വിവരണം – Rashi CZ.
മെയ് മാസത്തിലെ വേനൽ മഴ പൊടിഞ്ഞു നനഞ്ഞ മണൽ തിട്ടകളിലൂടെ ഞാൻ മെല്ലെ നടന്നു. സായാഹ്നത്തിന്റെ ഇളം വെയിലിൽ, UAE യുടെ തലസ്ഥാന നഗരിയിലെ ഈ കോർണിഷിൽ, പുൽത്തകിടികൾക്ക് കൂടുതൽ പച്ചപ്പ് തോന്നി. വലത് വശത്ത് ശാന്തമായി ഒഴുകുന്ന ഗൾഫ് ഉൾക്കടലിനും, ഇടത് ഭാഗത്തു ആകാശം മുട്ടി നിൽക്കുന്ന അംബര ചുംബികൾക്കും ഇടയിൽ മിനുസമേറിയ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ആഡംബര കാറുകൾ! വാഹനങ്ങളുടെ ആരവങ്ങൾക്ക് ഇടയിൽ മുമ്പ് എങ്ങോ കേട്ട് മറന്ന കാര്യo ഓർത്തു
“ജീവിതം ഒരു ട്രാഫിക് പോലെയാണ് , ചിലപ്പോൾ റോഡുകൾ സുഗമമായിരിക്കും. മറ്റ് ചിലപ്പോൾ ചുവപ്പ് സിഗ്നലും ട്രാഫിക് ജാമും ആയിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. ചിലർ നേരത്തെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നു, മറ്റ് ചിലർ താമസിച്ചും. ചില നിർഭാഗ്യവാന്മാർ യാത്ര പൂർത്തിയാക്കാതെ നേരത്തെ വിട പറയേണ്ടിയും വരുന്നു. ഇടക്ക് ചില വിശ്രമ സ്ഥലങ്ങൾ കാണാം, ചിലരെ നാം അവിടെ വെച്ചു കണ്ടു മുട്ടുന്നു, മറ്റ് ചിലർ ഇടക്ക് വെച്ചു വഴി പിരിയുന്നു” ഉയർന്നു വന്ന തിരമാലകളുടെ ശബ്ദം ചിന്തയിൽ നിന്ന് മെല്ലെ തിരികെ കൊണ്ട് വന്നു. നടന്ന് നടന്ന് കോർണിഷിന്റെ അവസാനമുള്ള മറീന മാൾ ഏരിയ വരെ എത്തിയിരിക്കുന്നു!
ഒരു രാജ്യം ഉണ്ടാക്കുകയും പിന്നീട് അത് മികച്ച രീതിയിൽ ക്രമീകരിക്കുകയും ചെയ്തവരാണ് ശരിയായ അർഥത്തിൽ രാഷ്ട്ര പിതാവ് എങ്കിൽ അതിന് ഏറ്റവും അർഹൻ H.H. Shaikh Zayed Al Nahyan തന്നെയാണ്. 1968 ൽ സമീപ പ്രവിഷ്യകളെ കൂട്ടി യോജിപ്പിച്ചു UAE എന്ന രാജ്യം രൂപീകരിക്കുകയും പിന്നീട് അതിനെ ലോകത്തിലെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത, ലോകം കണ്ട ഏറ്റവും വലിയ മഹാ മനസ്കനും ദീർഘ വീക്ഷണവും ഉള്ള ഭരണാധികാരി ആയിരുന്നു അദ്ദേഹം.
