കെ എസ് ആർ ടി സിയിലെ മണ്ടത്തരങ്ങൾ എന്ന് തലക്കെട്ട് കൊടുത്ത് കാര്യങ്ങൾ പറയുന്നത് സഹികെട്ടിട്ടാണ്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന സ്ഥാപനം, കേരളത്തിന്റെ വെള്ളാന, കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം എന്നൊക്കെ വിളിപ്പേരുള്ള മറ്റൊരു സേവന മേഖലയും കേരളത്തിൽ ഉണ്ടാകില്ല.
കെ എസ് ആർ ടി സിയിലെ നഷ്ടങ്ങൾക്ക് പ്രധാന കാരണം കോർപ്പറേഷനിലെ മിസ്മാനെജ്മെന്റ് തന്നെയാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളും മുടന്തൻ ന്യായങ്ങൾ നിരത്തി നീട്ടി നീട്ടി കൊണ്ടുപോകുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നതുമാണ് ഒരു കാരണം.
കെഎസ്ആര്‍ടിസിയുടെ മണ്ടത്തരങ്ങളില്‍ ഒന്നാണ് സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസുകളുടെ ഫെയര്‍ സ്റ്റേജ്. ഉദാഹരണമായി, തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് സില്‍വര്‍ലൈന്‍ ജെറ്റിന് 511 രൂപയാണ് ചാര്‍ജ്. പക്ഷെ 40 രൂപ കൂടി മുടക്കിയാല്‍ ഗരുഡ മഹാരാജ സ്കാനിയ ബസ്സില്‍ നല്ല സുഖമായി യാത്രചെയ്യാം. ഇനി പറയൂ കെഎസ്ആര്‍ടിസി ഇത്തരം തീരുമാനങ്ങള്‍ വഴി യാത്രക്കാരെ മണ്ടന്മാര് ആക്കുന്നതാണോ അതോ സ്വയം മണ്ടത്തരം ചെയ്യുന്നതാണോ?
സൂപ്പർ ഡീലക്സ് ബസ്സുകളുടെ അതേ സേവനങ്ങൾ മാത്രം നൽകുന്ന ഈ ബസ്സുകൾക്ക് എ.സി ബസ്സുകളുടെ നിരക്കാണ് കെ എസ് ആർ ടി സി വാങ്ങുന്നത്. അതിനായി നിരത്തുന്ന ന്യായം ഈ ബസ്സുകൾക്ക് സ്റ്റോപ്പുകൾ വളരെ കുറവാണ് എന്നത് മാത്രമാണ്.
ഈ ബസ്സുകൾ സർവ്വീസ് തുടങ്ങിയപ്പോൾ സൗജന്യ വൈ ഫൈ, CCTV ക്യാമറ സർവെയ്ലൻസ് എന്നിങ്ങനെ ഒരു നീണ്ട നിരയിലുള്ള സേവനങ്ങൾ മുന്നിൽ കാണിച്ചായിരുന്നു പ്രകടനം. എന്നാൽ ഈ ബസ്സുകളിൽ എന്തൊക്കെ സേവനങ്ങൾ ലഭിക്കുന്നു എന്നത് യാത്രക്കാർ പറയും.
മാത്രമല്ല, തുടങ്ങിയ സമയത്ത് ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന് പറഞ്ഞ സ്ഥലത്ത് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ തന്നെ വിവിധ സ്റ്റോപ്പുകൾ അംഗീകരിച്ച് കൊടുത്തിരിക്കുന്നു. അതുകൂടാതെ തന്നെ ആളുകൾ കയറാത്തത് കാരണം പല സ്ഥലങ്ങളിലും ജീവനക്കാർ വണ്ടി നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. മലബാറിലേക്കുള്ള വണ്ടികളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സ്റ്റോപ്പുകൾ പാടെ ഒഴിവാക്കിയിരിക്കുന്നതും ആളുകൾ കയറുന്നതിന് ഒരു തടസ്സമാണ്. ചുരുക്കം പറഞ്ഞാൽ സൂപ്പർ ഡീലക്സ് ബസ്സിന്റെ അതേ സംവിധാനത്തിൽ ഓടുന്ന വണ്ടിക്ക് സിൽവർ കളർ പെയിന്റ് അടിച്ച് ജെറ്റ് എന്ന പേരും കൊടുത്ത് ആളുകളെ കൊള്ളയടിക്കുവാണ് കെ എസ് ആർ ടി സി എന്ന് പറയേണ്ടി വരും.
പ്രധാന സ്ഥലങ്ങളിലേക്കുള്ള നിരക്ക് താരതമ്യം ചെയ്ത നോക്കാം
Route | Super Deluxe | Silver Line Jet | AC Volvo/Scania |
TVM-EKM | 231 | 281 | 291 |
EKM-TSR | 95 | 121 | 121 |
EKM-KKD | 221 | 271 | 281 |
KTM-TSR | 151 | 181 | 191 |
TVM-KNR | 501 | 611 | 661 |
TVM-KGD | NA | 731 | 781 |
KNR-KGD | NA | 151 | 151 |
TSR-KKD | 151 | 181 | 181 |
ഇനി നിങ്ങൾ പറയൂ, ഇവിടെ കെ എസ് ആർ ടി സി ജനങ്ങളെ മണ്ടന്മാർ ആക്കുകയല്ലേ?