കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡുകൾ ഉണ്ടാക്കിയതു ലക്ഷങ്ങളുടെ നഷ്ടം. യാത്രക്കാരെ ആകർഷിക്കുന്നതോടൊപ്പം കെഎസ്ആർടിസിക്കു വരുമാന വർധനകൂടി ലക്ഷ്യമിട്ട് ആരംഭിച്ചതായിരുന്നു കെഎസ്ആർടിസി ട്രാവൽ കാർഡുകൾ. എന്നാൽ, ഇതുകൊണ്ട് കെഎസ്ആർടിസിക്കു യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു.
ഇതേത്തുടർന്ന് ട്രാവൽ കാർഡ് പദ്ധതി കോർപറേഷൻ പിൻവലിച്ചു. പുതിയ ബസ് ചാർജ് നിലവിൽ വന്നതിനെ തുടർന്ന് കാർഡ് വിതരണം താത്കാലികമായി നിർത്തുകയാണെന്നാണ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പറയുന്നതെങ്കിലും ഇപ്പോൾ നടപ്പിലാക്കിയ രീതിയിൽ ഇനി കാർഡ് വിതരണം ഉണ്ടാകില്ല.
ട്രാവൽ കാർഡുകൾ യാത്രക്കാർക്ക് പ്രയോജനകരമായിരുന്നെങ്കിലും കെഎസ്ആർടിസിക്കു നഷ്ടമായിരുന്നുവെന്നാണ് മാനേജ്മെന്റ് വിലയിരുത്തുന്നത്. യാത്രയ്ക്ക് സ്ഥിരമായി കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നവർ കാർഡ് വാങ്ങിയപ്പോൾ പുതിയ യാത്രക്കാർ കാർഡ് വാങ്ങാനെത്തിയില്ല. ഇതോടെ ലഭിച്ചിരുന്ന വരുമാനത്തിൽ കുറവുണ്ടായതായാണ് വിലയിരുത്തൽ.
1000 രൂപയുടെ ബ്രോണ്‍സ് കാർഡ്, 1500 രൂപയുടെ സിൽവർ കാർഡ്, 3000 രൂപയുടെ ഗോൾഡ് കാർഡ്, 5000 രൂപയുടെ പ്രീമിയം കാർഡ് എന്നിങ്ങനെയാണു ട്രാവൽ കാർഡുകൾ പുറത്തിറക്കിയത്. ജില്ലയ്ക്ക് അകത്തും പുറത്തും യാത്രചെയ്യാവുന്ന വിവിധ കാർഡുകളുടെ കാലാവധി ഒരുമാസമായിരുന്നു. കാർഡ് കൈവശമുള്ള യാത്രക്കാരന് അനുവദിച്ചിട്ടുള്ള ബസിൽ ഒരുദിവസം എത്ര തവണ വേണമെങ്കിലും യാത്ര നടത്താമെന്നതായിരുന്നു പ്രത്യേകത.
കാർഡുള്ള യാത്രക്കാരൻ സാധാരണഗതിയിൽ 10-12 ദിവസം കൊണ്ടുതന്നെ കാർഡിന്റെ തുകയ്ക്കുള്ള യാത്ര ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. പിന്നീടുള്ള ദിവസങ്ങളിലെ യാത്ര കെഎസ്ആർടിസിക്ക് നഷ്ടമായിരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Source – http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=468603