്കെ ഉണ്ടെങ്കിലും Ac ഉള്ള മുറി ആയിരുന്നു😀.
പുലർച്ചെ കൃത്യം ആറ് മണിക്ക് തന്നെ ഞാൻ ഹോസ്റ്റലിന്റെ മുന്നിലെത്തി, ഇന്ന് ആദ്യത്തെ സഞ്ചാരം ധർമടം തുരുത്തിലേക്ക്, തലശ്ശേരിക്കടുത്ത ധർമടം ബീച്ചിൽ നിന്നും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദീപാണ് ധർമടം ഐലൻഡ്, കേരവൃക്ഷം തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു ചെറിയ തുരുത്ത്, നടുവിൽആയി ഒരു പാറ കെട്ടും കാണാം. അവിടെ മൊത്തം ചുറ്റി കണ്ട് സെൽഫിചാകരയും കഴിഞ്ഞു നേരെ സിറ്റിയിലേക്ക്, ഏറുമാഡം ഇല്ലെങ്കിലും പേരിൽ ഏറുമാടം ഉള്ള റെസ്റ്ററെന്റ് കയറി നല്ല ചൂട് മസാല ദോശയും കഴിച്ചു ഇറങ്ങി നേരെ അറക്കൽ മ്യൂസിയത്തിലേക്ക് വിട്ടു.
മ്യൂസിയം തുറക്കുന്ന സ്ത്രീ എത്തുന്നതിലും 10 മിനിറ്റ് മുന്നേ ഞങ്ങളെത്തി അന്നത്തെ ആദ്യത്തെ സന്തർഷകരയി ഞങ്ങൾ കയറി, മുകളിൽ പഴയ ദർബാർ ഹാൾ അതുപോലെ ഒരുക്കിട്ടുണ്ട്, രാജവംശത്തിലെ സുൽത്താൻമാരുടെയും അവരുടെ ബീവിമാരുടെയും ചിത്രങ്ങളും അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അങ്ങനെ നീളുന്ന കാഴ്ചകൾകൾ, അതികം താമസിയാതെ അവിടുന്നെറങ്ങി ഞങ്ങൾ കണ്ണൂർ കോട്ടയിലേക്ക് വിട്ടു, പോകുന്ന വഴിയിൽ ഒരു വിമാനത്തിന്റെ ഫോട്ടോ എടുത്ത നിസാര കാര്യത്തിന് ഒരു പട്ടാളക്കാരൻ ഓടി വന്നു ക്യാമറ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു തന്നു, അതൊരു ഡിഫൻസ് ഏരിയ ആയിരുന്നു.
ഇത് വരെ കണ്ട കോട്ടകളിൽ ST. Angelo കണ്ണൂര് കോട്ടയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത്, 1505ൽ പോർച്ചുഗീസുകാർ നിർമിച്ച കോട്ട 1663ൽ ഡച്ചുകാർ കീഴടക്കുകയും പിന്നീട് 1790ൽ ബ്രിട്ടീഷ്കാർ പിടിച്ചടക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്, അതുപോലെ തന്നെ ഈ കോട്ടയിൽ നിന്നും തലശ്ശേരി കോട്ടയിലേക്ക് കടലിൽകൂടെ 21km ദൂരം ഒരു തുരങ്കം ഉണ്ടെന്നു പറയപ്പെടുന്നു. കണ്ണൂർ ഫോർട്ട്ന്റെ ഒരുവശത്തുള്ള അറബി കടലിലേക്ക് ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസവാണ്, തിരമാലകൾ വന്നു കല്ലിൽ അടിക്കുന്ന ആ ഒരു സീൻ എത്ര കണ്ടാലും മതിയാവൂല, കോട്ടയിൽ അങ്ങനെ ചാടിയും ഓടിയും ഉള്ള ഫോട്ടോ പരീക്ഷണത്തിനിടയിലാണ് പുയ്യാപ്ല ശംസി വിളിക്കുന്നു “ഞങ്ങൾ കണ്ണൂര് എത്താറായി ബ്രോ നീ എവിടെത്തി ” പിന്നൊന്നും നോക്കില്ല ചാടി ഇറങ്ങി വച്ചു പിടിച്ചു കാസറഗോഡ് കഞ്ഞങ്ങാടെക്ക്.