“ഗസൽ മാനുകളുടെ പിതാവ്” എന്നാണ് അബു ദാബി എന്ന പദത്തിന്റെ അർത്ഥം. ഇവിടെ സർ ബനിയാസ് ദ്വീപിൽ ധാരാളം ഗസൽ മാനുകളെ കാണാം. മാനിറച്ചി ഇവിടെ സുലഭം, കഴിക്കുന്നത് നിയമ വിരുദ്ധമല്ല. ഏതൊരു സിറ്റിയും ഒരു ‘എപിക് ‘ ആണ്. സുഖലോലുപതയുടെയും സ്വാതന്ത്രത്തിന്റെയും ത്രസിപ്പിക്കു ന്ന സമ്പന്ന വശം ഒരു ഭാഗത്ത്, മറു വശത്ത് സ്ലം ഏരിയകളുടെയും കുറ്റവാളികളുടെയും നിഗൂടത നിറഞ്ഞ ഇരുണ്ട ജീവിതങ്ങൾ…എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിലെ നഗരങ്ങൾ, പ്രത്യേകിച്ചു അബു ദാബി, ഇതിന് ഒരു അപവാദമാണ്. ലോകത്തെ ഏറ്റവും “സൗകാര്യപ്രദമായ സിറ്റി” എന്നാണ് ഞാൻ അബു ദാബിയെ കുറിച്ച് പറയുക. കാരണം മാളുകൾ, ബീച്ചുകൾ, സൂപർ മാർക്കറ്റുകൾ , പാർക്കുകൾ, ക്ലബുകൾ തുടങ്ങി ദൈനം ദിന ജീവിതത്തിന് ആവശ്യമുള്ള എല്ലാ സൗകാര്യങ്ങളും താമസ സ്ഥലത്തിന് തൊട്ട് തന്നെയായിട്ട് കാണാം. കാൽ നട ആയി തന്നെ ഒരു വിധം മിക്ക സ്ഥലങ്ങളിലും എത്തിപ്പെടാo
ക്ഷീണം തോന്നിയതിനാൽ അടുത്ത് കണ്ട ഈന്തപ്പനയുടെ തണലിൽ ഇരുന്നു. മുന്നിൽ ശാന്തനായി അലയടിക്കുന്ന തിരമാലകൾ പക്ഷെ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. “ലക്ഷ്യമില്ലാത്ത ഈ ജീവിതം ആർക്ക് വേണ്ടിയാണ്” എന്നായിരിക്കുമോ? ശരിയാണ്, 15 വർഷമായി ഈ പ്രവാസത്തിന്റെ കുപ്പായമണിഞ്ഞിട്ട്. മരുഭൂമികളും എണ്ണകിണറുകളും പ്രൗഢ ഗംഭീരമായ സിറ്റികളും…ഇത്രയുമായിരുന്നു ഇങ്ങോട്ട് വരുമ്പോൾ മനസ്സിൽ കോറിയിട്ട ചിത്രങ്ങൾ. എന്നാൽ വിശാലമായ പച്ച പുതച്ച കൃഷിയിടങ്ങളും തടാകങ്ങളും മരുപ്പച്ചകളും എന്തിനേറെ മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും വരെയുണ്ട് ഈ കൊച്ചു രാജ്യത്ത് എന്ന് എത്ര പേർക്ക് അറിയാം? അബുദാബിയിലെ അജ്ബാൻ-റഹബ ഏരിയ നിറയെ പച്ചക്കറി കൃഷികളാണ്. വടക്കൻ എമിറേറ്റുകളിൽ ധാരാളം തടാകങ്ങളും വെള്ളച്ചാട്ടങ്ങളും കാണാം. പടിഞ്ഞാറൻ ഭാഗത്തേക്ക് വരുമ്പോൾ ലിവ എന്ന സ്ഥലം ഈന്തപ്പന തോട്ടങ്ങളാൽ നിബിഡമാണ്. അൽ ഐൻ ആകട്ടെ ഉദ്യാനങ്ങളും മരുപ്പച്ചകളും കൊണ്ട് അനുഗ്രഹീതമാണ്.
