യാത്രാവിവരണം – Shruti Upendran.
ഫിൻലാൻഡ് യാത്രയുടെ അവസാന ദിവസമാണ് റെയിൻ ഡിയർ സഫാരിക്ക് വേണ്ടി ഞങ്ങൾ മാറ്റിവെച്ചത്. നമ്മൾ എല്ലാവരും കുട്ടികളായിരിക്കുമ്പോൾ സാന്താ ക്ലോസ് അപ്പൂപ്പൻ സമ്മാനങ്ങളുമായി റെയിൻ ഡിയറുകൾ വലിച്ചുകൊണ്ടു നീങ്ങുന്ന മാന്ത്രിക വണ്ടിയിൽ നമ്മളെ കാണാൻ വരുന്നത് സ്വപനം കണ്ടിരിക്കുമല്ലോ. ആ മാന്ത്രിക വണ്ടിയിൽ യാത്ര ചെയ്യുവാനുള്ള അവസരം ഫിൻലാൻഡ് സന്ദർശിക്കുമ്പോൾ ലഭിക്കുന്ന മാസ്മരിക അനുഭവങ്ങളിൽ ഒന്നാണ്.
ലാപ്ലാൻഡിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ സാന്താ ക്ലോസ് ഹോളിഡേ വില്ലേജ് ആണ് ഞങ്ങൾ ഫിൻലാന്റിലെ അവസാനത്തെ അഞ്ചു ദിവസത്തെ താമസത്തിനായി തെരഞ്ഞെടുത്തത്. ഈ ഹോട്ടൽ ലാപ്ലാൻഡിലെ റോവേനിമി എന്ന് പറയുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. റോവേനിമി സാന്താ ക്ലോസ് അപ്പൂപ്പന്റെ ജന്മ സ്ഥലമായി ഫിൻലാന്റുകാർ വിശ്വസിക്കുന്നു. ഹോട്ടലിലെ റിസപ്ഷനിൽ നിന്നും പലതരം വിനോദപരിപാടികൾ ബുക്ക് ചെയാവുന്നതാണ്. റെയിൻ ഡിയർ സ്ലെഡിങ് എന്ന സ്വപ്നയാത്രയ്യ്ക്കായി Raitola കമ്പനി നൽകുന്ന 125 യൂറോയുടെ പാക്കേജ് ബുക്ക് ചെയ്തു.അതിൽ ഒരു മണിക്കൂർ റൈഡും അവരുടെ ഫാം സന്ദർശിക്കലും ഉൾപ്പെടുത്തിയിരുന്നു.

ഞങ്ങൾ താമസിച്ചിരുന്ന സാന്ത ക്ലോസ് ഹോളിഡേ വില്ലേജിൽ നിന്നും അവരുടെ വാഹനത്തിൽ ഫാമിൽ എത്തി. അവിടെ എത്തിയ ഞങ്ങൾക്ക് നല്ല ചൂട് ബെറി ജ്യൂസും ലഘു ഭക്ഷണങ്ങളും നൽകി സ്വീകരിച്ചു . കഥകളിൽ സാന്താ ക്ലോസ് അപ്പൂപ്പൻ റെയിൻ ഡിയറുകൾ വലിച്ചിരുന്ന സ്ലെഡ്ജുകളിലായിരുന്നു നമ്മുക്ക് ക്രിസ്മസ് രാത്രി സമ്മാനം തരുവാൻ വന്നിരുന്നത്. 8 ഡിയറുകളിൽ “rudolph the red nosed deer ” ആയിരുന്നു താരം. ഈ റുഡോൾഫിനെ പറ്റി ഒരു ചലച്ചിത്രം തന്നെയുണ്ട് . ചുവന്ന മൂക്കുള്ള റുഡോൾഫിനെ അവിടെ കാണാൻ പറ്റിയില്ലെങ്കിലും തവിട്ടുനിറത്തിലും വെളുപ്പുനിറത്തിലും ആണും പെണ്ണുമായി കുറെ റെയിൻ ഡിയറുകൾ ആ ഫാംമിലുണ്ടായിരുന്നു. റെയിൻ ഡിയറുകളിൽ ആണിനും പെണ്ണിനും “antlers” (കൊമ്പുകൾ പോലെതോന്നുന്നത്) ഉണ്ട് . വല്യ antlers ഉള്ള ആൺ ഡിയറുകളെ ആണ് പെൺ ഡിയറുകൾക്കിഷ്ടം എന്ന് ഗൈഡ് പറഞ്ഞു തന്നു. റെയിൻ ഡിയറുകളുടെ antlers ജനുവരി തൊട്ട് ഏപ്രിൽ മാസങ്ങളിലാണ് കൊഴിയാൻ തുടങ്ങുക. ചില ഡിയറുകൾ അത് ക്രിസ്തുമസ് വരെ തലയിൽ കിരീടം വെച്ചപോലെ നടക്കും.