പോകുന്ന വഴിയിൽ കണ്ട ഒരു പുഴയോരം വല്ലാതെ ആകർഷിച്ചു, രണ്ടുപേരും ഒരുമിച്ചു പറഞ്ഞു വരുമ്പോ അവിടെ ഇറങ്ങണം. അങ്ങനെ നിക്കാഹ് കൂടി ഫുഡ് കഴിച്ചു റ്റാറ്റ പറഞ്ഞു ഓടി. പിന്നീട് പോയത് കാഞ്ഞങ്ങാട് തന്നെയുള്ള Hosdurg ഫോർട്ട്ലേക്ക്, ഒരു ഗുഹ അല്ലാതെ കാര്യമായിട്ട് ഒന്നും കാണാനില്ലയിരുന്നു അവിടെ, ആകെ കാട് പിടിച്ചു പൊട്ടി പൊളിഞ്ഞു കിടക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്, പുരാവസ്തു വകുപ്പ് പുനർനിർമിക്കാൻ തുടങ്ങിയെങ്കിലും എവിടെയും എത്താതെ കിടക്കുകയാണിപ്പഴും, തിരിച്ചുവരുന്ന വഴിയിൽ മുന്നേ പറഞ്ഞ പുഴയുടെ അടുത്ത് റോഡ് സൈഡിൽ ബൈക്ക് നിർത്തി ഇത്തിരി നടന്നു ഒരുപാട് നേരം അങ്ങനെ ഇരുന്നു, നല്ല ഒരുപാട് പടങ്ങളും പകർത്തി, ചുറ്റിലും പച്ചപ്പുമാത്രം കാണാവുന്ന ഒരിടം, ഞങ്ങൾ പ്രവാസികൾക്ക് പച്ചപ്പ് എന്ന് കേട്ടാൽ ജീവനാ..
ലിസ്റ്റിൽ അടുത്തത് മാടായി പാറ.. കണ്ണെത്താ ദുരത്തോളം ഒരു തരം കരിഞ്ഞ മഞ്ഞ പുല്ലുകൊണ്ട് നിറഞ്ഞു നിൽക്കുന്ന പാറ പ്രദേശം, ഒറ്റ നോട്ടത്തിൽ കണ്ടാൽ അബുദാബിയിലെ സൂയിഹാൻ ടെസേർട്ട് പോലെയുണ്ട്, അവസാനത്തിൽ പാറക്കെട്ടിൽ ഒരു കുളവും(ഞങ്ങളുടെ നാട്ടിൽ ചിറ എന്ന് പറയും), അവിടെ രണ്ടു വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർസ് പക്ഷികളെ തേടി നടക്കുന്നുണ്ടായിരുന്നു, ആ ചേട്ടന്റെ കയ്യിൽ ക്യാമറ കൊടുത്തു ഫോട്ടോ എടുത്തു തരാവോ എന്ന് ചോദിച്ചു, പുള്ളി സെറ്റിംഗ്സ്ൽ ഒരു കളികളിച്ചു കിടുക്കിയ രണ്ടു മൂന്നു പിക്സ് എടുത്തു തന്നു, പുള്ളി ഫോട്ടോ എടുക്കുന്ന തിരക്കിൽ nikon ന്റെ ലെൻസ് ക്യാപ്പ് പുള്ളി പോക്കറ്റിൽ ഇട്ടു, ഫോട്ടോ കിടുക്കിയ സന്തോഷത്തിൽ ഞാനും ക്യാമറയുടെ നാണം മറച്ചുകൊടുക്കാൻ മറന്നു പോയി. ചേട്ടൻ ഇതു വായിക്കുവോ ആവോ…
ഇനിയാണ് കണ്ണൂരിൽ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട vപ്ര അഥവാ വയലപ്ര ബാക്ക്വാട്ടർ ഒരു അടിപൊളി ലൊക്കേഷൻ. വെള്ളത്തിനു നടുവിലായി ഒരു ഫ്ലോട്ടിങ്ങ് പാർക്ക്,അര കിലോമീറ്ററോളം കായലിന് നടുവിലേക്ക് നടപ്പതയും. അവിടേക്ക് എത്തുന്ന വീതി കുറഞ്ഞ ഒരടിപൊളി റോഡും ചുറ്റിലും കണ്ടൽ കാടുകൾ നിറഞ്ഞു നിൽക്കുന്നു, സായാഹ്നം സഞ്ചാരികൾ ബോട്ടിങ്ങ് ആസ്വദിച്ചുകൊണ്ടിരിക്കുന്നു, ഞങ്ങൾ സമയകുറവുകൊണ്ട് അതികം കറങ്ങാതെ കുറച്ചു ഫോട്ടോസും എടുത്തു തിരിച്ചു.
ഇനി സമയം കളയാനില്ല 7 മണിക്ക് മുന്നേ ഹോസ്റ്റൽ എത്തണം, എന്നിട്ടെനിക്ക് എന്റെ solo ടു Trivandrum Ride സ്റ്റാർട്ട് ചെയ്യണം.
7 മണി അയപ്പഴേക്കും ഞാൻ എന്റെ solo പ്രയാണം ആരംഭിച്ചു, പ്രതേകിച്ചു കാണാനൊന്നും ഇല്ല നൈറ്റ് ride അല്ലെ, ഇടക്ക് റസ്റ്റ് എടുക്കാൻ ഒന്നു നിർത്തും. ഈ യാത്ര എന്റെ നല്ല പാതിയെ കാണുവാനാണ്, തിരുവനന്തപുരത്ത് ആറുമാസത്തെ ഇന്റർനണൽഷിപ്പിന് പോയതാണ്…
രണ്ടാം ഭാഗം വായിക്കുവാന് CLICK HERE.
വിവരണം – Jaslin Mohamed (Blog Link – CLICK HERE)