മതിയായ സൗകര്യങ്ങളില്ല, നാട്ടുകാരെ പിഴിയുന്ന നിരക്കും; സില്‍വര്‍ലൈന്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുമോ?

ജി ആര്‍ അനുരാജ്

ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സില്‍വര്‍ലൈന്‍ ജെറ്റ് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുമോ? വൈ-ഫൈ, സിസിടിവി ക്യാമറ തുടങ്ങിയ സൗകര്യങ്ങളുമായാണ് സില്‍വര്‍ലൈന്‍ ജെറ്റ് ആരംഭിച്ചതെങ്കിലും ഇവയില്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. പോരാത്തതിന് നാട്ടുകാരെ പിഴിയുന്ന നിരക്കും. വൈ-ഫൈ സൗകര്യം എല്ലാ ബസുകളിലും ലഭ്യമല്ല. സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് എന്ന പേരില്‍ വിളംബരം ചെയ്ത സിസിടിവി ക്യാമറകളും പല ബസുകളിലും പ്രവര്‍ത്തിക്കുന്നില്ല. അമിതമായ യാത്രാ നിരക്കാണ് സില്‍വര്‍ലൈന്‍ ജെറ്റിനെ യാത്രക്കാര്‍ കൈവിടാനുള്ള മറ്റൊരു കാരണം. ഉദാഹരണത്തിന് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സില്‍വര്‍ലൈന്‍ ജെറ്റില്‍ 111 രൂപയാണ് നിരക്ക്. ഇത് സൂപ്പര്‍ ഡിലക്‌സ് എയര്‍ ബസിനേക്കാള്‍ കൂടുതലും മള്‍ട്ടി ആക്‌സില്‍ വോള്‍വോയ്‌ക്ക് സമാനവുമാണ്. ഇത്രയും കൂടിയ നിരക്ക് ഈടാക്കുന്ന സില്‍വര്‍ലൈന്‍ ജെറ്റിന് എയര്‍ സസ്‌പെന്‍ഷന്‍ ഇല്ലെന്നതാണ് യാത്രക്കാരുടെ പ്രധാന പരാതി. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകുന്ന തരത്തിലാണ് സില്‍വര്‍ലൈന്‍ ജെറ്റ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ കേരളത്തിലെ മോശം റോഡുകളും ട്രാഫിക് കുരുക്കും കാരണം പലപ്പോഴും കൃത്യസമയത്ത് ഓടിയെത്താന്‍ സില്‍വര്‍ലൈന്‍ ജെറ്റ് ബസുകള്‍ക്ക് സാധിക്കാറില്ല. യാത്രാസുഖം തീരെയില്ലാത്ത ഇത്തരം ബസുകള്‍ ദീര്‍ഘദൂരയാത്രയ്‌ക്ക് അനുയോജ്യമല്ലെന്നും യാത്രക്കാര്‍ പറയുന്നു. സില്‍വര്‍ലൈന്‍ ജെറ്റിന്റെ പോരായ്‌മകളെക്കുറിച്ച് ഒരു അന്വേഷണം…

പ്രൗഢിയോടെ തുടങ്ങി…

ഏറെ കൊട്ടിഘോഷിച്ചും വാര്‍ത്തകളില്‍ ഇടംനേടിയുമാണ് സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. ജൂലൈ 15ന് തിരുവനന്തപുരം തമ്പാനൂരില്‍ ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് സില്‍വര്‍ലൈന്‍ ജെറ്റ് ഫ്ലാഗ് ഓഫ് ചെയ്തത്. തുടക്കത്തില്‍ തിരുവനന്തപുരം-കാസര്‍കോട്, കാസര്‍കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്-തിരുവനന്തപുരം, കോട്ടയം-കണ്ണൂര്‍-കോട്ടയം, ചങ്ങനാശേരി-കോഴിക്കോട്-ചങ്ങനാശേരി റൂട്ടുകളിലാണ് ജെറ്റ് സര്‍വ്വീസ് നടത്തിയത്. തിരുവനന്തപുരം-കാസര്‍കോട് യാത്രയ്‌ക്ക് 750 രൂപ നിരക്കാണ് ജെറ്റില്‍ ഈടാക്കിയത്. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന ക്രമത്തില്‍ 12 മണിക്കൂര്‍കൊണ്ട് കാസര്‍കോട് എത്തുമെന്നായിരുന്നു അന്നത്തെ വാഗ്ദ്ധാനം. തുടക്കത്തില്‍ നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ ക്രമേണ കളക്ഷനും യാത്രക്കാരുടെ എണ്ണവും കുറയുന്നതാണ് കണ്ടത്.

