വിവരണം: Afsal Kokkur.
കുടുംബവും കുട്ടികളുമായി ഒരു ദിവസം ഏതെങ്കിലും ഒരു നല്ല റിസോട്ടില്‍ ചിലവഴിക്കാന്‍ ഒരു ആഗ്രഹം … എന്നാല്‍ അധികം ദൂരം പോകാനും താല്പര്യമില്ല .. അങ്ങിനെ നോക്കുമ്പോള്‍ ആണ് പാലക്കാട് –കോയമ്പത്തൂര്‍ ഭാഗത്തുള്ള SR Jungle Resort ഗൂഗിളില്‍ നിന്നും തപ്പി കിട്ടിയത് … യുടൂബില്‍ സുജിത് ഭക്തന്റെ വ്ലോഗും കണ്ടു.. ഉടനെ വിളിച്ചു , അവിടെ പോകാന്‍ ഉദ്ദേശിച്ച തിയ്യതിയില്‍ റൂം ഒഴിവില്ല … അപ്പോഴാണ് ഉപ്പ പറഞ്ഞത് നമുക്ക് നെല്ലിയാമ്പതി പോകാം എന്ന് …. നെല്ലിയാമ്പതി എന്തെല്ലാം കാണാം? resort എന്നിവയെ കുറിച്ച് ഒരു ധാരണയും ഇല്ല .. എന്തായാലും അങ്ങോട്ട് തന്നെ എന്ന് ഉറപ്പിച്ചു …
കുറഞ്ഞത് ഒരു ദിവസം കറങ്ങി വൈകീട്ട് തിരിച്ചു വരാം എന്നും പ്ലാന്‍ ചെയ്തു .നമ്മുടെ ഈ ഗ്രൂപ്പില്‍ സ്റ്റേ ചെയ്യാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു … നമ്മുടെ സ്വന്തം കബീര്‍ രണ്ടു സ്ഥലം നിർദ്ദേശിച്ചു… ഗൂഗിളില്‍ ഒന്ന് തപ്പി നോക്കി .. അപ്പോഴാണ് ഗൂഗിള്‍ മാപ്പില്‍ കാടിന് നടുവില്‍ ഒറ്റപെട്ടു ഒരു റിസോർട്ട് കാണുന്നത് … Misty Valley Resort … അവരുടെ വെബ്സൈറ്റില്‍ നിന്നും കിട്ടിയ നമ്പര്‍ എടുത്തു വിളിച്ചു … നിർഭാഗ്യം അവിടെ നിന്നും ഭാഗ്യങ്ങളും കുറെ കിടു അനുഭവങ്ങളും ആയി മാറാന്‍ തുടങ്ങുകയായിരുന്നു ….
വിളിച്ചു , അവിടെ ഒഴിവുണ്ട് .. . അവിടെ പാക്കേജ് ടൂര്‍ ഉണ്ട് , കൂടാതെ സ്റ്റേ മാത്രമുണ്ട്.. റൂം മാത്രം ബുക്ക് ചെയ്തു നമുക്ക് ഇഷ്ടമുള്ള അക്ടിവിറ്റിസ് തിരഞ്ഞെടുക്കാം. ഞാന്‍ പാക്കേജ് തന്നെ എടുത്തു … ഞങ്ങള്‍ മൂന്നു ഫാമിലിയാണ് ഉണ്ടായിരുന്നത് … 6 മുതിർന്നവരും, 3, 4, 8 വയസുള്ള മൂന്നു കുട്ടികളും … അതുകൊണ്ട് തന്നെ മൂന്നു റൂം വേണമെന്ന് പറഞ്ഞു. അധികം കോസ്റ്റ് ആവരുതെന്നും പറഞ്ഞു .. അങ്ങിനെ അവര്‍ പാക്കേജ് പ്ലാന്‍ ചെയ്തു … മുതിർന്ന ഒരാൾക്കു 2250 രൂപയും 5 വയസ്സിനു മുകളിലുള്ള കുട്ടിക്ക് 1125 രൂപയും .. പാക്കേജില്‍ പറഞ്ഞ കാര്യങ്ങള്‍ താഴെ : Reporting time: 5PM 1. Evening tea with Snacks 2. Barbeque 3. Dinner unlimited 4. Night Jungle Safari 5. Camp Fire 6. Bed Coffee 7. Day Jungle Safari and Trucking 8. Break Fast unlimited 9. Lunch unlimited.