ഗൈഡ് അവർക്കു കൊടുക്കുവാനുള്ള ഭക്ഷ്ണവുമായി വന്നു. മറ്റ് വിനോദ സഞ്ചാരികൾ വരുന്നതുവരെ ഞങ്ങൾ റെയിൻ ഡിയറുകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ ഏർപ്പെട്ടു. അവരുടെ പ്രധാന ആഹാരം പായൽ (lichen) ആണ് .പക്ഷേ വേനൽക്കാലത്തു മറ്റു പല ചെടികളും അവ കഴിക്കും. ഏറ്റവും നല്ല വാസന ശേഷി ഉള്ള ജന്തുവിഭാഗം ആണ് റെയിൻ ഡിയറുകൾ. മഞ്ഞുകാലത്ത് മഞ്ഞിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന ചെടികളെ മണത്തു മനസിലാക്കി കഴിക്കുവാൻ അവർക്ക് സാധിക്കും. ഞങ്ങൾ ആഹാരം കൊടുത്തപ്പോൾ എല്ലാം ആർത്തിയോടെ വേലി ചാടിക്കടന്നു ഭക്ഷണം കഴിച്ചു. അപ്പോഴേക്കും വേറെ സഞ്ചാരികളും അവിടെ എത്തി.കുറേ സമയം കൂടി ഫാമിൽ ചെലവഴിച്ചശേഷം അവരവരുടെ ഡിയറുകളെ തെരഞ്ഞെടുക്കുവാൻ പോയി.

ഒരു പെൺ റെയിൻ ഡിയറാണ് ഞങ്ങൾക്ക് കിട്ടിയത്. അവളുടെ പേരായിരുന്നു “Jingle”. സഞ്ചാരികളെ സന്തോഷത്തിലാക്കാൻ ഫിൻലാന്റുകാർ അവളെ പരിശീലിപ്പിച്ചിരുന്നു.അവൾ എപ്പോഴും പല്ലു കാട്ടിയും തല ഇളക്കിയും സഞ്ചാരികളെ വരവേറ്റു. ഗൈഡ് വന്ന് സ്ലെഡ്ജുകൾ അവളുടെ ദേഹവുമായി ബന്ധിപ്പിച്ചു.ആ സ്ലെഡ്ജിൽ ഇരിക്കുവാനായിട്ട് റെയിൻ ഡിയറുകളുടെ തൊലികളാണ് ഉപയോഗിച്ചിരുന്നത് .പിന്നെ തണുപ്പിൽ നിന്ന് രക്ഷനേടാൻ ഒരു കമ്പിളി പുതപ്പും തന്നിരുന്നു. സ്ലെഡ്ജിൽ പരമാവധി 2 മുതിർന്ന ആളുകൾ അല്ലെങ്കിൽ 2 കുട്ടികൾ, 2 മുതിർന്നവരും എന്ന രീതിയിൽ ഉള്പെടുത്താവുന്നതാണ്. മുമ്പിൽ നടക്കുന്ന മാനുകളെ പിന്തുടരുവാൻ വേണ്ടി പുറകെ പോകുന്ന മാനുകളെ യാത്രയുടെ ആദ്യത്തെ 30 മിനിറ്റിൽ പരസ്പരം ബന്ധിപ്പിച്ചിരിന്നു. നമ്മുക്ക് അവയെ നിയത്രിക്കേണ്ടതില്ലാത്തതിനാൽ ഫോട്ടോകൾ എടുക്കുവാൻ പറ്റിയ സമയമാണിത്. ഞങ്ങളുടെ പുറകെയുണ്ടായിരുന്ന ഡിയറിന്റെ പേരാണ് “Rolle”. അവൾ ആളുകളുമായി പെട്ടന്ന് ഇണങ്ങുമെന്നും ലാളന ഏറെ ഇഷ്ട്ടമുള്ളവളാണെന്നും ഗൈഡ് പറഞ്ഞുതന്നിരുന്നു. യാത്രയുടെ ഇടവേളകളിൽ Rolle യും ഞങ്ങളും wefie എടുക്കാൻ മറന്നില്ല.