ksrtc-silver-line-jet-palakkad

വൈ-ഫൈയുമില്ല, സിസിടിവി ക്യാമറയുമില്ല

സില്‍വര്‍ലൈന്‍ ജെറ്റ് അവതരിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രധാന പ്രഖ്യാപനം വൈ-ഫൈയും സിസിടിവി ക്യാമറയുമായിരുന്നു. എന്നാല്‍ തിരുവനന്തപുരം-കാസര്‍കോട് സര്‍വ്വീസില്‍ ഒഴികെ മറ്റൊരു ബസിലും വൈ-ഫൈ സേവനം ലഭ്യമല്ലായിരുന്നു. അതുപോലെ തന്നെ സിസിടിവി ക്യാമറ പല ബസിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ ഇത് നിരീക്ഷിക്കാനുള്ള സംവിധാനവും കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് വാസ്‌തവം. ലാപ്‌ടോപ്-മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും പുഷ്‌ബാക്ക് സീറ്റുകളുമാണ് ഏക ആശ്വാസമായി പറയാവുന്നത്.

എയര്‍ സസ്‌പെന്‍ഷനില്ലാതെ നടുവൊടിയും…

ദീര്‍ഘദൂര യാത്രകള്‍ക്കായി ഇപ്പോഴും എയര്‍ സസ്‌പെന്‍ഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റ് പാസ‌‌ഞ്ചറുകളും ഓടിക്കുന്ന കെഎസ്ആര്‍ടിസിക്ക്, സില്‍വര്‍ലൈന്‍ ജെറ്റ് ബസുകള്‍ നിര്‍മ്മിച്ചപ്പോള്‍ അതിന്റെ ആവശ്യകത മനസിലായില്ല. ദീര്‍ഘദൂരയാത്രകള്‍ക്ക് യാത്രാസുഖത്തിനാണ് യാത്രക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് സ്വകാര്യബസുകളെ യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കാന്‍ കാരണവും. ഇത് എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ മനസിലാക്കുക?

പോക്കറ്റ് കാലിയാകുന്ന അമിതനിരക്ക്

എയര്‍സസ്‌പെന്‍ഷനില്ല, പ്രഖ്യാപിച്ചപോലെ വൈ-ഫൈയുമില്ല, എന്നാല്‍ ഈടാക്കുന്നത് വോള്‍വോയ്‌ക്ക് സമാനവും ഡീലക്‌സിനേക്കാള്‍ കൂടിയ നിരക്കും. ഇതാണ് സില്‍വര്‍ലൈന്‍ ജെറ്റില്‍നിന്ന് യാത്രക്കാര്‍ അകലാനുള്ള മുഖ്യ കാരണം. കുറഞ്ഞസമയംകൊണ്ട് ഓടിയെത്തും, സംഗതിയൊക്കെ കൊള്ളാം. പക്ഷെ നാട്ടിലില്ലാത്ത നിരക്ക് നല്‍കി സില്‍വര്‍ലൈന്‍ ജെറ്റില്‍ പോകുന്നതിനേക്കാള്‍ നല്ലത് അത്രത്തോളം നിരക്കും, എന്നാല്‍ എസി ഉള്‍പ്പടെ യാത്രാസുഖം കൂടുതലുള്ള വോള്‍വോയല്ലേ? ആരെങ്കിലും ഇങ്ങനെ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? ആവശ്യമായ സൗകര്യങ്ങളിലാത്താതതിനാല്‍ മോട്ടോര്‍ വാഹന നിയമ ചട്ട പ്രകാരം സില്‍വര്‍ലൈന്‍ ജെറ്റില്‍ ഏര്‍പ്പെടുത്തുന്നത് അമിത നിരക്കാണ്. അതുകൊണ്ടുതന്നെ സില്‍വര്‍ലൈന്‍ ജെറ്റിന്റെ നിരക്കില്‍ ഒരു പുനഃപരിശോധന അനിവാര്യമായിരിക്കുന്നു.