പാക്കേജ് ഓക്കേ പറഞ്ഞു … പിന്നീട് അവരുടെ നിർദേശങ്ങള്‍ പറഞ്ഞു … റിസോട്ടിലേക്ക് എത്താന്‍ 14 Km ഓഫ് റോഡ് യാത്ര വേണം … സ്വന്തം വാഹനം പോകില്ല … താഴെ ക്യാമ്പില്‍ പാർക്ക് ചെയ്യണം (100 Rs parking fee).. തുടർന്ന് അവര്‍ ജീപ്പ് അറേഞ്ച് ചെയ്തു തരും (1500 രൂപ , 5 പേർക്ക് , കൂടുതല്‍ ഉള്ള ഒരാൾക്ക് 100 രൂപ അധികം ഈടാക്കും . ഞങ്ങള്‍ പാക്കേജു എടുത്ത കാരണം ഒരാൾക്ക് 200 രൂപ വെച്ച് കൊടുത്താല്‍ മതി എന്ന് പറഞ്ഞു ..അതായത് 6 മുതിർന്ന ആൾക്ക് മൊത്തം 1200 രൂപ … ജീപ്പിനു അധികം കൊടുക്കേണ്ട തുകയായ 400 രൂപ ബിൽ pay ചെയ്യുമ്പോള്‍ കുറച്ചു തരും. ജീപ്പില്‍ കയറി 4 PM മണിക്ക് മുൻപ് ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ റിപ്പോട്ടു ചയ്തു പാസ്(ജീപ്പിനും ആളുകൾക്കും കൂടി 600 രൂപയുടെ അടുത്തായി ) എടുത്തു കടക്കണം … എല്ലാം ഓക്കെ ….
ഞങ്ങള്‍ രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പുറപ്പെട്ടു .. ചങ്ങരംകുളം –അക്കികാവ് –പന്നിത്തടം –ഓട്ടുപാറ –നെന്മാറ –നെല്ലിയമ്പതി : 120km. വഴികഴ്ചകള് ഒക്കെ കണ്ടു ചുരം കയറി ( പ്രളയത്തിന്റെ മാരക പ്രഹരം ചുരത്തില്‍ പലയിടത്തും കാണാം ) നെല്ലിയാമ്പതിയില്‍ എത്തി . അവര്‍ നിർദേിശിച്ച പ്രകാരം ജീപ്പ് ഡ്രൈവര്‍ വന്നു. ഞങളുടെ വണ്ടി പാര്‍ക്ക് ചെയ്തു … ബാഗും കാര്യങ്ങളും എല്ലാം എടുത്തു ജീപ്പില്‍ വെച്ച് , എല്ലാവരും കയറി യാത്ര തുടങ്ങി .. അല്പം ദൂരം പോയപ്പോള്‍ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് എത്തി… പാസ് എടുത്തു …. ഇനിയങ്ങോട്ട് പക്കാ കട്ട ഓഫ് റോഡ് യാത്രയാണ് …. 14 Km യാത്ര ചെയ്യാന്‍ 1.15 മണിക്കൂര്‍ എടുത്തു ..
പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു adventure journey … പോകുന്ന വഴിക്ക് വ്യൂ പൊയന്റ്സ് ഉണ്ട് … റോഡില്‍ ആനപിണ്ടം ധാരാളം കണ്ടു … എന്തിനെയെങ്കിലും ഒന്ന് കണ്ടാല്‍ എന്ന് കൊതിച്ചു ക്യാമറയും ഓണ്‍ ആക്കി കുറെ നേരം പോയി … ഒന്നുമില്ല ..ക്യാമറ ഓഫ് ചെയ്തു ..എന്തിനു വെറുതെ ബാറ്ററിയും memory കളയണം. പക്ഷെ ഒന്നിനെയും കണ്ടില്ലെങ്കിലും ജീപ്പ് യാത്രയും വഴിക്കാഴ്ച്ചകളും സൂപ്പര്‍ ആണ്.