വീശിയടിച്ച കടൽകാറ്റ് വീണ്ടും സ്ഥല കാല ബോധം നൽകി. സായാഹ്ന ഉല്ലാസത്തിനും നീന്തി തുടിക്കുവാനുമൊക്കെയായി എത്തിയവരെ കൊണ്ട് ബീച്ച് തിങ്ങി നിറഞ്ഞിരിക്കുന്നു. പ്രവാസത്തിന്റെ പ്രയാസ പ്രയാണങ്ങൾക്ക് ഇടയിൽ വീണ് കിട്ടുന്ന ചില അപൂർവ അവധി ദിനം ഉത്സവമാക്കാൻ എത്തിയവരാണ് അധികം പേരും. ഇവിടെ ഞാൻ തനിച്ചല്ല, കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ (വെറും തോന്നൽ അല്ല, യാഥാർഥ്യം തന്നെ). അത് തന്നെയാണ് അറബ് നാടുകളുടെ പ്രത്യേകതയും. ഒരു പാട് മലയാളികളും സംഘടനകളും ഇരു കൈകളും നീട്ടി എന്നും പ്രവർത്തക സജ്ജമായി നിൽക്കുന്ന മണ്ണാണ് ഇത്. ഗൾഫ് നാടുകളെ മറ്റുള്ള നാടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്. സത്യത്തിൽ വിദൂരതയുടെ ഏകാന്തതയിൽ ഓണം-പെരുന്നാൾ ആഘോഷങ്ങളെക്കാൾ വലുതാണ് ഇത്തരം സൗഹൃദ കൂട്ടായ്മകൾ.
ആധുനിക UAE യുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് 2004 ൽ H.H. Shaikh Muhammad Bin Rashid ദുബായ് ഭരണാധികാരി ആയതിന് ശേഷം ആണെന്ന് പറയാം. ദുബായ് മറീന, ദുബായ് പാം, എമിരേറ്റ്സ് എയർലൈൻസ്, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, ജബൽ അലി free സോൺ വിപുലീകരണം, ജബൽ അലി എയർപോർട്ട്, ദുബായ് ട്രാം, ദുബായ് മെട്രോ , ദുബായ് ഹാർബർ വിപുലീകരണം തുടങ്ങിയ എണ്ണിയാൽ തീരാത്ത ഒട്ടനവധി വൻകിട പദ്ധതികൾ ദുബായിയെ ലോകത്തിലെ ശക്തമായ സാമ്പത്തിക തുരുത്ത് ആക്കി മാറ്റി. കൂടാതെ വിനോദ സഞ്ചാര മേഖലകളിൽ കുതിച്ചു കയറുകയും ടൂറിസ്റ്റുകളുടെ പറുദീസ ആയി മാറുകയും ചെയ്തു.
കുട്ടികളുടെ കലപില ശബ്ദങ്ങൾ കേൾക്കാതെയായി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. തിരമാലകളുടെ ശക്തി കുറഞ്ഞിരിക്കുന്നു. ദൂരെ ജലായശത്തിന് മുകളിൽ വർണ പ്രഭയാൽ മുങ്ങിയ ഒഴുകി നടക്കുന്ന കൊട്ടാരം കണ്ടു. Dhow Cruice ആണ്! ഗൾഫ് നാടുകളിൽ, വിശിഷ്യാ ടൂറിസ്റ്റു ആയി എത്തുന്നവർ രണ്ട് കാര്യങ്ങൾ മറന്ന് പോകരുത്. ഒന്ന് Desert Safari ആണ്. മറ്റൊന്ന് Dhow Cruise ഡിന്നറും.
പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ അവസാന പ്രഭയും മാഞ്ഞു പോയിരിക്കുന്നു. തീരങ്ങൾ തീർത്തും വിജനമായി. എനിക്കും കൂടണയാൻ സമയമായിരിക്കുന്നു. തിരിച്ചു നടക്കുമ്പോൾ മുമ്പെങ്ങോ കേട്ട ആ വാക്കുകൾ പതിയെ ചെവിയിൽ ആഞ്ഞു പതിച്ചു. “മണലാരണ്യത്തിന് എന്നും നനവാണ്,
പ്രവാസികളുടെ കണ്ണീരിൽ കുതിർന്ന നനവ് .. കാറ്റിനും ഉണ്ട്, ഒരു ഇളം ചൂട് നിശ്വാസത്തിന്റെ, വിരഹ വേദനയുടെ ചൂട്…. അസ്തമയ സൂര്യനും സങ്കട മുഖം ആണ്,
കുടുസ്സ് മുറികളിൽ അന്തിയുറങ്ങുന്നവന്റെ.”