ഡ്രൈവര്‍മാര്‍ പിഴയൊടുക്കി മുടിയും…

യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലാണ് സില്‍വര്‍ലൈന്‍ ജെറ്റിന്റെ സമയക്രമീകരണം. തിരുവനന്തപുരം-കൊല്ലം യാത്രയ്‌ക്ക് സൂപ്പര്‍ഫാസ്റ്റില്‍ ട്രാഫിക്ക് കുരുക്ക് ഇല്ലാത്തപ്പോള്‍ 1.45 മണിക്കൂറാണ് സമയം. എന്നാല്‍ ഏകദേശം 1-1.5 മണിക്കൂര്‍ സമയത്തിനുള്ളില്‍ സില്‍വര്‍ലൈന്‍ ജെറ്റിന് ഓടിയെത്താനാകും. എന്നാല്‍ അമിതവേഗത്തിന് പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്യാമറകളില്‍ സില്‍വര്‍ലൈന്‍ ജെറ്റ് തുടരെ കുടുങ്ങാന്‍ തുടങ്ങി. ഇതിന്റെ പേരില്‍ പണികിട്ടയത് ഡ്രൈവര്‍മാര്‍ക്കും. അമിതവേഗത്തിന്റെ പേരിലുള്ള പിഴ ഡ്രൈവര്‍മാര്‍ സ്വന്തം പോക്കറ്റില്‍നിന്നാണ് ഒടുക്കിയിരുന്നത്. കൂടാതെ മോശം റോഡും ട്രാഫിക് ബ്ലോക്കും കാരണം പലപ്പോഴും സമയത്തിന് എത്താന്‍ സാധിക്കാനാകാത്ത പ്രശ്‌നവും ഉണ്ട്. പ്രത്യേകിച്ചും ചങ്ങനാശേരി-കോഴിക്കോട്, തിരുവനന്തപുരം-പാലക്കാട്, കോട്ടയം-കണ്ണൂര്‍ തുടങ്ങിയ പകല്‍ സര്‍വ്വീസുകള്‍ മിക്കപ്പോഴും വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്.

യാത്രക്കാര്‍ക്ക് പറയാനുള്ളത്…

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച പാലക്കാട്-തിരുവനന്തപുരം സില്‍വര്‍ലൈന്‍ ജെറ്റില്‍ വൈറ്റിലയില്‍നിന്ന് കഴക്കൂട്ടത്തേക്ക് യാത്ര ചെയ്തപ്പോള്‍ 11 യാത്രക്കാര്‍ മാത്രമാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് ജ്യോതിഷ് കുമാര്‍ എന്ന യാത്രക്കാരന്‍ പറയുന്നു. ഇതില്‍ മൂന്നുപേര്‍ ആലപ്പുഴയിലും മൂന്നുപേര്‍ കൊല്ലത്തും ഇറങ്ങി. അഞ്ചുയാത്രക്കാരുമായാണ് ബസ് തിരുവനന്തപുരത്തേക്ക് വന്നത്. കഴിഞ്ഞമാസം ഏറെ പ്രതീക്ഷയോടെ പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റില്‍ വന്നപ്പോള്‍ 11 മണിക്കൂര്‍ എടുത്തതായി ജോഷ് എബ്രഹാം തോമസ് പറയുന്നു. വൈ-ഫൈ പ്രതീക്ഷിച്ചു കയറിയിട്ട്, അത് ഇല്ലാത്തതിന്റെ പേരില്‍ ജീവനക്കാരുമായി തര്‍ക്കിക്കേണ്ടിവന്ന വിജീഷ് കുമാറിന്റെയും കോഴിക്കോട്ട് ഒരു പരീക്ഷയ്‌ക്കുവേണ്ടി ചങ്ങനാശേരിയില്‍നിന്ന് ജെറ്റില്‍പോയിട്ട്, സമയത്തിനെത്താതെ പരീക്ഷ നഷ്‌ടമായ കൃഷ്‌ണകുമാറിന്റെയും അനുഭവങ്ങള്‍ വേറെ.

സില്‍വര്‍ലൈന്‍ ജെറ്റില്‍ വൈ-ഫൈ ഇല്ലെങ്കിലും കുഴപ്പമില്ല, നിരക്ക് കുറയ്‌ക്കുകയും, എയര്‍ സസ്‌പെന്‍ഷന്‍ ബസുകള്‍ രംഗത്തിറക്കുകയുമാണ് വേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. നിലവിലുള്ള ബസുകള്‍ ഹ്രസ്വദൂര സര്‍വ്വീസായോ, സൂപ്പര്‍ഫാസ്റ്റായോ ഡീഗ്രേഡ് ചെയ്യുകയാണ് വേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നത്. പകരം എയര്‍ സസ്‌പെന്‍ഷനുള്ള ബസുകള്‍ ദീര്‍ഘദൂര യാത്രയ്‌ക്കായി രംഗത്തിറക്കണം. കൂടാതെ നിരക്ക് കുറയ്‌ക്കുന്ന കാര്യവും പരിഗണിക്കണം. പകല്‍യാത്രയ്‌ക്ക് പകരം എംസി റോഡിലൂടെയും എന്‍എച്ചിലൂടെയും രാത്രി സര്‍വ്വീസായി ഓടിച്ചാല്‍ സില്‍വര്‍ലൈന്‍ ജെറ്റിന് നല്ല കളക്ഷന്‍ ലഭിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സര്‍വ്വീസ് പുനഃക്രമീകരിക്കുകയും വേണം. –

See more at: http://www.asianetnews.tv/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

One comment

  1. This is sսch a enjoyable game and we had an idal birthay Daddy.?

    Larry added. ?Can we play ?What?s the est factor
    about God? omorrow too?? he begɡed his Mommy.

Leave a Reply