ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള ഗതാഗത വകുപ്പ്. ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിമാർ ആരൊക്കെയായിരുന്നു എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
ടി.വി.തോമസ് (1957-1959) : കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസ്. കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാകുവാനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു.
കെ.ടി അച്യുതൻ (1960-1964) : കേരളത്തിലെ ഒരു കോൺഗ്രസ് നേതാവായിരുന്നു കെ.ടി. അച്യുതൻ. പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രമുഖവ്യക്തിയാണ്.
ഇ.കെ. ഇമ്പിച്ചിബാവ (1967-1969) : കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു ഇ.കെ. ഇമ്പിച്ചി ബാവ. 1967-ൽ ഇ.എം.എസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ടിച്ചു. പൊന്നാനിയുടെ വികസന രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇ.കെ. ഇമ്പിച്ചി ബാവ പ്രധാനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
കെ.എം.ജോർജ്ജ് (1969-1970) : കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. 1969-1970 കാലഘട്ടത്തിൽ കേരളത്തിന്റെ ഗതാഗതമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പി.എസ്.ശ്രീനിവാസൻ (1970-1971) : പി.എസ്. ശ്രീനിവാസൻ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം കേരള നിയമസഭയിലേക്ക് 1960-ൽ തിരഞ്ഞടുക്കപ്പെട്ടു. മൂന്നാം കേരള നിയമസഭയിലേക്കും നാലാം കേരള നിയമസഭയിലേക്കും വൈക്കത്തു നിന്ന് ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1970-1971 കാലഘട്ടത്തിൽ കേരളത്തിന്റെ ഗതാഗതമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എം.എൻ.ഗോവിന്ദൻ നായർ (1971-1975) : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു എം എൻ എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന എം എൻ ഗോവിന്ദൻ നായർ. 1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971-ൽ ചടയമംഗലത്തുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്റ്റോബർ 4 മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
ആർ.ബാലകൃഷ്ണപിള്ള (1975-1976) : കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഗതാഗതമന്ത്രിയായിരുന്നു ആർ.ബാലകൃഷ്ണപിള്ള. കെഎസ്ആർടിസി എന്നു കേൾക്കുമ്പോൾ പഴയ ആളുകൾക്ക് ഇന്നും ഓർമ്മ വരുന്നത് ബാലകൃഷ്ണപിള്ളയെയാണ്. ഏറ്റവും കൂടുതൽ തവണ ഗതാഗതമന്ത്രി സ്ഥാനം ഏറ്റെടുത്ത മന്ത്രിയും ഇദ്ദേഹം ആയിരിക്കും.
കെ.എം.ജോർജ്ജ് 1976, കെ.നാരായണക്കുറുപ്പ് 1977-1979, സി.എച്ച്.മുഹമ്മദ് കോയ(മുഖ്യമന്ത്രി) 1979, ലോനപ്പൻ നമ്പാടൻ 1980-1981, കെ.കരുണാകരൻ 1981-1982, കെ.കെ.ബാലകൃഷ്ണൻ 1982-1983, എൻ.സുന്ദരൻ നാടാർ 1983-1987, കെ.ശങ്കരനാരായണപിള്ള 1987-1991, ആർ.ബാലകൃഷ്ണപിള്ള 1991-1996, പി.ആർ.കുറുപ്പ് 1996-1999, നീലലോഹിതദാസൻ നാടാർ 1999-2000, സി.കെ.നാണു 2000-2001, കെ.ബി.ഗണേഷ്കുമാർ 2001-2003, ആർ.ബാലകൃഷ്ണപിള്ള 2003-2004, എൻ.ശക്തൻ 2004-2006, മാത്യു.ടി.തോമസ് 2006-2009, വി.എസ്. അച്യുതാനന്ദൻ (മുഖ്യമന്ത്രി) 2009, ജോസ് തെറ്റയിൽ 2009-2011, വി.എസ്.ശിവകുമാർ 2011-2012, ആര്യാടൻ മുഹമ്മദ് 2012-2013, തിരുവഞ്ചൂർ രാധാകൃഷ്ണൻ 2014-2016, എ.കെ.ശശീന്ദ്രൻ 2016-2017, പിണറായി വിജയൻ (മുഖ്യമന്ത്രി) 2017, തോമസ് ചാണ്ടി 2017, എ.കെ.ശശീന്ദ്രൻ 2018-.