അങ്ങിനെ ഒരു വളവു കഴിഞ്ഞു മുന്നോട്ടു നോക്കിയപ്പോള്‍ അതാ കുറച്ചു ദൂരെ ജീപിനെ എതിരെ നടന്നു വരുന്നു. ആനയെ പ്രതീക്ഷിച്ച ഞങളുടെ മുന്നില്‍ വന്നു പെട്ടത് , ഒരു ഒന്നാംതരം പുള്ളിപ്പുലി … ഹോ …ജീവിതത്തില്‍ കുറെ കാനന യാത്ര പോയിട്ടുണ്ടെങ്കിലും ആന , കാട്ട്പോത്ത് , മാന്‍ എന്നിവയെ അല്ലാതെ വേറെ ഒന്നിനെയും കണ്ടിട്ടില്ല. പുള്ളിപുലിയെ കണ്ടതും ആകെ സ്തംഭിച്ചു പോയി. മുന്നില്‍ ഇരുന്ന ഞാനും അളിയനും ഡ്രൈവറും വ്യക്തമായി തന്നെ കണ്ടു. പക്ഷെ പുള്ളിക്കാരന് ക്യാമറക്ക് അവസരം തരാതെ താഴേക്ക് ഇറങ്ങിപോയി. ഫോട്ടോക്ക് താല്പര്യമില്ലാത്ത ഒരു ജാതി പുള്ളിപ്പുലി … എന്നാലും യാത്ര അവിടെ പകുതി ലക്ഷ്യം പൂർത്തീകരിച്ച ഒരു ഫീല്‍ …
പിന്നെയും മുന്നോട്ടു …ദാ നിൽക്കുന്നു ഒരു യമണ്ടന്‍ കാട്ടുപോത്ത്… മൂപ്പര്‍ക്ക് ഫോട്ടോ ഒക്കെ ഇഷ്ടമാണെന്ന് തോന്നു … നമ്മളെയൊന്നും മൈൻഡ് ചെയ്യാതെ തെല്ലും കൂസല്‍ ഇല്ലാതെ പുല്ലു തിന്നുന്നു ..അല്ലെങ്കില്‍ തന്നെ അവരുടെ സാമ്രാജ്യത്തില്‍ നമ്മുക്ക് എന്ത് റോള്‍ …ഇടയ്ക്കു ഒന്ന് തല പൊക്കി നോക്കി ..ഏതാ ഈ ജീപ്പിലെ അലവലാതികള്‍ എന്നൊരു ഭാവം … അങ്ങിനെ ഒരു ഒന്നൊന്നര യാത്ര കഴിഞ്ഞു റിസോർട്ടിൽ എത്തി..റീസെപ്ഷനിൽ റിപ്പോർട് ചെയ്തു. ഞങ്ങൾക്കു അറേഞ്ച് ചെയ്തത് വൈറ്റ് ഹൗസ് കോട്ടെജു ആണ്. പുതിയതായി പണി കഴിപ്പിച്ചത്. നല്ല വൃത്തിയും വെടിപ്പുമുണ്ട്. അവിടെ പല തരം റൂമുകളുണ്ട്. രണ്ടു ബ്രിട്ടീഷ് ബംഗ്ലാവുണ്ട്. സാദാ കൊട്ടെജുണ്ട്. ഡോർമിറ്ററി ഉണ്ട് …. 2000 രൂപ തൊട്ടു 4000 രൂപ വരെ ചാർജ് ഈടാക്കുന്ന സ്റ്റേ ഫെസിലിറ്റി……
ഞങ്ങള്‍ എത്തി ഒന്ന് ഫ്രഷ് ആയി. ചായ കുടിച്ചു. ഞങ്ങൾക്കു അല്ലോട്ട് ചെയ്ത ഗൈഡ് ഞങ്ങളെയും കാത്തു നില്പ്പു ണ്ടായിരുന്നു. കുറച്ചു നേരം ഞങള്‍ കോട്ടെജിനു ചുറ്റുമുള്ള കാടൊക്കെ ഒന്ന് കറങ്ങി … നല്ല തണുപ്പും കാറ്റും ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ റൂമിലേക്ക് തിരിച്ചു. അവിടെ ഗൈഡ് ബാര്‍ബിക്യു തയ്യാറാക്കാനുള്ള സെറ്റപ്പ് അറേഞ്ച് ചെയ്തു. നല്ല ഒന്നാംതരം ചിക്കന്‍ ബാര്‍ബിക്യു റെഡി ആയി. എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. അത് കഴിഞ്ഞു , ഒരു 8.30 ആയപ്പോള്‍ നൈറ്റ് jungle സഫാരിക്കുള്ള ജീപ്പ് വന്നു … വീണ്ടും ഓഫ് റോഡ് സഫാരി …
ഡ്രൈവര്‍ ഒരു കയ്യില്‍ കയ്യില്‍ നല്ല വെളിച്ചമുള്ള ലൈറ്റും , ഒരു കൈകൊണ്ട് വണ്ടിയുടെ നിയന്ത്രണവും ആയി കാട്ടിലേക്ക് …. മരം കോച്ചുന്ന തണുപ്പ്…. വണ്ടിയില്‍ കട്ടികള്‍ അടക്കം എല്ലാവരും ഉണ്ടായിരുന്നു.. കുറച്ചു പോയപ്പോള്‍ അതാ ഒരു കൂട്ടം കാട്ടുപോത്തുകള്‍ വിശ്രമം കൊള്ളുന്നു. ഡ്രൈവര്‍ വെളിച്ചം അങ്ങോട്ട് അടിച്ചു. കുട്ടികളും മുതിര്‍ന്നവരുമായി പത്തിരുപത്തു കാടുപോത്ത്. സഫാരി പിന്നെയും മുന്നോട്ടു .. പിന്നെയും കണ്ടു കാട്ടുപോത്തുകളെ. അങിനെ പോകുന്ന വഴിക്ക് മറ്റു കോട്ടേജുകള്‍ കണ്ടു… വലിയ ഒരു ബംഗ്ലാവ് കിടിലന്‍ തന്നെയാണ് .. പറ്റുമെങ്കില്‍ അടുത്ത പ്രാവിശ്യം അവടെ സ്റ്റേ ചെയ്യണമെന്നു മനസ്സില്‍ കരുതി ….
സഫാരി കഴിഞ്ഞു തിരിച്ചെത്തി … ഡിന്നര്‍ റെഡി … ചപ്പാത്തി, പൊറോട്ട , ചിക്കന്‍ കറി , ചിക്കന്‍ ഫ്രൈ , വെജിടബില്‍ കുറുമ… ചിക്കന്‍ ബാര്‍ബിക്യു കഴിച്ച കാരണം അധികം വിശപ്പ് ഇല്ലായിരുന്നു. പാക്കേജ് അല്ലാതെ വരുന്നവര്‍ കുറച്ചു റൊട്ടിയോ മറ്റോ കൊണ്ട് വരികയാണെങ്കില്‍ ബാര്‍ബിക്യുവിനൊപ്പം റൊട്ടി കഴിക്കാം. പിന്നെ ഡിന്നര്‍ ഒഴിവാക്കാം. ഡിന്നര്‍ കഴിച്ചു വന്നു. പിന്നെ ക്യാമ്പ് ഫയര്‍ …അതും പൊളിച്ചു … തണുപ്പു കൂടി …കാറ്റു ശക്തമായി … എല്ലാവരും റൂമിലേക്ക് ….
രാവിലെ 7 മണിക്ക് ഡേ സഫാരിക്ക് പോകണം … എല്ലവരും നേരത്തെ എണീറ്റ് .. കുളിക്കാന്‍ ചൂടുവെള്ളം ഗൈഡ് റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു .. എല്ലാവരും ഫ്രഷ് ആയി … ബെഡ് കോഫീ കുടിച്ചു …ഡേ സഫാരിക്കുള്ള വണ്ടി വന്നു … ഓപ്പണ്‍ ജീപ്പ് … ഗൈഡ് കൂടെ വന്നു … കാരണം ഈ ജീപ്പില്‍ നമ്മളെ ട്രുക്കിംഗ് സ്റ്റാർട്ടിങ് പോയിന്റില്‍ ഇറക്കി വിടും … പിന്നെ അങ്ങോട്ട് മല കയറ്റമാണ് … അധികം റിസ്ക് ഇല്ല .. പക്ഷെ കുട്ടികള്‍ക്കും കൂടെ വന്ന സ്ത്രീ ജനങ്ങൾക്കും അതൊരു നവ്യാനുഭവമായി മാറി… മലയുടെ മുകളില്‍ എത്തി… നല്ല ഒന്നാംതരം സീന്‍ …കൂടെ പറന്നു പോകുമോ എന്ന് തോന്നിപ്പിക്കുന്ന കാറ്റും.
കുറച്ചു നേരം അവിടെ ചിലവഴിച്ചു മലയിറങ്ങി …താഴെ ജീപ്പ് കാത്തു കിടപ്പുണ്ടായിരുന്നു … എല്ലാവരും കയറി … വീണ്ടും കാട്ടിലൂടെ … അടുത്തത് പ്രഭാത ഭക്ഷണം …. പുട്ട് ,ഭൂരി ,ഇഷ്ടു ,കടലക്കറി .. രാവിലെ തന്നെ മല കയറിയ അധ്വാനം എല്ലാവർക്കും നല്ല വിശപ്പ് സമ്മാനിച്ചിരുന്നു … എല്ലാവരും നന്നായി കഴിച്ചു … ഞങ്ങടെ പാക്കേജില്‍ ലഞ്ച് ഉണ്ടായിരുന്നു … പക്ഷെ , നെല്ലിയാമ്പതിയിലെ മറ്റു കുറച്ചു സ്ഥലങ്ങള്‍ കാണണം എന്നുള്ളതുകൊണ്ടും വല്ലാതെ രാത്രി ആകുന്നതിനു മുന്‍പ് വീട്ടില്‍ എത്താന്‍ വേണ്ടി ലഞ്ച് ക്യാൻസൽ ചെയ്തു .. അത് അവരോടു തലേന്ന് തന്നെ പറഞ്ഞിരുന്നു ..എന്നാലേ റിട്ടേണ്‍ പോകാനുള്ള ജീപ്പ് താഴെനിന്നു നമ്മുടെ സമയത്തിന് എത്തൂ … 10.30 ആയപ്പോള്‍ ജീപ്പ് വന്നു … വീണ്ടും 14 km ഇട്ടുകുലുക്കി യാത്ര ..
റിസോട്ടിനു തൊട്ടടുത്തുള്ള അവരുടെ ഓറഞ്ച് തോട്ടം വഴി വണ്ടി വിടാന്‍ പറഞ്ഞു. ജീപ്പ് ഡ്രൈവർക്ക് 100 രൂപ അധികം കൊടുത്തു … കുറച്ചു വളഞ്ഞു തിരഞ്ഞു പോകണം. ഓറഞ്ച് തോട്ടം എത്തി… കയ്യോടെ കുറച്ചു ഓറഞ്ച് പൊട്ടിച്ചു കഴിച്ചു. അവിടെ കുറച്ചു നേരം ചിലവഴിച്ചു. വീണ്ടും യാത്ര തുടങ്ങി. ജീപ്പ് താഴെ ഞങളുടെ വണ്ടി പാർക്ക് ചെയ്ത സ്ഥലം എത്തി. പിന്നീടു അവിടെ നിന്ന് സീതാർക്കുണ്ട് പോയി. വരുന്ന വഴിക്ക് റോഡ് സൈഡില്‍ സാരിയും ഷീറ്റും കെട്ടി ഉണ്ടാക്കിയ നാടന്‍ ഹോട്ടലില്‍ നിന്നും ലഞ്ച് കഴിച്ചു …നല്ല രുചിയുള്ള ഭക്ഷണം … അത് കഴിഞ്ഞു ചുരം ഇറങ്ങി പോത്തുണ്ടി ഡാം സന്ദര്‍ശിച്ചു … നല്ല രീതിയില്‍ പരിപാലിക്കുന്ന garden … നല്ല വൃത്തിയും വെടിപ്പും ഉണ്ടായിരുന്നു …
വൈകീട്ട് 5.30 ആയപ്പോള്‍ തരിച്ചു വീട്ടിലേക്കു യാത്ര തുടങ്ങി … 9 മണിക്ക് വീട്ടില്‍ എത്തി … എല്ലാവരും വളരെ ഹാപ്പി ആയിരുന്നു …മറക്കാന്‍ കഴിയാത്ത അനുഭൂതി സമ്മാനിച്ച ഒരു യാത്ര …. റൂം മാത്രം ബുക്ക് ചെയ്തു പോകുമ്പോള്‍ ബാകിയുള്ള കാര്യങ്ങള്‍ക്ക് താഴെ പറയുന്ന റേറ്റ് കൊടുകേണ്ടി വരും : 1. Barbeque : 800 ( 13 Piece Chicken) 2. Dinner unlimited : 300 per head 3. Night Jungle Safari : 200 per head 4. Camp Fire : 1000 5. Day Jungle Safari and Trucking : 150 per head 6. Break Fast : 250 per head 7. Lunch : 300 per head. ഇത് ഞാന്‍ അന്വേഷിച്ചതില്‍ നിന്നും കിട്ടിയതാണ് … വിലകളിൽ വ്യത്യാസം വരാം.. 200, 300 എന്നു കേട്ടു ഞെട്ടണ്ട, അത്രക്ക് പണിയുണ്ട് ഇവർക്ക് സാധനങ്ങൾ അവിടെ എത്തിക്കാൻ…
ഞങ്ങള്‍ ലഞ്ച് ഒഴിവാകിയതിനാല് ഒരാൾക്ക് 2250 എന്നത് 2000 രൂപയായി കുറച്ചു തന്നു. റൂം rent വിലപേശി എടുക്കാം …. Staaf എല്ലാവരും വളരെ friendly ആയിരുന്നു … മൊത്തത്തില്‍ ഞാന്‍ പത്തില്‍ പത്തു മാർക്ക് കൊടുക്കും. Pacakge എടുക്കാതെ പോകുന്നതാണ് നല്ലതു എന്നു തോന്നുന്നു. www.mistyvalleyresorts.in 9446160368.