30 മിനിറ്റ് യാത്രയയ്ക്കു ശേഷം 10 മിനിറ്റ് ഫോട്ടോ എടുക്കാനും മഞ്ഞുമൂടിയ വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും സഫാരി നിർത്തി. യാത്രയിലുടനീളം മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. മഞ്ഞു തുള്ളികൾ വെൽവെറ്റ് പോലെയുള്ള ഡിയറുകളുടെ ശരീരത്ത് വീഴുമ്പോൾ സ്നോഫ്ലെക്ക് ആകൃതി (star like shape) വ്യക്തമായി കാണുവാൻ കഴിഞ്ഞിരുന്നു. തിരികെ ഫാമിലേക്ക് വരുമ്പോൾ നമ്മൾ തന്നെയാണ് റെയിൻ ഡിയറുകളെ നിയന്ത്രിക്കുന്നത്. സ്ലെഡ്ജുകൾ എങ്ങനെ നിർത്താം, വേഗം കൂട്ടാം, കുറയ്ക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഗൈഡ് പറഞ്ഞുതന്നു. നന്നായി പരിശീലിപ്പിച്ച മാനുകളായതിനാൽ ഫാമിലേക്കുള്ള വഴിയിലൂടെ തന്നെ നടക്കും. ചിലപ്പോൾ അവ മഞ്ഞു തിന്നുന്നതിന് വേണ്ടി നിൽക്കുന്നതാണ്. ഒരിക്കലും മനസ്സിൽ നിന്നും മായാത്ത കാഴ്ചകളാണ് ഈ സ്വപ്നയാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങൾ ഒരു മായാലോകത്തായിരുന്നു എന്നുവേണം പറയാൻ. ഫിന്നിഷ് റെയിൻ ഡിയർ വലിച്ചുകൊണ്ട് നീങ്ങുന്ന ആ സ്ലെഡ്ജിലിരുന്ന് മഞ്ഞുമൂടപെട്ട വഴികളിലൂടെ ലാപ്ലാന്ഡ് കാടുകളുടെ മുഴുവൻ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു. തണുത്തുറഞ്ഞ നദികൾ, തടാകങ്ങൾ, മഞ്ഞു കൊണ്ട് മൂടപ്പെട്ട കുന്നുകൾ ഇവയെല്ലാം കണ്ടുനീങ്ങാവുന്ന വഴികളിലൂടെ ഡിയറുകൾ ഞങ്ങളെ കൊണ്ട് പോയി. കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ കണ്ടു ഒരു മണിക്കൂർ സഫാരി കഴിഞ്ഞതെ അറിഞ്ഞില്ല.

തിരിച്ചു ഫാമിലെത്തിയ ഞങ്ങൾ നേരേ പോയത് ഫാമിലെ തന്നെ മരങ്ങൾ കൊണ്ട് നിർമിച്ച കൂടാരത്തിലേക്കാണ്. അവിടെ ഗൈഡ് തണുപ്പിൽ നിന്നും രക്ഷ നേടുന്നതിനുവേണ്ടി തീ കൂട്ടുന്നുണ്ടായിരുന്നു. നമ്മുക്കു വേണ്ടി അദ്ദേഹം ചൂട് ജ്യൂസും കൂടെ കഴിക്കാൻ കുക്കിസും തന്നു. തണുപ്പുകാലത്ത് വനത്തിൽ എങ്ങനെയാണ് തീ കൂട്ടുന്നത്, അതിനുപയോഗിക്കുന്ന മരങ്ങൾ, എങ്ങനെ മരങ്ങൾ കത്തി ഉപയോഗിച്ച് കഷ്ണിക്കാം തുടങ്ങിയ കാര്യങ്ങൾ ഗൈഡ് പറഞ്ഞു തന്നു. ഞങ്ങളുടെ ടൂർ ഗൈഡ് വളരെ നല്ല സഹായി ആയതുകൊണ്ട് റൈഡിനുപരി കൂടുതൽ വിവരങ്ങൾ മനസിലാക്കുവാൻ സാധിച്ചു. പിന്നീട് ഫാമിനുചുറ്റുമുള്ള മനോഹാരിത ക്യാമറയിൽ ഒപ്പിയെടുക്കുവാൻ ഞങ്ങൾ കൂടുതൽ സമയവും പുറത്ത് ചെലവഴിച്ചു. പിന്നീട് Rolle യോടും Jingle നോടും യാത്ര പറഞ്ഞ തിരികെ ഹോട്ടലിലേക്ക് യാത്രയായി. അവരുടെ നിഷ്കളങ്കമായ മുഖവും, കുസൃതിയും, അവർ കാണിച്ചുതന്ന മായകാഴ്ചകളും ഞങ്ങളുടെ മനസിലെ മായാത്ത ഓർമകളാണ്.
കൂടുതൽ ഫോട്ടോസിനായി ഞങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് @miracleorbit സന്ദർശിക്കുക (https://www.instagram.com/miracleorbit/). ഈ മാസ്മരിക യാത്രയുടെ മുഴുവൻ വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ കാണാം (https://www.youtube.com/watch?v=IYTuJNk9Q_o&t=60s).
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog