വിവരണം – സുജേഷ് ഹരി. ആദ്യഭാഗം വായിക്കുവാൻ – CLICK HERE.
രണ്ടെണ്ണമടിച്ചിട്ടിരിക്കുമ്പോൾ എന്ത് പ്രശ്നം കേട്ടാലും ആണുങ്ങൾ പറയുന്നൊരു ഡയലോഗുണ്ടല്ലോ “കല്ല് പോലെ നിൽക്കെടാ, കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും” എന്നത്. മറ്റൊന്നും ആലോചിക്കാതെ അതു തന്നെ ഞാനവന്റെ ചെവിയിലൂടെ തലയിൽ ഫിറ്റ് ചെയ്തു . എന്തായാലും അനുവദിച്ച ലീവ് കഴിഞ്ഞേ നീ പോകുന്നുള്ളൂ എന്നും കൂട്ടിച്ചേർത്തു. അസ്വസ്ഥനായിരുന്നെങ്കിലും അവനും അതിനോട് യോജിക്കേണ്ടി വന്നു.
ഇനി ഹൈദരാബാദാണ് ലക്ഷ്യം. നാളെ രാമോജിയിൽ പോകണം. മറ്റൊന്നിനും നാളെ സമയം കിട്ടില്ല. ഓടിയെത്തിയാൽ ചാർമിനാർ കാണാം. വഴിയിലൊരിടത്ത് നിന്ന് ചായയും കുടിച്ച് നേരെ ചാർമിനാറിലേക്ക്. സന്ധ്യയായപ്പോഴാണ് അവിടെയെത്തിയത്. നല്ല തിരക്ക്. വണ്ടി പാർക്ക് ചെയ്യാൻ സ്ഥലമില്ല. അവസാനം റോഡ് സൈഡിലെ ഒരു ചെറിയ ഗ്യാപ്പിൽ വണ്ടി കുത്തിക്കയറ്റിയിട്ട് ചാർമിനാറിനടുത്തേക്ക്. അളിയനൊരു കാവിമുണ്ടാണ് ഉടുത്തിരിക്കുന്നത്. “അളിയാ, മോസ്കാണ്, കാവിമുണ്ടുടുത്താൽ അകത്ത് കയറ്റുമോ. മുണ്ട് മാറണോ?” അളിയന്റെ സന്ദേഹം. “നീ ധൈര്യമായിരിയളിയാ” എന്ന് എന്റെ മറുപടി. കയറ്റിയില്ലെങ്കിൽ നമ്മളെന്ത് ചെയ്യുമെന്ന് അവൻ ചോദിച്ചപ്പോൾ “simple, നീ പുറത്ത് നിൽക്കും, ഞങ്ങളകത്ത് കേറും”എന്ന എന്റെ മറുപടി കേട്ട് അമ്മയും അവളും പൊട്ടിച്ചിരിച്ചു.
മുന്നോട്ട് നടന്നു. പണ്ട് സിഗരറ്റ് കൂടിൽ കണ്ടതാണ് ചാർമിനാർ. തിരക്കേറിയ തെരുവീഥിയിലൂടെ ചാർമിനാറിനടുത്തെത്തി. എന്തോ മെയിൻറനൻസ് നടക്കുകയാണെങ്കിലും അത് നിറങ്ങൾ മാറിമാറിയണിയുന്നു. പ്ലേഗ് നിർമാർജ്ജന സ്മരണാർത്ഥം 1951 ലാണ് ചാർമിനാർ നിർമ്മിച്ചത്. ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചുവത്രേ- “അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ” എന്ന്. അങ്ങനെ തന്നെയാകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മോസ്കിന്റെ മെയിൻ എൻട്രൻസിലേക്ക്. ഓരോരുത്തരായി ചെക്കിംഗിന്.ഏറ്റവും പിറകിലാണ് ഞാൻ. അളിയനെ കയറ്റി വിട്ടു. കാവിമുണ്ട് ശല്യപ്പെടുത്തിയില്ല.
അമ്മയോടും അവളോടും shawl തലയിലിടാൻ പറഞ്ഞു. എന്റെ ഊഴമായപ്പോൾ എന്നെ അടിമുടി നോക്കിയിട്ട് ” മോഡേൺ വസ്ത്രങ്ങൾ പാടില്ല, ഒന്നുകിൽ ഷോർട്ട്സ് മാറി വരിക, അല്ലെങ്കിൽ പുറത്ത് നിൽക്കുക” എന്ന് പറഞ്ഞു. അകത്ത് കയറാൻ പറ്റില്ല എന്ന സങ്കടത്തേക്കാൾ എന്നെ വിഷമിപ്പിച്ചത് അകത്ത് നിന്ന് കേട്ട മൂന്ന് വൃത്തികെട്ട പൊട്ടിച്ചിരികളായിരുന്നു. അമ്മയ്ക്കായിരുന്നു കൂടുതൽ ചിരി. ദശമൂലം രാമുവിന്റെ മുഖഭാവത്തോടു കൂടി ഞാൻ അമ്മയെ അടുത്തേക്ക് വിളിച്ചു. ഷോളും തട്ടിപ്പറിച്ച് ഒറ്റയോട്ടം. മാറി നിന്ന് ഷോർട്സിന്റെ മുകളിൽക്കൂടി ഷോളുമുടുത്ത് ഒന്നുമറിയാത്തവനെപ്പോലെ ചെക്കിംഗിന്. പൂ പോലെ അകത്ത് കയറി. അവിടെ നിന്ന് പോലീസുകാരിയുടെയടുത്ത് ഒരു ഷോളിനായി കേഴുന്ന അമ്മയെ ഞാൻ കണ്ടില്ലെന്ന് നടിച്ചു. അമ്മയും കൂടി വന്നശേഷം മോസ്കിന്റെ മുന്നിലിരുന്ന് ഞങ്ങൾ തലതല്ലി ചിരിച്ചതിന്റെ അർത്ഥം നല്ലൂവിന് മനസ്സിലായില്ല. കുറെ നേരം അവിടെയിരുന്നപ്പോഴേക്കും മനസ്സിന് വല്ലാത്ത ശാന്തി. ഞങ്ങൾ തിരികെയിറങ്ങി.
ഇനി കഴിക്കാനും ഉറങ്ങാനും ഒരിടം തേടണം. വണ്ടിയുമെടുത്ത് മുന്നോട്ട് പോയപ്പോഴേക്കും നല്ല ബ്ലോക്ക്. ഇടതു വശം കട്ട് ചെയ്ത് റോഡിൽ നിന്ന് വെളിയിലിറങ്ങി കുറെ ദൂരം സഞ്ചരിക്കാൻ സാധിച്ചു. കുറെ മുന്നോട്ട് പോയപ്പോൾ ഒരു ഹോട്ടൽ കണ്ട് അവിടെയിറങ്ങി. തന്തൂരി റൊട്ടി, പുലാവ് ഇവ മാത്രമാണ് ശരണം. നല്ലുവിന്റെ മുഖം ചുളുങ്ങി. തന്തൂരി റൊട്ടി, പുലാവ്, ചിക്കൻ, സലാഡ് ഇത്യാദികൾ കഴിച്ചു കൊണ്ടിരുന്നപ്പോൾ തലയിൽ തൊപ്പിയിട്ട മാന്യനായ ഒരു മനുഷ്യൻ വന്നു. Hotel owner ആണ്. യാത്രയെ കുറിച്ചൊക്കെ ചോദിച്ചു. ഇവിടെ അടുത്ത് താമസിക്കാൻ safe ആയ ഒരേ ഒരു സ്ഥലമേയുള്ളൂ എന്ന് പറഞ്ഞ് ഹോട്ടലിന്റെ പേര് പറഞ്ഞു തന്നു. അത് കഴിഞ്ഞ് മുന്നോട്ട് പോകണ്ട എന്നും പറഞ്ഞു. ഞങ്ങൾ നന്ദി പറഞ്ഞിറങ്ങി. അദ്ദേഹം പറഞ്ഞു തന്ന ഹോട്ടലിൽ ചെന്നു.
But fate is against us, ഒരു കല്യാണമായതിനാൽ ഫുൾ റൂം booked ആണ്. നിരാശരായി അൽപം ഭയത്തോടെ വീണ്ടും മുന്നോട്ട്. സമയം ഏകദേശം 9.30 ആകുന്നു. കുറെ ദൂരം ചെന്നപ്പോൾ Rooms എന്ന ബോർഡ് കണ്ട് അവിടെയിറങ്ങി. നാലാം നിലയിലാണ് ലോഡ്ജ്. അവരെ കാറിലിരുത്തിയിട്ട് റൂമുണ്ടോയെന്ന് തിരക്കാൻ ഞാൻ ഇടുങ്ങിയ വഴികളിലൂടെ അകത്തേക്ക്. ഒരു മോശം സ്ഥലമെന്ന് തോന്നി. നിറയെ ആണുങ്ങൾ, വലിയ സൗകര്യമില്ലാത്ത റൂം. പക്ഷെ റിസ്കെടുത്തേ പറ്റൂ. കൂടുതൽ മുന്നോട്ട് പോകരുതെന്ന ദാദയുടെ വാക്കുകൾ ചെവിയിലുണ്ട്. അവിടെത്തന്നെ കൂടാൻ തീരുമാനിച്ചു. ലഗേജുമായി നടന്ന് പോകുമ്പോൾ ചുറ്റുമൊരുപാട് കണ്ണുകൾ ഭ്രമണം ചെയ്തു കൊണ്ടിരുന്നെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന ആത്മവിശ്വാസമെടുത്ത് മുഖത്തണിഞ്ഞ് ഞങ്ങളകത്തേക്ക്. ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു. സ്വല്പം നേരം വെളുത്താണ് എഴുന്നേറ്റത്. ഇനി രാമോജിയാണ് ഞങ്ങളെ സഹിക്കേണ്ടത്. അങ്ങോട്ടുള്ള വഴിയിൽ കഴിക്കാൻ സ്ഥലം തേടി നന്നേയലഞ്ഞു. അവസാനം ഒരു ചെറിയ കടയ്ക്ക് മുന്നിൽ നിർത്തി.
അത്ര വൃത്തിയല്ലാത്ത അന്തരീക്ഷത്തിൽ രണ്ടിഡ്ഡലിയെടുത്ത് വായിലേക്കിട്ട് വെള്ളമൊഴിച്ച് രാമോജിയിലേക്ക്. പാർക്കിംഗിൽ വണ്ടിയിട്ടു. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ഒൻപത് മണിയാകാൻ കാത്ത് നിന്നു. മുതിർന്നവർക്ക് 1150 ഉം 54″ വരെയുള്ള കുട്ടികൾക്ക് 950 മാണ് ടിക്കറ്റ് ചാർജ്. 33 ഇഞ്ചിൽ താഴെയുള്ള കുട്ടികൾക്ക് ഫ്രീയാണ്. VIP ടിക്കറ്റിന് മുതിർന്നവർക്കും കുട്ടികൾക്കും യഥാക്രമം 2249 രൂപയും 2049 രൂപയുമാണ്. A/C ബസ് യാത്ര, Buffet lunch, Souvenir chocolate box ഇവയാണ് VIP ടിക്കറ്റിൽ extra ലഭിക്കുക. ഞങ്ങൾ സാദാ ടിക്കറ്റെടുത്ത് അവരുടെ ബസിൽ കയറി. ഭക്ഷണ സാധനങ്ങൾക്ക് അകത്തേക്ക് പ്രവേശനമില്ല.
വണ്ടി ഫിലിം സിറ്റിയുടെ അകത്തെ എൻട്രൻസിൽ എത്തി നിന്നു. ഇനി Opening ceremony ആണ്. കൊട്ടാരസദൃശ്യമായ മുൻവശത്തെ ഗേറ്റുകൾ താഴേക്ക് തുറന്ന് പരമ്പരാഗത നൃത്തനത്ത്യങ്ങൾ തുടങ്ങി. ശേഷം അകത്തേക്ക് കയറിയപ്പോൾ വീണ്ടും സിനിമാറ്റിക് ഡാൻസുകൾ. എല്ലാം കഴിഞ്ഞ് വെയിറ്റിംഗ് ഷെഡിൽ വിശ്രമിച്ചപ്പോഴേക്കും ഫിലിം സിറ്റിയുടെ തനിമ വിളിച്ചോതുന്ന വിഖ്യാതമായ ചുവന്ന ബസുകൾ എത്തി. അകത്ത് കയറി ഇരുന്നപ്പോഴേക്കും സരസനായ ഒരു ഗൈഡ് മൈക്കുമായി വന്ന് സംസാരിച്ചു തുടങ്ങി. പ്രശസ്ത സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങൾ, വീടുകൾ, ഷൂട്ടിംഗിനായി പണിതീർത്ത താജ്മഹൽ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം ഇത്യാദികളൊക്കെ കണ്ട് മുന്നോട്ട്. എല്ലാം വിചാരിച്ചതിലും തീരെ ചെറുത്. കുറെ സ്ഥലങ്ങൾ ബസിൽ കണ്ട ശേഷം നടന്നു പോയി കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ നമ്മളെ ഇറക്കും. അടുത്ത ബസ് വരുന്ന സ്ഥലത്തേക്കുള്ള ചൂണ്ടുപലക അവിടെയുണ്ടാകും.
ബാഹുബലി സെറ്റ്, പക്ഷി സങ്കേതം, മ്യൂസിയം, കേവ്, സർക്കസ് പ്രോഗ്രാമുകൾ അങ്ങനെ പലതും കണ്ട് തീർത്തപ്പോഴേക്കും വൈകുന്നേരമായി. കുഞ്ഞുങ്ങൾ തീർത്തും കുഴഞ്ഞു. തിരിച്ച് പാർക്കിംഗിൽ വരാനുള്ള ബസിൽ കയറി. സത്യം സത്യമായി പറഞ്ഞാൽ പകുതിയായപ്പോഴേ എനിക്ക് മടത്തിരുന്നു. Expectations കൂടിയത് കൊണ്ടാകാം എനിക്ക് വലിയ സംഭവമായൊന്നും തോന്നിയില്ല.
പാർക്കിംഗിൽ വന്ന് വണ്ടിയുമെടുത്ത് സ്നോ വേൾഡിലേക്ക്. നല്ലുവിന് ഒരു സന്തോഷമാകട്ടെ എന്ന് വിചാരിച്ചു. വഴിയിലൊരു ധാബയിൽ നിന്ന് റൈസ് വാങ്ങി പതിവുപോലെ കഴിച്ചു. ഓരോ ദിവസം കഴിയുന്തോറും കൊണ്ടുപോയ കറികൾക്ക് രുചി കൂടിക്കൂടി വരികയാണ്. പ്രത്യേകിച്ചും മീനച്ചാറിന്. സ്നോ വേൾഡിലെത്തി. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 250 രൂപയുമാണ് entry fee. സയ്യുവിനെ തണുപ്പിൽ കയറ്റണ്ട എന്ന് കരുതി അമ്മയും ഭാര്യയും കുഞ്ഞും കാറിലിരുന്നു. ടിക്കറ്റെടുത്ത് അവിടെ നിന്ന് കിട്ടിയ ജാക്കറ്റ്, പാൻറ്, ഷൂ, സോക്സ്, ഗ്ലൗസ് മുതലായവയിൽ കയറി അകത്തേക്ക്.
വലിയ പ്രതീക്ഷയായിരുന്നു അകത്ത് കയറുന്നതു വരെ. അകത്ത് കയറിയപ്പോൾ അതവസാനിച്ചു. ഒരു ചെറിയ ഓഡിറ്റോറിയത്തിന്റെ വലിപ്പമുള്ള ഒരു മുറി. അതിന്റെ തറ നിറയെ മഞ്ഞു കട്ടകൾ. അതിൽ ഒരു ഇഗ്ലു, ഒരു ചെറിയ ടവർ, പാർക്കിലേത് പോലെ കമഴ്ന്നു കിടന്ന് നിരങ്ങി താഴെയെത്താനുള്ള ഒരു slider, മഞ്ഞ് spray ചെയ്യുന്ന ഒരു സംവിധാനം, ഒന്ന് രണ്ട് ചെറിയ roundabouts, ലേശം music. ഇത്രയുമാണ് snow world. എനിക്ക് നിരാശയായിരുന്നെങ്കിലും നല്ലുവിന് ‘ക്ഷ’ ബോധിച്ചു. അവിടെ നിന്നിറങ്ങാൻ അവൾക്ക് മനസ്സേ ഉണ്ടായിരുന്നില്ല. ഒരു വിധത്തിൽ പിടിച്ചിറക്കി യാത്ര തുടർന്നു.
എന്തെങ്കിലും കഴിക്കണം. കൈയിലിരിക്കുന്ന ബ്രഡും ജാമുമെടുത്ത് ഒരു പ്രയോഗം നടത്തിയാലോ എന്നൊരാശയം ഭാര്യ മുന്നോട്ട് വച്ചു. അത് പിന്നോട്ടെടുക്കാൻ മറ്റുള്ളവർ അനുവദിച്ചതുമില്ല. ഓരോ ഓംലറ്റും കൂടിയാകാം എന്ന് കരുതി വഴിയിലുള്ള തട്ട് കടയിൽ വണ്ടി നിർത്തി. നാഗ്പുർ ഏരിയയാണ്. ഇറങ്ങിയപ്പോൾ എനിക്കും അമ്മയ്ക്കും ഒരു ചായ മോഹം. ഓരോ ചായ പറഞ്ഞു. നമ്മുടെ ഉലയുടെ മാതൃകയിലുള്ള അടുപ്പിലാണ് ചായ തിളപ്പിക്കുന്നത്. ഒരു കൈ കൊണ്ട് റബ്ബർ ഷീറ്റടിക്കുന്നത് പോലെ കറക്കിയാണ് തീ അടുപ്പിൽ നിലനിർത്തുന്നത്. ഒരു കയ്യിൽ ചായയിളക്കാൻ തവിയും ഒരു കയ്യിൽ ഉലയും ചുണ്ടിൽ ഉലയാത്ത ചിരിയുമായി അയാൾ ചായ തിളപ്പിച്ചു കൊണ്ടിരുന്നു. ഭാര്യ ജാം ബ്രഡിൽ തേച്ച് തുടങ്ങി. ( തേച്ച് നല്ല practice ഉണ്ടെന്ന് തോന്നി😋).
ടേസ്റ്റ് നോക്കിയിട്ടാവാം കൂടുതൽ ഓർഡർ ചെയ്യുന്നതെന്ന് കരുതി ഞാൻ ഒരു സിംഗിൾ ഓംലറ്റ് പറഞ്ഞു. ഓംലറ്റ് കഴിച്ചപ്പോൾ മനസ്സിൽ പിടിക്കാത്ത മസാലയും അവൾക്കും അമ്മയ്ക്കും പിടിക്കാത്ത മല്ലിയിലയും. ഇനിയുള്ള ഓംലറ്റിൽ അതൊക്കെ ഒഴിവാക്കാൻ ഞാൻ അറിയാവുന്ന ഭാഷയിൽ പറഞ്ഞെങ്കിലും അവർക്കത് മനസ്സിലായില്ല. ഇതിനോടകം കടയിലുള്ളവർ നല്ലവരാണെന്ന് മനസ്സിലാക്കിയ ഞാൻ ഭാര്യയുമായി അകത്ത് കയറി. സ്നേഹപൂർവ്വം കുക്കിനെ പിടിച്ച് മാറ്റി ആ ജോലി ഭാര്യയെ ഏൽപ്പിച്ചു. അവളിലെ തട്ടുകടക്കാരി സടകുടഞ്ഞെഴുന്നേറ്റു. ഞങ്ങൾ ചായയും കുടിച്ച് ആ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. ശേഷം എല്ലാം കഴിച്ച് തീർത്ത് സ്നേഹ മനസ്സുകളായ കടക്കാർക്ക് നന്ദി പറഞ്ഞിറങ്ങി.
വാഹനം മുന്നോട്ട്. അപ്പോഴെനിക്കൊരു ഫോൺ കോൾ. “സാർ എവിടെയെത്തി, ഞാൻ CMA യ്ക്ക് പഠിച്ചിരുന്ന ജിത്തുവാണ്”. ഞാൻ സ്ഥലം പറഞ്ഞപ്പോൾ അവൻ നാഗ്പൂർ ടൗണിലുണ്ട് കണ്ടിട്ടേ പോകാവേ എന്ന് പറഞ്ഞു. നാഗ്പൂർ ടൗണിലെത്തിയപ്പോൾ വഴിയരികിൽ അവൻ കാത്ത് നിന്നു. CA Institute ൽ ജോലി ചെയ്യുന്ന സമയത്ത് എന്റെ പ്രിയപ്പെട്ട കുട്ടികളിൽ ഒരാളായിരുന്നു അവൻ. അവനെക്കണ്ട് സ്നേഹസംഭാഷണങ്ങൾക്ക് ശേഷം ഞാൻ അവസ്ഥ അവതരിപ്പിച്ചു.
നാളെ മധ്യപ്രദേശിലെത്തേണ്ടതിനാൽ ഇന്ന് കിടക്കുന്നതിന് മുമ്പ് maximum drive ചെയ്യണമെന്ന് പറഞ്ഞു. യാത്ര പറഞ്ഞ് മുന്നോട്ട്. സമയം പത്ത് മണിയാകുന്നു. ഇനി ഒരു ഹോട്ടൽ കണ്ടെത്തണം. ഗൂഗിൾ മാപ്പിന് അടുത്തെങ്ങും ഒരു റൂം കണ്ടെത്താനായില്ല. വണ്ടി കുതിച്ച് പാഞ്ഞു. ഹോട്ടൽ പോയിട്ട് ഒരു മനുഷ്യനെ പോലും കാണുന്നില്ല. ചെറിയ ഭയം അരിച്ചരിച്ച് കയറിത്തുടങ്ങിയെങ്കിലും പുറത്ത് കാണിച്ചില്ല. വെളിച്ചം തേടി ഞങ്ങൾ പാഞ്ഞു. പതിനൊന്ന് മണിയായപ്പോഴേക്കും ദൂരെ ഒരു വെട്ടം കണ്ടു. ഹോട്ടലാവണം. മനസ്സിലൊരു പ്രതീക്ഷ, ഒരു സന്തോഷം. പക്ഷെ പെട്ടെന്ന് അത് അസ്തമിച്ചു. കണ്ടത് ഒരു പെട്രോൾ പമ്പാണ്. ആകെ നിരാശ. വണ്ടി അകത്തേക്ക് കയറ്റി അകത്ത് കണ്ടയാളോട് റൂമിനെ പറ്റി സംസാരിച്ചു. ഇനി അടുത്തെങ്ങും ഒരു റൂം കിട്ടില്ലെന്ന അയാളുടെ വാക്കുകൾ ഇടിത്തീ പോലെയാണ് എന്റെ നെഞ്ചിൽ പതിഞ്ഞത്.
വിജനമായ ഈ സ്ഥലത്ത്, ഈ പാതിരാത്രിയിൽ കുടുംബത്തേയും കൊണ്ട് ഞാനെന്ത് ചെയ്യും? (തുടരും…)