കക്കാടംപൊയിലിലേക്ക് ഒരു ആനവണ്ടിയാത്ര പോകാം…

നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു തുടങ്ങി കുടിയേറ്റഗ്രാമങ്ങള്‍ കടന്നു നിലമ്പൂര്‍കാടുകളുടെ സൗന്ദര്യത്തില്‍ മതിമയങ്ങി മൂളിപ്പാട്ടുംപാടി പോകുന്ന യാത്ര… ഇടുങ്ങിയ ടാറിട്ട റോഡിലൂടെയുള്ള കയറ്റങ്ങളില്‍ ചിലപ്പോള്‍ മുള്‍മുനയിലാകും. വലിയ ഹെയര്‍പിന്നുകളിലൂടെയുള്ള കയറ്റിറക്കങ്ങളില്‍ ബസില്‍ അള്ളിപ്പിടിച്ചിരുന്നുപോകുന്ന യാത്രയുടെ അനുഭവം ഒന്നുവേറെ തന്നെയാണ്. ജാലകത്തിലൂടെ താഴേക്ക് നോക്കിയാല്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. വെള്ളരിമലയുടെ ഉള്‍ക്കാടുകളിലേക്ക് ഒരു ആകാശക്കാഴ്ച പോലെ പ്രകൃതിസൗന്ദര്യത്തിന്റെ കാന്‍വാസ്.

നാടിന്റെ സൗന്ദര്യം അടുത്തറിയുന്തോറും മലബാറിന്റെ ഊട്ടിയെന്നും കക്കാടംപൊയിലിനെ വിളിക്കുന്നവരും ഏറെയാണ്. തൂവെള്ള മേഘങ്ങള്‍ നിറഞ്ഞ മാനവും കോടമൂടിയ മലനിരകളും പച്ചപ്പില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന നാടും യാത്രികരുടെ മനംകുളിര്‍പ്പിക്കും. ഓഫ് റോഡിംഗിന്റെ ഹരമറിയാനെത്തുന്ന സാഹസികയാത്രികരെയും ഇവിടങ്ങളില്‍ ദിവസവും കണ്ടുമുട്ടാം. അഡ്വഞ്ചര്‍ ടൂറിസവും ടൂറിസംവകുപ്പ് കക്കാടംപൊയിലില്‍ തുടങ്ങിയിട്ടുണ്ട്. ഉരുളന്‍ പാറക്കല്ലുകളും ദുര്‍ഘടമായ വഴികളും കുത്തനെയുള്ള കയറ്റങ്ങളും നീര്‍ച്ചാലുകളും സാഹസികയാത്രികര്‍ക്ക് കക്കാടംപൊയിലിനെ പ്രിയങ്കരമാക്കുന്നു. ജീപ്പില്‍ കക്കാടംപൊയിലിലേക്ക് ഫോര്‍വീല്‍ ഡ്രൈവ് പതിവാക്കിയവരും നിരവധിയാണ്. കാടിനും കൃഷിയിടങ്ങള്‍ക്കുമിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുരിശുപാറയില്‍ നിന്നാല്‍ നിലമ്പൂരിന്റെ വിദൂരദൃശ്യങ്ങള്‍ കാണാം.

പട്ടാളവുമായുള്ള ഏറ്റുമുട്ടലിനിടയില്‍ പഴശിരാജാവ് ഒളിവില്‍ താമസിച്ചിരുന്ന ഗുഹയും ഇവിടെയുണ്ട്. സാഹസികരായ വിനോദസഞ്ചാരികള്‍ പഴശ്ശിരാജാ ഗുഹ കാണാതെ പോകുന്നതും വിരളമാണ്. കോഴിവളര്‍ത്തല്‍ഗ്രാമം കൂടിയായ കക്കാടംപൊയിലും സമീപപ്രദേശമായ വാഴഗ്രാമമായ വാളംതോടും കര്‍ഷകരുടെ വിയര്‍പ്പില്‍ വികസിച്ച നാടുകളാണ്. ടൂറിസത്തിന്റെ സാധ്യതകളാണ് നാടിനെ കാത്തിരിക്കുന്നത്.റിസോര്‍ട്ടുകള്‍ നിരവധിയുള്ള കക്കാടംപൊയിലില്‍ സ്വകാര്യഅമ്യൂസ്‌മെന്റ് പാര്‍ക്കും ഒരുങ്ങുന്നുണ്ട്.

അവധിദിനങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിനോദസഞ്ചാരികള്‍ കക്കാടംപൊയിലില്‍ കൂടുകൂട്ടാന്‍ മറക്കാറില്ല. കോഴിപ്പാറ വെള്ളച്ചാട്ടമാണ് മിക്കവരുടെയും ലക്ഷ്യം.വെള്ളച്ചാട്ടത്തിന്റെ ഇരമ്പലില്‍ മണിക്കൂറുകള്‍ ചെലവഴിക്കാനെത്തുന്നു.പാല്‍വര്‍ണം പോലെ തെളിഞ്ഞൊഴുകുന്ന കോഴിപ്പാറയുടെ ദൃശ്യചാരുത കണ്‍കുളിര്‍ക്കെ കാണാന്‍ നിരവധി പേരെത്തുന്നു. നിബിഡവനങ്ങളും പാറക്കെട്ടുകളും കൊണ്ടു സുന്ദരമായ കക്കാടംപൊയില്‍ ടൂറിസം കേന്ദ്രത്തില്‍ കോഴിപ്പാറ വെള്ളച്ചാട്ടമാണ് പ്രധാന ആകര്‍ഷണകേന്ദ്രം. സമദ്രനിരപ്പില്‍നിന്നും 838 മീറ്റര്‍ ഉയരത്തിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്.

നിലമ്പൂര്‍ വനമേഖലകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം വേനലിലും ജലസമൃദ്ധമാണ്. പന്തീരായിരം വനത്തോട് ചേര്‍ന്ന് ഒഴുകിയെത്തുന്ന കുറുവന്‍പുഴയില്‍ വാളംതോട് തോട്ടപ്പള്ളി റോഡിന് സമീപമാണ് ഈ മനോഹരവെള്ളച്ചാട്ടമുള്ളത്. പാറക്കെട്ടുകളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എത്തുന്ന കുറവന്‍പുഴയിലെ ജലകണങ്ങള്‍ ഇവിടെ 500 ഓളം മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് കുത്തനെ പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. പശ്ചിമമലനിരകളിലെ പ്രകൃതിമനോഹാരിത നിറഞ്ഞ പ്രദേശമാണ് കക്കാടംപൊയില്‍. അതുകൊണ്ടുതന്നെ കോഴിപ്പാറയടങ്ങുന്ന കക്കാടംപൊയില്‍ ടൂറിസം സാധ്യതയും ഏറെയാണ്.

ട്രക്കിംഗിനും വാട്ടര്‍സ്‌പോട്‌സിനും റോപ്‌വേയ്ക്കും സൗകര്യമൊരുക്കാന്‍ ഇവിടെ കഴിയും.വെണ്ടേക്കുംപൊയിലിലെ പ്രകൃതിരമണീയമായ ഉത്രാടംവെള്ളച്ചാട്ടവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.കുറുവന്‍ പുഴയും ഉത്രാടം പുഴയും സംഗമിക്കുന്ന പലകത്തോടാണ് 60 അടിയോളം ഉയരത്തില്‍ നിന്നു താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം.

വെള്ളച്ചാട്ടത്തിനടിയില്‍ നിന്നു കുളിക്കുവാനുള്ള സൗകര്യവും ഇവിടുണ്ട്. നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയില്‍ 11-ാം ബ്ലോക്കിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിനെയും ചാലിയാര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാല, വേനല്‍ക്കാല വ്യത്യാസമില്ലാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഒരു കിലോമീറ്ററിലേറെ ചെങ്കുത്തായ ഇടവഴിയിലൂടെ ഇവിടെയെത്തുന്നത്. പ്രകൃതിസൗന്ദര്യം കൊണ്ടു മനോഹരമായ കക്കാടംപൊയില്‍ പ്രദേശം ടൂറിസം മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Written By Renjith John

Photos : Albin Manjalil , Vimal Mohan

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply